തുർക്കിയിലെ ഒരു വീട്ടിലാണ് നോമ്പ് തുറയെങ്കിൽ എല്ലാം കഴിഞ്ഞിറങ്ങുമ്പഴേക്കും പല്ലിന് അവർ വാടക തരും!. അതെ, ഓട്ടോമൻ കാലം മുതലുള്ള ഒരു സമ്പ്രദായമാണിത്. നമുക്ക് വേണ്ടി വെച്ചുണ്ടാക്കി തരുന്ന വിഭവങ്ങൾ കഴിച്ചു കൊടുക്കുന്നതിനെ നമ്മുടെ പല്ലിനെ വാടകക്ക് എടുക്കുന്നതായാണ് അവർ കാണുന്നത്.
വായിക്കാം:
“ഗുൽ യുസുനെ റൂയാമിസ്ദാ
ഗോരേലിം യാ റെസൂലല്ലാഹ്
ഗുൽ ബഹ്ജേനെ ദുൻയാമിസ്ദാ
ഗിരെലിം യാ റസൂലല്ലാഹ്
അങ്ങയുടെ പനിനീർ മുഖം
സ്വപ്നത്തിൽ കാണിക്കണേ,
അങ്ങയുടെ പനിനീർ പൂവാടിയിൽ
ഈ ലോകത്തു വച്ച് തന്നെ
ഞങ്ങളെയും ചേർക്കണേ”
രാത്രി നീണ്ട നിസ്കാരവും കഴിഞ്ഞ് തിരുനബിയെ വിളിച്ചു കരഞ്ഞു പ്രകീർത്തിച്ചു, പ്രാർത്ഥിക്കുന്നതോടെ സിവാസ് തെക്കെയിൽ അന്നത്തെ നോമ്പ് ദിനം അവസാനിക്കുകയാണ്. കരഞ്ഞു പൊട്ടിയ കണ്ണും ഖൽബുമായി ആ വൈകിയ രാത്രിയിൽ വിശ്വാസികൾ വീട്ടിലേക്ക് മടങ്ങുന്നു. ഓട്ടോമൻ കാലത്തെ സൂഫി ഗേഹങ്ങളാണ് തെക്കെകൾ. നമ്മുടെ നാട്ടിൽ തക്യാവ് എന്നൊക്കെ പറയുന്നതിന്റെ തുർക്കി പതിപ്പ്. രാജഭരണം മാറി റിപ്പബ്ലിക് ആയപ്പോൾ അനാഥമായ പല തെക്കെകളും പിൽക്കാലത്ത് പല സംഘടനകളുടെയും ഓഫീസുകളും റിസർച്ച് സെന്ററുകളുമായി മാറി. ചിലതെങ്കിലും പഴയ സ്വഭാവം നില നിർത്തി. ഇന്നും പല സൂഫി ധാരകളുടെയും (ത്വരീഖകൾ) സംഗമ കേന്ദ്രമാകുന്നുണ്ട് ഇവിടങ്ങൾ. ഇത്തരം തെക്കേകളിലും പള്ളികളിലുമാണ് തുർക്കികൾ റമളാൻ ആരാധിച്ച് ആഘോഷിക്കുന്നത്. തെക്കെകൾ പലപ്പോഴും ഉൾതെരുവുകളിലായിരിക്കും. വലിയ താഴികക്കുടവും ഉയർന്ന മിനാരങ്ങളും കൊണ്ട് ഇസ്താംബൂളിലെ വിശ്വാസികളെ നോക്കി വിളിച്ചു കൊണ്ടേയിരിക്കുന്നുണ്ടാകും പള്ളികൾ.
എല്ലാ പള്ളികളും റമളാനിൽ മഹ്‌യകളാൽ അണിഞ്ഞൊരുങ്ങി നിൽക്കും. ഉയർന്ന മിനാരങ്ങൾക്കിടയിൽ വെളിച്ചം തെളിയിച്ചു കുറിയ വാക്കുകളിൽ സുന്ദരമായ ഉപദേശങ്ങൾ നൽകുന്ന ഒരു ഓട്ടോമൻ ശീലമാണിത്. നിസ്കരിക്കുക, ദാനം നൽകുക, സ്നേഹിക്കാം, സ്നേഹിക്കപ്പെടാം, സർവരെയും സഹായിക്കുക, അശരണരെ മറക്കരുത് തുടങ്ങി അനേകം വാക്യങ്ങൾ മനോഹരവും ലളിതവുമായ ടർക്കിഷിൽ മിനാരങ്ങളിൽ അലങ്കരിച്ചു നിൽക്കും. അലങ്കാരങ്ങൾ ഇന്ന് എൽ ഇ ഡി ലൈറ്റുകൾ കൊണ്ടാണെങ്കിൽ ഓട്ടോമൻ കാലത്തു ഇവ വരച്ചുണ്ടാക്കിയതായിരുന്നു. മനോഹരമായി പട്ടിലും മറ്റും ഡിസൈൻ ചെയ്തവ മഹ്‌യചികൾ (മഹ്യ ഉണ്ടാക്കുന്നവർ) സുൽത്താന് സമർപ്പിക്കും. ശേഷം സുൽത്താൻ നിർദ്ദേശിക്കുന്നവ അതാത് പള്ളികളുടെ മിനാരങ്ങൾക്കിടയിൽ വലിച്ചു കെട്ടും. പാരമ്പര്യം എൽ ഇ ഡികൾക്ക് വഴി മാറിയെങ്കിലും ആളുകൾ ഇന്നും കൗതുകത്തോടെ ഓരോ പള്ളിയുടേയും നെറ്റിപ്പുറത്തെ മഹ്‌യകൾ വായിക്കുന്നുണ്ടാവും.
ഇസ്താംബുളിലെ നോമ്പ് കാലത്തെ വൈകുന്നേരങ്ങൾ ഏറെ വ്യത്യസ്തമാണ്. റമസാൻ പിദേയും ഗുല്ലാജും വിൽക്കുന്ന കടകളിൽ തിരക്കേറും. നോമ്പു കാലത്ത് പ്രത്യേകമായി ലഭ്യമാകുന്ന വൃത്താകൃതിയിലുള്ള സോഫ്റ്റ്ബ്രഡാണ് റമസാൻ പിദെ. ഗോതമ്പു മാവു കുഴച്ച് ഉണക്ക എള്ള് കൊണ്ടലങ്കരിച്ച് ആവിയിൽ ചുട്ടെടുക്കുന്ന റമസാൻ പിദെയില്ലാതെ തുർക്കിയിലെ നോമ്പു മേശ പൂർത്തിയാവില്ല. നൂറായിരം മധുര പലഹാരങ്ങളുള്ള തുർക്കികൾ റമളാനിൽ പ്രത്യേകമായി ഉണ്ടാക്കുന്ന ഡെസേർട് ആണ് ഗുല്ലാജ്. പാലും പഞ്ചസാരയും പനിനീരുമെല്ലാം ചേർത്ത് സ്ട്രോബറി കൊണ്ടോ ഉറുമാൻ പഴം കൊണ്ടോ മറ്റോ അലങ്കരിച്ചു തയ്യാറാക്കിയെടുക്കുന്ന ഗുല്ലാജ് വളരെ രസകരമാണ്. കണ്ടാൽ നമ്മുടെ മലബാർ പത്തിരി അടുക്കി വെച്ചു പാലൊഴിച്ചത് പോലെ തോന്നും. പക്ഷേ കഴിക്കുമ്പോൾ പനിനീരിന്റെ ഗന്ധവും പാലിന്റെയും പഞ്ചസാരയുടെയും രുചിയും കൂടിയാകുമ്പോൾ എന്നും റമളാനായിരുന്നുവെങ്കിലെന്ന് കൊതിച്ചു പോകും. കോന്യ പോലുള്ള തുർക്കിയുടെ മധ്യ അനതൊലിയൻ പ്രദേശങ്ങളിലേക്ക് പോയാൽ പിദെയുടെ വ്യത്യസ്ത രുചിഭേദങ്ങൾ കാണാം. തേങ്ങയോ, ബദാമോ, പിസ്തയോ, ആപ്രിക്കോട്ടോ നിറച്ചത്, നിറക്കാത്തത്, ഷുഗർ സിറപ്പ് ഒഴിക്കുന്നത്, ഒഴിക്കാത്തത് അങ്ങനെ പലതരം വിഭവങ്ങൾ കാണാം.
നോമ്പ് തുറക്കുമ്പോൾ മധുരത്തിന് മുന്നേ അല്പം പുലാവും- അരിയിലോ ഗോതമ്പിലോ നെയ്യും നട്സുമെല്ലാം ചേർത്തുണ്ടാക്കുന്ന വിഭവം- ബീഫിന്റെയോ ചിക്കന്റെയോ കബാബുമുണ്ടാകും. അല്ലെങ്കിൽ ബീഫിന്റെയോ മട്ടന്റെയൊ മീറ്റ് ബാൾസ് കൊണ്ടുണ്ടാക്കുന്ന വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കൊഫ്തെകൾ. ഒപ്പം എന്തെങ്കിലുമൊരു സൂപ്പും. ശരിക്കും തുർക്കുകളുടെ ആഹാരരീതി കണ്ടാൽ ഡെസേർട്ടിന് മുൻപ് എന്തെങ്കിലും കഴിക്കാൻ വേണ്ടി തിന്നുകയാണെന്നേ തോന്നൂ, അത്രക്കുണ്ട് മധുരപ്രിയം. ശേഷം ഉണക്ക തേയിലയിട്ട് തയ്യാറാക്കുന്ന കടുപ്പത്തിലുള്ള ചായയോ ചവർപ്പ് നിറഞ്ഞ ടർക്കിഷ് കോഫിയോ കൂടെ ഉണ്ടാകും. ചീസും ഒലിവും സാലഡും നോമ്പെന്നോ അല്ലാത്തപ്പോഴെന്നോ വ്യതാസമില്ലാതെ തീന്മേശയിൽ നിന്നൊഴിയാറില്ല. ബ്ലാക് സീ ഭാഗങ്ങളിൽ മീൻ വിഭവങ്ങൾ കൂടെയുണ്ടാകും ഇഫ്താറിന്. അവിടെ നിന്നും ഇസ്താംബൂൾ പോലെയുള്ള വൻ നഗരങ്ങളിലേക്ക് കുടിയേറി വന്ന തുർക്കുകൾ മീൻ കൂടെ കൊണ്ട് വന്നില്ലെങ്കിലും തങ്ങളുടേതായ അടയാളങ്ങൾ തീൻ മേശയിൽ പതിപ്പിക്കാൻ മറക്കാറില്ല. ഒലിവെണ്ണയിൽ വറുത്ത മിന്റ് ഇലകൾ കൊണ്ടുള്ള ചിത്രപ്പണികൾ നിറഞ്ഞ ചെറിയൊരു പാത്രത്തിൽ വെക്കുന്ന പോലെ. പിദെയും ചീസുമെല്ലാം അതിൽ മുക്കി കഴിച്ച് തങ്ങളുടെ കരിങ്കടൽ തീരത്തെ ദിനങ്ങളെയുമോർത്ത് ആനന്ദം കൊള്ളുമവർ.
തുർക്കിയിലെ ഒരു വീട്ടിലാണ് നോമ്പ് തുറയെങ്കിൽ എല്ലാം കഴിഞ്ഞിറങ്ങുമ്പഴേക്കും പല്ലിന് അവർ വാടക തരും!. അതെ, ഓട്ടോമൻ കാലം മുതലുള്ള ഒരു സമ്പ്രദായമാണിത്. നമുക്ക് വേണ്ടി വെച്ചുണ്ടാക്കി തരുന്ന വിഭവങ്ങൾ കഴിച്ചു കൊടുക്കുന്നതിനെ നമ്മുടെ പല്ലിനെ വാടകക്ക് എടുക്കുന്നതായാണ് അവർ കാണുന്നത്. അതിനാൽ ഭക്ഷണം കഴിച്ച് കഴിഞ്ഞു പോകുമ്പോൾ ആശംസ കാർഡോ പ്രാർത്ഥന വാക്യങ്ങളോ എഴുതി ഒട്ടിച്ച ഒരു ചെറിയ മനോഹരമായ സഞ്ചിയിൽ ഒരു തൂവാലയും അല്പം മധുര പലഹാരങ്ങളും ഇട്ട്, ഇത് ‘ദിശ് കിറാസി’ അഥവാ നിങ്ങളുടെ പല്ലിന്റെ വാടകയാണെന്നു പറഞ്ഞു തരും. ഓട്ടോമൻ കാലത്ത് ഇവ കൂടുതൽ വിപുലമായിരുന്നു. കൊട്ടാരത്തിലേക്ക് ആളുകളെ നോമ്പു തുറക്കാൻ ക്ഷണിക്കുകയും ഭക്ഷണം കഴിച്ചു മടങ്ങുമ്പോൾ “നിങ്ങൾ എന്റെ ക്ഷണം സ്വീകരിച്ചു, എനിക്ക് അല്ലാഹുവിന്റെയടുക്കൽ പ്രതിഫലം കിട്ടാൻ വേണ്ടി നിങ്ങൾ ഏറെ കഷ്ടപ്പെട്ടു, എനിക്ക് വേണ്ടി ഭക്ഷണം കഴിച്ച് നിങ്ങളുടെ പല്ലു പോലും തളർന്നു പോയി” എന്നെല്ലാം പറഞ്ഞ് സുൽത്താന്മാർ സഞ്ചികളിൽ പണവും പലഹാരങ്ങളുമെല്ലാം ഇട്ടു നൽകുമായിരുന്നു.
കുടുംബത്തിൽ ആദ്യമായി നോമ്പെടുക്കുന്ന കുട്ടികളുണ്ടെങ്കിൽ നോമ്പ് വിൽക്കുന്നതും കാണാം. ജീവിതത്തിൽ ആദ്യമായി നോമ്പെടുക്കുന്നവർക്കുള്ള സമ്മാനമാണിത്. കുടുംബത്തിലെ ഒരംഗം കുട്ടിയോട് ചോദിക്കുന്നു; നിന്റെ നോമ്പ് എനിക്ക് വിൽക്കുമോ ഞാൻ ഒരു സ്വർണ നാണയം തരാം. അല്പം ആലോചിച്ച കുട്ടി ഓഫർ നിരസിച്ചു കൊണ്ടു അടുത്തയാളെ തേടി പോകുന്നു. പലഹാരവും ആഭരണവും വിനോദയാത്രയുമെല്ലാം ഇങ്ങനെ കുടുംബത്തിലെ പലരും വെച്ച് നീട്ടും. തനിക്ക് തൃപ്തിയാകുന്ന സമ്മാനം തരുന്ന ആൾക്ക് കുട്ടി നോമ്പ് വിൽക്കും. ആദ്യ നോമ്പെടുക്കുന്നവർക്ക് പ്രോത്സാഹനം നൽകുകയും അതിന്റെ പ്രതിഫലത്തിൽ തങ്ങൾ കൂടെ പങ്കു ചേരുകയും ചെയ്യാമെന്ന വിശ്വാസത്തിൽ നിന്നുണ്ടായ മനോഹരമായ ഒരു ആചാരമാണിത്.
പുലർച്ചെ അത്താഴ സമയമാകുമ്പോഴേക്കും(സെഹ്‌രി) ‘സെഹൂർ ഡവുൽചുസുമാർ’ (അത്താഴത്തിന് മുട്ടി അറിയിക്കുന്നവർ) ഡ്രമ്മിൽ കൊട്ടി ‘മാനി’കളും പാടി വരും. ഓരോ തെരുവുകളിലും നടന്ന് ആളുകളെ അത്താഴത്തിനു വിളിച്ചുണർത്തും. തമാശ കലർന്ന ഉപമകൾ ചേർത്ത് വെച്ചുണ്ടാക്കുന്ന ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറുങ്കവിതകളാണ് മാനികൾ. ഈ മാനികളിലൂടെ അമിത ഭക്ഷണ ശീലങ്ങളെ കളിയാക്കുന്നത് മുതൽ തങ്ങൾക്കവകാശപ്പട്ട ടിപ്പ് ചോദിക്കുക വരെ ചെയ്യും മുട്ടുകാർ.
എല്ലായിടത്തെയും പോലെ ഇസ്താൻബൂളിലെ പള്ളികൾ റമളാനിൽ കൂടുതൽ സജീവമാകും. നിസ്കാര സമയം അല്ലാത്തപ്പോൾ മിക്കപ്പോഴും ‘മുകാബെലെ’ നടക്കും . ഖുർആൻ പരസ്പരം പാരായണം ചെയ്യുകയും ശ്രവിക്കുകയുമെല്ലാം ചെയ്യുന്ന വ്യത്യസ്തമായ സദസ്സാണിത്. പലപ്പോഴും പള്ളിയിൽ ഖുർആൻ പാരായണം ചെയ്യുന്നത് സ്‌കൂളിലെ വിദ്യാർഥികളായിരിക്കും. എങ്കിലും സാധാരണക്കാരും പാരായണം ചെയ്യാറുണ്ട്. ബാക്കിയുള്ളവർ ശ്രദ്ധിച്ചു കേട്ടിരിക്കും. ഖുർആൻ അവതീർണമായ വിശുദ്ധ മാസമായതുകൊണ്ട് അത് ഓതുന്നതിന്റെയും കേൾക്കുന്നതിന്റെയും പുണ്യം കരസ്ഥമാക്കാനാണിത്. ഇതിനിടയിൽ കണ്ണീർ പൊഴിക്കുന്നവരെയും കാണാം. നിസ്കാരത്തിനായി ബാങ്ക് വിളിച്ചാൽ എല്ലാവരും അണിചേർന്നു നിന്ന് നിസ്കരിക്കും. നിസ്കാര ശേഷം ഇമാം ഈണത്തിൽ ഖുർആൻ ഓതും, നബി(സ) തങ്ങളുടെ മേൽ സ്വലാത്തർപ്പിക്കും.
മിക്ക പള്ളികളിലും പൊതുജനങ്ങൾക്ക് ഇഫ്താർ (നോമ്പുതുറ) ഇല്ലെങ്കിലും ആളുകൾ കുടുംബ സമേതം വിരിപ്പുകളും ഭക്ഷണ സാധനങ്ങളുമായി വന്ന് പള്ളിയുടെ ഗാർഡനിൽ വെച്ചു നോമ്പ് തുറക്കും. അയാ സോഫിയ, സുൽത്താൻ അഹ്മദ്, സുലൈമാനിയെ തുടങ്ങിയ വലിയ പള്ളികളുടെ പുറത്തെ പുൽത്തകിടുകൾ വൈകുന്നേരത്തോടെ തന്നെ നിറയാൻ തുടങ്ങിയിട്ടുണ്ടാകും. അസ്തമയ സൂര്യൻ ബോസ്ഫറസിന്റെ തീരങ്ങളെ ചായം പൂശുന്ന മനോഹര കാഴ്ചയും ആസ്വദിച്ച് വലിയ താഴികക്കുടങ്ങളിൽ നിന്നും മഗ്‌രിബ് ബാങ്ക് വിളി ഉയരുന്നതും കാത്തിരിക്കും സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന കുടുംബങ്ങൾ. നോമ്പ് തുറന്ന ശേഷം പള്ളിയിൽ കയറി നിസ്കരിക്കും. നിസ്കാര ശേഷം വീണ്ടും ഈണത്തിലുള്ള ഖുർആനും സ്വലാതുമെല്ലാമുയരും. ഫലസ്തീനിലെയും, ഉയ്‌ഗൂറിലേയും തുടങ്ങി ലോകത്ത് ആക്രമിക്കപ്പെടുന്ന സകലർക്കും വേണ്ടി പ്രാർത്ഥനകൾ ഉണ്ടാകും. ശേഷം അടുത്ത നിസ്കാരവും കാത്ത് പലരും പള്ളിയിൽ തങ്ങും, ചിലർ പരിസരത്തുള്ള തെക്കെകളിലേക്ക് നീങ്ങും. ചിലരെല്ലാം ദീപാലംകൃതമായ ഇസ്താംബൂളിന്റെ റമളാൻ രാത്രികൾ ആസ്വദിക്കാൻ തെരുവിലേക്ക് ഇറങ്ങും. അപ്പോഴേക്കും തെരുവുകളിൽ കുനാഫയും ബക്ലവയും വിൽക്കുന്ന കടകൾ സജീവമായിട്ടുണ്ടാകും. ചൂടോടെ എല്ലാം ആസ്വദിക്കാം.
‘തറാവീഹ് നിസ്കാരം വളരെ സംഗീതാത്മകമാണിവിടെ. ഇടവേളകളിൽ തിരുനബി(സ)യുടെ മേൽ ഈണത്തിലുള്ള വാഴ്ത്തുകൾ അർപ്പിക്കുന്ന രീതി ഇവിടെയുമുണ്ട്. മനോഹരമായ കവിതകൾ പാടുകയും ആളുകളെല്ലാം അതേറ്റു ചൊല്ലുകയും ചെയ്യും. നിസ്കാര ശേഷവും ഇത് തുടരും. റമളാൻ തുർക്കുകൾക്ക് തിരുദൂതരെ കൂടുതൽ ഓർക്കാനും അടുക്കാനും കൂടിയുള്ള മാസമാണെന്ന് തോന്നിയിട്ടുണ്ട്. റമളാന്റെ അവസാന രാവുകളെയും അവർ നന്നായി വരവേൽക്കും . ആയിരം രാത്രികളേക്കാൾ ശ്രേഷ്ഠമായ ഒരു രാവിനെ വിശ്വാസികൾ ഈ ദിനങ്ങളിലൊന്നിൽ പ്രതീക്ഷിക്കുന്നു. ഏത് ദിനമാണെന്ന് വ്യക്തമായ അറിവില്ലാത്തതിനാൽ എല്ലാ ദിനങ്ങളിലും ആരാധനകളിൽ മുഴുകുന്നു. ചിലർ ഒന്നിടവിട്ട ദിവസങ്ങളിൽമാത്രം. ലൈലത്തുൽ ഖദ്ർ എന്നറിയപ്പെടുന്ന ഈ രാവിനെ ഇവർ 'കദിർ ഗെചേസി' എന്നാണ് വിളിക്കുന്നത്. നഗരത്തിലെ ചില പള്ളികളും തെക്കെകളുമെല്ലാം രാവു മുഴുവൻ സജീവമാണിപ്പോൾ. തെക്കെകളിൽ പതിഞ്ഞ താളത്തിൽ ലൈലത്തുൽ ഖദ്‌റിനെ പരിഗണിച്ചുള്ള മന്ത്രങ്ങൾ കേൾക്കാം. തെരുവിലെപ്പോഴും രുചിമുകുളങ്ങളെയൊന്നാകെ തൊട്ടുണർത്തി നാബുൽസി കുനാഫെ വേവുന്ന മണം. കടും ചായ കുടിച്ചു തമാശ പറയുന്ന വൃദ്ധന്മാരുടെ ചിരികൾ…
“ബിൻ ആയ്‌ദാൻ ഹയിർലി
ബിലിൻ ബുയുർദു
കദിരിൻ കദ് രിനി
ബിസെ ദുയുർദു
മുഅമിനി കാഫിരി
നൂറാ ദൊയുർദു
റഹ്‌മതെ എർദിർദി
കദിർ ഗെജേസി”
ആയിരം മാസങ്ങളേക്കാൾ പുണ്യമെന്ന്
ഈ രാവിന്റെ പോരിശയെ അവൻ പഠിപ്പിച്ചു.
വിശ്വാസിയെയും അല്ലാത്തവരെയുമെല്ലാം
ഈ രാവിൽ അവൻ പ്രകാശത്തിൽ പൊതിയുന്നു. കാരുണ്യത്തിന്റെ ഈ രാവ് നമുക്കു സമ്മാനിക്കുന്നു”
(ഇസ്താംബുളിലെ ഇബ്ൻ ഖൽദൂൻ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജി ബിരുദാനന്തരബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ)