പൂത്തുലയുന്ന പ്രണയം പൊട്ടിയൊലിക്കാനായി വെമ്പൽകൊള്ളും. പ്രേമലേഖനങ്ങളും, പ്രകീർത്തങ്ങളും, മതിവരാത്ത പറച്ചിലുകളുമായി അനുരാഗി ആ പിടച്ചിലുകളെ അടക്കിവെക്കാൻ ശ്രമിക്കും. ആരംമ്പപ്പൂവിലേക്കങ്ങനെ ഖസ്വീദകളായി അസ്ഹാബൊഴുകി. മൗലിദിൻ്റേയും മീലാദിൻ്റെയും സ്നേഹപ്രകാശനങ്ങളായി നമ്മളും. |
ചക്രവാള സീമയിൽ റബീഇന്റെ പൊന്നമ്പിളി ഉയർന്നു കഴിഞ്ഞു. ഇനി വിശ്വാസിയുടെ മെയ്യും മനസ്സും പ്രവാചകാനുരാഗത്തിന്റെ ഹൃദയ വികാരങ്ങളിൽ ആനന്ദാതിരേകം കൊള്ളുന്ന പുണ്യവിശേഷ നേരങ്ങളാണ്. പള്ളികളും മദ്രസകളും മുസ്ലിമീങ്ങളുടെ ഗൃഹാന്തരീക്ഷവും മൗലിദിന്റെ ഈരടികളിൽ ധന്യം. നബികീർത്തനത്തിന്റെ ദിനരാത്രികൾ. പതിനാലു നൂറ്റാണ്ടുകൾക്കു മുമ്പ് ഇരുൾ മുറ്റിയ ജാഹിലിയ്യാന്തരീക്ഷത്തിൽ വെളിച്ചത്തിന്റെ പ്രഭാപൂരമായി പിറവിയെടുത്ത്, തമസ്സിൽ നിന്നും പ്രകാശത്തിന്റെ രാജപാതയിലേക്ക് മനുഷ്യമനസ്സുകളെ ആനയിച്ച വിശ്വഗുരു മുഹമ്മദ് റസൂലുല്ലാഹി(സ) സ്മരിക്കപ്പെടുകയാണെവിടെയും.
വർഷങ്ങൾക്കു മുമ്പ് തന്നെ റബീഉൽ അവ്വൽ ആഘോഷ പ്രതീതമായിരുന്നു. പ്രവാചക മദ്ഹുകളാൽ പ്രകമ്പിതമാവുന്ന കീർത്തനാലാപനങ്ങൾ. വറ്റിവരളാത്ത സ്നേഹവായ്പുകളാൽ ബഹിസ്ഫുരിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കി കൊണ്ടുള്ള ഘോഷയാത്രകൾ. കവലകൾ തോറും സ്നേഹപൂർവ്വം മധുരവിരുന്നുമായി കാത്തിരിക്കുന്ന സ്വീകരണ കേന്ദ്രങ്ങൾ. പുതു പുത്തൻ വസ്ത്രങ്ങളണിഞ്ഞ് മനസ്സിന് കുളിരു പകർന്ന് പ്രവാചകാനുരാഗത്തിന്റെ അദ്ധ്യാത്മ ലോകത്തേക്ക് വിശ്വാസിയെ തൊട്ടുണർത്തുന്ന ദഫ് സംഘങ്ങൾ. റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ ദിനരാത്രങ്ങൾ ഒരു പ്രവാചക പ്രേമിക്ക് എത്ര അനുഭൂതിദായകമാണ്!!
അനുരാഗത്തിന്റെ ഹൃദയ രാഗമാണ് തിരു നബി പ്രകീർത്തനങ്ങൾ. മുത്ത് നബി സ്നേഹത്തിൽ നിന്നുയർന്നു പൊങ്ങുന്ന പ്രകടനങ്ങളാണ് ആ ഹൃദയസംഗീർത്തനങ്ങൾക്കു മാറ്റുകൂട്ടുന്നത്. അന്ധകാരത്തിന്റെയും അസംസ്കാരത്തിന്റെയും കൂച്ചുവിലങ്ങുകളിൽ നിന്ന് മനുഷ്യനെ അഭൗതികതയുടെ അനന്തവിഹായസിലേക്ക് വഴി നടത്തിയ മുത്തുനബി ശ്രേഷ്ഠരേ നിയോഗിച്ച അല്ലാഹുവിനോടുള്ള നന്ദി പ്രകടനമാണിത്. 'നിങ്ങളുടെ മാതാപിതാക്കളെക്കാളും ഭാര്യ സന്താനങ്ങളെക്കാളും ഞാൻ ഇഷ്ടപ്പെടുന്നത് വരെ ഒരാളും പൂർണ്ണ വിശ്വാസി ആവുകയില്ല' എന്നാണ് മുത്ത് നബി പഠിപ്പിച്ചത്. ഹൃദയത്തിന്റെ അന്തരാളങ്ങളിൽ തിരു ദൂതരെ പ്രേമഭാജനമായി സ്വീകരിച്ച വിശ്വാസിയുടെ അധരങ്ങൾ എങ്ങനെയാണ് കീർത്തനങ്ങളിൽ ലയിക്കാതിരിക്കുക?
അനുരാഗത്തിന്റെ അനിവാര്യത
"നന്ദിയുടെയും വന്ദനത്തിന്റെയും വികാരം ഉജ്ജ്വലമായ സ്നേഹ വികാരം തന്നെയാണ്. ഒരു വ്യക്തിയിൽ നിന്ന് നമുക്ക് നേട്ടങ്ങൾ ഉണ്ടാവുമ്പോഴാണ് ഈ സ്നേഹവികാരം ഉണ്ടാകുന്നത്. സ്നേഹിക്കപ്പെടാനും പ്രകീർത്തിക്കപ്പെടാനുമുള്ള ഒരു വ്യക്തിയുടെ ഭൗതിക മാനമാണ് തോമസ് ബ്രൗൺ വരച്ചുകാട്ടുന്നത്. പക്ഷേ, തിരുനബിയുടെ വ്യക്തിത്വത്തെ നാം കാണുന്നത് ഈ ഭൗതിക മാനത്തെക്കാളുപരി അഭൗമമായ ജീവിത വിജയത്തിന്റെ നിദാനമായിട്ട് കൂടിയാണ്. മനുഷ്യ മസ്തിഷ്കത്തിനു ഉൾക്കൊള്ളാൻ ആവാത്ത വിധം പ്രവിശാലമായ തിരുനബിയുടെ വ്യക്തിത്വത്തെ നാം വിലയിരുത്തുമ്പോൾ ആ അഭൗമമായ വീക്ഷണത്തിന്റെ അപാരത നമുക്ക് സുതാര്യമാകുന്നു. അവിടുന്ന് തന്റെ സമൂഹത്തിനു വേണ്ടിയാണ് ജീവിച്ചത്. അതിനുവേണ്ടി എല്ലാ ഭൗതിക ആഡംബരങ്ങളും ത്യജിച്ചു. അധർമ്മത്തിനെതിരെ ധർമ്മസമരം നടത്തിക്കൊണ്ട് വിമോചനത്തിന്റെ വിപ്ലവം നയിച്ചു. ആത്മീയോത്കർഷത്തിലേക്ക് വിശ്വാസി വൃന്ദത്തെ നയിക്കാൻ വേണ്ടി മർദ്ദനങ്ങളും പീഡനങ്ങളും സഹിച്ചു. അവിടുത്തെ വ്യക്തിത്വത്തിന്റെ അപാരതകൾ വ്യക്തമാക്കുന്ന ദർശനങ്ങൾ മനസ്സിലാകുമ്പോൾ നാം എങ്ങനെയാണ് ആ തിരുദൂതരെ സ്നേഹിക്കാതിരിക്കുക? സ്വന്തം നാടും വീടും കുടുംബവും വിട്ട് പലായനം ചെയ്ത മുത്തു നബി. ത്വാഇഫിലേക്ക് പലായനം ചെയ്ത്, ഹൃദയത്തിന്റെ വേദനകളും വേവലാതികളും ഇറക്കിവെക്കാനൊരിടം തേടി കടന്നുചെന്ന ആ മഹാമനീഷിയെ കല്ലെറിഞ്ഞ്, മേനിയിൽ നിന്നും രക്തച്ചാലുകളൊഴുകി നിസ്സഹായനായി മരച്ചുവട്ടിൽ വിശ്രമിക്കുന്ന ചിത്രം നമ്മുടെ മനസ്സിലേക്കൊന്ന് കൊണ്ടുവന്നു നോക്കൂ… ഈ മഹദ് സംഹിതയുടെ തത്വങ്ങൾ നമുക്ക് കൂടി പകർന്നു നൽകാൻ വേണ്ടി അവിടുന്ന് അനുഭവിച്ചതായിരുന്നില്ലേ ഇതെല്ലാം.
സ്നേഹിക്കപ്പെടാൻ ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ഭൗതികവും അഭൗതികവുമായ മുഴുവൻ ഘടകങ്ങളും മേളിച്ച ആ സൗന്ദര്യ സ്വരൂപനായ വിശുദ്ധ സ്വത്വം നമ്മുടെ സംരക്ഷണത്തിനു വേണ്ടിയായിരുന്നില്ലേ ജീവിച്ചത്? സ്നേഹ വാത്സല്യം നൽകുന്ന മാതാവിനെയും സംരക്ഷണം നൽകുന്ന പിതാവിനെയും ആത്മ ശിക്ഷണം നൽകുന്ന ഗുരുവിനെയും നമുക്ക് മുത്ത് നബി(സ) യിൽ നിന്ന് വായിക്കാനാവും. അതുകൊണ്ട് ഹൃദയത്തെ തൊട്ടുണർത്തുന്ന അനുരാഗ ഭാഷയിൽ നമുക്ക് പാടാം.
അൻത ഉമ്മുൻ അം അബു
മാ…റഅയ്നാ ഫീഹി മാ
മിസ്‌ല ഹുസ്നിക……
പ്രകീർത്തനത്തിന്റെ ചരിത്രം
പ്രകീർത്തനം പ്രകീർത്തിക്കപ്പെടുന്ന ആളുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് ഖുർആൻ പറഞ്ഞത്, അല്ലാഹുവും അവന്റെ മാലാഖമാരും മുത്ത് നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. അതുകൊണ്ട് നിങ്ങളും അവിടുത്തെ മേൽ സ്വലാത്തും സലാമും ചൊല്ലുക എന്ന് ഓർമ്മപ്പെടുത്തിയത്. ത്വലഅൽ ബദ്റു ചൊല്ലി ദഫ് മുട്ടിന്റെ ആരവത്തോടെ ആയിരുന്നു മദീനാ നിവാസികൾ തിരുനബിയെ സ്വീകരിച്ചത്. 'രിള്വാൻ' യുദ്ധം കഴിഞ്ഞ് തിരിച്ചുവന്ന തിരുനബിയെയും അനുയായികളെയും മട്ടുപ്പാവിലിരുന്ന് പാട്ടുപാടി സ്വീകരിച്ചിരുന്നു അവർ. ശത്രുക്കളുടെ അധിക്ഷേപങ്ങൾക്ക് കാവ്യ ഭാഷയിൽ മറുപടി പറയാൻ തിരുനബി മദീനാ പള്ളിയിൽ പ്രത്യേക വേദി തന്നെ സംവിധാനിച്ചിരുന്നു എന്നത് സ്മരണീയമാണ്. ആയിഷ(റ)ഉദ്ധരിക്കുന്ന ഹദീസിൽ കാണാം, കൊലക്കുറ്റം ചുമത്തപ്പെട്ട കഅ്ബുബ്നു സുഹൈർ തിരുസവിധത്തിലെത്തി 'ബാനത്തു സുആദ' യെന്ന വിഖ്യാതമായ കാവ്യമാലപിച്ചപ്പോൾ മുത്ത് നബി(സ) അവിടുത്തെ വിലപിടിപ്പുള്ള പുതപ്പ് അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.
മുത്ത് നബിയുടെ കാലത്ത് തന്നെ പ്രകീർത്തനത്തിനു വേണ്ടി പ്രത്യേക 'ജൽസ'കൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഹിജ്റ 300 ശേഷം മുളഫർ രാജാവിന്റെ കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ആസൂത്രിതമായ രീതിയിൽ മൗലിദ് സദസ്സുകൾ സംഘടിപ്പിക്കപ്പെടുന്നത്. അനുരാഗത്തിന്റെ വേലിയേറ്റങ്ങളിൽ വിശ്വാസിയിൽ അനിയന്ത്രിതമാകുന്ന, ഹൃദയത്തിൽ അലതല്ലുന്ന ഇഷ്‌ഖിന്റെ മനോവികാരം പ്രകീർത്തനത്തിന്റെ മധു ഭാഷിതങ്ങളായി ബഹിസ്ഫുരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം ആവാച്യമായ ഒരനുഭൂതി തന്നെയാണ്.
ഈ അനുഭൂതിയാണ് കവി മനസ്സുകളിൽ നിന്ന് അനുരാഗത്തിന്റെ അക്ഷര പ്രപഞ്ചമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. നാബിഗതുബ്ൻ ബനീ ജഅ്ദിയുടെ ബലഗ് ന സമാ… അബ്ദുല്ലാഹിബ്ൻ റവാഹയുടെ ഖല്ലൂബതിൽ കുമാരി…ഹസാനുബ്നു സാബിതിന്റ ഇദാതദക്കർത… തുടങ്ങുന്നതും അല്ലാത്തതുമായ അനേകം ഈരടികൾ. ഇവയെല്ലാം പ്രകീർത്തനത്തിന്റെ അക്ഷരാവിഷ്കാരങ്ങളായ സ്വഹാബി കാവ്യങ്ങളാണ്. ബുർദ ഹംസിയ, വിത്ത് രിയ, മൻഖൂസ് മൗലിദ്, ഖസീദതു മുഹമ്മദിയ്യ…
തിരു നബിയനുരാഗത്താൽ വിരചിതമായ കാവ്യ പ്രപഞ്ചം പ്രവിശാലമാണ്. മലയാളത്തിൽ പ്രവാചക കീർത്തനത്താൽ എഴുതപ്പെട്ട ധാരാളം കവിതകളുണ്ട്. മഹാകവി വള്ളത്തോളിന്റെ പ്രവാചക സൗകുമാര്യത ആവാഹിച്ച രണ്ടുവരി മാത്രം ചുവടെ ചേർക്കട്ടെ…
"അഹർമുഖപ്പൊൻകതിർ പോലെ പോന്നവൻ
മുഹമ്മദ പ്പേരിന്നിതാ നമശ്ശതം "
ജയപരാചയങ്ങളുടെ പരിണാമം
തിരു നബിയനുരാഗത്തിന്റെ ഹൃദയ ദർപ്പണത്തിലാണ് വിശ്വാസത്തിന്റെ പൂർണത കുടി കൊള്ളുന്നത്. സ്വലാത്ത്, പ്രകീർത്തനം, അഹലുബൈത്തിനെ ആദരിക്കൽ, മുത്ത് നബിയുടെ ചര്യ വിട്ടുവീഴ്ചയില്ലാതെ അനുധാവനം ചെയ്യൽ ഇവയെല്ലാം മുത്ത് നബിയുമായുള്ള ആത്മീയ ബന്ധം ശക്തിപ്പെടുത്താനുള്ള അനുരാഗത്തിന്റെ വഴികളാണ്. ഈ വഴിയിലൂടെ ജീവിക്കുന്ന തിരുനബി അനുരാഗികൾക്ക് തിരു നബിയുടെ അദൃശ്യമായ സംരക്ഷണം ലഭിക്കുമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ആ മാർഗത്തിൽ നാമം പങ്ക് കൊള്ളണം എന്നാൽ മാത്രമേ നമ്മുടെ ജയപരാജയങ്ങൾ നമുക്ക് നിർണയിക്കാനാവൂ.