പള്ളിയിൽ ഇരിക്കുമ്പോൾ വളരെ മര്യാദയോടും ആദരവോടും കൂടി ഇരിക്കേണ്ടതുണ്ട്. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കണം. ഹറാമായ കാര്യങ്ങൾ തീർച്ചയായും വർജ്ജിക്കണം. നിങ്ങൾക്ക് ഭൗതികമായ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുകയാണെങ്കിൽ പള്ളിക്ക് പുറത്തിറങ്ങുക.


വായിക്കാം:



ഇഅ്തികാഫ് എന്ന കരുത്തോടു കൂടി പള്ളിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നതും അവിടെ ഇരിക്കുന്നതും നിങ്ങൾ പതിവാക്കുക. കാരണം, പള്ളികൾ അല്ലാഹുവിന്റെ ഭവനങ്ങളാണ്, അവ അവന് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളുമാണ്. തിരുനബി(സ) പറഞ്ഞിട്ടുണ്ട്: "പള്ളി എല്ലാ ഭക്തരുടെയും ഭവനമാണ്". മറ്റൊരിക്കൽ അവിടുന്ന് പറഞ്ഞു: "ഒരാൾ പള്ളികളുമായി നിരന്തരം ബന്ധം പുലർത്തുന്നത് നിങ്ങൾ കണ്ടാൽ അവൻ വിശ്വാസിയാണെന്ന് നിങ്ങൾ സാക്ഷ്യം വഹിക്കുക". അല്ലാഹു പറയുന്നു: "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ മാത്രമാണ് അല്ലാഹുവിന്റെ പള്ളികൾ പരിപാലിക്കുന്നത്".

പള്ളിയിൽ നിന്ന് പുറത്തുപോയാൽ വീണ്ടും അവിടേക്ക് മടങ്ങിവരുന്നത് വരെ ഹൃദയം പള്ളിയുമായി ബന്ധിക്കപ്പെട്ട വ്യക്തിയെ തിരുനബി(സ) എണ്ണിയത്, അർശിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ, അല്ലാഹു പ്രത്യേക തണൽ നൽകി അനുഗ്രഹിക്കുന്ന ഏഴ് വിഭാഗം ആളുകളിലൊരാളായാണ്.
എങ്കിലും പള്ളിയിൽ ഇരിക്കുമ്പോൾ വളരെ മര്യാദയോടും ആദരവോടും കൂടി ഇരിക്കേണ്ടതുണ്ട്. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കണം. 
ഹറാമായ കാര്യങ്ങൾ തീർച്ചയായും വർജ്ജിക്കണം. നിങ്ങൾക്ക് ഭൗതികമായ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുകയാണെങ്കിൽ പള്ളിക്ക് പുറത്തിറങ്ങുക. പള്ളിയിൽ ഇബാദത്തുകളിൽ മാത്രം വ്യാപൃതരാവുക. കാരണം പള്ളികൾ നിർമിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടിയാണ്. അല്ലാഹു പറയുന്നു:
"ചില ഭവനങ്ങൾ (പള്ളികൾ) ഉയർത്തപ്പെടാനും അവിടെ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു അനുമതി നൽകിയിരിക്കുന്നു. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് കണക്കില്ലാതെ നൽകുന്നു".

നിങ്ങൾ പള്ളിയിൽ പ്രവേശിക്കുമ്പോൾ വലതുകാൽ വെച്ച് പ്രവേശിക്കുക, എന്നിട്ട് ഇപ്രകാരം പറയുക:
اللهم افتح لي أبواب رحمتك
പള്ളിയിൽ ഇരിക്കുന്നതിന് മുൻപായി രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കുക. നിസ്കരിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ 
سبحان الله والحمد لله ولا اله الا الله والله أكبر
എന്ന് നാല് തവണ ചൊല്ലുക.

പള്ളിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇടതുകാൽ വെച്ച് പുറത്തിറങ്ങുക.
اللهم إني أسألك من فضلك
എന്നു ചൊല്ലുക. കൂടാതെ ഇപ്രകാരം അധികമായി ചേർക്കുക: 
أعوذ بالله من الشيطان الرجيم وجنوده  
 
നിങ്ങൾ ബാങ്ക് വിളിക്കുന്നത് കേട്ടാൽ മുഅദ്ദിൻ ചൊല്ലുന്നത് പോലെ തന്നെ ഏറ്റുചൊല്ലുക. എന്നാൽ 
حَيَّ عَلَى الصَّلَاة
حَيَّ عَلَى الْفَلَاح
എന്ന് കേൾക്കുമ്പോൾ മാത്രം 
لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ
എന്ന് ചൊല്ലുക. സുബ്ഹ് വാങ്കിലെ 'തസ്‌വീബ്'(അസ്സ്വലാത്തു ഖൈറുമിനന്നൗം) കേൾക്കുമ്പോൾ 
صدقت وبررت
എന്ന് മറുപടി നൽകുക. വാങ്ക് കേട്ടു കഴിഞ്ഞാൽ നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുകയും താഴെ പറയുന്ന പ്രാർത്ഥന നിർവഹിക്കുകയും ചെയ്യുക:
اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلَاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، إِنَّكَ لَا تُخْلِفُ الْمِيعَادَ

ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം പ്രാർത്ഥനകൾ വർദ്ധിപ്പിക്കുക. തിരുനബി(സ) പറഞ്ഞിട്ടുണ്ട്: "ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല". ഈ സമയത്ത് ചൊല്ലേണ്ട പ്രധാന പ്രാർത്ഥനകളിൽ ഒന്നാണ്
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ 
എന്നത്. മറ്റു സമയങ്ങളിലും ഈ പ്രാർത്ഥന ചൊല്ലാൻ തിരുനബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഏറ്റവും അർത്ഥവത്തായതും ശ്രേഷ്ഠവുമായ പ്രാർത്ഥനകളിൽ ഒന്നാണിത്, അതിനാൽ ഇത് പതിവാക്കുക.

സമയമായാൽ ഉടൻ തന്നെ നിസ്കരിക്കുന്നതിന് താങ്കൾ മുൻഗണന നൽകണം. ഓരോ ഫർള് നിസ്കാരത്തിനും വാങ്ക് വിളിക്കുന്നതിന് മുമ്പ് തന്നെ വുളൂഅ് എടുത്ത് പള്ളിയിലെത്താൻ ശ്രമിക്കുക. അതിന് സാധിച്ചില്ലെങ്കിൽ, വാങ്ക് കേൾക്കുമ്പോഴെങ്കിലും നിസ്കാരത്തിനായി ഒരുങ്ങുക. നബി(സ) പറഞ്ഞിട്ടുണ്ട്: "നിസ്കാരം അതിന്റെ ആദ്യ സമയത്ത് നിർവഹിക്കുന്നതിന് അവസാന സമയത്ത് നിർവഹിക്കുന്നതിനേക്കാളുള്ള ശ്രേഷ്ഠത, ഇഹലോകത്തേക്കാൾ പരലോകത്തിനുള്ള ശ്രേഷ്ഠത പോലെയാണ്". നബി(സ) വീണ്ടും പറയുന്നു: "ആദ്യ സമയത്തെ നിസ്കാരം അല്ലാഹുവിന്റെ പൊരുത്തവും അവസാന സമയത്തേത് അല്ലാഹുവിന്റെ വിട്ടുവീഴ്ചയുമാണ്".

ഫർള് നിസ്കാരങ്ങൾക്ക് മുമ്പും പിമ്പുമായി ഇസ്‌ലാം നിർദ്ദേശിച്ച റവാത്തിബ് സുന്നത്ത് നിസ്കാരങ്ങൾ കൃത്യമായി നിർവഹിക്കണം. അതിൽ ഒന്നുപോലും ഉപേക്ഷിച്ച് അലസത കാണിക്കരുത്. ഇനി വല്ല കാരണത്താലും അത് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ അത് ഖളാഅ് വീട്ടാൻ ശ്രദ്ധിക്കണം.

നിസ്കാരത്തിൽ ഭയഭക്തിയും ഹൃദയസാന്നിധ്യവും ഉണ്ടായിരിക്കണം. നിറുത്തം നന്നാക്കുകയും, ഖുർആൻ പാരായണം സാവകാശത്തിലും ചിന്തിച്ചു മനസ്സിലാക്കി നിർവഹിക്കുകയും വേണം. റുകൂഅ്, സുജൂദ് തുടങ്ങിയ എല്ലാ കർമങ്ങളും പൂർണതയോടെ നിർവഹിക്കണം. നിസ്കാരത്തിൽ ഇസ്‌ലാം നിർദ്ദേശിച്ച സുന്നത്തുകളും മര്യാദകളും പാലിക്കുകയും, നിസ്കാരത്തിന്റെ പൂർണതയെ ബാധിക്കുന്നതോ ന്യൂനത വരുത്തുന്നതോ ആയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. "ഒരാൾക്ക് തന്റെ നിസ്കാരത്തിൽ നിന്ന് അവൻ ഹൃദയസാന്നിദ്ധ്യത്തോടെ ഉൾക്കൊണ്ടത് മാത്രമേ ലഭിക്കുകയുള്ളൂ" എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
ഹസനുൽ ബസ്വരി(റ) പറയുന്നു: "ഹൃദയസാന്നിദ്ധ്യമില്ലാത്ത ഏത് നിസ്കാരവും വേഗത്തിൽ ശിക്ഷയിലേക്ക് നയിക്കുന്നതാണ്".

പിശാച് വിശ്വാസിയെ അവന്‍റെ നിസ്കാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സദാ തൽപ്പരനാണ്. ഒരാൾ നിസ്കരിക്കാൻ നിൽക്കുമ്പോൾ, അതിനുമുമ്പ് ഒരിക്കലും ചിന്തയിലില്ലാതിരുന്ന ഭൗതികമായ പല ആവശ്യങ്ങളും കാര്യങ്ങളും പിശാച് അവന്റെ മനസ്സിലേക്ക് തുറന്നുകൊടുക്കും. അല്ലാഹുവിലേക്കുള്ള തിരിയലിൽ നിന്നും ഹൃദയസാന്നിദ്ധ്യത്തിൽ നിന്നും അവനെ തടയുക എന്നതാണ് ആ ശപിക്കപ്പെട്ടവന്റെ ലക്ഷ്യം. അല്ലാഹുവിലേക്കുള്ള ശ്രദ്ധ ഒരാൾക്ക് നഷ്ടപ്പെട്ടാൽ, ചിലപ്പോൾ കുറ്റക്കാരനായിട്ടായിരിക്കും അവൻ നിസ്കാരത്തിൽ നിന്ന് വിരമിക്കുന്നത്. അതിനാൽ, ശപിക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷ നേടുന്നതിനായി, നിസ്കാരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സൂറത്തുന്നാസ് പാരായണം ചെയ്യുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച സുബ്ഹ് നിസ്കാരത്തിൽ 'അലിഫ് ലാം മീം സജദ', 'ഹൽ അതാ അലൽ ഇൻസാൻ' തുടങ്ങിയ സൂറത്തുകൾ പാരായണം ചെയ്യുന്നതുപോലെ ഇസ്‌ലാം പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതൊഴികെ, ഫാത്തിഹയ്ക്ക് ശേഷം പ്രത്യേക സൂറത്തുകൾ തന്നെ എപ്പോഴും പതിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ, കാഫിറൂൻ, ഇഖ്ലാസ്, മുഅവ്വദതൈനി തുടങ്ങിയ ചെറിയ സൂറത്തുകൾ മാത്രം നിസ്കാരത്തിൽ എപ്പോഴും പാരായണം ചെയ്യുന്നതും ഒഴിവാക്കണം.

ഇനി താങ്കൾ ഒരു ഇമാമായിട്ടാണ് നിൽക്കുന്നതെങ്കിൽ, നിസ്കാരം ജനങ്ങൾക്ക് പ്രയാസമാകും വിധം ദീർഘിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മുആദ്(റ) വിന്റെ ഹദീസാണ് ഇതിനാധാരം. അതായത്, ഒരിക്കൽ മുആദ്(റ) ആളുകൾക്ക് നേതൃത്വം നൽകി നിസ്കരിച്ചപ്പോൾ അത് വല്ലാതെ ദീർഘിപ്പിച്ചു. അപ്പോൾ അവരിലൊരാൾ നബി(സ) യോട് ഇതേക്കുറിച്ച് പരാതിപ്പെട്ടു. അപ്പോൾ നബി(സ) "മുആദ്, താങ്കൾ കുഴപ്പക്കാരനാണോ? സബ്ബിഹിസ്മ റബ്ബിക്കൽ അഅ്‌ലാ, വശ്ശംസി വളുഹാഹാ, വല്ലൈലി ഇദാ യഗ്‌ശാ തുടങ്ങിയവ ഓതുക" എന്ന് അദ്ദേഹത്തോട് പറഞ്ഞു. ഹദീസ് ഗ്രന്ഥങ്ങൾ പരിശോധിക്കുന്നവർക്ക് നാം പറഞ്ഞ ഈ കാര്യങ്ങൾ മനസ്സിലാകും. നബി(സ) ജനങ്ങൾക്ക് നേതൃത്വം നൽകി അവസാനമായി നിർവഹിച്ച മഗ്‌രിബ് നിസ്കാരത്തിൽ 'വൽ മുർസലാത്തി ഉർഫാ' എന്ന സൂറത്താണ് പാരായണം ചെയ്തതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക് നയിക്കുന്നു!.

Questions / Comments:



No comments yet.