യാസീൻ റസൂലിനോട് ചേർന്നു നിന്ന വസ്തുക്കൾ, ആസാറുകൾ ആ മഹനീയ സഹവാസത്താൽ അനന്യ അഴകിലേക്ക്, അനുഭൂതിയിലേക്ക്, സൗരഭ്യത്തിലേക്ക്, സ്ഥാനങ്ങളിലേക്ക് ആരോഹണം ചെയ്തു. അവിടുത്തെ അംഗുലീയവും പാദരക്ഷകളുമടങ്ങുന്ന തിരുശേഷിപ്പുകൾ ആ അനുഭവങ്ങളിലേക്ക് അവലംബമായി വിശ്വാസി കാത്തുവെക്കുന്നു.
നബി ﷺ യുമായി ബന്ധപ്പെട്ട എല്ലാം പ്രത്യേകം പവിത്രതയുള്ളതാണ്. തിരു നബിയുമായി ബന്ധിക്കുന്ന പഠനങ്ങളും ശ്രേഷ്ഠമാണ്. പ്രസ്തുത ശ്രേഷ്ഠത ലക്ഷ്യമാക്കി തന്നെയാണ് മുത്ത് നബിയുമായി ബന്ധപ്പെട്ട സീറ-ശമാഇൽ പഠനങ്ങൾ നടത്തുന്നവരെല്ലാം സമയം ചെലവഴിച്ചത്. ഒട്ടേറെ പണ്ഡിത പ്രതിഭകൾ തങ്ങളുടെ വിലയേറിയ സമയവും ധൈഷണികോർജവും ചെലവഴിച്ച ശാഖയാണ് പ്രവാചകരുടെ പാദരക്ഷയുമായും മോതിരവുമായും ബന്ധപ്പെട്ട പഠനങ്ങൾ. ഇതുമായി ബന്ധപ്പെട്ട് തിരുനബിﷺ നടത്തിയ പ്രസ്താവനകളെയും പ്രവാചകരുടെ ചെരുപ്പുകളെയും കാലുറകളെയും മോതിരത്തെയും സംബന്ധിച്ച് അനുചരർ നടത്തിയ സാക്ഷി വിവരണങ്ങളും അടിസ്ഥാനപ്പെടുത്തി പണ്ഡിതർ അതിസൂക്ഷ്മവും വസ്തുനിഷ്ഠവുമായ അപഗ്രഥനം നടത്തിയിട്ടുണ്ട്. തിരുപാദരക്ഷകളുടെ വിശദാംശങ്ങൾ വിവരിക്കുന്ന ഗ്രന്ഥരചനകളും നമുക്ക് കാണാൻ കഴിയുന്നുണ്ട്.
നബിﷺയുടെ ജീവിതകാലത്ത് അവിടുത്തെ പാദരക്ഷകൾ പരിചരിക്കാൻ സമയം ചെലവഴിച്ച വ്യക്തിയാണ് അബ്ദുല്ലാഹിബ്നു മസ്ഊദ് (റ). യാത്രയിലും മറ്റും അദ്ദേഹം മുത്ത് നബിയെ അനുഗമിക്കുകയും ചെരുപ്പ് മിസ് വാക്ക് പോലുള്ള അവശ്യോപയോഗ വസ്തുക്കൾ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. നബി തങ്ങൾ ചെരുപ്പഴിച്ചാൽ നിലത്തു നിന്നെടുത്ത് കയ്യിൽ ഭദ്രമായി സൂക്ഷിച്ചു വെക്കും. ആവശ്യാനുസരണം മുത്ത് ധരിക്കാൻ കൊടുക്കുകയും ചെയ്യും. ചെരുപ്പിന്റെ യഥാർത്ഥ ഉടമ മുത്തുനബിയായിരുന്നെങ്കിലും സദാസമയം പരിപാലിക്കുന്ന വ്യക്തിയെന്നർഥത്തിൽ സ്വാഹിബുന്നഅലയ്നി (ഇരുപാതകങ്ങളുടെ ഉടമ) എന്ന് ഇബ്നു മസ്ഊദ് (റ) അറിയപ്പെട്ടിരുന്നു. ചെരിപ്പ് നിർമ്മിക്കുമ്പോൾ മുത്ത് നബിയുടെ ചെരുപ്പുകളുടെ ആകൃതിയിലും വിശേഷണത്തിലും പ്രത്യേകം തയ്യാറാക്കാൻ തിരുനബിയനുചരർ ശ്രദ്ധിച്ചിരുന്നു.
മുൻഭാഗം നാവിൻ്റെ ആകൃതിയിൽ നീണ്ടതും മധ്യഭാഗം വീതി കുറഞ്ഞതുമായിരുന്നു നബിﷺയുടെ ചെരുപ്പുകൾ. തോല് കൊണ്ട് നിർമ്മിച്ച ചെരുപ്പുകളിൽ രോമങ്ങളില്ലായിരുന്നു. "മുത്ത് നബി രോമങ്ങളില്ലാത്ത ചെരുപ്പുകൾ ധരിക്കുന്നതാണ് ഞാൻ കണ്ടതെന്ന്" ഇബ്നു ഉമർ (റ) സാക്ഷ്യപ്പെടുത്തുന്നുണ്ട് (1). ഇമാം തുർമുദി (റ) ഈ ഹദീസ് ഉദ്ദരിക്കുനുണ്ട്.
" നബി തങ്ങളുടെ ചെരിപ്പിന് രണ്ടടുടുക്കുകളുണ്ടായിരുന്നു" എന്നതാണ് അംറുബ്നു ഹുറൈസ് (റ) നൽകുന്ന വിശേഷണം (2) . അവക്ക് പുറം കാലിനോട് ചേർന്നുനിൽക്കുന്ന വിധം വാറുകളുണ്ടായിരുന്നു. "മുത്ത് നബിയുടെ ചെരുപ്പിന്റെ വിശേഷണം ചോദിച്ചപ്പോൾ അതിന് രണ്ട് കുറ്റികളുണ്ടായിരുന്നു എന്ന് അനസുബ്നു മാലിക് (റ)" പറയുന്നുണ്ട് (3).
രണ്ടുവശത്തു നിന്നുള്ള വാറുകൾ ചെരുപ്പിന്റെ മുൻഭാഗത്തുള്ള മൂക്കിൽ ബന്ധിക്കുന്ന രൂപമായിരുന്നു. "രണ്ട് കുറ്റി/മൂക്കുകളാണുണ്ടായിരുന്നത്"( 4). "ഒന്ന് കാലിലെ തള്ളവിരലിനും ചൂണ്ടുവിരലിനുമിടയിലും രണ്ടാമത്തേത് നടുവിരലിനും തൊട്ടടുത്ത വിരലിനുമിടയിലായിരുന്നു"(5).
ഇതിലേക്കായിരുന്നു വാറുകൾ ബന്ധിച്ചിരുന്നത്. മടമ്പിന്നെ മറക്കുന്ന രൂപത്തിൽ വാറുകളുണ്ടായിരുന്നുവെന്നും പാദരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയിൽ സ്വഹാബത്ത് രേഖപ്പെടുത്തുന്നുണ്ട്.
ചെരുപ്പ് ധരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ മുത്തുനബി പഠിപ്പിച്ചിട്ടുണ്ട്. ഒറ്റക്കാലിൽ ചെരുപ്പ് ധരിച്ച് നടക്കുന്നതിനെ വിലക്കി. ധരിക്കുകയാണെങ്കിൽ ഇരുകാലിലും ചെരുപ്പ് ധരിക്കണമെന്നും അല്ലാത്തപക്ഷം രണ്ടും ധരിക്കാതിരിക്കണമെന്നുമാണ് മുത്ത് നബി പഠിപ്പിച്ചത്. "അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് ഇത് വ്യക്തമാണ്"(6). നന്മയായ സർവ്വ പ്രവർത്തനങ്ങളിലും വലതിനെ മുന്തിക്കൽ തിരുനബി ചര്യയായിരുന്നു. "ഇതായിരുന്നു മുത്ത് നബിക്കിഷ്ടമെന്ന്" പ്രിയ പത്നി ആഇശ (റ) പറയുന്നു (7). " ചെരിപ്പ് ധരിക്കുമ്പോൾ വലതു കാലും അഴിക്കുമ്പോൾ ഇടതു കാലും മുന്തിക്കണം" എന്ന് നബി (സ) യുടെ നിർദ്ദശമുവുമുണ്ട്(8).
തിരുനബി ﷺ കാലുറകൾ(ഖുഫ) ധരിക്കാറുണ്ടായിരുന്നു. ഏത്യോപ്യൻ ഭരണാധികാരി നജ്ജാശി (നെഗസ്) രാജാവ് നൽകിയ കാലുറയും ദിഹ് യ (റ) നൽകിയ കാലുറയും തിരുദൂതർ ധരിച്ചുവെന്ന് ഹദീസിൽ കാണാം. നെഗസ് രാജാവ് നൽകിയ ഖുഫയുടെ നിറം കലർപ്പില്ലാത്ത കറുപ്പായിരുന്നു.
തിരുനബിയുടെ മോതിര വിശേഷങ്ങൾ
കൈവിരലിൽ മോതിരം ധരിക്കൽ തിരുനബിയുടെ ചര്യയാണ്. അനസുബ്നു മാലിക് (റ) വിൽ നിന്ന് പ്രവാചകരുടെ മോതിരത്തിന്റെ മനോഹരമായ വിവരണം നമുക്ക് ലഭിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു : "വെള്ളി മോതിരമാണ് തിരുനബി ധരിക്കാറുള്ളത്. വലതു കൈയിലെ ചെറുവിരലിൽ മോതിരക്കല്ല് കൈ വെള്ളയോട് ചേർന്ന രൂപത്തിലാണ് ധരിച്ചിരുന്നത്. യമനിൽ നിന്നുള്ള കല്ലുപയോഗിച്ചായിരുന്നു മോതിരത്തിന്റെ നിർമാണം."(9).
ചില സമയങ്ങളിൽ ഇടതുകൈയിലെ ചെറുവിരലിലും തിരുനബി മോതിരം ധരിച്ചിരുന്നുവെന്ന് അനസ് (റ) ഓർക്കുന്നുണ്ട്. മറ്റു വിരലുകളിലൊന്നും തിരുനബി മോതിരം ധരിച്ചിരുന്നതായി കാണുന്നില്ല. നടുവിരലിനും ചെറുവിരലിനുമിടയിലെ വിരലിനെക്കുറിച്ച് പൊതുവെ മോതിരവിരൽ എന്ന് പരിചയപ്പെടുത്താറുണ്ട്. എന്നാൽ ആ വിരലിൽ മോതിരം ധരിക്കൽ തിരുനബിയുടെ ചര്യയല്ല. മോതിരം ധരിക്കാനായി ആ വിരൽ തെരഞ്ഞെടുക്കാൻ നിർദ്ദേശവുമില്ല. മാത്രമല്ല, പ്രസ്തുത വിരലിൽ മോതിരം ധരിക്കുന്നതിന്നെ തിരുനബി വിലക്കിയിട്ടുണ്ട് എന്ന് അലിയ്യുബ്നു അബീത്വാലിബ് (റ) പറഞ്ഞിട്ടുമുണ്ട് (10).
നയതന്ത്ര ഇടപാടുകളിലും ഇതര രാഷ്ട്രങ്ങളിലെ ഭരണാധികാരികൾക്കയക്കുന്ന ഔദ്യോഗിക കത്തുകളിലും സീലായും ഒപ്പായും ഉപയോഗിച്ചിരുന്നത് മോതിരക്കല്ലിലെ മുദ്രയായിരുന്നു. മുഹമ്മദുറസൂലുല്ലാഹ് എന്നായിരുന്നു കല്ലിൽ കൊത്തിയിരുന്നത്.
സീൽ പതിക്കാത്ത എഴുത്തുകൾ സ്വീകരിക്കപ്പെടുകയില്ല എന്നതിനാലാണ് സീലിന്റെ ഉപകാരം കൂടി പൂർത്തിയാകുന്ന രൂപത്തിൽ തിരുനബി മോതിരം നിർമ്മിച്ചത്.
محمد
رسول
الله
എന്ന രൂപത്തിൽ 3 വരിയായിട്ടായിരുന്നു ക്രമീകരണം (11).
പുരുഷൻ സ്വർണ മോതിരം ധരിക്കുന്നത് നിശിദ്ധമാണ്. തിരുനബി ശക്തമായി വിലക്കിയ കാര്യമാണത്. ചെമ്പിന്റെ മോതിരം ഉപയോഗിക്കുന്നതും തിരുനബിയുടെ ഇഷ്ടത്തിൽ പെട്ടതല്ല. ധരിക്കാതിരിക്കലാണ് നല്ലത്.
ഒരാൾ ഒരു മോതിരം ധരിക്കലാണ് സുന്നത്ത്. ഒന്നിലധികം വിരലുകളിലോ മുഴുവൻ വിരലുകളിലോ മോതിരം ധരിക്കുന്നവരുണ്ട്. തീർച്ചയായും ഒഴിവാക്കേണ്ട കാര്യമാണത്. ആർഭാടം ഒരു കാര്യത്തിലും അനുവദനീയമല്ല.
തിരുനബിﷺ ചെയ്തതു പോലെ മോതിരക്കല്ലിൽ പേര് കൊത്തിവെക്കാവുന്നതാണ്. അർഹമായ ആദരവും ബഹുമാനവും നൽകേണ്ടതുണ്ടെന്ന് മാത്രം. പരിശുദ്ധമായ പേരുകൾ കൊത്തിവെക്കുകയും ശുദ്ധമല്ലാത്ത സ്ഥലങ്ങളിൽ അതുമായി കടന്നു ചെല്ലുകയും ചെയ്യുന്നത് മര്യാദകേടാണ്. അത് പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ടോയ്ലെറ്റിൽ പോകുമ്പോൾ തിരു നബി മോതിരം ഊരിവെക്കുമായിരുന്നു.
1. ശമാഇലുൽ മഹമ്മദിയ്യ
2. ശമാഇലുൽ തുർമുദി
3. സ്വഹീഹുൽ ബുഖാരി, തുർമുദി
4. ശറഹുസുന്ന
5. ജാമിഉൽ ഉസ്വൂൽ
6. ജാമിഉതുർമുദി
7. സ്വഹീഹുൽ ബുഖാരി, മുസ്ലിം
8. ജാമിഉ തുർമുദി
9,10. സ്വഹീഹ് മുസ്‌ലിം
11. ജാമിഉ തുർമുദി