പരസഹായം മാനുഷിക മൂല്യങ്ങളിൽ പരമോന്നതമാണ്. ആപത്തുകളിൽ അപരനെ ചേർത്തുപിടിക്കാനാവുന്നതാണ് മഹത്വം. തിരുമുമ്പിൽ ആവശ്യങ്ങളുമായി വന്നൊരാളും നിരാശരായി മടങ്ങിയിട്ടില്ല. സാധ്യമായത് നൽകി ആശ്വാസത്തിന്റെ കുളിർസ്പർശമായി നെറുനിലാറസൂൽﷺ. |
ലോകത്തിനു മുഴുവൻ അനുഗ്രഹമായാണ് മുത്ത്നബി തങ്ങളെ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അനുഗ്രഹീതമായ ഒരു ജീവിതമാണ് അവിടുന്ന് നയിച്ചിരുന്നതും. പൂർണതയുടെ മുഴുവൻ വിശേഷണങ്ങളും അവിടുത്തെ ജീവിതത്തിൽ സമ്മേളിച്ചതായി കാണാം. കേവലമൊരു ജീവിതം ജീവിച്ച് തീർക്കുകയല്ല അവിടുന്ന് ചെയ്തത്. മറിച്ച്, തന്റെ ജീവിതം തന്നെ ഒരു സന്ദേശമാക്കി മാറ്റുകയായിരുന്നു.
അടിമയും ഉടമയും നാഥന് മുമ്പിൽ തുല്യനാണെന്നും, തൊലി വെളുപ്പിന്റെയോ കുടുംബമഹിമയുടെയോ പേരിൽ ആരും ഉന്നതനാകുന്നില്ലെന്നും സ്വഭാവഗുണങ്ങളാണ് ഒരാളെ ഉന്നതനാക്കുന്നതെന്നുമുള്ള ലോകം കേൾക്കാൻ കൊതിച്ച വാക്കുകളായിരുന്നു അവിടുന്ന് ഉരുവിട്ടിരുന്നത്.
തൻറെ ദാസന്മാർക്കിടയിൽ വേർതിരിവ് കാണിക്കാതെ എല്ലാവരെയും തുല്യരായി കണ്ടു. ധനികനെയും പാമാരനെയും സ്നേഹിച്ചു.
സൃഷ്ടാവിനോടുള്ള ബന്ധത്തിൽ മാത്രമല്ല സൃഷ്ടികളോടുമുള്ള ബന്ധത്തിലും മുത്ത് നബിﷺ ബദ്ധശ്രദ്ധനായിരുന്നു. സംസാരം, സ്വഭാവം, സംസ്കാരം എല്ലാം മറ്റുള്ളവരെ ആകർഷിക്കുന്ന രൂപത്തിലുള്ളതായിരുന്നു.
പരസഹായം മാനുഷിക മൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. ആപത്തുകളിൽ അപരനെ ചേർത്ത് പിടിക്കുന്നതാണ് യാഥാർഥ മാനുഷിക ധർമം. ഉള്ളതിൽ നിന്നും സാധ്യമായത് ആവശ്യക്കാർക്ക് നൽകണം. ഈയൊരു ജീവിതമായിരുന്നു മുത്ത്നബി ﷺ നയിച്ചിരുന്നത്.
അവിടുന്ന് വലിയ ഉദാരവാനായിരുന്നു. ആര് ചോദിച്ചാലും നൽകും. ഇല്ല എന്ന് പറയില്ല. തന്നോട് സഹായം അഭ്യർത്ഥിച്ചു വരുന്ന ഒരാളെയും അവിടുന്ന് നിരാശരാക്കി മടക്കിയില്ല. മുസ്ലിം അമുസ്ലിം വേർതിരിവ് ഈ കാര്യത്തിൽ മുത്ത് നബിയിൽ കാണാൻ സാധ്യമല്ല. "റമളാൻ മാസത്തിൽ മുത്ത്നബിﷺ അടിച്ചുവീശുന്ന കാറ്റിനേക്കാൾ ഉദാരനായിരുന്നുവെന്ന് ബുഖാരി റിപ്പോർട്ട് ചെയ്യുന്നു.
സൃഷ്ടികളെല്ലാം അല്ലാഹുവിൻറെ ആശ്രിതരാണ്. അവരിൽ അള്ളാഹു ഏറ്റവും ഇഷ്ടപ്പെട്ടവർ തന്റെ ആശ്രിതരോട് ദീനാനുകമ്പയുള്ളവരാണ്. ഇതിൽ മത, ജാതി എന്നിങ്ങനെയുള്ള വേർതിരിവിന് യാതൊരു പ്രസക്തിയുമില്ല.
തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നവൻ നമ്മിൽപെട്ടവനല്ല എന്നാണ് അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. തൻറെ ദാന ധർമ്മങ്ങൾക്ക് മതത്തെ ഒരിക്കലും അവിടുന്ന് അടിസ്ഥാനമായി കണ്ടില്ല. ആദർശത്തിനുവേണ്ടി ജനിച്ച നാടും വീടും ഉപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്ത മുത്ത്നബി ഏതാനും വർഷങ്ങൾക്കുശേഷം മക്കയിലെ തൻറെ നാട്ടുകാർ കൊടും ദാരിദ്ര്യത്തിലാണെന്നറിഞ്ഞപ്പോൾ അഞ്ഞൂറ് സ്വർണ നാണയങ്ങൾ അവർക്ക് കൊടുത്തയച്ചു. ദുരിതാശ്വാസത്തിനും സാന്ത്വനത്തിനും മതത്തെയോ കൊടിനിറത്തെയോ പരിശോധിക്കേണ്ടതില്ലെന്നതിന് വലിയ മാതൃക കാണിച്ചുതന്നു.
ദാരിദ്ര്യത്തെ ഭയക്കാത്ത നബിതങ്ങളുടെ ദാനശീലങ്ങളുടെ ഒരുപാട് ചരിത്രങ്ങൾ ഹദീസുകളിൽ കാണാം.
ആരു വന്ന് ചോദിച്ചാലും അത് എത്ര പ്രിയപ്പെട്ടതാണെങ്കിലും ഒട്ടും വൈമനസ്യം കാണിക്കാതെ അവിടുന്ന് നൽകുകയുണ്ടായി. തങ്ങളുടെ ഇത്തരത്തിലുള്ള ദാന ശീലം അനേകം പേരെ ഇസ്ലാമിലേക്ക് അടുപ്പിച്ചിട്ടുണ്ട്. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ മുത്ത്നബിയുടെ ചാരത്തേക്ക് വന്നു. 'താങ്കളുടെ വസ്ത്രം തന്നാലും, ഞാന്‍ അതില്‍ അദ്ദേഹത്തെ കഫന്‍ ചെയ്യട്ടെ.' അപ്പോള്‍ നബി ﷺ അത് അദ്ദേഹത്തിന് നല്‍കി (ബുഖാരി, മുസ്‌ലിം). ഇത്തരത്തിൽ അവിടുത്തെ ദാനശീലങ്ങൾ വെളിവാക്കുന്ന ഒരുപാട് ഹദീസുകൾ കാണാം.
കണ്ടറിഞ്ഞ് ആളുകളെ സഹായിക്കാനുള്ള മനഃസ്ഥിതിയാണ് സാമ്പത്തികരംഗത്തെ മറ്റൊരു തിരുനബി മാതൃക. ചോദിച്ചു വരുന്നവർക്ക് മാത്രമായിരുന്നില്ല ദാനം ചെയ്തിരുന്നത്. തന്റെ അനുചരിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ കണ്ടെത്തി തന്നെ അവർക്ക് തങ്ങൾ ദാനം ചെയ്തിരുന്നു. ഒരു യാത്രയില്‍ ജാബിറു ബ്‌നു അബ്ദുല്ല(റ)വിന്റെ വേഗത കുറഞ്ഞ ഒട്ടകത്തെ മുത്ത് നബിﷺ നാല് ദീനാറിന് വാങ്ങി. മദീനയില്‍ തിരിച്ചെത്തിയ ശേഷം ജാബിർ (റ )ന് വിവാഹാനന്തരം സാമ്പത്തിക പ്രയാസമുണ്ടെന്ന് മനസ്സിലാക്കിയ മുത്ത്നബി ബിലാൽ (റ) നെ വിളിച്ച് പ്രസ്തുത ഒട്ടകവും നാലു ദീനാറും അതിലുപരി ഒരു കാല്‍ ദീനാര്‍ അധികവും ജാബിർ (റ)ന് കൊടുക്കാന്‍ നിർദേശിച്ചു.
തന്റെ ദാനധർമ്മങ്ങൾ കൊട്ടിഘോഷിക്കാൻ അവിടുന്ന് തയ്യാറാവുകയും ചെയ്തില്ല. നബി തങ്ങളുടെ ദാനധർമ്മങ്ങൾക്ക് പുറകിൽ തികഞ്ഞ ഇലാഹി പ്രേമം മാത്രമായിരുന്നു. ഒരിക്കലും ഭൗതിക താൽപര്യങ്ങളായിരുന്നില്ല. ആധുനിക കാലഘട്ടത്തിൽ ദാനധർമങ്ങളിൽ നബി മാതൃകകൾക്ക് വലിയ സ്ഥാനമുണ്ട്. ദാനം സ്വീകരിക്കുന്നവന്റെ അഭിമാനത്തിന് ക്ഷതം വരുത്തുന്ന ഒന്നും തന്നെ അവിടുന്ന് പ്രവർത്തിച്ചില്ല. ഇന്ന് ചെയ്യുന്ന സൽകർമങ്ങൾ ഭൗതികപരമായ താൽപര്യങ്ങളിലും അത് കൊട്ടിഘോഷിക്കുന്നതിലും മാത്രം ചുരുങ്ങിയിരിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി ഉറക്കമൊഴിവാക്കുന്നതും അതിനായി യജ്ഞം ചെയ്യുന്നതും അവിടുന്ന് ഇബാദത്തായി കണ്ടു. അവിടുന്ന് പറഞ്ഞു: "ഒരു സഹോദരന്റെ ആവശ്യം നിറവേറ്റാൻ അവൻറെ കൂടെ നടക്കലാണ്, എൻറെ ഈ പള്ളിയിൽ ഒരു മാസം കാത്തിരിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരം".
അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ സൃഷ്ടിച്ചിട്ടില്ല എന്ന ഖുർആനിക വചനത്തിന്റെ സാക്ഷാത്കാരമായിരുന്നു അവിടുത്തെ ജീവിതം. സത്യസന്ദേശങ്ങൾ തൻറെ ജീവിതത്തിൽ കൂടി പകർത്തിക്കൊണ്ട് മാതൃകായോഗ്യമായ ഒരു ജീവിതം അവിടുന്ന് നയിച്ചു. പരസ്പര പങ്കുവെങ്കലിന്റെ മനോഹാരിതയെ അവിടുത്തെ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. ആശ മുറിഞ്ഞവർക്ക് പ്രതീക്ഷയുടെ അഭയകേന്ദ്രമായി മാറുകയായിരുന്നു മുത്ത്റസൂൽﷺ.