സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം രൂപപ്പെട്ടതങ്ങനെയാണ്. തിരുദൂതരുടെ ദേഹം, ഉയരം, അസ്ഥികൾ, പേശികൾ, ചുമൽ, കഴുത്ത്, പിരടി തുടങ്ങി സൃഷ്ടിപൂർണതയുടെ പ്രതിബിംബങ്ങളിൽ തൊടുന്നു. |
---|
തിരുനബിയുടെ ശരീരപ്രകൃതം സമസ്ത സൗന്ദര്യങ്ങളെയും ഒരുമിച്ചുകൂട്ടിയതാണ്. ഇബ്നു ഹജർ അൽ ഹൈത്തമി (റ) വിശദീകരിക്കുന്നു: "തിരുനബിയുടെ ശരീരത്തിൽ സമ്മേളിച്ചത് പോലുള്ള ബാഹ്യ സൗന്ദര്യഗുണങ്ങൾ മനുഷ്യവംശത്തിൽ ഒരാളുടെ ശരീരത്തിലും ഒരുമിച്ചു കൂടിയിട്ടില്ലെന്ന് വിശ്വസിക്കേണ്ടത് വിശ്വാസം പൂർണ്ണമാകുന്നതിന് അനിവാര്യമാണ്. തിരുനബിയുടെ ബാഹ്യസൗന്ദര്യം ആന്തരിക നന്മകളുടെ ബഹിർപ്രകടനമാണ്. സൗന്ദര്യത്തിൽ തിരുനബിയെ പോലെ സമ്പൂർണ്ണരായവരോ തിരുനബിയോട് സമാനമായവരോ ആരും തന്നെയില്ല"(1).
തിരുനബിയുടെ തികവൊത്ത ശരീരപ്രകൃതത്തെ വർണ്ണിച്ചപ്പോൾ അനുചരർ ശരീരത്തിന്റെ ഉയരവും തടിയും പേശികളും എല്ലുകളുടെ ദൃഢതയും കൈകാലുകളുടെ വിശേഷണവും അവയുടെ ആരോഗ്യവും ചുമലും പിരടിയും നെഞ്ചും വയറുമെല്ലാം കഴിവിന്റെ പരമാവധി വർണ്ണിക്കാൻ ശ്രമിച്ചിട്ടുണ്ട്. അനുപമമായ സൗന്ദര്യമായതുകൊണ്ട് തന്നെ വർണ്ണനകൾക്ക് അതീതമാണ് തിരുനബിയുടെ സൗന്ദര്യമെന്ന് അവർക്കറിയാം. എങ്കിലും തങ്ങളുടെ കഴിവിന്റെ ഏറ്റവും പരമാവധി വർണ്ണിക്കുകയായിരുന്നു അവർ ചെയ്തത്.
ഉയരവും തടിയും
അനുയോജ്യമായ ആകാരമുള്ളവരാമായിരുന്നു തിരുനബി. അവിടുന്ന് കുറിയ ശരീരക്കാരനോ അമിത പൊക്കമുള്ളവരോ അല്ലായിരുന്നു. ഏറ്റവും മിതവും അനുയോജ്യവുമായ ഉയരമായിരുന്നു മുത്ത്നബിയുടേത്. മറ്റുള്ളവരുടെ കൂടെ നടക്കുമ്പോൾ കൂട്ടത്തിൽ കൂടുതൽ ഉയരമുള്ളയാളായി കാഴ്ചക്കാരന് അനുഭവപ്പെടുക തിരുനബിയെയാണ്. സദസ്സിൽ ഇരിക്കുമ്പോൾ എല്ലാവരേക്കാളും ഉയരവും തലയെടുപ്പും തിരുനബിക്കാണെന്ന് കാഴ്ചക്കാരന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുമായിരുന്നു.
അതുപോലെതന്നെ തിരുനബിയുടെ ശരീരപ്രകൃതം അമിത തടിയുള്ളതായിരുന്നില്ല. തടി കൂടി മാംസം തൂങ്ങുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രായമായ സമയത്തു പോലും തിരുനബിയുടെ ശരീരം നന്നേ മെലിഞ്ഞ് ക്ഷീണിക്കുകയോ എന്തെങ്കിലും കാരണത്താൽ തടി കൂടുകയോ ചെയ്തിട്ടില്ല.
മേൽപ്പറഞ്ഞ ആകാരസൗഷ്ടവത്തെ ഉൾക്കൊള്ളിച്ച വിവരണങ്ങൾ തിരുനബിയനുചരരുടെ വാക്കുകളിൽ ധാരാളമുണ്ട്. തിരുനബിയെ വർണ്ണിക്കുന്ന ഘട്ടങ്ങളിലെല്ലാം അലിയ്യുബ്നു അബീത്വാലിബ് (റ)പറയുന്നത് കാണാം: " തിരുനബി(സ്വ) അരോചകമാംവിധം നീണ്ടയാളായിരുന്നില്ല. നന്നേ ചെറിയ ആളുമായിരുന്നില്ല. ശരീരത്തിലെ അവയവങ്ങൾ ഒന്ന് മറ്റൊന്നിലേക്ക് പ്രവേശിച്ച് വിരൂപമാം വിധം കുറിയവരായിരുന്നില്ല. സമൂഹത്തിൽ ഒത്ത ഉയരമുള്ളവരായിരുന്നു തിരുനബി"(2).
ഉപരിസൂചിത ഹദീസിൽ തന്നെ കാണാം. "തിരുനബി തങ്ങൾ ശരീരത്തിൽ മാംസം തടിച്ചു തിങ്ങിയവരായിരുന്നില്ല"(3).
കഴുത്തും ചുമലും പിരടിയും
തിരു റസൂലിന്റെ ശരീരം ഏറ്റവും ആകർഷണീയവും സൗന്ദര്യപൂർണ്ണവുമായിരുന്നുവെന്ന് വ്യക്തമായി. ആ സൗന്ദര്യത്തോട് ചേർന്നുനിന്നുകൊണ്ട് വീതിയുള്ള ചുമലും പിരടിയുമായിരുന്നു തിരു നബി തങ്ങൾക്കുണ്ടായിരുന്നത്. രണ്ട് ചുമലുകളുടെ അറ്റങ്ങൾക്കിടയിൽ നല്ല വീതിയുണ്ടായിരുന്നു. ഈ വിശാലമായ ശരീരപ്രകൃതി തിരുനബിയുടെ ആകാരഭംഗിയുടെ മാറ്റ് കൂട്ടിയിരുന്നു. മനുഷ്യശരീരത്തിൽ സാധാരണ കാണപ്പെടാറുള്ള മടക്കോ ചുളിവോ ഒന്നും തിരുനബിയുടെ കഴുത്തിൽ ഇല്ലായിരുന്നു. വളരെ ആകർഷണീയമാംവിധം വടിവൊത്ത കഴുത്തായിരുന്നു. ശരീരത്തിലെ മറ്റു അവയവങ്ങൾ പോലെത്തന്നെ കഴുത്തിനും പിരടിക്കും നല്ല തിളക്കവുമുണ്ടായിരുന്നു.
ബറാഉബ്നു ഹാസിബ് (റ) പറയുന്നു: "ഒത്ത നീളമുള്ള തിരുനബിയുടെ രണ്ട് ചുമലുകൾക്കിടയിൽ നല്ല വിശാലത ഉണ്ടായിരുന്നു"(4).
അലിയ്യുബ്നു അബീത്വാലിബ് (റ) വിന്റെയും ഹിന്ദ് ഇബ്നു അബീഹാല (റ) വിന്റെയും അബൂഹുറൈറ (റ) വിന്റെയുമെല്ലാം വർണനകളിൽ മേല്പറഞ്ഞ വിശേഷണങ്ങൾ കാണാൻ കഴിയും. അലി (റ) പറയുന്നു: "തിരുനബിയുടെ പുറത്ത് രണ്ട് ചുമലുകൾക്കിടയിലെ ഭാഗം മൃദുലമായിരുന്നു"(5). "തിരുനബിയുടെ വിശാലമായ ചുമലുകളിൽ രോമങ്ങൾ ഉണ്ടായിരുന്നു"വെന്നതാണ് ആഇശ ബീവിയുടെ വാക്കുകളിൽ കാണുന്നത് (6).
തിരുനബിയുടെ കഴുത്തിനെയും സ്വാഹാബിമാർ കൃത്യമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉമ്മു മഅബദ്(റ) പറയുന്നു: "തിരുനബി നീണ്ട കഴുത്തിനുടമയായിരുന്നു"(7). അലിയ്യുബ്നു അബീത്വാലിബ്(റ) വർണിക്കുന്നു : " തിരുനബിയുടെ കഴുത്ത് മനോഹരമായിരുന്നു. അതിന് വെള്ളിയുടെ തിളക്കം പോലെ തിളക്കമുണ്ടായിരുന്നു"(8).
1. അഷ്‌റഫുൽ വസാഇൽ ഇലാ ഫഹ്‌മിശമാഇൽ - ശിഹാബുദ്ദീൻ അഹ്മദ് ഇബ്നു ഹജർ അൽ ഹൈതമി (റ)
2. ജാമിഉ തുർമുദി - ഇമാം തുർമുദി(റ)
3. ജാമിഉ തുർമുദി - ഇമാം തുർമുദി(റ)
4. സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം
5. സുനനു തുർമുദി
6,7. ദലാഇലുന്നുബുവ്വ - ഇമാം ബൈഹഖി (റ)
8. അൽ മുസ്തദ്റക്- ഇമാം ഹാകിം (റ)