എല്ലാ പള്ളികളിലും നോമ്പ്തുറപ്പിക്കുന്ന രീതി ഇന്തോനേഷ്യയിൽ ഇല്ല. തുറയുള്ള പള്ളികളിൽ 'ബുക പുആസ ബെർസമ' (ഒന്നിച്ച് നോമ്പുതുറക്കാം) എന്ന് പള്ളിക്ക് പുറത്ത് എഴുതി വെക്കും. ഡൽഹി ജമാ മസ്ജിദിലേതു പോലെ വീട്ടിൽ നിന്നും കടകളിൽ നിന്നും വിഭവങ്ങൾ കൊണ്ടുപോയി ഒന്നിച്ച് കഴിക്കുന്ന രീതിയാണ് ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മസ്ജിദിൽ കാണാനായത്

വായിക്കാം:

ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള സൗതീസ്റ്റ് ഏഷ്യൻ രാജ്യമാണ് ഇന്തോനേഷ്യ. സാംസ്കാരികമായും മതപരമായും മറ്റു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇവരുടെ ജീവിതചിത്രം. മതാചാരങ്ങളും ആഘോഷങ്ങളും ഏറെ വൈവിധ്യമാണിവിടെ. പരന്ന് കിടക്കുന്ന പതിനാറായിരം ദ്വീപുകളിൽ ജനസംഖ്യയുടെ അറുപത് ശതമാനവും അധിവസിക്കുന്ന ജാവ ദ്വീപിലെ നോമ്പുകാല ചിത്രങ്ങളാണ് അവയിൽ ഏറെ മനോഹരം. 

രണ്ട് വിഭാഗം മുസ്‌ലിംകളാണ് പ്രധാനമായും ഇവിടെയുള്ളത്. ശാഫിഈ മദ്ഹബ് പിന്തുടരുന്ന പാരമ്പര്യ മുസ്‌ലിം വിഭാഗമായ നഹ്ളതുൽ ഉലമയും ഈജിപ്ഷ്യൻ സലഫിസ്റ്റ് മുഹമ്മദ് അബ്ദുവിൽ നിന്ന് പ്രചോദനം കൊണ്ട മോഡേണിസ്റ്റുകളായ മുഹമ്മദിയ്യാക്കളും. ഈ രണ്ട് സംഘടനകൾക്ക് പുറമെ, ഒട്ടേറെ മുസ്‌ലിംകൾ വേറെയുമുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ അംഗത്വമുള്ള മുസ്‌ലിം സംഘടനയാണ് എൻ യു(നഹ്ളതുൽ ഉലമ). ഇരു വിഭാഗങ്ങളുടെ ആചാരങ്ങളിലും പൊതു വ്യത്യാസങ്ങൾ കാണാമെങ്കിലും ജമാഅതും ഖുർആൻ പാരായണവും തറാവീഹും തുടങ്ങി അനുഷ്ഠാനങ്ങളിൽ സുന്ദരമായ ഒരു മാത്സര്യ പ്രതീതിയുണ്ടാകും. 

ഒരുമയുടെ ഇഫ്താർ രുചികൾ

എല്ലാ പള്ളികളിലും നോമ്പ് തുറപ്പിക്കുക എന്ന രീതി ഇവിടെയില്ല. തുറയുള്ള പള്ളികൾ 'ബുക പുആസ ബെർസമ' (ഒന്നിച്ച് നോമ്പുതുറക്കാം) എന്ന് പള്ളിക്ക് പുറത്ത് എഴുതി വെക്കും. ഡൽഹി ജമാ മസ്ജിദ് പോലെ വീട്ടിൽ നിന്നും കടകളിൽ നിന്നും വിഭവങ്ങൾ കൊണ്ടുപോയി ഒന്നിച്ച് കഴിക്കുന്ന രീതിയാണ് ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മസ്ജിദിൽ. എന്നാൽ വ്യത്യസ്ത വിഭവങ്ങൾ നൽകി നോമ്പുകാരെ വിരുന്നൂട്ടുന്ന ശൈലിയാണ് സുരകാർത്തയിലെ ഷെയ്ഖ് സായിദ് മസ്ജിദ്, കെരാതോൺ മസ്ജിദ് തുടങ്ങി ഗ്രാമങ്ങളിലെയും ജനവാസ മേഖലയിലേയും പള്ളികളിലേത്.

ഒരുപാട് കഴിക്കുക എന്നതും ഇന്തോനേഷ്യക്കാരുടെ രീതിയല്ല. വെള്ളം കൊണ്ടോ 'എസ്തേ' (തണുപ്പിച്ച ചായ) കൊണ്ടോ ആണ് മിക്ക പള്ളികളിലും തുറ. ഈത്തപ്പഴം നൽകുന്ന പള്ളികൾ നന്നേ കുറവ്. വെള്ളച്ചോറും (നാസി പുത്തി) മുട്ട അല്ലെങ്കിൽ കോഴി/മീൻ വറുത്തതും അല്പം മുളകരച്ചതുമാണ് (സാമ്പൽ) മിക്ക ഇടങ്ങളിലെയും ഇഫ്താർകൂട്ട്. താഹു, തേമ്പേ തുടങ്ങി പരമ്പരാഗത പൊരിക്കടികളും മറ്റു സമയങ്ങളിലേത് പോലെ ഇവർ കഴിക്കാറുണ്ട്. 

ഫ്രൂട്സും ജ്യൂസുമൊന്നും തുറമേശകളിൽ കാണാറെേയില്ല. ഏറെക്കുറെ ആളുകളും പള്ളികളിൽ നിന്നാണ് നോമ്പ് തുറക്കുന്നത്. കഫേ, റെസ്റ്റോറന്റുകളിൽ നിന്ന് തുറക്കുന്നവരുമുണ്ട്. വീടുകളിലെ തുറ നന്നേ വിരളമാണ്. നോമ്പ്തുറക്ക് അര മണിക്കൂർ മുന്നേ പള്ളികളിൽ നസീഹത് ജൽസകൾ തുടങ്ങും. ഈ സായാഹ്ന ക്ലാസുകളാണ് മിക്കവാറും റമളാനിലെ മതപഠന വേദികൾ. ശേഷം ഒന്നിച്ച് 'അല്ലാഹുമ്മ ലക സുംതു' ചൊല്ലി നോമ്പ് മുറിക്കും. മറ്റൊരു കാര്യമെന്തെന്നാൽ, ജനങ്ങൾ ഭൂരിഭാഗം മുസ്‌ലിംകളായിട്ടും പകൽ ഹോട്ടലുകൾ അടച്ചിടുന്ന രീതി ഇവിടെയില്ല. നോമ്പുതുറക്കും അത്താഴത്തിനും ജനങ്ങൾ വ്യാപകമായി ഹോട്ടലുകളെ ആശ്രയിക്കുന്നത് കൊണ്ടായിരിക്കാം ഒരുപക്ഷേ ഈ സവിശേഷത. 


രാവുണർത്തുന്ന ഖുർആൻ

പള്ളികളിൽ രാത്രി പതിനൊന്നും പന്ത്രണ്ടും വരെ ഖുർആൻ ഉച്ചഭാഷിണിയിലൂടെ ഓതും. ഏഴ് മണിക്ക് മുമ്പ് ഇഷാ ബാങ്ക് കൊടുക്കുന്ന നാട്ടിലാണ് ഇതെന്നോർക്കണം. ഓതുന്നത് പള്ളിയിലെ ഉസ്താദോ പ്രായം ചെന്നവരോ മതവിദ്യാർത്ഥികളോ അല്ല. സ്കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികളിൽ പലർക്കും തെറ്റില്ലാതെ ഖുർആൻ പാരായണം വഴങ്ങും. കുട്ടികൾ മാറിമാറി ഉറക്കസമയം വരെ ഓതുന്നതാണ് രീതി. 

ജാവയിൽ ഓരോ കിലോമീറ്ററിലും മൂന്നും നാലും പള്ളികൾ കാണും. കൊച്ചു കൊച്ചു പള്ളികൾ നിർമിക്കുക എന്നത് ഇവിടത്തുകാരുടെ രീതിയാണ്. ജമാഅത്തുകൾ പരമാവധി പള്ളിയിൽ നിന്ന് ശീലിക്കാനും ഇത് കാരണമാകുന്നു. ഇന്തോനേഷ്യൻ സുന്നികൾ ശാഫിഇകളാണെങ്കിലും സ്ത്രീ പള്ളിപ്രവേശം, മ്യൂസിക് തുടങ്ങി ഒരുപാട് വിഷയങ്ങളിൽ മദ്ഹബിലെ പ്രബലാഭിപ്രായമല്ല പരിഗണിക്കുന്നത്. ഇവിടുത്തെ ഇസ്‌ലാമിൻ്റെ പ്രചാരചരിത്രം വായിച്ചാൽ ഇതിനുപിന്നിലെ സാഹചര്യങ്ങൾ ഏറെക്കുറെ മനസ്സിലാക്കാം.


തെരുവുണർത്തുന്ന 'സഹൂർ' വിളികൾ

രാത്രിയുടെ മൂന്നാം പാദത്തിൽ പള്ളികളിൽ നിന്ന് “സഹൂർ” എന്ന് മിനിറ്റുകൾ ഇടവിട്ട് വിളിച്ച് പറയും. തസഹുർ എന്ന അറബി പദത്തിൽ നിന്നാണ് സഹൂർ എന്ന ഇന്തോനേഷ്യൻ വാക്കിൻ്റെ വരവ്. അത്താഴം എന്നർത്ഥം. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഒരുപാട് റസ്റ്റോറന്റുകൾ മിക്ക അങ്ങാടികളിലും തെരുവുകളിലും കാണാം. കൂടുതൽ പേരും അത്താഴനേരത്ത് ഈ കടകളാണ് ആശ്രയിക്കുന്നത്. വരി നിന്നിട്ടല്ലാതെ പലപ്പോഴും ഭക്ഷണം വാങ്ങാൻ കഴിയില്ല. 

ഇംസാകിൻ്റെ സമയവും (സൂക്ഷ്മതക്ക് വേണ്ടി സുബ്ഹിക്ക് അല്പം മുമ്പേ ഭക്ഷണം കഴിക്കൽ നിർത്തുന്ന രീതി) പള്ളികളിൽ നിന്ന് വിളിച്ച് പറയും. അപ്പോഴേക്കും എല്ലാവരും പള്ളികളിലേക്ക് നീങ്ങിത്തുടങ്ങും. ഇപ്പറഞ്ഞതെല്ലാം ജാവയിലെ നോമ്പുകാല ചിത്രങ്ങളാണ്. അച്ചേ പ്രവിശ്യകളിലും സുമാത്രയിലും സുലാവേസിയിലും യാത്ര ചെയ്തിട്ടുണ്ടെങ്കിലും നോമ്പുകാലം അനുഭവിച്ചിട്ടില്ല. കാരണം കടൽ മാർഗവും കരമാർഗവും യാത്ര സാധ്യമാവില്ലെന്നത് തന്നെ. അവിടുത്തെ നോമ്പനുഭവങ്ങൾ കൂടി അറിയുമ്പോൾ മാത്രമാണ് ഈ എഴുത്ത് പൂർണമാകുന്നത്.

Questions / Comments:



No comments yet.