പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരിക-മാനസിക സൗഖ്യങ്ങൾ നേടിയെടുക്കാമെന്നാണ് തിരുനബി പാഠം. |
നാഥൻ കനിഞ്ഞേകിയ അമൂല്യ സ്വത്താണ് ആരോഗ്യം. ഇസ്ലാം ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നു. ആരോഗ്യത്തെ ജീവിതത്തിലുടനീളം സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമായായാണ് മുത്ത് നബി ﷺ പരിചയപ്പെടുത്തുന്നത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ കൃത്യമായ ജീവിതശൈലിയിലൂടെ രോഗം വരാതെ സൂക്ഷിക്കാനാണ് മുത്ത് നബിﷺ നിർദേശിക്കുന്നത്. എന്നാൽ രോഗം വന്നാൽ ചികിൽസിക്കാനും ഇസ്ലാം കല്പ്പിക്കുന്നു. മുത്ത് നബിﷺ പറയുന്നു :"അല്ലാഹു തആല ഒരു രോഗത്തേയും മരുന്ന് ഇല്ലാതെ ഇറക്കിയിട്ടില്ല ".
ആരോഗ്യ സംരക്ഷണത്തിന്റെ മുഖ്യഘടകം ശുചിത്വമാണ്. ഒരു മുസ്ലിമിന് കേവലം വൈയക്തികമായ ശീലമെന്നതിന് പുറമെ റബ്ബിലേക് അടുക്കാനുള്ള മാർഗം കൂടിയാണ്. അതിൽ ശാരീരിക ശുചിത്വവും സാമൂഹിക ശുചിത്വവും വളരെ പ്രധാനപ്പെട്ടതാണ്. മുത്ത് നബിﷺ പറയുന്നു "വൃത്തി വിശ്വാസത്തിന്റെ ഭാഗമാണ്". ശാരീരിക ശുചിത്വത്തിന്റെ അവിഭാജ്യ ഘടകമാണ് കൈ കഴുകൽ. ഭക്ഷണത്തിന്റെ മുമ്പും ശേഷവും കൈ കഴുകുന്നതിനെ ഒരു സൽകർമ്മമായി മുത്ത് നബിﷺ പഠിപ്പിക്കുന്നു. നബി തങ്ങൾ പറയുന്നു" നിങ്ങളിൽ ആരെങ്കിലും ഉറക്കത്തിൽ നിന്നുണർന്നാൽ കൈ മൂന്നുപ്രാവശ്യം കഴുകിയിട്ടല്ലാതെ ഭക്ഷണത്തിൽ തൊടരുത്, കാരണം അവന്റെ കൈകൾ ഉറക്കത്തിൽ എവിടെയൊക്കെ സ്പർശിച്ചു എന്ന് അവന് അറിയില്ല". രോഗ വ്യാപനം തടയുന്നതിൽ കൈ കഴുകലിന് വലിയ പങ്കുണ്ട്. ടോയ്‌ലറ്റിൽ നിന്ന് പുറത്തുവരുമ്പോഴും, പകർച്ചവ്യാധികൾ തടയുന്നതിനും, ഭക്ഷണത്തിനുമുമ്പും കൈകൾ കഴുകിക്കൊണ്ടിരിക്കണമെന്ന് മെഡിക്കൽ സയൻസ് നിർദ്ദേശിക്കുന്നു. അണുക്കൾ വഴിയുള്ള രോഗ വ്യാപനം തടയാൻ ഇതിലൂടെ സാധ്യമാവും. അഞ്ചുനേരം വുളു ചെയ്യണം എന്നാണ് തിരുനബി പാഠം. വുളൂ ജീവിതത്തിൽ നിത്യമാക്കാനും നിർദേശമുണ്ട്. ഇതുവഴി ദിവസവും പതിനഞ്ച് തവണ മുഖവും കൈകാലുകളും കഴുകുന്നതിലൂടെ രോഗ വ്യാപനം തടയാൻ ഒരു പരിധി വരെ സാധിക്കുന്നു.
രോഗ വ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള ഇടമാണ് ടോയ്‌ലറ്റ്. കൃത്യമായി ശുദ്ധീകരണം നടത്തിയില്ലെങ്കിൽ രോഗ വ്യാപനത്തിന്റെ സാധ്യതയേറെയാണ്.
ടോയ്‌ലറ്റിൽ പ്രവേശിച്ചതിനു ശേഷം കൈകൾ വൃത്തിയായി സൂക്ഷിക്കുകയും രഹസ്യ ഭാഗങ്ങൾ വൃത്തിയായി കഴുകുകയും ശേഷം കൈകൾ വൃത്തിയായി കഴുകാനും ഇസ്ലാം കൽപിക്കുന്നു. ആഇഷ (റ) പറഞ്ഞു" നബി തങ്ങൾ വെള്ളം കൊണ്ട് ശുദ്ധിയാക്കിയ ശേഷമല്ലാതെ ടോയ്‌ലറ്റിൽ നിന്നും വരുന്നതായി ഞാൻ കണ്ടിട്ടില്ല". അതുപോലെതന്നെ മരത്തിനടിയിലും വെള്ളത്തിലും റോഡരികിലും മലമൂത്ര വിസർജനം നടത്തുന്നതിനെ ഇസ്ലാം വിലക്കുന്നു. അതിനെ ശപിക്കപ്പെട്ട കാര്യമായാണ് മുത്ത് നബിﷺ വിലയിരുത്തുന്നത്. ഇത് സാംക്രമിക രോഗങ്ങളുടെ വ്യാപനത്തെ തടയുന്നു.
പൊതുസ്ഥലങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയെയും മുത്ത് നബി ﷺ ഉൽബോധിപ്പിക്കുന്നു. ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയായി നിയോഗിച്ച മനുഷ്യന്റെ ഉത്തരവാദിത്തമാണ് പരിസ്ഥിതി സംരക്ഷണം. പകർച്ചവ്യാധികൾ പടർന്നു പിടിച്ചാൽ അതിനു പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും തിരുനബിﷺ പഠിപ്പിക്കുന്നു. നബി തങ്ങളുടെ കാലഘട്ടത്തിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ അവിടുന്ന് നൽകിയ പ്രധാന നിർദ്ദേശം ഇതായിരുന്നു" ഏതെങ്കിലും സ്ഥലത്ത് പ്ലേഗ് ഉണ്ടെന്നറിഞ്ഞാൽ നിങ്ങൾ അങ്ങോട്ടേക്ക് പോകരുത്, നിങ്ങളുടെ സ്ഥലത്തുണ്ടെങ്കിൽ നിങ്ങൾ അവിടം വിട്ടുംപോവുകയും അരുത്".
ദന്തശുദ്ധീകരണത്തെയും,വായ വൃത്തിയാക്കുന്നതിനെയും( മിസ്‌വാക്ക് ചെയ്യുന്നതിന്) നബി തങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എല്ലാ നിസ്കാരത്തിന് മുമ്പും മിസ്‌വാക്ക് ചെയ്യുന്നത് സൽകർമമായാണ് മുത്ത് നബിﷺ പഠിപ്പിക്കുന്നത്. അവിടുന്ന് പറയുന്നതായി കാണാം "എന്റെ ഉമ്മത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കിൽ ഓരോ നിസ്കാരത്തിന് മുമ്പും മിസ്‌വാക്ക് ചെയ്യൽ ഞാൻ നിർബന്ധമാക്കുമായിരുന്നു". മിസ്‌വാക്ക് ചെയ്യൽ അല്ലാഹുവിന് ഇഷ്ടമുള്ള കാര്യമാണെന്ന് നബിﷺ പഠിപ്പിക്കുന്നു. അതുപോലെ കൊഴുപ്പുള്ള ഭക്ഷണം കഴിച്ച ഉടനെ വായ വെള്ളം ഉപയോഗിച്ച് കൊപ്ലിക്കാൻ തിരുനബിﷺ കൽപ്പിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: നബിﷺ പാല് കുടിച്ചതിന് ശേഷം വായ വെള്ളംകൊണ്ട് കൊപ്ലിച്ചു, തുടർന്ന് അവിടുന്ന് പറഞ്ഞു, പാലിൽ കൊഴുപ്പുണ്ട് (ബുഖാരി ). മിസ്വാക്ക് ചെയ്യുന്നതിലൂടെ പല്ലുകൾക്കും ഊനുകൾക്കും ബലം ലഭിക്കുകയും കാഴ്ചശക്തി വർദ്ധിക്കുകയും തുടങ്ങി ആരോഗ്യപരമായ നേട്ടങ്ങൾ ഉണ്ടെന്ന് ശാസ്ത്രം പറയുന്നു. ദന്ത ശുചീകരണത്തിന് പുറമേ നഖം വെട്ടുന്നതിന്റെയും ശരീര രോമങ്ങൾ നീക്കം ചെയ്യുന്നതിന്റെയും ആവശ്യകത മുത്ത് നബി അധ്യാപനങ്ങളിലുണ്ട്. അതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചതും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ്.
വ്രതാനുഷ്ഠാനം ഇസ്ലാമിലെ പ്രധാന കർമമാണ്. ആത്മീയമായ ചൈതന്യത്തിന് പുറമേ ശാരീരികമായ നിരവധി നേട്ടങ്ങൾ ഇതുവഴി ലഭിക്കുന്നു. അല്ലാഹു ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ് വ്രതം. തിരുനബിﷺ പറയുന്നു: "നോമ്പുകാരന്റെ വായയുടെ ഗന്ധം
അന്ത്യദിനത്തിൽ അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയുടെ വാസനയെക്കാൾ നല്ലതായിരിക്കും". റമദാൻ മാസത്തിലെ നിർബന്ധ നോമ്പിനു പുറമേ, ആഴ്ചയിൽ തിങ്കൾ വ്യാഴം ദിവസങ്ങളിൽ സുന്നത്ത് നോമ്പിനും ഇസ്ലാം പ്രാധാന്യം നൽകുന്നു. ഇത്തരത്തിലുള്ള വ്രതാനിഷ്ഠാനത്തിലൂടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ വർധിച്ചുവരുകയാണ്. അമിതമായ തടി, കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവ ഒരു പരിധിവരെ വ്രതാനുഷ്ഠാനത്തിലൂടെ കുറക്കാൻ സാധിക്കും എന്നാണ് WHO പോലോത്ത ലോകാരോഗ്യ സംഘടനകളുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിന് വിശ്രമം നൽകുന്നതിലൂടെ ഷുഗർ വരാതിരിക്കാൻ സഹായിക്കുന്നു. ഫാറ്റി ലിവർ ഉള്ള രോഗികൾക്ക് ഓരോ നോമ്പും ഫലപ്രദമാണ്. ശരീരത്തിലുള്ള കൊഴുപ്പുകൾ അകറ്റാൻ സഹായിക്കുന്നു. മാനസിക ഉന്മേഷവും മാനസിക സമാധാനവും ഇതിലൂടെ ലഭിക്കുന്നു എന്നത് മറ്റൊരു വസ്തുതയാണ്. അനിയന്ത്രിതമായ ഭക്ഷണ രീതിയാണ് ഇന്ന് കാണുന്ന ഹൃദയരോഗങ്ങളുടെ മുല്യ കാരണം. വയറിന്റെ മൂന്നിലൊന്ന് മാത്രം ഭക്ഷിക്കണമെന്നും, മറ്റൊന്ന് വെള്ളത്തിനും, ബാക്കി ഭാഗം ഒഴിച്ചിടണം എന്നുമുള്ള മുത്ത് നബി പാഠം ശ്രദ്ധേയമാണ്.
അല്പസമയത്തെ ഉച്ചയുറക്കത്തെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. നബി തങ്ങൾ പറയുന്നു: "നിങ്ങൾ ഉച്ചക്ക് ഉറങ്ങുക കാരണം, ശൈത്വാൻ ആ സമയത്ത് ഉറങ്ങുകയില്ല". അനസ് (റ )പറയുന്നതായി കാണാം. ഞങ്ങൾ വെള്ളിയാഴ്ച ദിവസം നേരത്തെ പ്രാർത്ഥന നിർവഹിക്കുകയും ഉച്ചക്ക് ശേഷം ഉറങ്ങുകയും ചെയ്യാറുണ്ടായിരുന്നു. ഇത് മെമ്മറി പവർ വർധിക്കാൻ കാരണമാകും എന്നാണ് ന്യൂറോ സയൻസ് പറയുന്നത്. മാത്രമല്ല രാത്രിയിലെ നഷ്ടപ്പെട്ട ഉറക്കത്തെ വീണ്ടെടുക്കാനും സാധിക്കും. നേരത്തെയുള്ള ഉച്ച ഉറക്കത്തിനാണ് ഇവിടെ പ്രോത്സാഹനം നൽകുന്നത്. കാരണം വൈകിയുള്ള ഉച്ചയുറക്കം രാത്രിയിലെ ഉറക്കത്തെ ബാധിച്ചേക്കാം.
ചുരുക്കത്തിൽ പ്രവാചക അധ്യാപനങ്ങൾ മുസ്ലിം സമൂഹത്തിനുള്ള ആത്മീയ നേട്ടങ്ങൾക്ക് പുറമേ ലോക ജനതയ്ക്ക് ആരോഗ്യപരമായ ജീവിതത്തിനുള്ള വഴിയും കാണിച്ചുതരുന്നു. തിരുനബിയുടെ ഈ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം പൊതുജനാരോഗ്യത്തിന് പ്രാധാന്യമാണെന്ന് പിന്നീട് ശാസ്ത്രവും തെളിയിച്ചതാണ്. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഈ ദീർഘവീക്ഷണം ഇന്നും ഒരു സമൂഹത്തിന്റെ ആരോഗ്യപരമായ നിലനിൽപ്പിനെ സ്വാധീനിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
2 October, 2024 10:05 pm
pc
പ്രപഞ്ചനാഥന്റെ അനുഗ്രഹങ്ങളിൽ അമൂല്യമായതാണ് ആരോഗ്യം. ശുചിത്വപൂർണമായ ജീവിതഘടനയിലൂടെ ഈടുറ്റ ശാരീരിക-മാനസിക സൗഖ്യങ്ങൾ നേടിയെടുക്കാമെന്നാണ് തിരുനബി പാഠം.