ആത്മപരിശോധനയുടെ മാസമാണ് മുഹറം. ഒരു പുതിയ വർഷം ആരംഭിക്കുമ്പോൾ മനുഷ്യൻ തന്റെ കഴിഞ്ഞ കാലത്തെ വിലയിരുത്തണം. എന്തെല്ലാം തെറ്റുകൾ സംഭവിച്ചു, എങ്ങനെ കൂടുതൽ മികച്ച ഒരു വിശ്വാസിയാകാം എന്ന ചോദ്യങ്ങൾ സ്വയം ചോദിക്കണം. ആരാധനകൾ വർധിപ്പിക്കുകയും ഖുർആൻ പാരായണം കൂടുതൽ ശ്രദ്ധാപൂർവം നിർവഹിക്കുകയും ദുആകളും ദിക്റുകളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ട സമയം കൂടിയാണിത്.
വായിക്കാം:
ഖുർആനിൽ അല്ലാഹു പറയുന്നു: “നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലെണ്ണം പവിത്രമായവയാണ്.” (സൂറത്തു തൗബ: 36). പ്രവാചകർ മുഹമ്മദ് നബി(സ) ഈ നാല് പവിത്ര മാസങ്ങളെ വിശദീകരിക്കവെ ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം, റജബ് എന്നീ മാസങ്ങളെയാണ് പരാമർശിച്ചത്. പവിത്ര മാസങ്ങൾ എന്ന വിശേഷണം ലഭിച്ചതിലൂടെ ഈ മാസങ്ങളിൽ നന്മകൾക്ക് കൂടുതൽ പ്രതിഫലവും തിന്മകൾക്ക് കൂടുതൽ ഗൗരവവുമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അതിനാൽ തന്നെ മുഹറം ആരാധനയും ആത്മനിയന്ത്രണവും വർധിപ്പിക്കേണ്ട സമയമാണ്.
‘മുഹറം’ എന്ന പദത്തിന് ‘പവിത്രമാക്കപ്പെട്ടത്’, ‘ലംഘനം വിലക്കപ്പെട്ടത്’ എന്നിങ്ങനെയാണ് അർത്ഥം.
ഇസ്‌ലാമിന് മുമ്പും അറബികൾ ഈ മാസത്തെ ആദരിച്ചിരുന്നു. യുദ്ധങ്ങളും പ്രതികാര നടപടികളും നിർത്തിവെച്ച മാസമായിരുന്നു അത്. ഇസ്‌ലാമിൻ്റെ ആഗമനത്തോടുകൂടി ഈ പവിത്രത കൂടുതൽ ശക്തിപ്പെടുത്തപ്പെട്ടു. മനുഷ്യന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും വില കൽപ്പിക്കുന്ന മതമാണ് ഇസ്‌ലാം. അതിനാൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം മുഹറം മാസത്തിൽ കൂടുതൽ ശക്തമായി പ്രതിഫലിക്കുന്നു. മുഹറം മാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഹിജ്റയുടെ ചരിത്രം അറിയേണ്ടതുണ്ട്. മക്കയിൽ വിശ്വാസത്തിന്റെ പേരിൽ കടുത്ത പീഡനങ്ങൾ നേരിട്ട മുഹമ്മദ് നബി(സ)യും അനുചരന്മാരും അല്ലാഹുവിന്റെ കൽപ്പന പ്രകാരം മദീനയിലേക്ക് പലായനം ചെയ്തു. ചരിത്രത്തിൽ ‘ഹിജ്റ’ എന്നറിയപ്പെടുന്ന ഈ സംഭവം ഇസ്‌ലാമിക സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴിത്തിരിവായി.
വിശ്വാസത്തിനുവേണ്ടി നാടും വീടും സമ്പത്തും ബന്ധങ്ങളും ഉപേക്ഷിക്കാൻ തയ്യാറായ ഒരു സമൂഹത്തിന്റെ മഹത്തായ ത്യാഗ ഗാഥയായിരുന്നു അത്. സത്യത്തിലും നീതിയിലും ഉറച്ചുനിൽക്കാൻ ചിലപ്പോൾ വലിയ ത്യാഗങ്ങൾ സഹിക്കേണ്ടിവരുമെന്നാണ് ഹിജ്റ നമ്മെ പഠിപ്പിക്കുന്നത്.
ഹിജ്റ വെറും ഭൂമിശാസ്ത്രപരമായ ഒരു മാറ്റമായിരുന്നില്ല. മറിച്ച് അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കും നിരാശയിൽ നിന്ന് പ്രത്യാശയിലേക്കും പീഡനത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുമുള്ള മനുഷ്യ മനസ്സുകളുടെ ഒരു പറിച്ചുനടലായിരുന്നു അത്. അതുകൊണ്ടാണ് ഇസ്‌ലാമിക കലണ്ടറിന്റെ തുടക്കമായി ഹിജ്റയെ ഖലീഫ ഉമർ(റ) തിരഞ്ഞെടുത്തത്. വിശ്വാസത്തിനുവേണ്ടിയുള്ള സമർപ്പണവും പോരാട്ടവുമാണ് ഒരു സമൂഹത്തെ ഉയർത്തുന്നതെന്ന സന്ദേശം ഈ തീരുമാനത്തിൽ അടങ്ങിയിരിക്കുന്നു.
മുഹറം മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസമാണ് ആശൂറാ ദിനം. മുഹറത്തിന്റെ പത്താം ദിനമാണ് ആശൂറാ. ഈ ദിവസത്തിന് ഇസ്‌ലാമിക ചരിത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. മൂസാ നബി(അ)നെയും ബനൂ ഇസ്റാഈലിനെയും ഫിർഔന്റെ ക്രൂരതയിൽ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിനമാണിത്. മദീനയിൽ എത്തിയപ്പോൾ യഹൂദന്മാർ ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതായി കണ്ട നബി(സ) അതിന്റെ കാരണം അന്വേഷിച്ചു. മൂസാ നബി(അ)ൻ്റെ രക്ഷയുടെ ഓർമയ്ക്കായാണ് അവർ നോമ്പനുഷ്ഠിക്കുന്നതെന്ന് അറിഞ്ഞപ്പോൾ, “മൂസയോട് ഏറ്റവും കൂടുതൽ അടുത്തവർ നമ്മളാണ്” എന്ന് പറഞ്ഞുകൊണ്ട് നബി(സ) ആശൂറാ നോമ്പ് അനുഷ്ഠിക്കാൻ തന്റെ അനുചരോട് ആവശ്യപ്പെടുകയും, ജൂതന്മാരോട് പിന്തുടർച്ച ഉണ്ടാവാതിരിക്കാൻ മുഹറം
ഒമ്പതിനും നോമ്പനുഷ്ടിക്കാൻ നബി(സ) തങ്ങൾ പറഞ്ഞിരുന്നു.
ഇത് പിന്നീട് താസൂആഅ് എന്ന പേരിൽ അറിയപ്പെട്ടു. “ആശൂറാ ദിനത്തിലെ നോമ്പ് മുൻ വർഷത്തെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകും(മുസ്‌ലിം) എന്ന് ആശൂറാ നോമ്പിന്റെ മഹത്വത്തെക്കുറിച്ച് നബി(സ) പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് മുഹറം മാസത്തിൽ പ്രത്യേകിച്ച് ഒമ്പത്, പത്ത് തീയതികളിൽ നോമ്പനുഷ്ഠിക്കുന്നത് മഹത്തായ സുന്നത്താണ്. ഈ നോമ്പ് വിശപ്പിന്റെയും ദാഹത്തിന്റെയും അനുഭവം മാത്രമല്ല, ആത്മാവിനെ ശുദ്ധീകരിക്കുന്ന ഒരു ആത്മീയ പരിശീലനവുമാണ്. മുഹറം മാസം ആത്മപരിശോധനയുടെ കാലഘട്ടമാണ്. ഒരു പുതിയ വർഷം ആരംഭിക്കുമ്പോൾ മനുഷ്യൻ തന്റെ കഴിഞ്ഞ കാലത്തെ വിലയിരുത്തണം. എന്തെല്ലാം നന്മകൾ ചെയ്തു? എന്തെല്ലാം തെറ്റുകൾ സംഭവിച്ചു? എങ്ങനെ കൂടുതൽ മികച്ച ഒരു വിശ്വാസിയാകാം? എന്ന ചോദ്യങ്ങൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്. ആരാധനകൾ വർധിപ്പിക്കുകയും ഖുർആൻ പാരായണം കൂടുതൽ ശ്രദ്ധാപൂർവം നിർവഹിക്കുകയും ദുആകളും ദിക്റുകളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ട സമയമാണിത്.
പുതിയ ലോകത്ത് മുഹറത്തിന്റെ സന്ദേശം ഏറെ പ്രസക്തമാണ്. സ്വാർഥതയും അക്രമവും അസഹിഷ്ണുതയും വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ സമാധാനം, നീതി, സഹിഷ്ണുത, ത്യാഗം, ക്ഷമ, ദൈവഭക്തി എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് മുഹറം നമ്മോട് ആഹ്വാനം ചെയ്യുന്നത്. മതത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കാൻ ഈ മാസം വിശ്വാസികളെ പ്രചോദിപ്പിക്കുന്നു.
അചഞ്ചലമായ വിശ്വാസം കൊണ്ടാണ് വലിയതോതിലുള്ള ഇസ്‌ലാമിക വിപ്ലവം സാധ്യമാകുന്നത്. പ്രവാചകന്മാരുടെ ജീവിതവും ഹിജ്റ സംഭവവും അതിന് ഉത്തമ ഉദാഹരണങ്ങളാണ്. അല്ലാഹുവിലുള്ള കളങ്കമില്ലാത്ത വിശ്വാസവും സത്യത്തോടുള്ള പ്രതിബദ്ധതയും ഉണ്ടെങ്കിൽ പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസം മുഹറം നൽകുന്നു. അതിനാൽ മുഹറം ഒരു കലണ്ടർ മാസത്തിന്റെ പേര് മാത്രമല്ല. അത് വിശ്വാസത്തിന്റെ നവോത്ഥാനമാണ്, ആത്മവിശുദ്ധിയുടെ സന്ദേശമാണ്, ചരിത്രത്തിന്റെ ഓർമപ്പെടുത്തലാണ്, ദൈവസാമീപ്യത്തിലേക്കുള്ള ക്ഷണമാണ്. മുഹറത്തിന്റെ പവിത്രത ഉൾക്കൊണ്ട് ആരാധനയിലും സൽപ്രവൃത്തികളിലും മുന്നേറുകയും ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുകയും ചെയ്യാൻ ഓരോ വിശ്വാസിയും ശ്രമിക്കണം. അപ്പോൾ മാത്രമേ മുഹറത്തിന്റെ യഥാർഥ സന്ദേശം നമ്മുടെ ജീവിതത്തിൽ സാക്ഷാത്കരിക്കപ്പെടുകയുള്ളൂ.