വിശ്വാസികൾക്ക് പരലോകവിജയം നേടാൻ അനുപമമായ അവസരങ്ങളാണ് റമളാൻ തുറന്നു വെക്കുന്നത്. കേവലം പട്ടിണിയിലൂടെ മാത്രം നോമ്പിന്റെ മഹത്വം കൈവരിക്കാനാവില്ല. സർവ തിന്മകളിൽ നിന്നും മാറിനിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളും റമളാനിനൊപ്പം ചേരുമ്പോഴാണ് നോമ്പിന്റെ യഥാർത്ഥ ഫലം ലഭിക്കുക
വായിക്കാം:
“സയ്യിദുശ്ശുഹൂർ” (മാസങ്ങളുടെ നേതാവ്) എന്നാണ് തിരുദൂതർ(സ) റമളാനെ വിശേഷിപ്പിച്ചത്. നന്മകൾക്ക് അനവധി പ്രതിഫലവും പാപമോചനവും വാരിക്കോരി ലഭിക്കുന്ന, സുകൃതങ്ങളുടെ വസന്തകാലമെന്ന മഹത്വം ആ വിശേഷണത്തിൽ അടങ്ങിയിരിക്കുന്നു. റമളാനിലേയും റമളാനേതര മാസങ്ങളിലേയും നന്മകളുടെ പ്രതിഫല വ്യത്യാസം വ്യക്തമാക്കുന്ന ഒരു സംഭവം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നു: ബലിയ്യ് ഗോത്രത്തിൽ നിന്നുള്ള രണ്ട് സ്വഹാബികളിൽ ഒരാൾ യുദ്ധത്തിൽ ശഹീദാവുകയും മറ്റെയാൾ ഒരു വർഷത്തിന് ശേഷം മരണപ്പെടുകയും ചെയ്തു. അവരുടെ മരണശേഷം ത്വൽഹതു ബ്നു ഉബൈദില്ലാഹ്(റ) അവരെ സ്വർഗവാതിൽക്കൽ നിൽക്കുന്നതായി സ്വപ്നം കണ്ടു. രണ്ടാമത് മരണപ്പെട്ട വ്യക്തിക്കാണ് ആദ്യം സ്വർഗപ്രവേശനം ലഭിച്ചത്. കുറച്ചുനേരം കഴിഞ്ഞ് ശഹീദായ വ്യക്തിക്കും അനുമതി ലഭിച്ചു. ഈ സംഭവം സ്വഹാബികളുമായി പങ്കുവെച്ചപ്പോൾ, അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദായവരേക്കാൾ അവർക്കു ശേഷം മരണപ്പെട്ടവർക്ക് സ്വർഗപ്രവേശനം ലഭിച്ചതിൽ അവർ ആശ്ചര്യപ്പെട്ടു. അപ്പോൾ തിരുനബി(സ) പറഞ്ഞു: “അവർ ഒരു വർഷം അധികം ജീവിച്ചില്ലേയോ? ആ വർഷത്തിൽ റമളാൻ വന്നു, നോമ്പെടുത്തു, നിസ്കരിച്ചു. അവരുടെ പദവികളിൽ ആകാശവും ഭൂമിയും തമ്മിലുള്ളത്ര വ്യത്യാസമുണ്ട്.”
വിശ്വാസികൾക്ക് പരലോകവിജയം നേടാൻ അനുപമമായ അവസരങ്ങളാണ് റമളാൻ തുറന്നു വെക്കുന്നത്. കേവലം പട്ടിണിയിലൂടെ മാത്രം നോമ്പിന്റെ മഹത്വം കൈവരിക്കാനാവില്ല. സർവ തിന്മകളിൽ നിന്നും മാറിനിന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളും റമളാനിനൊപ്പം ചേരുമ്പോഴാണ് നോമ്പിന്റെ യഥാർത്ഥ ഫലം ലഭിക്കുക. നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കൽ നിർണായകമാണ്. വയറിനെ ഭക്ഷണപാനീയങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനൊപ്പം ശരീരത്തെ പൂർണമായും തിന്മകളിൽ നിന്ന് സംരക്ഷിക്കണം. ഇമാം ഗസ്സാലി(റ) ‘ഇഹ്‌യാ ഉലൂമുദ്ദീനിൽ നോമ്പിനെ മൂന്ന് വിഭാഗങ്ങളാക്കി വിവരിക്കുന്നു. അതിൽ ഒന്നാണ് സജ്ജനങ്ങളുടെ നോമ്പ്. അന്നപാനീയങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതോടൊപ്പം എല്ലാ നിരോധിത കാര്യങ്ങളിൽ നിന്നും മാറിനിൽക്കുകയും, ഭൗതിക ചിന്തകളിൽ നിന്നും ഇച്ഛകളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുന്നതാണ് അത്.
മൂന്ന് പത്തിലായി അനവധി അനുഗ്രഹങ്ങൾ ലഭിക്കുന്ന റമളാനിലെ ഓരോ നിമിഷവും പരലോകവിജയത്തിന് ഉപകരിക്കുന്നവിധം വിനിയോഗിക്കണം. ആദ്യ പത്ത് ദിനങ്ങൾ കാരുണ്യത്തിന്റെ ദിനങ്ങളാണ്. അടിമകൾക്ക് സവിശേഷമായി കാരുണ്യം ചൊരിയാൻ സ്രഷ്ടാവ് തിരഞ്ഞെടുത്ത നാളുകൾ. തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് റബ്ബിന്റെ റഹ്‌മത്ത് തേടി ഈ ദിനങ്ങളെ സഫലമാക്കണം. നമുക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ നിന്ന് ചുറ്റുമുള്ളവർക്കും കാരുണ്യം പങ്കിടണം. സഹോദരന്റെ ആവശ്യങ്ങൾ നിറവേറ്റുകയും, അവന്റെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി കാണുകയും ചെയ്യുന്നവരുടേതാണ് പൂർണമായ വിശ്വാസമെന്ന് തിരുനബി(സ) പഠിപ്പിച്ചു. 'ഞാൻ' എന്ന പരിധിയിൽ നിന്ന് 'നാം' എന്ന ബോധത്തിലേക്ക് ഉയരുമ്പോഴാണ് വിശ്വാസം സമ്പൂർണമാകുന്നത്. “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക; ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും” എന്ന തിരുവചനം ഇതേ സത്യത്തെ വിളിച്ചോതുന്നു. ദാനധർമങ്ങൾക്ക് സവിശേഷ പ്രാധാന്യമുള്ള മാസം കൂടിയാണ് റമളാൻ.
രണ്ടാമത്തെ പത്ത് ദിനങ്ങൾ പാപമോചനത്തിന്റേതാണ്. പാപങ്ങളുടെ മാലിന്യങ്ങളിൽ മങ്ങിയ ഹൃദയത്തെ പശ്ചാത്താപത്തിന്റെ കണ്ണുനീരിലൂടെ ശുദ്ധീകരിക്കേണ്ട നാളുകൾ. പാപമോചനം റബ്ബിനേറ്റവും പ്രിയപ്പെട്ട ആരാധനയാണ്. മരുഭൂമിയിൽ നഷ്ടപ്പെട്ട ഒട്ടകം തിരികെ ലഭിച്ചപ്പോൾ യാത്രക്കാരന് ഉണ്ടാകുന്ന സന്തോഷത്തേക്കാൾ അധികം സന്തോഷം, അടിമ പശ്ചാത്തപിക്കുമ്പോൾ അല്ലാഹുവിനുണ്ടാകുന്നു എന്ന് തിരുനബി(സ) പറയുന്നുണ്ട് (മുസ്‌ലിം). പാപങ്ങളാൽ രോഗബാധിതമായ ആത്മാവിനെ വീണ്ടെടുക്കുന്ന ഔഷധമാണ് പശ്ചാത്താപം. 'ഈമാനോടും പ്രതിഫലാശയോടും കൂടെ റമളാനിൽ നോമ്പ് അനുഷ്ഠിച്ചാൽ മുൻപുള്ള പാപങ്ങൾ പൊറുക്കപ്പെടും'(ബുഖാരി) എന്ന തിരുവചനം ഈ മഹത്തായ അവസരത്തിലേക്കുള്ള വിളിയാണ്.
അവസാന പത്ത് ദിനങ്ങൾ നരകമോചനത്തിന്റേതാണ്. ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ള ലൈലതുൽ ഖദ്ർ പ്രതീക്ഷിക്കേണ്ട നാളുകളും ഇവയാണ്. ദൈവാനുസരണയില്ലാതെ ജീവിച്ചവർക്കുള്ള അന്ത്യം നരകമാണ്; എന്നാൽ പാപങ്ങളിൽ നിന്ന് മടങ്ങി നന്മയുടെ വഴിയിലേക്ക് തിരിയുന്നവർക്ക് മോചനവാതിൽ തുറന്നിരിക്കുന്നു. പ്രവാചകരുടെയും സദ്‌വൃത്തരുടെയും റമളാനിന്റെയും ശുപാർശയാൽ അനേകമാളുകൾ നരകമോചിതരാകും. റമളാനിന്റെ ഓരോ ദിവസവും മോചനം ലഭിക്കുന്നവരുടെ എണ്ണത്തിന് തുല്യമായവർ അവസാന രാത്രിയിൽ മാത്രം മോചിതരാകും. ഇത്തരമൊരു അവസരം അശ്രദ്ധയായി നഷ്ടപ്പെടുത്തരുത്. ഓരോ ദിവസവും കൂടുതൽ ഉത്സാഹത്തോടെയും ആത്മാർഥതയോടെയും ആരാധനയിൽ മുഴുകണം. കൃത്യമായ ഒരുക്കത്തോടും ആത്മസന്നദ്ധതയോടും കൂടി റമളാനെ വരവേറ്റാൽ അതിന്റെ മാധുര്യം ജീവിതത്തിൽ തെളിയും. റമളാനിലൂടെ വിജയം നേടുന്നവരിൽ റബ്ബ് നമ്മെയും ഉൾപ്പെടുത്തട്ടെ.
19 February, 2026 02:59 am
Muhammed Ajmal
#Ramdan