ഭൗതികമായ സജ്ജീകരണങ്ങൾക്കപ്പുറം, ആത്മീയമായ കരുത്തും തിരുദൂതരുടെ(സ) പ്രാർത്ഥനയും എങ്ങനെയാണ് ഒരു ജനതയെ വിജയത്തിലേക്ക് നയിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് ബദ്ർ.
വായിക്കാം:
വിവരമറിഞ്ഞ ഖുറൈശി പ്രമുഖൻ ഉത്ബത്, ഹക്കീം ബിൻ ഹിസാമിനെ അബൂജഹലിന്റെ അരികിലേക്ക് പറഞ്ഞയച്ചു, പരിഹാസമായിരുന്നു മറുപടി.
(അൽ ബിദായതു വന്നിഹായ: 5/96)
ധർമ സമരത്തിനു പുറപ്പെടുന്ന സത്യവിശ്വാസികൾ ശാരീരികമായി പരിക്ഷീണിതരും ആയുധങ്ങളും വാഹനങ്ങളും തീരെ കുറഞ്ഞവരുമായിരുന്നു. മിക്കവരുടെ അടുക്കലും പടക്കോപ്പുകളില്ല.
"അവർ മുന്നൂറ്റിപ്പതിമൂന്ന് പുരുഷന്മാരായിരുന്നു. അവർക്കിടയിൽ രണ്ട് കുതിരപ്പടയാളികളും എഴുപത് ഒട്ടകങ്ങളും മാത്രമാണുണ്ടായിരുന്നത്. ബാക്കിയുള്ളവർ കാൽനടയാത്രക്കാരായിരുന്നു. ആവശ്യമായ യുദ്ധസാമഗ്രികളൊന്നും തന്നെ അവരുടെ പക്കൽ പൂർണമായുണ്ടായിരുന്നില്ല". (ഇബ്നു കസീർ: 2/96)
വിശ്വാസമെന്ന കരുത്തായിരുന്നു മുതൽക്കൂട്ടായി ഉണ്ടായിരുന്നത്. പ്രിയ അനുചരരുടെ ദയനീയാവസ്ഥ കണ്ട തിരുദൂതർ(സ) നാഥനിലേക്ക് കരങ്ങളുയർത്തി: "അല്ലാഹുവേ, ഇവർ നഗ്നപാദരാണ്, അവർക്ക് നീ വാഹനമേകണേ. വസ്ത്രമില്ലാത്തവരാണ്, അവർക്ക് നീ വസ്ത്രം നൽകണേ. വിശന്നൊട്ടിയവരാണ്, അവരുടെ വയർ നീ നിറയ്ക്കണേ"
ഹദീസ് നിവേദനം ചെയ്ത അബ്ദുല്ലാഹി ബ്നു അംറ്(റ) തുടരുന്നു: "ബദ്ർ ദിനത്തിൽ അല്ലാഹു അവർക്ക് വിജയം നൽകി, അവർ തിരിച്ചുപോയപ്പോൾ ഓരോരുത്തരുടെയും പക്കൽ ഒന്നോ രണ്ടോ ഒട്ടകങ്ങൾ നിറയെ സാധനങ്ങളുണ്ടായിരുന്നു, അവർക്ക് വസ്ത്രം ലഭിച്ചു, അവർ വയറുനിറയെ ആഹരിക്കുകയും ചെയ്തു."
(അബൂദാവൂദ്: 2747)
ഭൗതികമായ സജ്ജീകരണങ്ങൾക്കപ്പുറം, ആത്മീയമായ കരുത്തും തിരുദൂതരുടെ(സ) പ്രാർത്ഥനയും എങ്ങനെയാണ് ഒരു ജനതയെ വിജയത്തിലേക്ക് നയിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് ബദ്ർ.
വിശുദ്ധ ഖുർആൻ പറയുന്നു: "നിശ്ചയം, ബദ്‌റിൽ നിങ്ങൾ ദുർബലരായിരിക്കെ അല്ലാഹു നിങ്ങളെ സഹായിച്ചു." (ആലു ഇമ്റാൻ:123). ഈ ആയത്തിനെ ശൈഖ് ബഖാഈ(റ) വിശദീകരിക്കുന്നു: അല്ലാഹു തആല ബദ്ർ യുദ്ധത്തിൽ അവർക്ക് സഹായം നൽകിയതിനെ ഓർമിപ്പിച്ചു. അന്നവർ എണ്ണത്തിൽ വളരെ തുച്ഛമായിരുന്നു. തവക്കുൽ മുഖേന അവർക്ക് ലഭിച്ച ആ വലിയ വിജയത്തിലേക്കുള്ള സൂചനയാണിത്. (നള്മുദ്ദുറർ: 5/50)
ധർമസമരത്തിൽ ആയുധശക്തിയെക്കാൾ പ്രധാനം അചഞ്ചലമായ ഈമാനും തവക്കുലുമാണെന്ന് ബദ്ർ വിളിച്ചോതുന്നു. നേതാവിനോടുള്ള അനുസരണയും ഹൃത്തിൽ ചാലിച്ച അനുരാഗവും അവർക്ക് ഊർജ്ജം പകർന്നു. യുദ്ധത്തിന് അണിനിരത്തുമ്പോൾ ചെറിയ നേരത്തേക്ക് വരി തെറ്റി നിന്ന്, ഒടുക്കം ഹബീബിനെ വാരിപ്പുണർന്ന സവാദോരുടെ സ്നേഹ നിമിഷങ്ങൾ വിശ്വാസികൾക്ക് പ്രചോദനമാണ്. സ്വഹാബത്തിന് തിരുദൂതരോടുള്ള സ്നേഹത്തിൻ്റെ ഉജ്ജ്വല മാതൃകയാണത്.
സ്നേഹത്തിൽ തീർത്ത സിംഹാസനം
സ്വഹാബികൾ മുത്തുനബിക്ക് ഒരു സിംഹാസനം പണിതു. സഅ്ദ് ബിൻ മുആദ്(റ) പറഞ്ഞു:
"അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്ക് ഇരിക്കാൻ വേണ്ടി ഞങ്ങൾ ഒരു കൂടാരം (അരീഷ്) നിർമിക്കട്ടെ? അങ്ങയുടെ വാഹനങ്ങൾ ഞങ്ങൾ അവിടെ തയ്യാറാക്കി നിർത്താം. അതിനുശേഷം ഞങ്ങൾ ശത്രുവിനെ നേരിടാം. അല്ലാഹു തആല നമുക്ക് കരുത്ത് നൽകുകയും ശത്രുവിനുമേൽ വിജയം നൽകുകയും ചെയ്താൽ അത് ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമാണല്ലോ. ഇനി മറ്റൊന്നാണ് സംഭവിക്കുന്നതെങ്കിൽ, അങ്ങ് വാഹനത്തിൽ കയറി മദീനയിലുള്ള നമ്മുടെ ആളുകളുടെ അടുത്തേക്ക് തിരിച്ചുപോകാമല്ലോ. തിരുദൂതരേ, അങ്ങയെ സ്നേഹിക്കുന്ന കാര്യത്തിൽ ഞങ്ങളേക്കാൾ പിന്നിലല്ലാത്ത ഒരു കൂട്ടം ആളുകൾ അവിടെ (മദീനയിൽ) അവശേഷിച്ചിട്ടുണ്ട്. ഒരു യുദ്ധത്തിനാണ് അങ്ങ് പുറപ്പെടുന്നത് എന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ അവരാരും അങ്ങയെ വിട്ടു പിന്തിരിയുമായിരുന്നില്ല. അല്ലാഹു അവരിലൂടെ അങ്ങേക്ക് സംരക്ഷണമൊരുക്കും. അവർ അങ്ങയോട് ഗുണകാംക്ഷയുള്ളവരായിരിക്കുകയും അങ്ങയോടൊപ്പം ചേർന്ന് പോരാടുകയും ചെയ്യും. "ഇത് കേട്ടപ്പോൾ മുത്ത്നബി(സ) അദ്ദേഹത്തെ പ്രശംസിക്കുകയും നന്മയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്തു. പിന്നീട് റസൂൽ(സ)ക്കായി ഒരു കൂടാരം നിർമിക്കപ്പെടുകയും അവിടുന്ന് അതിൽ ഇരിക്കുകയും ചെയ്തു. (അൽ ബിദായതു വന്നിഹായ: 5/83).
പ്രിയ നേതാവിന് സർവം സമർപ്പിക്കാൻ അവർ തയ്യാറായിരുന്നു. ധീരതയോടെ അല്ലാഹുവിൻ്റെ റസൂലിന്(സ) അവർ കാവലിരുന്നു. ആ ധീരത വിശ്വാസത്തിൻ്റെ പാരമ്യതയിൽ നിന്ന് ഉറവെടുക്കുന്നതാണ്. വിശ്വാസമോ, ലോക നേതാവിനോടുള്ള കലർപ്പില്ലാത്ത പ്രണയത്തിൽ നിന്നും!
ബസ്സാർ(റ) അവിടുത്തെ മുസ്നദിൽ ഉദ്ധരിക്കുന്നു: അലി(റ) ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു: "ജനങ്ങളേ, ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ധീരൻ ആരാണ്?"
ജനങ്ങൾ പറഞ്ഞു: "അമീറുൽ മുഅ്മിനീൻ, അത് താങ്കളാണ്."
അപ്പോൾ അലി(റ) പറഞ്ഞു: "അറിയുക, എന്നോട് ആര് യുദ്ധത്തിന് വന്നാലും ഞാൻ അവരോട് നീതി പുലർത്താറുണ്ട് (അവരെ നേരിടാറുണ്ട്). എങ്കിലും, ഏറ്റവും വലിയ ധീരൻ അബൂബക്കർ(റ) ആണ്. ബദ്ർ യുദ്ധവേളയിൽ റസൂൽ(സ)ക്കായി ഞങ്ങൾ ഒരു കൂടാരം (അരീഷ്) തയ്യാറാക്കി. എന്നിട്ട് ഞങ്ങൾ ചോദിച്ചു: 'ബഹുദൈവാരാധകരിൽ നിന്ന് ആരെങ്കിലും തിരുനബി(സ)യെ ആക്രമിക്കാൻ തുനിയാതിരിക്കാൻ അവിടുത്തെ കൂടെ ആരാണ് ഉണ്ടാവുക? 'അല്ലാഹുവാണേ സത്യം! അബൂബക്കർ അല്ലാതെ മറ്റാരും അവിടേക്ക് അടുത്തുവന്നില്ല. റസൂൽ(സ)യുടെ തലയ്ക്കൽ വാളുമായി അദ്ദേഹം കാവൽ നിന്നു. ശത്രുക്കളാരെങ്കിലും തിരുനബി(സ)യെ ലക്ഷ്യം വെച്ചാൽ അവരെയെല്ലാം അദ്ദേഹം നേരിടുമായിരുന്നു. അതിനാൽ, അബൂബക്കറാണ് ജനങ്ങളിൽ വെച്ച് ഏറ്റവും വലിയ ധീരൻ" (അൽ ബിദായ: 5/92). മനുഷ്യകുലത്തിൽ നബിമാർക്കു ശേഷം ഈമാനിൽ മുന്തിയ സ്ഥാനം സ്വിദ്ദീഖ്(റ) തങ്ങൾക്കാണല്ലോ.
തിരുപ്രാർത്ഥനയും വാഗ്ദത്ത വിജയവും
തിരുനബി(സ) സത്യവിശ്വാസികൾക്കു വേണ്ടി മനമുരുകി പ്രാർത്ഥിച്ചു.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: ബദ്ർ യുദ്ധദിവസം നബി(സ) തന്റെ കൂടാരത്തിൽ വച്ച് ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, നീ എന്നോട് ചെയ്ത കരാറും വാഗ്ദാനവും നിറവേറ്റിത്തരണമെന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു. അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കിൽ (ഇന്ന് ഈ സംഘം ഇവിടെ പരാജയപ്പെട്ടാൽ) ഈ ദിവസത്തിന് ശേഷം ഒരിക്കലും നീ ആരാധിക്കപ്പെടുകയില്ല." അപ്പോൾ അബൂബക്കർ(റ) നബിയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ, ഇത് മതി. അങ്ങ് അങ്ങയുടെ രക്ഷിതാവിനോട് അങ്ങേയറ്റം കെഞ്ചി പ്രാർത്ഥിച്ചു കഴിഞ്ഞു". അപ്പോൾ നബി(സ) തന്റെ കവചം ധരിച്ചുകൊണ്ട് (കൂടാരത്തിൽ നിന്ന്) പുറത്തുവന്നു. അവിടുന്ന് ഇപ്രകാരം ഓതുന്നുണ്ടായിരുന്നു:
"ആ സംഘം ഉടനെ പരാജയപ്പെടുകയും അവർ പിന്തിരിഞ്ഞോടുകയും ചെയ്യും. എന്നാൽ അന്ത്യദിനമാണ് അവർക്ക് നിശ്ചയിക്കപ്പെട്ട സമയം, ആ സമയം ഏറ്റവും കഠിനവും കയ്പ്പേറിയതുമാകുന്നു." (സൂറത്തുൽ ഖമർ: 45-46).
(സ്വഹീഹുൽ ബുഖാരി: 4877)
തിരുനബി(സ) മനസ്സ് വിങ്ങി ദുആ ഇരന്നു. തിരമാല പോലെ വന്ന വൻ ശക്തിയെ ഉരുക്കുറപ്പുള്ള ഈമാനിന്റെ കരുത്തിൽ നിരായുധരും ബലഹീനരുമായ ആ കൊച്ചു സംഘം അതിജയിച്ചു.
അംഗബലമോ ആയുധ ശേഷിയോ അല്ല, പ്രതിസന്ധികളെ മറികടക്കാൻ വിശ്വാസബലമാണ് പ്രധാനമെന്ന് ബദ്റും ബദ്‌രീങ്ങളും ലോകാവസാനം വരെയുള്ള വിശ്വാസി തലമുറകളെ പഠിപ്പിക്കുന്നു.