നിങ്ങളുടെ വാതിൽക്കൽ യാചിച്ചെത്തുന്ന ഒരാളെയും നിങ്ങൾ നിരാശനാക്കി മടക്കരുത്. അതൊരുപക്ഷേ ഒരു ഈന്തപ്പഴമോ അതിനേക്കാൾ ചെറിയ ഒന്നോ ആണെങ്കിൽ പോലും നൽകുക. കാരണം അവർ അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്മാനമാണ്. ഇനി നൽകാൻ യാതൊന്നും നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ, പരുഷമായി പെരുമാറാതെ നല്ല വാക്കുകളിലൂടെയും മനോഹരമായ വാഗ്ദാനങ്ങളിലൂടെയും അവരെ മടക്കി അയക്കുക.
വായിക്കാം:
സകാത്ത് നിർബന്ധമായ സമ്പത്ത് നിങ്ങളുടെ പക്കലുണ്ടെങ്കിൽ അല്ലാഹുവിൻ്റെ പ്രീതി മാത്രം കാംക്ഷിച്ച് പൂർണ മനസ്സോടെ അത് നൽകാൻ നിങ്ങൾ ശ്രദ്ധിക്കണം. സകാത്ത് നൽകേണ്ട സമയം ആഗതമായാൽ ഒട്ടും വൈകാതെ അത് മാറ്റിവെക്കാനും അർഹരായവർക്ക് വിതരണം ചെയ്യാനും നിങ്ങൾ ധൃതി കാണിക്കണം. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ മേൽ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുകയും നന്മകൾ ഇരട്ടിക്കുകയും നിങ്ങളുടെ സമ്പത്ത് എല്ലാവിധ വിപത്തുകളിൽ നിന്നും സുരക്ഷിതമായ ഒരു കോട്ടയിലാവുകയും ചെയ്യും.
സകാത്ത് വിഹിതം കൃത്യമായി മാറ്റിവെക്കാനും അത് വിതരണം ചെയ്യാനും നിങ്ങൾ ശ്രദ്ധിക്കുക. ഭൗതിക താൽപര്യക്കാരായ ചില ആളുകൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അതായത്, അവർ സകാത്ത് തുക തങ്ങളുടെ സമ്പത്തിൽ നിന്ന് വേർതിരിച്ച് വെക്കില്ല. പകരം, അർഹനായ ഒരാളെ കാണുമ്പോൾ അതിൽ നിന്നൊരു വിഹിതം നൽകി അത് സകാത്തിന്റെ കണക്കിൽ ഉൾപ്പെടുത്തും, അങ്ങനെ നൽകേണ്ട തുക പൂർത്തിയാകുന്നതുവരെ അവർ ഇത് തുടരും. ഇത് ശരിയായ രീതിയല്ല.
വിളവെടുപ്പ് സമയത്ത് സകാത്ത് നിർബന്ധമാകുന്ന പരിധി(നിസാബ്) എത്തിയ നിങ്ങളുടെ ഫലവർഗ്ഗങ്ങളിൽ നിന്നും കൃഷികളിൽ നിന്നും അതിൽ നിന്ന് നൽകേണ്ട നിർബന്ധ ബാധ്യത എത്രയാണെന്ന് കൃത്യമായി കണക്കാക്കാതെ നിങ്ങൾ ഭക്ഷിക്കരുത്. ഇനി നിങ്ങൾക്ക് ഏതെങ്കിലും ഒരു പ്രത്യേക മരത്തിൽ നിന്ന് ഭക്ഷിക്കണമെന്നുണ്ടെങ്കിൽ ആ മരത്തിൽ നിന്ന് നൽകേണ്ട സകാത്ത് വിഹിതം മാത്രം എത്രയാണെന്ന് കണക്കാക്കിയാൽ മതിയാകും.
സകാത്ത് ഒഴിവാക്കുന്നതിന് വേണ്ടി സമ്പത്ത് മറ്റൊരാൾക്ക് ദാനമായി നൽകുകയോ സമാനമായ മറ്റു കുറുക്കുവഴികൾ സ്വീകരിക്കുകയോ ചെയ്യുന്നവൻ, അല്ലെങ്കിൽ അർഹരല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അത് നൽകുന്നവൻ, അതുമല്ലെങ്കിൽ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് അത് വിതരണം ചെയ്യുന്നവൻ (ഉദാഹരണത്തിന്, തനിക്ക് പെട്ടെന്ന് എന്തെങ്കിലും ഭൗതിക നേട്ടം തിരികെ നൽകാൻ കഴിയുന്നവർക്ക് മാത്രം സകാത്ത് നൽകുന്നവൻ) ഇത്തരക്കാർക്ക് അവർ മരിക്കുന്നതിന് മുമ്പ് ഈ ദുനിയാവിൽ വെച്ചുതന്നെ തങ്ങളുടെ അതേ സമ്പത്ത് മുഖേന അല്ലാഹു ശിക്ഷ നൽകുന്നതാണ്.
നിയമവിരുദ്ധമായ രീതിയിൽ സകാത്ത് നൽകുന്നവന്റെ അവസ്ഥ ഇതാണെങ്കിൽ, സകാത്ത് ഒട്ടും നൽകാത്തവന്റെ അവസ്ഥ എന്തായിരിക്കും? അല്ലാഹു പറയുന്നു: “സന്മാർഗത്തിന് പകരമായി ദുർമാർഗം വിലയ്ക്കുവാങ്ങിയവരാണവർ. അതിനാൽ അവരുടെ കച്ചവടം ലാഭകരമായില്ല, അവർ നേർവഴി പ്രാപിച്ചവരുമായില്ല”. തിന്മയുടെ കാര്യത്തിൽ, സകാത്ത് തടഞ്ഞുവെക്കുന്നവൻ നിസ്കാരം ഉപേക്ഷിച്ചവന് തുല്യനാണെന്ന് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അബൂബക്കർ സിദ്ദീഖ്(റ) സകാത്ത് നിഷേധിച്ചവരോട് യുദ്ധം ചെയ്യുകയും അവരെ അഹ്‌ലുരിദ്ദ(ദീൻ ഉപേക്ഷിച്ചവർ) എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്.
നിങ്ങൾക്ക് കഴിവുണ്ടെങ്കിൽ, നിങ്ങളുടെയും നിങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്ന എല്ലാവരുടെയും ഫിത്വർ സകാത്ത് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ധാരാളമായി സ്വദഖ നൽകാനും ശ്രമിക്കണം. പ്രത്യേകിച്ച് ആവശ്യക്കാരായ കുടുംബക്കാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നല്ലവരായ ആളുകൾക്കും ദാനം നൽകുക. ഇത്തരം അർഹരായ ഇടങ്ങളിൽ വിതരണം ചെയ്യുന്നത് വഴി സ്വദഖയ്ക്ക് പരിശുദ്ധിയേറുകയും അതിന്റെ പ്രതിഫലം വർധിക്കുകയും ചെയ്യും.
നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ കാര്യങ്ങൾ ദാനമായി നൽകാൻ തയ്യാറാവുക, അതുവഴി നിങ്ങൾക്ക് പുണ്യം കരസ്ഥമാക്കാം. അല്ലാഹു പറയുന്നു: “നിങ്ങൾക്ക് പ്രിയപ്പെട്ടവയിൽ നിന്ന് നിങ്ങൾ ചെലവഴിക്കുന്നത് വരെ നിങ്ങൾക്ക് പുണ്യം പ്രാപിക്കാനാകില്ല”. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ പോലും മറ്റുള്ളവർക്ക് മുൻഗണന നൽകുക; അങ്ങനെ നിങ്ങൾക്ക് വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടാം. സ്വദഖ പരസ്യമാക്കാതെ രഹസ്യമായി നൽകുക; കാരണം രഹസ്യമായുള്ള ദാനം അല്ലാഹുവിന്റെ കോപത്തെ കെടുത്തിക്കളയും. പരസ്യമായി നൽകുന്ന ദാനത്തേക്കാൾ എഴുപത് ഇരട്ടി പ്രതിഫലം അതിനുണ്ട്. മാത്രമല്ല, സൽകർമങ്ങളെ നശിപ്പിക്കുന്ന രിയാഅ്(ലോകമാന്യം) എന്ന വിപത്തിൽ നിന്ന് അത് നിങ്ങളെ രക്ഷിക്കുകയും ചെയ്യും. എത്ര ചെറുതാണെങ്കിലും ശരി, എല്ലാ ദിവസവും എന്തെങ്കിലും ദാനം ചെയ്യുന്നത് നിങ്ങൾ ഒഴിവാക്കരുത്. അതിരാവിലെ തന്നെ അത് നൽകാൻ ശ്രമിക്കുക, കാരണം ആപത്തുകൾ സ്വദഖയെ മറികടന്ന് വരില്ല.
നിങ്ങളുടെ വാതിൽക്കൽ യാചിച്ചെത്തുന്ന ഒരാളെയും നിങ്ങൾ നിരാശനാക്കി മടക്കരുത്. അതൊരുപക്ഷേ ഒരു ഈന്തപ്പഴമോ അതിനേക്കാൾ ചെറിയ ഒന്നോ ആണെങ്കിൽ പോലും നൽകുക, കാരണം അവർ അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്മാനമാണ്. ഇനി നൽകാൻ യാതൊന്നും നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ, പരുഷമായി പെരുമാറാതെ നല്ല വാക്കുകളിലൂടെയും മനോഹരമായ വാഗ്ദാനങ്ങളിലൂടെയും അവരെ മടക്കി അയക്കുക.
ഒരു പാവപ്പെട്ടവന് നിങ്ങൾ എന്തെങ്കിലും നൽകുമ്പോൾ, പുഞ്ചിരിയോടെയും സന്തോഷത്തോടെയും മുഖപ്രസാദത്തോടെയും നൽകുക. നിങ്ങൾ നൽകുന്ന നിസ്സാരമായ ഒരു ഭൗതികവസ്തു സ്വീകരിച്ചതിലൂടെ അവൻ നിങ്ങളോട് ഒരു വലിയ ഉപകാരമാണ് ചെയ്തതെന്ന് നിങ്ങൾ മനസ്സിൽ കരുതുക. കാരണം, അവൻ അത് സ്വീകരിച്ചത് വഴിയാണ് നിങ്ങൾക്ക് വലിയ പ്രതിഫലം ലഭിക്കുന്നത്. അതിന് പകരമായി ഈ ലോകം മുഴുവൻ നിങ്ങൾ നൽകിയാൽ പോലും, യഥാർത്ഥത്തിൽ അതിലെ ഏറ്റവും വലിയ ലാഭം നിങ്ങൾക്ക് തന്നെയാണ്.
ഒരു പിടി ഭക്ഷണത്തിന് അല്ലാഹുവിങ്കൽ ഉഹ്ദ് പർവതത്തേക്കാൾ വലിയ പ്രതിഫലം ലഭിക്കുമെന്ന് വന്നിട്ടുണ്ട്.
ദാരിദ്ര്യം വരുമെന്ന ഭയം നിങ്ങളെ ദാനം ചെയ്യുന്നതിൽ നിന്ന് ഒരിക്കലും തടയാതിരിക്കട്ടെ; കാരണം, ദാനം ചെയ്യാതിരിക്കുന്നതാണ് ദാരിദ്ര്യം വിളിച്ചുവരുത്തുന്നത്. എന്നാൽ ദാനം ചെയ്യുക എന്നത് ഐശ്വര്യവും വിശാലതയും കൊണ്ടുവരും. ഭൗതിക നേട്ടങ്ങൾ ആഗ്രഹിക്കുന്ന ഒരു വ്യക്തി ദാനം ചെയ്യാൻ തുടങ്ങിയാൽ, അവനെ വിട്ടുപോയ നേട്ടങ്ങൾ അവനിലേക്ക് തന്നെ തിരികെ വരികയും അതിനോടൊപ്പം സമാനമായ മറ്റ് പല നന്മകൾ അവന് ലഭിക്കുകയും ചെയ്യും.
സ്വദഖയ്ക്ക് ഇഹലോകത്തും പരലോകത്തും ഒരുപാട് നേട്ടങ്ങളുണ്ട്. ഇഹലോകത്തെ നേട്ടങ്ങൾ: അത് ഉപജീവനവും ആയുസ്സും വർദ്ധിപ്പിക്കും, ദുർമരണത്തിൽ നിന്ന് കാത്തുരക്ഷിക്കും, ശരീരത്തിന് ആരോഗ്യവും സമ്പത്തിന് ബറകത്തും നൽകും.
പരലോകത്തെ നേട്ടങ്ങൾ: വെള്ളം തീയെ കെടുത്തുന്നത് പോലെ അത് പാപങ്ങളെ മായ്ച്ചുകളയും. അന്ത്യനാളിൽ ദാനം നൽകിയവന്റെ തലയ്ക്ക് മുകളിൽ അതൊരു തണലായി മാറുകയും നരകശിക്ഷയിൽ നിന്നുള്ള ഒരു മറയായി വർത്തിക്കുകയും ചെയ്യും. ഇതിന് പുറമെ മറ്റനേകം നേട്ടങ്ങളും ഇതിനുണ്ട്. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവർ മാത്രമേ ഇതൊക്കെ ചിന്തിച്ചു മനസ്സിലാക്കുകയുള്ളൂ.