കുമരംപുത്തൂർ എൻ. അലി മുസ്‌ലിയാർ, അതിരുകൾ ഭേദിച്ച അറിവാഴമായിരുന്നു ആ ജീവിതം. വിവാദവിഷയങ്ങളില്‍ സംശയങ്ങള്‍ക്കിടമില്ലാതെ അന്തിമവിധി പറയാന്‍ കഴിയുന്ന അഗാധജ്ഞാനത്തിനുടമ. അറബ് രാജ്യങ്ങളിൽ 'ശൈഖ് അലി' എന്നപേരിൽ വിശ്രുതനായ ആ പണ്ഡിതശ്രേഷ്ഠന്റെ വിയോഗം മുഹർറം 21നായിരുന്നു._


  ഇഖ്ലാസും തഖ് വയും മുറുകെപിടിച്ച് അറിവും അനുഭവവും പാകപ്പെടുത്തി ജീവിതത്തെ ക്രമീകരിച്ച പണ്ഡിത ശ്രേഷ്ഠരാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും വിദേശത്തും സ്വദേശത്തുമായി അധ്യാപന പ്രബോധന മേഖലയിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന കുമരംപുത്തൂർ അലി മുസ്‌ലിയാർ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസ ജീവിതത്തിലായത് കൊണ്ട് തന്നെ സുന്നി കേരളത്തിലെ ശ്രുതിപ്പെട്ട പണ്ഡിതനാമങ്ങളിൽ ഒരുപക്ഷെ ഉസ്താദിന്റെ പേര് സുപരിചിതമായിരിക്കില്ല. എന്നാൽ കാതങ്ങൾക്കപ്പുറം അറബ്നാടുകളിൽ പ്രശസ്തരായ കേരളീയ പണ്ഡിതരിൽ പ്രധാനിയാണ് ഉസ്താദ്. യുഎഇയിലെ ഒട്ടനവധി പണ്ഡിതർക്കും സാധാരണക്കാർക്കും പ്രവാസി മലയാളികൾക്കും അറിവിന്റെ ആഴപ്പരപ്പുകളെ പരിചയപ്പെടുത്തി 'ശൈഖ് അലി' എന്ന പേരിലായിരുന്നു ഉസ്താദ് അറിയപ്പെട്ടിരുന്നത്.

ജനനം

  നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാവുകയും ധാരാളം പണ്ഡിത മഹത്തുക്കൾക്ക് ജന്മമേകുകയും ചെയ്ത പ്രദേശമാണ് മണ്ണാർക്കാട് താലൂക്കിലെ കുമരംപുത്തൂർ. സ്വാതന്ത്ര്യസമരകാലത്ത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഖലീഫയായിരുന്ന കുമരംപുത്തൂർ സീതിക്കോയ തങ്ങളടക്കം ഒട്ടനവധി ധീരദേശാഭിമാനികളുടെയും പണ്ഡിതശ്രേഷ്ഠരുടെയും നാടാണിത്. ഇവിടെയാണ് ഉസ്താദിന്റെ ജന്മദേശം.

 യമനിലെ ഹള്റ്മൗത്തിൽ നിന്നും മതപ്രചരണാർത്ഥം കേരളത്തിലെത്തിയവരുടെ കുടുംബ പരമ്പരയിലെ 'നാലകത്ത്' കുടുംബത്തിലാണ് ഉസ്താദിന്റെ ജനനം. നെച്ചുള്ളി പ്രദേശത്തെ ഖത്തീബും അറിയപ്പെട്ട പണ്ഡിതനുമായിരുന്ന നാലകത്ത് കോയക്കുട്ടി മുസ്‌ലിയാരുടെയും കുമരംപുത്തൂർ ഖാളിയായിരുന്ന ഉണ്ണീൻകുട്ടി മുസ്‌ലിയാരുടെ മകളായ ഫാത്വിമയുടെയും പത്ത് മക്കളിൽ ഇളയവരായിട്ടാണ് ഉസ്താദ് ജനിക്കുന്നത്. ജേഷ്ഠ സഹോദരങ്ങളായ മുഹമ്മദ് മുസ്‌ലിയാരും ആദ്യകാല സമസ്ത നേതാവും ജാമിഅ നൂരിയ്യയിലും പൊട്ടച്ചിറ അൻവരിയ്യയിലും ദർസ് നടത്തിയിരുന്ന "കുമരംപുത്തൂർ" എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരല്ലാത്ത ബാക്കി ഏഴുപേരും സഹോദരിമാരായിരുന്നു.

പഠന ജീവിതം

  അറിവന്വേഷണത്തോടു അതിയായ ആഭിമുഖ്യം പുലർത്തിയ ഉസ്താദ് തന്റെ പ്രാഥമിക പഠനം ആരംഭിക്കുന്നത് ജന്മനാട്ടിലെ ചുങ്കത്ത് മൊയ്തുപ്പുമൊല്ലയുടെ ഓത്തുപള്ളിയിൽ നിന്നാണ്. മതപഠനത്തോടൊപ്പം ഓത്തുപള്ളിയിലെ ഭൗതിക വിദ്യാഭ്യാസവും നന്നായി ഉപയോഗപ്പെടുത്തി. അക്കാലത്ത് തന്നെ നാട്ടിലെ മുദരിസും അമ്മാവനുമായിരുന്ന അമ്പാടത്ത് ബീരാൻകുട്ടി മുസ്‌ലിയാരുടെയടുത്ത് നിന്നും ചെറിയ കിതാബുകളോതി തുടങ്ങിയിരുന്നു.

 കുടുംബത്തിലെ എല്ലാവരുടെയും ഉസ്താദായിരുന്ന കുഞ്ഞയമു മുസ്‌ലിയാരുടെ മണ്ണാർക്കാട്ടെ ദർസിലാണ് ആദ്യമായി ഔദ്യോഗിക മതപഠനം ആരംഭിക്കുന്നത്. പിന്നീട് മേക്കാടൻ മൊയ്തു മുസ്‌ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ, സൈതലവി മുസ്‌ലിയാർ, എം എം അബ്ദുള്ള മുസ്‌ലിയാർ, കുട്ടി മുസ്‌ലിയാർ തുടങ്ങിയ പ്രഗൽഭ പണ്ഡിതരിൽ നിന്നും അറിവ് നുകർന്നശേഷം ഇ കെ അബൂബക്കർ മുസ്‌ലിയാർ, കെസി ജമാലുദ്ധീൻ മുസ്‌ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിലുണ്ടായിരുന്ന പട്ടിക്കാട് ജാമിഅ നൂരിയയിലെത്തി. പഠനകാലയളവിൽ ജാമിഅയിലെത്തിയ കണ്ണിയത്ത് ഉസ്താദ്, കെ കെ അബൂബക്കർ ഹസ്റത്ത്, ജേഷ്ഠൻ കുമരംപുത്തൂർ അബൂബക്കർ മുസ്‌ലിയാർ എന്നിവരുടെയും ശിശ്യത്വം സ്വീകരിക്കാൻ ഉസ്താദിന് ഭാഗ്യം ലഭിച്ചു.

അധ്യാപനത്തിന്റെ തുടക്കം

  ഇസ്‌ലാമിക ജാഗരണ കർമസരണിയിൽ പ്രവേശിച്ച് ആദ്യമായി ദർസ് ആരംഭിക്കുന്നത് മലപ്പുറം ജില്ലയിലെ മേലാറ്റൂരിനടുത്ത കൊമ്പങ്കല്ലിലാണ്. കൊമ്പങ്കല്ലിലെ അഞ്ചുവർഷക്കാലം വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായി ഉസ്താദ് മാറി. ആയിടെയാണ് എടത്തനാട്ടുകരയിൽ നിസ്കാരം മൂന്ന് വഖ്ത് ആണെന്ന വിചിത്രവാദവുമായി ചേകന്നൂർ മൗലവി പ്രസംഗിക്കുന്നത്. ആലോചനക്ക് ഇടം നൽകാതെ കൃത്യമായി പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി ഉസ്താദ് മറുപടി പറഞ്ഞപ്പോൾ, മറുപടികളെ ചികഞ്ഞ് അന്വേഷിച്ച് പിന്തുടരുന്ന ചേകന്നൂർ പരാജിതനായി പത്തി താഴ്ത്തുകയായിരുന്നു.

വള്ളുവമ്പുഴയിലെ താരോദയം

  കൊമ്പങ്കല്ലിൽ നിന്നും വള്ളുവമ്പുഴയിലെത്തിയപ്പോഴാണ് കുമരംപുത്തൂർ അലി മുസ്‌ലിയാർ എന്ന പ്രതിഭയെ സുന്നി കേരളം അടുത്തറിയുന്നത്. ഒന്നരവർഷത്തോളം നീണ്ടുനിന്ന "വള്ളുവമ്പുഴ വിവാദം" മലയാളി മുസ്‌ലിമിന് മറക്കാനാവാത്ത ഒന്നാണ്. പുത്തനാശയ സ്വഭാവമുണ്ടായിരുന്ന, മഹല്ലിലെ അറബി മുൻഷിയായിരുന്ന ഹംസ മൗലവി നാട്ടുകാർക്ക് ലളിതമായി മനസ്സിലാക്കാൻ ഖുതുബ മലയാളത്തിൽ ആക്കണമെന്ന ആവശ്യവുമായി കമ്മിറ്റിയിലെ ചിലരെ വശപ്പെടുത്തി ഉസ്താദിന് സമീപിച്ചു. ഇതിന്റെ ലക്ഷ്യവും പാരമ്പര്യവും തെളിയിച്ചാൽ പരിഗണിക്കാം എന്ന ഉസ്താദിന്റെ മറുപടിയിൽ സ്കൂളിൽ നിന്നും അവധിയെടുത്ത് മൗലവി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. ശേഷമുള്ള വെള്ളിയാഴ്ച ഖുതുബക്ക് ശേഷം പ്രസംഗിക്കുകയും ചെയ്തു. എന്നാൽ ഉസ്താദിന് അതിൽ ഇടപെടേണ്ടി വന്നില്ല എന്നതാണ് സത്യം. വിശുദ്ധ ഖുർആനിലെ ആയത്ത് തെറ്റായി ഓതിയതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ തന്നെ ചോദ്യം ചെയ്യുകയും രണ്ടു വിഭാഗങ്ങളായി പിരിഞ്ഞ് കയ്യാങ്കളിയിൽ വരെ കലാശിക്കുകയും ചെയ്തു. കൈകാര്യം ചെയ്തത് നാട്ടുകാരാണെങ്കിലും മൗലവി ഉസ്താദിനെതിരെ കുപ്രചരണങ്ങളുമായി മുന്നോട്ടു നീങ്ങി.

 പിന്നീടൊരിക്കൽ മഹല്ല് കമ്മിറ്റി പള്ളിയുടെ വഖഫ് സ്വത്തിൽ നിന്നും കുറച്ച് നെല്ല് മദ്രസയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ മാറ്റിവെക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഉസ്താദിനെ അറിയിച്ചു. പ്രസ്തുത മൗലവിയുടെ ബുദ്ധിയായിരുന്നു അത്. എന്നാൽ ഇത് മതവിരുദ്ധമാണെന്നും ചെയ്യാൻ അനുവദിക്കില്ലെന്നും ഉസ്താദ് കർക്കശമായി തിരിച്ചടിച്ചു. "മുസ്‌ലിയാർ മുസ്‌ലിയാരെ കാര്യങ്ങൾ നോക്കിയാൽ മതി"യെന്ന് വൈസ് പ്രസിഡണ്ട്മാരിലൊരാൾ പറഞ്ഞപ്പോൾ എന്തൊക്കെ നടന്നാലും ഇതിവിടെ നടപ്പാവില്ലന്നും ഇതിന്റെ പേരിൽ പിരിച്ചുവിട്ടാൽ അലി പോവില്ലെന്നും അടുത്ത വെള്ളിയാഴ്ച ഈ താന്തോന്നിത്തരത്തിനെതിരെ പ്രതികരിക്കുമെന്നും നിലപാട് ഉറപ്പിച്ചു. ജുമുഅക്ക് ശേഷമുള്ള ചർച്ച കൂടുതൽ വഷളാകുമെന്ന് മനസ്സിലാക്കിയ കമ്മിറ്റി വെള്ളിയാഴ്ചക്ക് മുമ്പ് തന്നെ അടിയന്തര ജനറൽബോഡി വിളിച്ച് മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ചർച്ചയാകാമെന്ന് തീരുമാനിച്ചു. ചർച്ചയിൽ ഉസ്താദ് പ്രാമാണികമായി തന്നെ അവരുടെ വാദങ്ങളെ എതിർത്തു. കമ്മിറ്റിക്കാര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ എല്ലാം ഹംസ മൗലവിയുടെ കുബുദ്ധിയില്‍ പിറന്നതായിരുന്നു. പള്ളിയുടെ വഖ്ഫ് സ്വത്ത് മദ്‌റസക്ക് നല്‍കാം എന്ന വാദം കിതാബിന്റെ ഇബാറത്ത് സഹിതം മൗലവി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവയെല്ലാം അരികുമുറിച്ചവയാണെന്ന് അലി മുസ്‌ലിയാര്‍ പറഞ്ഞു.

 മധ്യസ്ഥന്മാരുടെ സാന്നിധ്യത്തിലുള്ള ഒരു ചര്‍ച്ച സംഘടിപ്പിക്കാന്‍ തീരുമാനമെടുത്താണ് സദസ്സ് പിരിഞ്ഞത്. കെ. കെ സ്വദഖത്തുള്ള മുസ്‌ലിയാർ അമാനത്ത് കോയണ്ണി മുസ്‌ലിയാർ എന്നിവരടങ്ങിയ നാലുപേരുടെ മധ്യസ്ഥതയിൽ ചർച്ച നടത്താൻ തീരുമാനിച്ചു. ഇതിനോടകം തന്നെ മഹല്ലിലെ 98% പേരും ഉസ്താദിന്റെ എതിരാളികളായി മാറിക്കഴിഞ്ഞിരുന്നു. ഉസ്താദിന്റെ പ്രമാണങ്ങൾ അടിസ്ഥാനപ്പെടുത്തിയ തെളിവുകളെ പ്രതിരോധിക്കാൻ മൗലവി വീണ്ടും ലീവെടുത്ത് ഒരുങ്ങി. ധാരാളം കിതാബുകൾ സംഘടിപ്പിച്ചു. കണ്ണിയത്ത് ഉസ്താദ്, ഇ.കെ ഉസ്താദ്, കോട്ടുമല ഉസ്താദ്,സ്വദഖത്തുല്ല ഉസ്താദ് തുടങ്ങിയവരെയെല്ലാം സമീപിച്ചു. എന്നാൽ അവരെല്ലാം പ്രതികൂലമായാണ് സംസാരിച്ചത്.

 പണ്ഡിതന്മാരുടെ പിന്തുണയില്ലാതിരുന്നപ്പോള്‍ മൗലവിക്കും സംഘത്തിനും അങ്കലാപ്പായി. സംവാദം നടത്താതെ പിന്മാറുന്നതിനെക്കുറിച്ചു ചിന്തിച്ചു. വാഗ്വാദങ്ങളാല്‍ ചൂടുപിടിച്ചു നില്‍ക്കുന്ന വള്ളുവമ്പുഴയില്‍ രണ്ടാലൊരു തീരുമാനമെടുക്കാതെ പറ്റില്ലെന്നവര്‍ക്കു മനസ്സിലായി. പിന്നീട് അലി മുസ്‌ലിയാരെ പിരിച്ചുവിടാൻ തയ്യാറായപ്പോൾ പ്രശ്‌നത്തിന് പരിഹാരം കാണാതെ പിരിച്ചുവിട്ടാല്‍ പോവില്ലെന്നു തീര്‍ത്തുപറഞ്ഞു. അപ്പോള്‍ അവര്‍, നാട്ടില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നും ഒതുക്കാന്‍ സഹകരിക്കണമെന്നുമുള്ള അനുനയത്തിന്റെ ഭാഷ പുറത്തെടുത്തു.

  പ്രശ്‌നം വഷളാക്കാതെ മധ്യസ്ഥന്റെ മുമ്പില്‍ കാര്യം പറഞ്ഞ് ചര്‍ച്ചചെയ്തവസാനിപ്പിക്കാം എന്നായി ഉസ്താദ്. സംവാദ ദിവസം , ഉസ്താദ് ഗുരുവാന്മാരെ എല്ലാം കണ്ട് അനുഗ്രഹം വാങ്ങുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. സ്വദഖത്തുല്ല മുസ്‌ലിയാരുടെ മധ്യസ്ഥതയിൽ, വൻ പോലീസ് സന്നാഹങ്ങളോടെ പള്ളിയിൽ സംവാദം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഫലം അറിയാൻ കാത്തിരിക്കുന്ന പ്രതീതിയോടെ ജനം പള്ളിക്ക് പുറത്ത് തടിച്ചുകൂടി. രാത്രി ഒമ്പത് മണിയോടെ ഉസ്താദിന് മുമ്പിൽ മൗലവി നിലംപൊത്തി എന്ന എഴുതിത്തയ്യാറാക്കിയ റിപ്പോർട്ടുമായി സ്വദഖതുള്ള മുസ്‌ലിയാർ പുറത്തുവന്നു.

 ഇതോടുകൂടി ഉസ്താദ് കേരളത്തിൽ പ്രസിദ്ധനായി. തുടർന്നും മൗലവി ഉസ്താദിനടുത്ത് വികല വാദങ്ങളുമായി വന്നു. തികഞ്ഞ വഹാബി നേതാവായി തീർന്ന മൗലവി, മൗലിദിന്റെ വിഷയത്തിലാണ് ഉസ്താദിനെ വെല്ലുവിളിച്ചത്. തോറ്റു മടങ്ങാൻ തന്നെയായിരുന്നു അത്തവണയും വിധി.

പ്രവാസത്തിലേക്ക്

  വള്ളുവമ്പുഴയിലെ സേവനത്തിനുശേഷം ഉസ്താദ് ഏപ്പിക്കാട്ടേക്ക് നീങ്ങി. ദാരിദ്ര്യത്തിന്റെ അവശതകൾ പണ്ഡിതന്മാരെ നിരായുധരാക്കുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുകയും ജീവിതത്തിൻന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള സാഹസത്തിനിടയിൽ പരസഹായം ഒരുതരം അടിമത്തമാണെന്ന് മനസ്സിലാക്കിയ ഉസ്താദ് 1977ൽ പ്രവാസ ജീവിതത്തിലേക്ക് കടക്കാൻ നിർബന്ധിതനായി. ദുബായ് ഔഖാഫിന്റെ നിയമനത്തോടെയാണ് ഉസ്താദ് വിദേശത്ത് എത്തിയത്. വിദേശത്തും ഉസ്താദ് അധ്യാപന പ്രബോധന രംഗത്ത് തുടർന്നു. പ്രവാസി മലയാളിക്കും അറബികൾക്കും പ്രിയങ്കരനായ ഗുരുവര്യരായി ചുരുങ്ങിയ കാലയളവിൽ തന്നെ മാറി.

 അബുദാബി ഇസ്ലാമിക് സെന്ററിന് കീഴിലെ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്നു. കേരളത്തിലെ ലീഗിൽ ഉണ്ടായ പിളർപ്പ് അബുദാബിയിലും നിഴലിച്ചു. യൂണിയൻ ലീഗ്,അഖിലേന്ത്യ എന്നിങ്ങനെ രണ്ട് വിഭാഗമായി പിരിയുകയും ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വം പുത്തനാശയ സ്വഭാവമുൾക്കൊള്ളുന്ന യൂണിയൻ ലീഗിൽ എത്തിച്ചേരുകയും ചെയ്തതോടെ പാരമ്പര്യ സുന്നി ആശയങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരെയും വികല വിശ്വാസികൾ എന്നാരോപിച്ച് അവർ പുറത്താക്കി. വികസനത്തിന്റെ പ്രാഥമികതലം പോലും എത്താത്ത ലിവയിലേക്ക് ഉസ്താദിനെ സ്ഥലം മാറ്റി.

അൽ ഐനിലേക്ക്

  അബുദാബിയിലെ ചുരുങ്ങിയ കാലത്തെ സേവനം കൊണ്ട് എല്ലാവരുടെയും ബഹുമാന്യനായ ഗുരുവര്യരായി ഉസ്താദുമാറിയിരുന്നു. ആയിടെയാണ് ശൈഖ് സായിദിന്റെ സഹോദരി മറിയം അൽ ഐനിലേക്ക് ഒരു മുത്വവ്വയെ ആവശ്യമുണ്ടെന്ന് അധികൃതരെ അറിയിക്കുന്നത്. ഉസ്താദിന്റെ അറിവിലും പാണ്ഡിത്യത്തിലും അനുഭവസ്തരായ അധികൃതർ ഉസ്താദിനെ അൽ.ഐനിലെ മുത്വവ്വയായി നിയമിച്ചു. സേവനമേറ്റെടുത്ത അടുത്തദിവസം പള്ളിയിലെ ദർസ് വീക്ഷിക്കാൻ എത്തിയ ഉസ്താദിനെ കണ്ടതോടെ ഉസ്താദിന്റെ സാന്നിധ്യത്തിൽ ദർസ് എടുക്കില്ലെന്ന് മുദരിസ് ശാഠ്യം പിടിച്ചു. ഒടുവിൽ തഫ്സീർ സബ്ഖ് ആരംഭിച്ച് ഉസ്താദ് ദർസ് തുടങ്ങി. പരിസരപ്രദേശങ്ങളിലെ പള്ളികളിലെ ഇമാമുമാരും മുഅദ്ദിനുകളുമടക്കം നാൽപതോളം പേർ ചുരുങ്ങിയ കാലം കൊണ്ട് ഉസ്താദിന്റെ ശിഷ്യന്മാരായി. അക്കാലത്ത് തന്നെ സ്വദേശികളായ അറബികളും ഉസ്താദിൽ നിന്നും അറിവ് നുകരാൻ വേണ്ടി പള്ളിയിൽ എത്തി. കാൽ നൂറ്റാണ്ടോളം അൽ ഐനിൽ ഉസ്താദിൻറെ വിജ്ഞാനപ്രസരണം തുടർന്നുകൊണ്ടേയിരുന്നു.

ജഡ്ജിയായി ക്ഷണം

  ഒരിക്കൽ അൽഐനിലെ പ്രാദേശിക കോടതിയിലെ ഒരു ജഡ്ജി ഉസ്താദിന്റെ ക്ലാസ് വീക്ഷിക്കാൻ ഇടയായി. ക്ലാസിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് പലപ്പോഴും ക്ലാസിൽ പങ്കെടുത്തു. കോടതിയിൽ എത്തുന്ന നൂലാമാലകൾ നിറഞ്ഞ കേസുകളിൽ പരിഹാരം അന്വേഷിച്ച് അദ്ദേഹം നിരന്തരമായി എത്തി. എത്രത്തോളം എന്നാൽ കോടതിയിലേക്ക് ജഡ്ജിയായി ഉസ്താദിനെ ക്ഷണിക്കുക വരെ ചെയ്തു. പണവും സമ്പാദ്യവും ജീവിത സാഹചര്യങ്ങളുമെല്ലാം മാറുമെങ്കിലും അറിവിനോടും അധ്യാപനത്തോടുമുള്ള താല്പര്യം മൂലം ഉസ്താദ് വേണ്ടെന്ന് വെക്കുകയായിരുന്നു. ഈയൊരു സംഭവം അറബികൾക്കിടയിൽ ഏറെ ചർച്ചയാവുകയും ഉസ്താദിന്റെ ദർസിലേക്ക് കൂടുതൽ പേർ ആകൃഷ്ടരാവുകയും ചെയ്തു.

 ദുബായ് ഭരണാധികാരി ശൈഖ് സായിദിന്റെ രാഷ്ട്രീയ നിലപാടുകൾ രൂപപ്പെടുത്തിയിരുന്ന പ്രൈവറ്റ് സെക്രട്ടറി സയ്യിദ് അഹമ്മദ് ഖലീഫ അസ്സുവൈദി ഉസ്താദിൻന്റെ പ്രധാന ശിഷ്യരിൽ ഒരാളാണ്.

ലോക പണ്ഡിതന്മാരോടൊപ്പം

  ലോക ഇസ്‌ലാമിക പണ്ഡിതരിൽ പ്രമുഖനും യമനിലെ ദാറുൽ മുസ്തഫ സ്ഥാപനങ്ങളുടെ മേധാവിയുമായ സയ്യിദ് ഹബീബ് ഉമർ ബിൻ ഹഫീള് ഒരിക്കൽ ഉസ്താദിനെ സന്ദർശിച്ചു. അറുപതോളം യമനി സയ്യിദൻമാരോടൊപ്പമായിരുന്നു അദ്ദേഹം വന്നത്. ഷാഫിഈ മദ്ഹബിന്റെ "ഇജാസത്ത്" സ്വീകരിക്കാനാണ് അവർ വന്നതെന്ന് അറിഞ്ഞ ഉസ്താദ് വിനയാന്വിതനായി മാറിനിന്നെങ്കിലും നിർബന്ധമൂലം ഇജാസത്ത് നൽകേണ്ടിവന്നു. അവർ പോയതിനുശേഷമാണ് ഉമർ ബിൻ ഹാഫിള് തങ്ങളെക്കുറിച്ച് ഉസ്താദ് കൂടുതൽ അറിഞ്ഞത്.

 മദീനയിലെ വിശ്വപ്രസിദ്ധ പണ്ഡിതനായ സയ്യിദ് ഹബീബ് അലി ജിഫ്രി ഉസ്താദിനെ എല്ലായിപ്പോഴും സന്ദർശിക്കുകയും ഖിദ്മത്തിനായി വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യാറുണ്ടായിരുന്നു. വീട്ടിലെത്തിയ ഉസ്താദിൻറെ ചെരിപ്പ് എടുത്തു വയ്ക്കൽ തുടങ്ങിയ പല ഹി ഖിദ്മത്തുകളും സയ്യിദ് അവർകൾ ചെയ്തിരുന്നതായി പലരും ഓർത്തെടുക്കുന്നുണ്ട്.

അവസാന കാലം

  ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ഉസ്താദ് സമസ്ത കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ സംയുക്ത ഖാളിയുമായി ദീനീരംഗത്ത് സജീവമായി തുടർന്നു. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലേക്കെല്ലാം അധ്യാപനത്തിനായി ക്ഷണിച്ചെങ്കിലും ശാരീരികമായ പ്രയാസങ്ങൾ മൂലം ഉസ്താദ് സൗമ്യമായി നിരാകരിക്കുകയായിരുന്നു. 2017 ഒക്ടോബർ 11, മുഹറം 20ന് മണ്ണാർക്കാട് ചങ്ങലീരി യിലെ ഒരു ആത്മീയ സദസിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തിരിച്ച് വീട്ടിലെത്തി മരണപ്പെടുകയും ചെയ്തു.

  പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ കീഴടങ്ങാത്ത തികഞ്ഞ സുന്നീ ആദർശ വിശ്വാസിയായിരുന്നു ഉസ്താദ്. ഉയർന്ന സാമ്പത്തിക ഭദ്രതയും ജീവിത സാഹചര്യങ്ങളും തേടിയെത്തിയപ്പോഴും അറിവിനോടും അധ്യാപനത്തോടുമുള്ള ഇഷ്ടം മൂലം നിരാകരിക്കുകയായിരുന്നു.ഉസ്താദിനെ പോലെയുള്ള തികഞ്ഞ പാണ്ഡിത്യവും സൂക്ഷ്മതയും നിലനിർത്തി ജീവിച്ച പണ്ഡിതന്മാരെ നാം കൂടുതൽ അടുത്തറിയേണ്ടതുണ്ട്.

Questions / Comments:



10 August, 2023   08:36 pm

Muhammed nihal.k

???? ❤????

10 August, 2023   08:57 am

Ismayil

ഉസ്താദിന്റെ ദറജ അല്ലാഹു ഉയർത്തട്ടെ അമീൻ

9 August, 2023   08:23 am

Muhammed Mansoor

മാഷാ അല്ലാഹ്.. അവിടുത്തെ ജിവിതം ഒരുപാട് ആളുകൾക്ക് താങ്ങും തണലുമായിരുന്ന്..????

9 August, 2023   08:13 am

Younus

Al hamdulillah