പ്രവാചകർ ﷺ അയച്ച നയതന്ത്ര കത്തുകൾ, ഇസ്ലാമിന്റെ ദൗത്യം പ്രാദേശികമല്ല, ലോകമെമ്പാടും വ്യാപിക്കേണ്ട സർവ്വസാധാരണ സന്ദേശമാണെന്ന് തെളിയിക്കുന്നതിന്റെ മകുടോദാഹരണമാകുന്നു . അവ, ഇസ്ലാമിക നയതന്ത്ര ചരിത്രത്തിലെ പ്രധാന ഏടുകളാണ്. വെറും കത്തുകൾ എന്നതിനപ്പുറം സമാധാനവും സഹവർത്തിത്വവും പ്രചരിപ്പിച്ച രേഖകൾ കൂടിയാണ് അവ.

വായിക്കാം:

മുഹമ്മദ് നബി ﷺ യുടെ പ്രബോധന രീതിശാസ്ത്രം ആധുനിക ലോകത്തിന് പോലും മാതൃകയാവും തരത്തിൽ നൈതികവും സർഗാത്മകവുമായിരുന്നു. ഒരു സമൂഹം മുഴുവൻ വിഗ്രഹങ്ങളോടും അന്ധവിശ്വാസങ്ങളോടും കൂറ് പുലർത്തുന്ന ആറാം നൂറ്റാണ്ടിൽ, പുതിയൊരു ജീവിത വീക്ഷണം മുന്നോട്ട് വെക്കുകയെന്നത് കേവലം വാക്ചാതുരിയിലൂടെ സാധ്യമാവുന്ന ഒന്നായിരുന്നില്ല. പ്രസംഗങ്ങളിലോ സൈനിക മുന്നേറ്റങ്ങളിലോ മാത്രം അവ ഒതുങ്ങിനിൽക്കുകയും ചെയ്തില്ല. 

തൻ്റെ ദൗത്യം ലോകത്തോട് പ്രഖ്യാപിക്കുന്നതിനായി തിരുനബി ﷺ സ്വീകരിച്ച തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും സമാധാനപരവുമായ മാർഗമായിരുന്നു കത്തുകൾ. ഇവ തിരുനബി(സ്വ)യുടെ ദീർഘവീക്ഷണത്തിൻ്റെയും വിവേകത്തിൻ്റെയും ഉത്തമ ഉദാഹരണങ്ങളായിരുന്നു.

അറബ് ഉപദ്വീപിലെ ഗോത്രത്തലവന്മാർക്കും, റോം, പേർഷ്യ, ഈജിപ്ത്, അബിസീനിയ തുടങ്ങിയ മഹാരാജ്യങ്ങളിലെ ചക്രവർത്തിമാർക്കും പ്രവാചകർ ﷺ  കത്തുകൾ അയച്ചു. കത്തുകൾ ഓരോന്നും അതത് സ്ഥലങ്ങളിലെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വളരെ തന്ത്രപരമായി തയ്യാറാക്കിയവയായിരുന്നു. അലി(റ) അടക്കമുള്ള ധിഷണരായ സ്വഹാബി വര്യന്മാരെ റസൂൽ ﷺ ഇതിന് ചുമതലപ്പെടുത്തി. അന്നത്തെ രാജാക്കന്മാർക്കെല്ലാം കത്തുകൾ അയക്കുമ്പോൾ, അതിൽ മുദ്ര പതിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്ന് തിരുനബി ﷺ മുകളിൽ 'അള്ളാഹ്' മധ്യത്തിൽ 'റസൂൽ' താഴെ 'മുഹമ്മദ്' എന്ന രീതിയിൽ കൊത്തുപണി ചെയ്ത ഒരു മുദ്ര രൂപകൽപ്പന ചെയ്തു. 

കത്തുകളുടെ ഭാഷാശൈലി, ഉള്ളടക്കം,എന്നിവയെല്ലാം തിരുനബിയുടെ ﷺ ഉന്നതമായ വ്യക്തിത്വത്തെയും ലക്ഷ്യത്തെയും വിളിച്ചോതുന്നവയായിരുന്നു.  "ബിസ്മില്ലാഹിറഹ്മാനിറഹീം" എന്ന അല്ലാഹുവിൻ്റെ നാമത്തിൽ ആരംഭിക്കുന്ന ഈ കത്തുകൾ, തികഞ്ഞ ആത്മവിശ്വാസത്തോടെ ഇസ്‌ലാമിലേക്കുള്ള ഒരു ക്ഷണം കൂടിയായിരുന്നു. പ്രവാചകർ  ﷺ തൻ്റെ കത്തുകളിൽ ആരെയും നിർബന്ധിച്ച് ഇസ്ലാമിലേക്ക് ക്ഷണിച്ചില്ല. മറിച്ച്, വളരെ സൗഹൃദപരവും യുക്തിസഹവുമായ ഭാഷയിൽ സത്യത്തിൻ്റെ വഴിയെക്കുറിച്ച് വിശദീകരിക്കുകയാണ് ചെയ്തത്. ഇത് ഇസ്‌ലാമിൻ്റെ അടിസ്ഥാന തത്വമായ വിശ്വാസ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തുവർഷം 628 മുഹറം മാസത്തിലാണ് തിരുദൂതരുടെ അനുചരന്മാർ കത്തുകളുമായി വിവിധ തലസ്ഥാന നഗരികളിലേക്ക് കടന്നു ചെല്ലുന്നത്.

പേർഷ്യൻ ചക്രവർത്തിയായ കിസ്‌റയ്ക്ക് അയച്ച കത്ത്, വായിച്ച ഉടൻ കിസ്റ  അഹങ്കാരത്തോടെ വലിച്ചു കീറിക്കളഞ്ഞുവത്രെ. തൻ്റെ സാമ്രാജ്യത്തിൻ്റെ ശക്തിക്ക് മുന്നിൽ ഒരു അറബിയുടെ ക്ഷണം നിസ്സാരമായി കണക്കാക്കിയ കിസ്‌റയുടെ ഈ പ്രവൃത്തി, തിരുനബിയെ വേദനിപ്പിച്ചു. എന്നാൽ, തിരുനബി ﷺ അതിനെ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ഒരു പരീക്ഷണമായി കണ്ടു. തന്റെ കത്ത് പിച്ചി ചീന്തിക്കളഞ്ഞതുപോലെ കിസ്റയുടെ ഭരണവും പിച്ചി ചീന്തപ്പെടുമെന്ന് റസൂലുള്ള പ്രവചിച്ചു. തിരുനബിയുടെ പ്രവചനമനുസരിച്ച് കിസ്‌റയുടെ സാമ്രാജ്യം തകരുകയും ഇസ്ലാമിക ശക്തികൾക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്തത് പിൽകാല ചരിത്രം. ഇത് പ്രബോധനത്തിൻ്റെ മാർഗത്തിൽ തടസ്സങ്ങൾ നേരിടുമ്പോൾ, ഇലാഹീ വിശ്വാസത്തിൽ ഉറച്ചുനിൽക്കേണ്ടതിൻ്റെ പ്രാധാന്യം നമ്മെ ഓർമ്മപ്പെടുത്തുന്നതിനുള്ള ഒരു കാരണം കൂടിയാണ്. 

റോമൻ ചക്രവർത്തി ഹിർക്കൽ തിരുനബി ﷺ യുടെ കത്ത് ഏറെ ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. കത്ത് ലഭിച്ചയുടൻ  പ്രവാചകനെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം റോമിലെത്തിയ അറബികളായ കച്ചവട സംഘത്തെ വിളിച്ചുവരുത്തി. അബൂസുഫിയാനായിരുന്നു അവരുടെ നേതാവ്. അന്ന് മഹാൻ സ്വഹാബിയായി ഇസ്ലാമിലേക്ക് കടന്നു വന്നിട്ടില്ല. 

അവിടെ നടന്ന സംഭവങ്ങൾ അത്യന്തം രസകരമായിരുന്നു. കൂടെ ഉണ്ടായിരുന്ന അറബ് പ്രമാണിമാർക്കഭിമുഖമായി നിൽക്കുവാൻ അബൂസുഫിയാനോടു ചക്രവർത്തി കൽപിക്കുകയും അദ്ദേഹം വല്ല കള്ളവും പറയുകയോ തെറ്റായ സംഗതികൾ പ്രസ്‌താവിക്കുകയോ ചെയ്‌താൽ തിരുത്ത ണമെന്നു കൂട്ടുകാരായ അറബികളോടു ആവശ്യപ്പെടുകയും ചെയ്തു. അതിനുശേഷം ചക്രവർത്തി അബൂസുഫിയാനോടു ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. തുടർന്നുള്ള സംഭാഷണങ്ങളിൽ നിന്നും ചക്രവർത്തിക്ക് മുഹമ്മദ് ﷺ പ്രവാചകനാണെന്ന് ബോധ്യമായി. എന്നാൽ കത്തിന്റെ ഉള്ളടക്കത്തിൽ ചക്രവർത്തിയെ ചക്രവർത്തി എന്ന് പരാമർശിക്കാതെ 'റോമിന്റെ തലവൻ' എന്ന് എഴുതിയതിൽ രാജ സഭയിലെ ആളുകളെ ചൊടിപ്പിച്ചു. പക്ഷേ,കൈസർ അതിനെ തിരുത്തി. അല്ലാഹുവാണ് ചക്രവർത്തി എന്നും ഞാൻ വെറും തലവൻ മാത്രമാണെന്നും അദ്ദേഹം അവരോട് പ്രതിവചിച്ചു. 

റോമൻ ചക്രവർത്തിയുടെ പ്രതികരണം തിരു നബിയെ സന്തോഷിപ്പിച്ചു. നബി തിരുമേനിയുടെ മറ്റൊരു പ്രവചനത്താൽ റോമാ സാമ്രാജ്യത്തിന്റെ വലിയൊരു ഭാഗം നഷ്ടപെട്ടുവെങ്കിലും  അവിടുത്തെ പ്രാർത്ഥന മുലം ഹിർക്കലിന്റെ വംശം  അറുനൂറ് കൊല്ലക്കാലം കോൺസ്റ്റന്റിനോപ്പിൾ കേന്ദ്രമാക്കി ഭരണ സാരഥ്യത്തിൽ ഇരുന്നു. പിൽക്കാലത്ത് മുസ്ലിം രാജാവായ മൻസൂർ ഖലാവൂന്റെ പ്രതിനിധികൾ റോമ സന്ദർശിച്ചപ്പോൾ അന്നത്തെ ചക്രവർത്തി തന്റെ പൂർവപിതാവിന് തിരുനബി ﷺ അയച്ച കത്ത് കാണിച്ചു കൊടുക്കുകയുണ്ടായി.

ഈജിപ്തിലെ മുഖൗഖിസിനും അബിസീനിയയിലെ നജ്ജാശി രാജാവിനും  കത്തുകൾ ചെന്നു. മുഖൗഖിസിന് കത്തുമായി ചെന്ന ഹാത്തിബ് ബ്നു അബിബൽത(റ)യോട് രാജാവ് ചോദിച്ചു. "നിങ്ങളുടെ പ്രവാചകൻ അല്ലാഹുവിൽ നിന്നുള്ളവരാണെങ്കിൽ, എന്തുകൊണ്ട് ശത്രുക്കൾക്കെതിരെ ദൈവത്തോട്  പ്രാർത്ഥിച്ചുകൂടാ?". " ഈസാ നബിയിൽ വിശ്വസിക്കുന്നുവല്ലോ നിങ്ങൾ. നബിക്കെതിരെ തന്റെ ജനം കടുത്ത ദ്രോഹം പ്രവർത്തിച്ചിട്ടും അവരുടെ നാശത്തിനായി എന്തുകൊണ്ട് പ്രാർത്ഥിച്ചില്ല " എന്നാ ഹാത്തിബ് (റ) യുടെ മറു ചോദ്യത്തിൽ മുഖൗഖിസ് തൃപ്തനായി. വിവേകശാലിയായ ഒരു മനുഷ്യന്റെ വിവേകമതിയായ ദൂതനാണ്  ഇയാൾ എന്ന് രാജാവിന് ബോധ്യപ്പെട്ടു. നജ്ജാശി രാജാവിന് അയച്ച കത്തുകൾ അദ്ദേഹം ചുംബിച്ചു. "ഈ മഹത്വമേറിയ സന്ദേശം നഷ്ടപ്പെടാത്തത്ര കാലം, എന്റെ സാമ്രാജ്യം നിലനിൽക്കുമെന്ന്" നജ്ജാശി പറഞ്ഞു. പിൽകാലത്ത് എത്യോപ്യ  ഇന്ന് നാമകരണം ചെയ്യപ്പെട്ട നജ്ജാശിയുടെ അബിസീനിയ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലം വരെ സാമ്രാജ്യത്ത ശക്തിയായി നിലനിന്നിരുന്നതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

ഇവർക്ക് പുറമെ ബഹ്‌റൈൻ രാജാവിനും ഉമ്മാൻ രാജാവിനും, യമാമ തലവനും, ഗസ്സാൻ രാജാവിനും, യമനിലെ ഗോത്രങ്ങളായ ബനുനഹദിൻ്റെ തലവനും, ഹമദാൻ്റെ തലവനും, ബനൂഅലീം ഗോത്രത്തിന്റെ അധിപനും, ഹള്റമി ഗോത്രത്തിൻ്റെ നേതാവിനും തിരുനബി ﷺ കത്തുകളയക്കുകയുണ്ടായി. കത്തുകൾ കൈപ്പറ്റിയവരിൽ പലരും ഉടൻ തന്നെ ഇസ്‌ലാം പുൽകി. മറ്റു ചിലർ കത്തിനെ ഗൗരവ പൂർവം പരിഗണിച്ചുവെന്നാലും ഇസ്‌ലാം സ്വീകരിക്കാൻ സന്നദ്ധത കാണിച്ചില്ല. വേറെ ചിലരാകട്ടെ, സാധാരണ നിലയിലുള്ള മര്യാദ കാണിണിച്ചു. ഇനിയുമൊരു കൂട്ടർ പുച്ഛഭാവവും അഹങ്കാരവും പ്രകടിപ്പിച്ചു. എന്നാൽ, ഈ കത്തുകൾ കൈപറ്റിയവരും അവരുടെ ജനങ്ങളും അവർ കത്തുകളുടെ നേരെ എന്തു നയം സ്വീകരിച്ചുവോ അതിനൊത്ത വിധികളെയാണ് നേരിടുകയുണ്ടായതെന്നതാണ് ചരിത്രം.

തിരുനബിയുടെ കത്തുകൾ വെറും മതപ്രബോധന രേഖകളായിരുന്നില്ല. മറിച്ച്, ഒരു നാഗരികതയുടെ തുടക്കത്തെക്കുറിച്ചുള്ള വിളംബരങ്ങളായിരുന്നു. ഈ കത്തുകളിലെ ഭാഷ സമാധാനപരവും സൗഹൃദപരവുമായിരുന്നു. അധിനിവേശത്തിനോ അക്രമത്തിനോ പ്രവാചകൻ ﷺ ആഹ്വാനം ചെയ്തില്ല. ഈ കത്തുകൾ സൂക്ഷിച്ചു വെച്ച ഭരണാധികാരികളും പിൽക്കാല ചരിത്രകാരന്മാരും ഇത് ഇസ്ലാമിക നാഗരികതയുടെ സമാധാനപരമായ ഇതിവൃത്തമായി അടയാളപ്പെടുത്തുന്നു. ചുരുക്കത്തിൽ, തിരുനബി ﷺ യുടെ കത്തുകൾ അവിടുത്തെ പ്രബോധന മാതൃകയുടെ ഉജ്ജ്വലമായ പ്രതിനിധാനം കൂടെയാണ്. അത് സദുപദേശങ്ങളുടെയും തന്ത്രപരമായ നീക്കങ്ങളുടെയും മാതൃകകൾ നമുക്ക് മുന്നിൽ തുറന്നുകാട്ടുന്നു.

പ്രവാചകർ ﷺ യുടെ ഈ നയതന്ത്രപരമായ നീക്കങ്ങൾ, ഇസ്‌ലാമിൻ്റെ ദൗത്യം കേവലം ഒരു പ്രാദേശികമായി ഒതുക്കേണ്ടതല്ല, മറിച്ച് ലോകം മുഴുവൻ വ്യാപിക്കേണ്ട ഒരു സാർവത്രിക സന്ദേശമാണെന്ന് വ്യക്തമാക്കുന്നു. ഈ കത്തുകൾ ഇസ്‌ലാമിക സമൂഹത്തിൻ്റെ ആദ്യകാല നയതന്ത്ര ചരിത്രത്തിലെ നിർണ്ണായക അധ്യായങ്ങളായി തന്നെ ഗണിക്കപ്പെടാറുണ്ട്. പ്രവാചകൻ്റെ വ്യക്തിത്വത്തെയും അദ്ദേഹത്തിൻ്റെ ദൗത്യത്തെയും ഒരുപോലെ ഉയർത്തിപ്പിടിക്കുന്നു ഇവ വെറും കടലാസുകളായിരുന്നില്ല. സമാധാനത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും വിത്തുപാകിയ രേഖകളും കൂടെ ആയിത്തീരുന്നു.
     
അസഹിഷ്ണുതയും ഭിന്നതയും നടമാടുന്ന സമകാലിക ലോകത്തിന് തിരുനബിയുടെ ഈ പ്രബോധന മാതൃക കൂടുതൽ പ്രസക്തമാണ്. അത് സംവാദത്തിലൂടെയും സൗഹൃദത്തിലൂടെയും മാത്രമേ മാനവികതയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് ഓർമ്മിപ്പിക്കുന്നു. വാളിന് വാൾ, തോക്കിന് തോക്ക് എന്ന മുദ്രാവാക്യം ഉയർത്തി തീവ്ര ആശയപ്രചാരകരായ മുസ്ലിം നാമധാരികളായ പുത്തൻവാദ പ്രസ്ഥാനക്കാർ മുറവിളി കൂട്ടുന്നതല്ല ഇസ്ലാം എന്നും, ഇത്തരം നീതിയുക്തമായ നയതന്ത്രങ്ങളിലൂടെ മാനവിക സമൂഹത്തെ തന്നിലേക്ക് ആകർഷിച്ച തിരുനബിയുടെ മാതൃക പരമായ പ്രവർത്തികളുടേതാണ് ഇസ് ലാം എന്നും ലോകം മനസ്സിലാക്കേണ്ടതുണ്ട്.

Questions / Comments:



No comments yet.