കേവലം കർഷകനിലും പാടത്തുമൊതുങ്ങുന്നതല്ല അഗ്രികൾച്ചർ സെക്ടർ; രാഷ്ട്ര വികസനത്തോളം വരുന്നതാണ്. ഉൽപാദനം, വിഭവവിനിയോഗം തുടങ്ങിയ ഘടകങ്ങളതിൽ പ്രധാനമാണ്. തിരുനബി ഏറെ സവിശേഷതകളോടെയാണ് കാർഷികരംഗത്തെ പരിചയപ്പെടുത്തുന്നത്. |
സാമ്പത്തിക സമാഹരണത്തിന് തിരുനബി(സ) മുന്നോട്ടു വെക്കുന്ന പ്രധാന മാർഗമാണ് കൃഷി. വ്യക്തിയെ പ്രത്യേകമായും സമൂഹത്തെ പൊതുവിലും വികസനത്തിന് പര്യാപ്തമാക്കാൻ പ്രാപ്തിയുണ്ടതിന്. ഇസ്‌ലാമിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഘടകങ്ങൾ കാണാം. സാമ്പത്തിക മാർഗം എന്നതിലുപരി ഭൂമിശാസ്ത്ര, പാരിസ്ഥിതിക, സാമൂഹിക മേഖലകളെക്കൂടി നിർമാണാത്മകമാക്കുന്നതാണ് കാർഷികരംഗം(Agricultural Sector).
സാമ്പത്തിക മേഖലയിൽ വലിയ വികസനം സാധ്യമാക്കുന്നതാണ് കാർഷികരംഗം. കേവലം പാടത്തും കർഷകനിലും ഒതുങ്ങുന്നതല്ല കാർഷികരംഗം. രാഷ്ട്രത്തിൻ്റെ വികസനത്തോളം വരുന്നതാണ് ഒരു കർഷകൻ്റെ അധ്വാനം. ഇന്ത്യയുടെ ജിഡിപിയുടെ 18% കാർഷിക മേഖലയിൽ നിന്നാണ്. എന്നാൽ കാർഷിക മേഖലയിലെ പിന്നാക്കവസ്ഥ സാമ്പത്തിക മേഖലയെയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ കാർഷികമേഖല 15% ആയി കുറഞ്ഞിരിക്കുകയാണ്. ലോക ജിഡിപിയിൽ കൃഷിയുടെ പങ്ക് ദശാബ്ദങ്ങളായി കുറഞ്ഞ് 4% എത്തിയതായാണ് പഠനങ്ങൾ പറയുന്നത്.
സാമ്പത്തിക സമാഹരണം
സാമ്പത്തിക സമാരണം സാമ്പത്തിക വ്യവഹാരങ്ങളിൽ പ്രധാനപ്പെട്ടതാണ്. സമാഹരണം നടന്നാൽ മാത്രമാണ് വിനിമയവും അതു വഴി സസദ് വ്യവസ്ഥയുടെ വളർച്ചയും സാധ്യമാവൂ. ധനസമ്പാദനത്തെ ഇസ്‌ലാം പോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ, കൃത്യമായ മാർഗരേഖകളോട് കൂടെയാണെന്നു മാത്രം. ഇമാം ഗസ്സാലി(റ) ധനസമ്പാദനത്തിന്റെ മര്യാദകൾ പറയുന്നുണ്ട്. ധനസമ്പാദനത്തിന്റെ ശ്രേഷ്ടത, പ്രചോദനം എന്നാണ് ഇമാം തലവാചകം കൊടുത്തിരിക്കുന്നത്. എവിടെ നിന്ന്, എങ്ങനെ സമ്പാദിക്കണമെന്നതിൽ ഇസ്‌ലാം കൃത്യമായ നിർദേശം മുന്നോട്ടുവെക്കുന്നുണ്ട്.
നബി(സ) പറയുന്നു: ധാർമികമായ വഴിയിലൂടെ സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യണം. അനർഹമായ വഴിയിലൂടെ സമ്പാദിക്കുന്നവൻ, എത്ര ഭക്ഷിച്ചാലും വയറ് നിറയാത്തവനെപ്പോലെയാണ്. അനധികൃതമായ വഴിയിലൂടെ സമ്പാദിച്ചവന്, സാമ്പത്തിക സ്രോതസ്സ് ബോധ്യപ്പെടുത്താതെ വിചാരണനാളിൽ കാലെടുത്തു വെക്കാനാവില്ലെന്ന് മറ്റൊരു ഹദീസിൽ കാണാം. അതോടൊപ്പം നല്ല മാർഗങ്ങളിലൂടെയുള്ള സമ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഏറ്റവും മികച്ച സമ്പാദ്യ മാർഗമായി കൃഷിയെ പരിചയപ്പെടുത്തിയത് കാണാം.
കാർഷികോൽപാദനം
കാർഷികോൽപാദനത്തെ മികച്ച സമ്പാദ്യമാർഗമായാണ് ഇസ്‌ലാം കാണുന്നത്. കൃഷി ചെയ്യുന്നതിലൂടെ തൻ്റെയും കുടുംബത്തിൻ്റെയും സാമ്പത്തിക മേഖലയെ ഭദ്രമാക്കുന്നു. നമ്മുടെ കൃഷിയിൽ നിന്ന് ആര് ഉപയോഗപ്പെടുത്തിയാലും പ്രതിഫലമുണ്ടെന്നാണ് നബി(സ) പറയുന്നത്. പറവകൾ, വഴിയാത്രക്കാർ തുടങ്ങി ആരെല്ലാം ഭക്ഷിച്ചുവോ അതെല്ലാം ധർമമാണെന്നാണ് സാരം. ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി ശർഹ് മുസ്‌ലിമിൽ ഏറ്റവും ഉത്തമമായ ജോലി കൃഷിയാണെന്ന അഭിപ്രായത്തെ ശരിവെക്കുന്നുണ്ട്. മൃഗശല്യം കാരണം നശിച്ചു പോയതിൽ പോലും പ്രതിഫലമുണ്ടെന്ന് ഇമാം നവവി(റ) വ്യക്തമായി പറയുന്നു.
സൂറതുൽ ബഖറയിൽ(261)അല്ലാഹുവിൻ്റെ മാർഗത്തിൽ ധനവിനിയോഗം നടത്തുന്നവരെ, വിത്ത് വിതച്ച് അതിൽ നിന്ന് മികച്ച നേട്ടം ലഭിക്കുന്നതിനോട് ഉപമിച്ചതായി കാണാം. ഈ ആയതിൻ്റെ വിശദീകരണത്തിൽ ഇമാം ഖുർത്വുബി(റ)ഏറ്റവും ഉത്തമമായ ജോലി കൃഷിയാണെന്നും അതുകൊണ്ടാണ് ഉപമയായി കൊണ്ടുവന്നതെന്നും പറയുന്നുണ്ട്. (3/321)
സ്വന്തം കൈ കൊണ്ട് ചെയ്യുന്ന ജോലിയിൽ നിന്ന് ലഭിക്കുന്ന സമ്പാദ്യം ഉപയോഗിച്ചുള്ള ഭക്ഷണത്തേക്കാൾ ഉത്തമമായ ഭക്ഷണമില്ലെന്നും ദാവൂദ് അങ്ങനെയായിരുന്നുവെന്നും പറയുന്ന ഹദീസ് ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തുന്നുണ്ട്. ഈ ഹദീസിൻ്റെ പരിധിയിൽ വരുന്ന കൈകൊണ്ടുള്ള ജോലി, അല്ലാഹുവിലുള്ള തവക്കുൽ എന്നീ കാരണങ്ങൾ കൃഷിയിലുള്ളത് കൊണ്ട് ഉത്തമമായ ജോലിയായി കൃഷിയെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. (9/59)ഇമാം മാവർദിയും സമാനമായ അഭിപ്രായം പറഞ്ഞതായി കാണാം.
വിഭവവിനിയോഗം
കാര്യക്ഷമമായി വിഭവവിനിയോഗം നടത്തണം. അപ്പോഴാണ് കൂടുതൽ ഉൽപാദനം നടത്താനും അതുവഴി ലാഭം നേടാനും സാധിക്കുക. വിഭവങ്ങൾ ഒരിക്കലും നശിച്ചു പോവരുത്. തടസ്സങ്ങളേതുമില്ലാതെ കൃഷിയോ മരമോ നനക്കാതിരിക്കൽ കറാഹതാണെന്ന് ശർഹുൽ മഹല്ലിയിൽ കാണാം(4/95). വിഭവനഷ്ടമാണ് കാരണമായി പറയുന്നത്. കൃത്യമായി ജല സ്വേചനവും മറ്റു പരിചരണങ്ങളും ഉറപ്പുവരുത്തണം.
ഭൂമിയുള്ളവർ കൃഷി ചെയ്യണം, സാധ്യമല്ലാത്തവർ തൻ്റെ വിശ്വാസിയായ സഹോദരന് കൃഷി ചെയ്യാൻ നൽകണമെന്ന് പറയുന്ന ഹദീസ് ഇമാം മുസ്‌ലിമും ബുഖാരി(റ)യും ഉദ്ദരിക്കുന്നുണ്ട്. മുല്ലാ അലി ഖാരി മിർഖാതുൽ മിശ്കാതിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു, മുള്ഹിറുദ്ദീനു സൈദാനിയെ ഉദ്ദരിക്കുന്നു: ഒരു ഉപകാരവുമില്ലാതെ സമ്പത്ത് കൈവശം വെക്കുന്നതിനെതിരെയുള്ള താക്കീതുണ്ട് ഈ ഹദീസിൽ. (മിർഖാത് 9/1989)
വിഭവവിനിയോഗത്തിൻ്റെ ഭാഗമായി കർഷകന് വരുന്ന ചെലവിനെ(Risk) പരിഗണിച്ച് സകാത് വിഹിതത്തിൽ പോലും ഇളവ് നൽകിയതായി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം. കർഷകർക്ക് നൽകുന്ന വലിയ പ്രചോദനമാണിത്. അതോടൊപ്പം വിഭവ വിനിയോഗത്തിൻ്റെ പ്രാധാന്യവും വ്യക്തമാവുന്നു.
കൃഷി ചെയ്യുന്ന പ്രത്യേക വിഭവങ്ങളിൽ ഇസ്‌ലാം സകാത് നിർബന്ധമാക്കുന്നുണ്ട്. ആത്മീയമായ ശുദ്ധീകരണവും സമൂഹത്തിൻ്റെ സാമ്പത്തിക ഭദ്രതയുമാണ് പ്രധാന ലക്ഷ്യങ്ങൾ. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അടുപ്പത്തിൻ്റെ അടയാളമായാണത് വരുന്നത്. സമാഹരണം മാത്രം നടന്നാൽ സമ്പത്ത് കുമിഞ്ഞ് കൂടും. സമ്പന്നൻ പൂർവ്വോപരി തടിച്ചു കൊഴുക്കും. ദരിദ്രൻ പട്ടിണിയിലാണ്ടു പോവുകയും ചെയ്യും. അതുകൊണ്ട് കൃത്യമായ വിതരണം അനിവാര്യമാണ്. നിർബന്ധ ബാധ്യതക്കു പുറമെയുള്ള ധാനധർമത്തിനും ഇസ്‌ലാം വലിയ പ്രതിഫലം നൽകുന്നുണ്ട്.
നബി(സ) പറയുന്നു: "അനുവദനീയമായ സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്കക്കഷ്ണം ധർമം ചെയ്താൽ പോലും അല്ലാഹു അത് താത്പര്യത്തോടെ സ്വീകരിക്കുകയും ഒരുമലയോളമാവുന്നത് വരെ അതിന് വളർച്ച നൽകുകയും ചെയ്യും."(ബുഖാരി 1344, മുസ്‌ലിം 1014) നരക ശിക്ഷയിൽ നിന്നുളള സുരക്ഷയായാണ് മറ്റൊരു ഹദീസിൽ പരിചയപ്പെടുത്തുന്നത്: ഒരു കാരക്കച്ചീള് കൊണ്ടെങ്കിലും നിങ്ങൾ നരകത്തെ സൂക്ഷിക്കുക(ബുഖാരി). നബി(സ) മുആദ്(റ) വിനോട് പറയുന്നു: സ്വദഖ വെള്ളം തീ കെടുത്തുന്ന പോലെ പാപങ്ങളെ മായ്ച്ചുകളയും(തുർമുദി).
ജാബിർ(റ)വിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസിൽ, നബി(സ) ഒരു അൻസ്വാരി സ്ത്രീയുടെ ഈത്തപ്പനത്തോട്ടത്തിൽ പ്രവേശിച്ച സംഭവം കാണാം. അവിടുന്ന് കൃഷി ചെയ്തയാളെക്കുറിച്ച് ഭൂവുടമയായ സ്ത്രീയോട് അന്വേഷിക്കുകയും വിശ്വാസിയാണെന്നറിഞ്ഞപ്പോൾ അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് സന്തോഷമറിയിക്കുക ചെയ്തു. ഈ സംഭവം വിശദീകരിച്ച് ഇബ്നു ഹജർ(റ) പറയുന്നു: കൃഷി ചെയ്യുന്നയാൾക്കും ഉടമസ്ഥനും പ്രസ്തുത പ്രതിഫലം ലഭിക്കുമെന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം(ഫത്ഹുൽ ബാരി 4/5). ആഖിറതിൽ പ്രതിഫലം ലഭിക്കാൻ കാരണമാവുന്നത് കൊണ്ട് കൃഷിയെ സമ്പാദ്യമാർഗമായി കാണൽ സുന്നതാണെന്ന് ഹനഫി മദ്ഹബുകാരനായ ഇമാം സർഖസി(റ) ഈ ഹദീസിന് വിശദീകരണമായി പറയുന്നുണ്ട്. (അൽ മബ്സൂത്വ് 23/24)
അന്ത്യനാൾ ആഗതമാവുന്ന സമയം നിങ്ങളുടെ കൈവശം ഒരു ചെടിയുണ്ടെങ്കിൽ, സാധ്യമെങ്കിൽ അത് നടണമെന്ന് പറയുന്ന ഹദീസിനെക്കുറിച്ച് ഇമാം മുനാവി(റ) പറയുന്നു: ഈ ഹദീസിൽ കൃഷി ചെയ്യുന്നതിന് അത്യധികം പ്രേരണയുണ്ട്. മുൻഗാമികൾ നിങ്ങൾക്കുവേണ്ടി വിഭവമൊരുക്കിയ പോലെ, പിൻഗാമികൾക്കുവേണ്ടി നമ്മളും പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. (ഫൈളുൽ ഖദീർ 3/40)
ബനൂഖുറൈള വിജയത്തിൽ ലഭിച്ച ഭൂമി, നബി(സ)യുടെ സാന്നിധ്യത്തിൽ മുഹാജിറുകളായ സ്വഹാബികൾ കൃഷിക്കുവേണ്ടി ഉപയോഗിച്ച സംഭവം ഇബ്നു ഹസ്മ് രേഖപ്പെടുത്തുന്നുണ്ട്. ബഹ്റൈൻ, ഒമാൻ, യമൻ, ത്വാഇഫ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നവരും ഇപ്രകാരം കൃഷിചെയ്തുവെന്നും അദ്ദേഹം പറയുന്നു (8/210).
ആരോഗ്യക്ഷമത
ആരോഗ്യക്ഷമത വർധിപ്പിക്കാനും മനസ്സിനും ശരീരത്തിനും ഊർജ്ജം ലഭിക്കാനും കൃഷി സഹായകമാണ്. അതുകാരണം ഭൗതികമായും ആതമീയമായുമുള്ള ഉയർച്ചക്ക് വഴിയൊരുങ്ങുകയും ചെയ്യുന്നു. മുകളിലുദ്ദരിച്ച, സ്വന്തമായി കൃഷി ചെയ്യാൻ സാധ്യമല്ലാത്തവർ തൻ്റെ മുസ്‌ലിമായ സഹോദരന് ഭൂമി കൈമാറണമെന്ന് പറഞ്ഞ ഹദീസിൽ
'മുസ്‌ലിം' എന്ന് പ്രയോഗിച്ചത് ആരാധനയ്ക്ക് സഹായകമാവും എന്ന നിലക്കാണെന്ന് ഇബ്നു മുലഖിൻ(റ) പറയുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യവും ആരാധനയും പ്രധാനപ്പെട്ടതാണ്. മാനസിക, ശാരീരിക ആരോഗ്യം ആരാധനയെ കാര്യമായി സ്വാധീനിക്കുമെന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം.
ചുരുക്കത്തിൽ, ആത്മീയവും ഭൗതികവുമായ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കൃഷി. അതോടൊപ്പം, അഗ്രിക്കൾച്ചറൽ സെക്ടർ സാമ്പത്തിക വളർച്ചയെ വലിയ തോതിൽ സ്വാധീനിക്കുന്നതുമാണ്. ഉൽപാദനം, വിഭവ വിനിയോഗം, വിതരണം തുടങ്ങിയ കാര്യങ്ങളെയാണത് ആശ്രയിക്കുന്നത്. നടേ പരാമർശിച്ച ഹദീസുകളെല്ലാം കൃഷിയെയും കാർഷിക മേഖലയേയും അത്യധികം പ്രോത്സാഹിപ്പിക്കുന്നതാണ്.