സ്വഫ്ഫുകൾ അടുപ്പിച്ച് നിൽക്കാനും അവ നേരെയാക്കാനും നിങ്ങൾ ശ്രദ്ധിക്കുക. നിങ്ങളൊരു ഇമാമാണെങ്കിൽ ഇക്കാര്യം നിങ്ങൾക്ക് കൂടുതൽ ഗൗരവമുള്ളതാകുന്നു. ഇത് ദീനിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്; എന്നാൽ മിക്ക ആളുകളും ഇതിനെക്കുറിച്ച് അശ്രദ്ധരുമാണ്.

വായിക്കാം:



ഒരു ഇമാമിന് പിന്നിലായി നിങ്ങൾ നിസ്കരിക്കുകയാണെങ്കിൽ അദ്ദേഹത്തെ വളരെ കൃത്യമായി പിന്തുടരുക. കാരണം, പിന്തുടരപ്പെടാൻ വേണ്ടി മാത്രമാണ് ഇമാമിനെ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. നിസ്കാരത്തിലെ കർമങ്ങളിൽ ഇമാമിന് ഒപ്പത്തിനൊപ്പം പ്രവർത്തിക്കുന്നത് സൂക്ഷിക്കണം; ഇമാമിനെ മുൻകടക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ. നിങ്ങളുടെ കർമങ്ങൾ ഇമാമിന്റെ കർമങ്ങൾക്ക് തൊട്ടുപിന്നാലെ ആയിരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ‘നിസ്കാരത്തിൽ ഇമാമിന് മുമ്പായി താഴുകയും ഉയരുകയും ചെയ്യുന്നവന്റെ നെറുകയിലെ മുടി പിശാചിന്റെ കൈകളിലാണ്’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

മറ്റൊരാളെയും ഉപദ്രവിക്കാത്ത രീതിയിൽ ഒന്നാമത്തെ സ്വഫ്ഫിലേക്ക് വേഗത്തിലെത്താനും അതിനായി മത്സരിക്കാനും നിങ്ങൾ ശ്രദ്ധിക്കണം. മുന്നോട്ട് പോകാൻ കഴിയുമായിരുന്നിട്ടും അതിൽ നിന്നും പിന്നോട്ട് നിൽക്കുന്നത് സൂക്ഷിക്കണം. തിരുനബി(സ) പറഞ്ഞിരിക്കുന്നു: "ചില ആളുകൾ ഒന്നാമത്തെ സ്വഫ്ഫിൽ നിന്നും എപ്പോഴും പിന്നോട്ട് പോയിക്കൊണ്ടിരിക്കും, അങ്ങനെ അല്ലാഹു അവരെ തന്റെ കാരുണ്യത്തിൽ നിന്നും ശ്രേഷ്ഠതയിൽ നിന്നും പിന്നോട്ടാക്കുന്നത് വരെ". നബി(സ) വീണ്ടും പറഞ്ഞു: "നിശ്ചയമായും അല്ലാഹുവും അവന്റെ മലക്കുകളും മുൻനിരയിലുള്ളവരുടെ മേൽ അനുഗ്രഹം ചൊരിയുന്നു". നബി(സ) ഒന്നാമത്തെ സ്വഫ്ഫുകാർക്ക് വേണ്ടി മൂന്ന് തവണയും രണ്ടാമത്തെ സ്വഫ്ഫുകാർക്ക് വേണ്ടി ഒരു തവണയും പാപമോചനം തേടാറുണ്ടായിരുന്നു.

സ്വഫ്ഫുകൾ തിങ്ങിനിൽക്കാനും അവ നേരെയാക്കാനും നിങ്ങൾ ശ്രദ്ധിക്കുക. നിങ്ങളൊരു ഇമാമാണെങ്കിൽ ഇക്കാര്യം നിങ്ങൾക്ക് കൂടുതൽ ഗൗരവമുള്ളതാകുന്നു. ഇത് ദീനിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്; എന്നാൽ മിക്ക ആളുകളും ഇതിനെക്കുറിച്ച് അശ്രദ്ധരുമാണ്. തിരുനബി(സ) ഇക്കാര്യത്തിൽ ആളുകളെ പ്രേരിപ്പിക്കുകയും സ്വയം അത് നിർവഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവിടുന്ന് പറയുമായിരുന്നു: "നിങ്ങൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക, അല്ലെങ്കിൽ അല്ലാഹു നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കും". വരികൾക്കിടയിലെ വിടവുകൾ നികത്താൻ അവിടുന്ന് കൽപിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: "എന്റെ ജീവൻ ആരുടെ കൈയിലാണോ അവൻ തന്നെ സത്യം, വരികൾക്കിടയിലെ വിടവുകളിലൂടെ ചെറിയ ആട്ടിൻകുട്ടികളെപ്പോലെ പിശാച് കടന്നുവരുന്നത് ഞാൻ കാണുന്നുണ്ട്".

അഞ്ചുനേരത്തെ നിസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കാനും അത് പതിവാക്കാനും നിങ്ങൾ ശ്രദ്ധിക്കണം. കാരണം, ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി പ്രതിഫലം ജമാഅത്തായി നിസ്കരിക്കുന്നതിനുണ്ട് എന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്. യാതൊരു കാരണവുമില്ലാതെയോ അല്ലെങ്കിൽ അസ്വീകാര്യമായ കാരണങ്ങൾ പറഞ്ഞോ ജമാഅത്ത് നിസ്കാരം ഉപേക്ഷിക്കുന്നത് നിങ്ങൾ സൂക്ഷിക്കണം. ജമാഅത്ത് നടക്കുന്ന സ്ഥലത്ത് നിങ്ങൾ എത്തുമ്പോഴേക്കും അത് കഴിഞ്ഞിരുന്നാലോ അല്ലെങ്കിൽ നിങ്ങളുടെ മതപരമായ സുരക്ഷിതത്വം കരുതി നിങ്ങൾ വീട്ടിൽ തന്നെ ഇരിക്കുകയാണെങ്കിലോ നിങ്ങളുടെ കൂടെ നിസ്കരിക്കാൻ ആരെയെങ്കിലും ചേർക്കേണ്ടതാണ്. അങ്ങനെ ജമാഅത്തിന്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കാനും അത് ഉപേക്ഷിക്കുന്നവർക്കുള്ള കടുത്ത താക്കീതുകളിൽ നിന്ന് രക്ഷപ്പെടാനും കഴിയും. തിരുനബി(സ) യുടെ ഈ വാക്കുകൾ ശ്രദ്ധിക്കുക: "ജമാഅത്ത് ഉപേക്ഷിക്കുന്നതിൽ നിന്നും ചിലർ പിന്മാറണം, അല്ലെങ്കിൽ അവരുടെ വീടുകൾക്ക് ഞാൻ തീയിടുന്നതാണ്". നബി(സ) വീണ്ടും പറഞ്ഞു: "ആരോഗ്യമുള്ളവനും ഒഴിവുള്ളവനുമായിരുന്നിട്ടും ബാങ്കുവിളി കേട്ടിട്ട് അതിന് ഉത്തരം നൽകി പള്ളിയിൽ പോകാത്തവന് പൂർണ്ണമായ നിസ്കാരമില്ല." ഇബ്നു മസ്ഊദ്(റ) പറയുന്നു: "ഞങ്ങളുടെ കാലത്ത്, കാപട്യം വ്യക്തമായ കപടവിശ്വാസികൾ മാത്രമേ ജമാഅത്ത് നമസ്കാരത്തിൽ നിന്നും വിട്ടുനിന്നിട്ടുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു. തിരുനബി(സ)യുടെ കാലത്ത്, പ്രായാധിക്യത്താൽ അവശനായ ഒരു മനുഷ്യനെ രണ്ടുപേർ ചേർന്ന് താങ്ങിപ്പിടിച്ച് കൊണ്ടുവന്ന് വരിയിൽ നിർത്താറുണ്ടായിരുന്നു".
ജമാഅത്ത് നിസ്കാരം ഉപേക്ഷിക്കുന്നതിലെ കാർക്കശ്യം ഇത്രത്തോളമാണെങ്കിൽ, ഓരോ വ്യക്തിക്കും നിർബന്ധമായ ജുമുഅ നിസ്കാരം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എന്താണ് കരുതുന്നത്?. തിരുനബി(സ) പറഞ്ഞിട്ടുണ്ട്: "അലസത കാരണം ആരെങ്കിലും മൂന്ന് ജുമുഅകൾ ഉപേക്ഷിച്ചാൽ, അല്ലാഹു അവന്റെ ഹൃദയത്തിൽ മുദ്രവെക്കുന്നതാണ്". 

അതിനാൽ ജുമുഅയോ ജമാഅത്തോ ഒഴിവാക്കാൻ തക്കവണ്ണം എന്തെങ്കിലും ഒരു ഒഴിവ്കഴിവ് നിങ്ങൾക്ക് നേരിട്ടാൽ, ആ നമസ്കാരം നടക്കുന്ന സ്ഥലത്ത് ഒരാൾ വന്ന് അവിടെയുള്ളവർക്കെല്ലാം സ്വർണനാണയങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് നിങ്ങൾ സങ്കൽപ്പിക്കുക. അങ്ങനെയൊരു വാർത്തയറിയുമ്പോൾ അവിടെ പങ്കെടുക്കാൻ നിങ്ങൾക്ക് വല്ലാത്തൊരു ഉത്സാഹവും താല്പര്യവും തോന്നുന്നുണ്ടെങ്കിൽ, തീർച്ചയായും നിങ്ങളുടെ ആ ഒഴികഴിവ് ഒരിക്കലും യഥാർത്ഥമല്ല. അല്ലാഹുവിൻ്റെ പക്കലുള്ള പ്രതിഫലത്തേക്കാൾ ഈ ലോകത്തെ നേട്ടങ്ങളോട് നിങ്ങൾക്ക് പ്രിയം തോന്നിയതിൽ നിങ്ങൾ അല്ലാഹുവിനെ ഓർത്ത് ലജ്ജിക്കുക.

യഥാർത്ഥത്തിലുള്ള ഒരു ഒഴിവുകഴിവ് പരമാവധി കുറ്റത്തിൽ നിന്ന് മാത്രമാണ് നിങ്ങളെ ഒഴിവാക്കുന്നത്. എന്നാൽ പ്രതിഫലം ലഭിക്കണമെങ്കിൽ അത് പ്രവർത്തിക്കുക തന്നെ വേണം. തീരെ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ഒരാൾക്ക് ചിലപ്പോൾ പ്രതിഫലം ലഭിച്ചേക്കാം. അതായത്, തുടർച്ചയായുള്ള വയറിളക്കം, അന്യായമായ തടങ്കൽ തുടങ്ങിയ കാര്യങ്ങൾ. അല്ലെങ്കിൽ, അയാൾക്ക് പങ്കെടുക്കാൻ കഴിയും, പക്ഷേ അത് മറ്റൊരു മുസ്‌ലിമിന് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാകുമ്പോൾ; ഉദാഹരണത്തിന് രോഗിയായ ഒരാളെ ശുശ്രൂഷിക്കേണ്ടി വരിക തുടങ്ങിയവ. ഇത്തരത്തിലുള്ള ഒഴിവുകഴിവുകൾ ഉള്ളവർക്ക് ജമാഅത്തിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള അതിയായ ദുഃഖവും ഖേദവും മനസ്സിലുണ്ടെങ്കിൽ അവർക്ക് പ്രതിഫലം ലഭിക്കുന്നതാണ്.

പൂർണനായ ഒരു വിശ്വാസി ആയിരം ഒഴിവുകഴിവുകൾ ഉണ്ടെങ്കിൽ പോലും, തന്നെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും ഉപേക്ഷിക്കുകയില്ല. അത് ചെയ്യുന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമാണെന്ന് അവനറിയാമെങ്കിൽ പ്രത്യേകിച്ചും; അതുകൊണ്ടാണ്, അല്ലാഹുവിൻ്റെ ഉത്തമരായ അടിമകൾ, അവനിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ വലിയ പർവതങ്ങൾക്ക് പോലും താങ്ങാൻ കഴിയാത്തത്ര ഭാരങ്ങൾ സഹിച്ചത്. എന്നാൽ വിശ്വാസം ദുർബലമായവനും ദൃഢബോധ്യം കുറഞ്ഞവനും അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് കുറഞ്ഞവനുമായ ഒരാൾ, അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുമ്പോൾ, കുറ്റത്തിൽ നിന്നുള്ള ഒഴിവാക്കലിനെ മാത്രമാണ് ആശ്രയിക്കുന്നത്. അല്ലാഹു പറയുന്നു: “ഓരോരുത്തർക്കും അവർ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ പദവികൾ ഉണ്ടാകും. അവർ ചെയ്യുന്നതിനെക്കുറിച്ച് നിന്റെ രക്ഷിതാവ് ഒരിക്കലും അശ്രദ്ധനായവനല്ല.”

നിങ്ങളുടെ അധികാരത്തിന് കീഴിലുള്ള ഭാര്യ, മക്കൾ, ഭൃത്യന്മാർ തുടങ്ങി എല്ലാവരെയും നിർബന്ധ നിസ്കാരങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്. അവരിലാരെങ്കിലും ഇതിന് വിസമ്മതിച്ചാൽ, അവരെ ഉപദേശിക്കുകയും താക്കീത് നൽകുകയും ചെയ്യുക. അവർ ധിക്കാരം കാണിക്കുകയോ നിസ്കാരം ഉപേക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുകയോ ചെയ്താൽ, അവരെ അടിക്കുകയും ശാസിക്കുകയും ചെയ്യുക. എന്നിട്ടും അവർ പിന്മാറുന്നില്ലെങ്കിൽ അവരുമായി അകലം പാലിക്കുകയും ബന്ധം വിച്ഛേദിക്കുകയും ചെയ്യുക. കാരണം, നിസ്കാരം ഉപേക്ഷിക്കുന്നവൻ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് അകറ്റപ്പെട്ട ഒരു പിശാചാണ്. അവൻ അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും വിധേയനാണ്. അവനോട് മൈത്രി പുലർത്തുന്നത് നിഷിദ്ധവും അവനോട് ശത്രുത കാണിക്കുന്നത് ഓരോ മുസ്‌ലിമിനും നിർബന്ധവുമാണ്. അങ്ങനെയല്ലെങ്കിൽ പിന്നെങ്ങനെയാണ് റസൂൽ(സ) ഇപ്രകാരം പറഞ്ഞത്: "നമുക്കും അവർക്കുമിടയിലുള്ള കരാർ നിസ്കാരമാണ്, ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അവൻ ശിർക്ക് ചെയ്തു". അവിടുന്ന് വീണ്ടും പറഞ്ഞു: "നിസ്കാരമില്ലാത്തവന് മതമില്ല. ശരീരത്തിൽ തലയുടെ സ്ഥാനമെന്താണോ അതാണ് മതത്തിൽ നിസ്കാരത്തിന്റെ സ്ഥാനം”.

വെള്ളിയാഴ്ച ദിവസം ഭൗതികമായ എല്ലാ തിരക്കുകളിൽ നിന്നും നിങ്ങൾ ഒഴിവായിരിക്കണം. ഈ മഹത്തായ ദിവസത്തെ നിങ്ങളുടെ പരലോകത്തിന് വേണ്ടി മാത്രമായി നീക്കിവെക്കുക. സമ്പൂർണമായ പുണ്യകർമങ്ങളിലും അല്ലാഹുവിലേക്കുള്ള മടക്കത്തിലും അല്ലാതെ മറ്റൊന്നിലും നിങ്ങൾ വ്യാപൃതരാകരുത്. പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന ആ പ്രത്യേക സമയത്തെ നിങ്ങൾ കാത്തിരിക്കുക. അത് എല്ലാ വെള്ളിയാഴ്ചയിലുമുള്ള ഒരു സമയമാണ്; ആ സമയത്ത് ഒരു മുസ്‌ലിം അല്ലാഹുവിനോട് എന്തെങ്കിലും നന്മ ചോദിക്കുകയോ തിന്മയിൽ നിന്ന് കാവൽ തേടുകയോ ചെയ്താൽ അല്ലാഹു അവനുത്തരം നൽകാതിരിക്കില്ല.

ജുമുഅക്ക് നേരത്തെ തന്നെ പോവുക. മദ്ധ്യാഹ്നത്തിന് മുമ്പായി പോകാൻ കഴിഞ്ഞാൽ അത്രയും നല്ലത്. മിമ്പറിനോട് ചേർന്നിരിക്കാനും ഖുതുബ ശ്രദ്ധയോടെ കേൾക്കാനും ശ്രമിക്കുക. മറ്റ് ദിക്റുകളിലോ ചിന്തകളിലോ മുഴുകി ഖുതുബ ശ്രദ്ധിക്കാതിരിക്കുന്നത് സൂക്ഷിക്കുക; അനാവശ്യ സംസാരങ്ങളും മനസ്സിലെ മറ്റ് ചിന്തകളും ഒഴിവാക്കേണ്ടത് പറയേണ്ടതില്ലല്ലോ. നിങ്ങൾ കേൾക്കുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും നിങ്ങളെത്തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് മനസ്സിൽ കരുതുക. നിസ്കാരം കഴിഞ്ഞ് സലാം വീട്ടിയ ശേഷം, കാലുകൾ മടക്കിവെച്ച അതേ ഇരിപ്പിൽ തന്നെ, മറ്റൊന്നും സംസാരിക്കുന്നതിന് മുമ്പായി സൂറത്തുൽ ഫാത്തിഹയും സൂറത്തുൽ ഇഖ്ലാസ്, മുഅവ്വിദതൈനി എന്നിവ ഏഴ് പ്രാവശ്യം വീതം പാരായണം ചെയ്യുക. കൂടാതെ, നിസ്കാരസ്ഥലത്ത് നിന്ന് പിരിഞ്ഞുപോകുമ്പോൾ ‘സുബ്ഹാനല്ലാഹിൽ അളീം വ ബിഹംദിഹി’ എന്ന് നൂറ് പ്രാവശ്യം ചൊല്ലുക. ഇതിന്റെയെല്ലാം ശ്രേഷ്ഠതകൾ വ്യക്തമാക്കുന്ന തെളിവുകൾ ഹദീസുകളിൽ വന്നിട്ടുണ്ട്. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ!.

Questions / Comments:



No comments yet.