ഇഫ്താറുകൾ വെറുമൊരു ഭക്ഷണ വിരുന്ന് മാത്രമല്ല. അത് മനുഷ്യ ബന്ധങ്ങൾ പുതുക്കപ്പെടുന്ന സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒരു സമഗ്ര അനുഭവമാണ്.
വായിക്കാം:
ആധുനിക ജീവിതത്തിന്റെ തിരക്കുകളിൽ മനുഷ്യബന്ധങ്ങൾ ശിഥിലമാകുന്ന ഈ കാലത്ത്, ഇഫ്താർ ഒരു പുനർബന്ധന അവസരമാണ്. മൊബൈൽ ഫോണുകളും വ്യക്തിപരമായ തിരക്കുകളും മാറ്റിവെച്ച്, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ മനുഷ്യൻ മനുഷ്യനോട് വീണ്ടും അടുത്തുവരുന്നു. പഴയ വൈരാഗ്യങ്ങൾ മറന്ന് ക്ഷമയും സഹനവും പഠിപ്പിക്കുന്ന ഒരു ആത്മീയ പാഠവുമാണ് ഇഫ്താർ.
നോമ്പ്: ആത്മനിയന്ത്രണത്തിന്റെ സാമൂഹികപാഠങ്ങൾ
നോമ്പ് വ്യക്തിപരമായ ആരാധനയാണെങ്കിലും അതിന്റെ ഫലങ്ങൾ സമൂഹജീവിതത്തിൽ പ്രതിഫലിക്കുന്നു. വിശപ്പും ദാഹവും അനുഭവിക്കുന്ന ഒരാൾക്ക് മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയും. ഈ അനുഭവത്തിലൂടെയാണ് മനുഷ്യൻ സ്വാർത്ഥത മറന്ന് സഹജീവിയുടെ ആവശ്യങ്ങളിലേക്ക് കണ്ണുതുറക്കുന്നത്. ഇഫ്താർ ഈ ആത്മനിയന്ത്രണത്തിന്റെ ഉച്ചകോടിയാണ്. ഒരു ഈന്തപ്പഴം, അല്ലെങ്കിൽ ഒരു വെള്ളക്കുപ്പി, അല്ലെങ്കിൽ അല്പം പാൽ ഇത്രയെങ്കിലും നൽകി ഒരു നോമ്പുകാരനെ ഇഫ്താർ കൊടുത്താൽ പോലും, അവന് നോമ്പുകാരന് ലഭിക്കുന്നതുപോലെ പ്രതിഫലം ലഭിക്കുമെന്ന് തിരുനബി(സ) പഠിപ്പിക്കുന്നുണ്ട്.
പള്ളികളിലെ നോമ്പുതുറ: സ്‌നേഹവും ഐക്യവും പൂക്കുന്നിടം
പള്ളികളിലെ ഇഫ്താർ സംഗമങ്ങൾ സമൂഹത്തിന്റെ ചെറുപ്രതീകങ്ങളാണ്. അവിടെ സമ്പന്നനും ദരിദ്രനും, തൊഴിൽഭേദമില്ലാതെ, പ്രായവ്യത്യാസമില്ലാതെ ഒരേ നിലയിൽ ഇരുന്നു ഭക്ഷണം പങ്കിടുന്നു. ഒരേ പന്തലിൽ ഇരുന്ന് ഭക്ഷണം സ്വീകരിക്കുമ്പോൾ, മനുഷ്യരെ വേർതിരിക്കുന്ന സാമൂഹിക മതിലുകൾ അർത്ഥശൂന്യമാകുന്നു. ചെറിയൊരു ഈത്തപ്പഴം പോലും പങ്കിടുന്ന പ്രവൃത്തി, വലിയ മനുഷ്യസ്നേഹത്തിന്റെ പ്രതീകമായി മാറുന്നു. സംഘടനാ നേട്ടങ്ങൾക്കും സ്വാർഥ താൽപര്യങ്ങൾക്കുമപ്പുറം മനുഷ്യത്വവും സ്‌നേഹവുമാണ് വലുതെന്ന് ഇത് അടിവരയിടുന്നുണ്ട്. ഇത് സമൂഹത്തിൽ പരസ്പര വിശ്വാസവും സഹകരണവും വളർത്തുന്ന സാമൂഹിക ചാലക ശക്തിയാണ്. നോമ്പ്തുറകളിൽ കാണുന്ന ഏറ്റവും വലിയ മൂല്യം നിസ്വാർത്ഥ സേവനമാണ്. ഭക്ഷണം ഒരുക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും പ്രതിഫലം നാഥനിൽ നിന്ന് മാത്രമാണ്. അവരെ നയിക്കുന്നത് കരുണയും മതബോധവും മാത്രമാണ്. “എനിക്കുള്ളത് മറ്റുള്ളവനോടും” എന്ന മനോഭാവം ഇവിടെ പ്രവർത്തിയാകുന്നു. അതുവഴി സ്‌നേഹം വാക്കുകളിൽ നിന്നു പ്രവൃത്തിയിലേക്ക് മാറുന്നു. ദിവസേന കാണാത്ത ആളുകളെയും പേരുപോലുമറിയാത്ത മനുഷ്യരെയും ഒരേ മേശയിലേക്കാണ് കൊണ്ടുവരുന്നത്. ഈ നിമിഷങ്ങളിൽ മതം, ജാതി, സാമൂഹിക സ്ഥാനം എന്നിവ അപ്രസക്തമാകുന്നു. ഇത് വിശപ്പിന്റെ അവസാനം മാത്രമല്ല, മനുഷ്യത്വത്തിന്റെ തുടക്കം കൂടിയാണ്.
വീടുകളിലെ ഇഫ്താർ: കുടുംബബന്ധങ്ങളുടെ ആത്മാവ്
വീടുകളിലെ ഇഫ്താർ കുടുംബബന്ധങ്ങളെ ഏറ്റവും മനോഹരമായി ഊട്ടിയുറപ്പിക്കുന്ന അനുഭവങ്ങളിലൊന്നാണ്. ആധുനിക ജീവിതത്തിലെ തിരക്കുകളും അകലം സൃഷ്ടിക്കുന്ന സാഹചര്യങ്ങളും കുടുംബാംഗങ്ങളെ പലപ്പോഴും വേർതിരിച്ചുനിർത്തുമ്പോൾ, ഇഫ്താർ അവരെ ഒരേ മേശയ്ക്കു ചുറ്റുമിരുത്തുന്നു. ഉമ്മയുടെ കരുതലോടെ തയ്യാറാക്കിയ ഭക്ഷണം, ഉപ്പയുടെ സ്നേഹനോട്ടം, കുട്ടികളുടെ സന്തോഷം ഇവയെല്ലാം ചേർന്ന് വീട്ടിലെ ഇഫ്താർ ഒരു ആത്മീയ ആഘോഷമായി മാറുന്നു. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകോർത്തുള്ള പ്രാർത്ഥന, നന്ദിയുടെയും വിനയത്തിന്റെയും പാഠമാണ്. ഈ നിമിഷങ്ങളിലാണ് കുടുംബം വെറും രക്തബന്ധമല്ല, മൂല്യങ്ങളുടെ ഒരു ശൃംഖലയാണെന്ന് ബോധ്യപ്പെടുന്നത്. മക്കളും പേരമക്കളും തറവാട്ടു വീട്ടിൽ ഒത്തു കൂടിയുള്ള നോമ്പ് തുറ ആത്മനിർവൃതിയും ഉന്മേഷവും പകരുന്ന ഒന്ന് തന്നെയാണ്. മാനസിക വിഷമങ്ങൾക്കും വാക്കുതർക്കങ്ങൾക്കും അതൊരു മരുന്നായി വർത്തിക്കുന്നു.
ഇഫ്താറും പങ്കിടൽ സംസ്കാരവും
ഇഫ്താർ പങ്കിടലിന്റെ ഏറ്റവും മനോഹരമായ പാഠങ്ങളാണ്, അയൽവാസികൾക്ക് ഭക്ഷണം എത്തിക്കലും വഴിയാത്രക്കാർക്കായി ഇഫ്താർ ഒരുക്കലും അനാഥർക്കും ദരിദ്രർക്കുമായി കൂട്ടായ നോമ്പുതുറകൾ സംഘടിപ്പിക്കലും. ഇവയെല്ലാം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഉദാത്ത മാതൃകകൾ കൂടിയാണ്. ഇവിടെ ഭക്ഷണം നൽകുന്നത് ദാനം മാത്രമല്ല; അത് മാനുഷിക ബന്ധം സ്ഥാപിക്കുന്ന ഒരു മാധ്യമം കൂടിയാണ്. ‘വിശപ്പുള്ളവന്റെ വേദന’ അനുഭവത്തിലൂടെ തിരിച്ചറിയുന്ന മനുഷ്യൻ, സമൂഹത്തിലെ അസമത്വങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നു. ഇഫ്താർ മനുഷ്യനെ ദയാലുവാക്കുകയും സാമൂഹികമായി ഉത്തരവാദിത്വമുള്ളവനാക്കുകയും ചെയ്യുന്നു.
ഇഫ്‌താർ പഠിപ്പിക്കുന്ന
ആഥിത്യ മര്യാദകൾ
ഇഫ്താറിന്റെ ആത്മാവിൽ പങ്കിടൽ മുഖ്യമാണ്. വിഭവങ്ങളുടെ വൈവിധ്യത്തെക്കാളും അതിഥിയെ ആദരിക്കുന്ന മനസ്സാണ് ഇവിടെ പ്രധാനം. സമ്പന്നനും സാധാരണക്കാരനും ഒരേ വൃത്തത്തിൽ ഇരുന്ന് ഭക്ഷണം പങ്കിടുമ്പോൾ, സമത്വത്തിന്റെ വലിയൊരു സന്ദേശമാണ് നൽകുന്നത്. അതിഥി ആരായാലും അയൽവാസിയാകട്ടെ, യാത്രക്കാരനാകട്ടെ അവനെ ആദരത്തോടെ സ്വീകരിക്കുക എന്നതാണ് ഇഫ്താർ പഠിപ്പിക്കുന്ന ആദർശം. സൗമ്യതയും വിനയവും ഇഫ്താറിന്റെ മറ്റൊരു പാഠമാണ്. അതിഥിയെ വരവേൽക്കുമ്പോൾ പുഞ്ചിരിയും സ്നേഹവാക്കുകളും നൽകുന്നത് ഹൃദയബന്ധങ്ങളെ ശക്തമാക്കുന്നു. ഭക്ഷണം വിളമ്പുമ്പോൾ ആദ്യം അതിഥിയെ മാനിക്കുക, അവന്റെ ആവശ്യം ശ്രദ്ധിക്കുക. ഇവയെല്ലാം ഇഫ്താർ പഠിപ്പിക്കുന്ന അതിഥി മര്യാദയുടെ സൂക്ഷ്മരൂപങ്ങളാണ്
വിശപ്പിന്റെ വില പഠിപ്പിക്കുന്ന ആത്മീയപാഠം
ഇഫ്താറിന്റെ ഏറ്റവും ആഴമുള്ള സന്ദേശം വിശപ്പിന്റെ യഥാർത്ഥ വില മനസ്സിലാക്കുക എന്നതാണ്. ദിവസേന ഭക്ഷണം ലഭിക്കുന്നവർക്കു വിശപ്പ് ഒരു താൽക്കാലിക അസ്വസ്ഥതയായിരിക്കാം, എന്നാൽ പലർക്കും അത് സ്ഥിരം ജീവിതസത്യമാണ്. നോമ്പിലൂടെ അനുഭവിക്കുന്ന വിശപ്പ്, മനുഷ്യനെ ആ യാഥാർത്ഥ്യങ്ങളെ മനസിലാക്കുന്നതിലേക്ക് അടുപ്പിക്കുന്നു. ഈ ബോധ്യമാണ് കരുണയും നീതിബോധവും വളർത്തുന്നത്. സമ്പത്ത് സ്വകാര്യ ആനന്ദത്തിന് മാത്രമല്ല, അത്സമൂഹത്തിന്റെ ക്ഷേമത്തിന് കൂടി ആയിരിക്കണം എന്ന മഹത്തായ ആശയമാണ്.
ആധുനിക ലോകവും ഇഫ്താറും:
വ്യക്തിവാദവും ഉപഭോഗസംസ്കാരവും ശക്തമായ ഇന്നത്തെ ലോകത്ത്, ഇഫ്താർ മനുഷ്യനെ ബന്ധങ്ങളുടെ മൂല്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഒറ്റപ്പെടലും മാനസിക അകലവും വർധിക്കുന്ന സമൂഹത്തിൽ, ഒരുമിച്ചിരുന്ന് ഭക്ഷണം പങ്കിടുന്നത് തന്നെ ഒരു ചികിത്സയായി മാറുന്നു. ഇഫ്താർ മനുഷ്യരെ സംസാരിപ്പിക്കുകയും കേൾപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.
ഇഫ്താർ ഒരു മതാചാരമെന്നതിലുപരി ഒരു മാനവിക സന്ദേശമാണ്. അത് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു. സമൂഹത്തെ ഏകോപിപ്പിക്കുന്നു. മനുഷ്യനെ അടുപ്പിക്കുന്നു. പള്ളികളിലെ കൂട്ടായ നോമ്പുതുറകളും വീടുകളിലെ സ്നേഹസമ്പന്നമായ ഇഫ്താറുകളും, റമളാനെ ഒരു ആത്മീയ മാസമാക്കുന്നതിനൊപ്പം ഒരു സാമൂഹിക നവീകരണകാലമാക്കുന്നുണ്ട്. അത് വഴി ലോകം കൂടുതൽ കരുണയുള്ളതും ഐക്യപൂർണവുമായതുമാകുന്നു എന്നത് യാഥാർത്ഥ്യം.