ഹജ്ജ് യാത്രയെ കച്ചവടത്തിനുള്ള ഒരു അവസരമാക്കി മാറ്റരുത്. യാത്രയിൽ നിനക്ക് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതൊഴികെ മറ്റൊരു ഭൗതിക സമ്പത്തും നിന്റെ കൂടെ കരുതാതിരിക്കുന്നതാണ് ഉത്തമം.

വായിക്കാം:


സാമ്പത്തികവും ശാരീരികവുമായ കഴിവുണ്ടാകുമ്പോൾ അല്ലാഹു നിർബന്ധമാക്കിയ ഹജ്ജും ഉംറയും വേഗത്തിൽ നിർവഹിക്കാൻ നീ പ്രത്യേകം ശ്രദ്ധിക്കണം. കഴിവുണ്ടായിട്ടും അത് പിന്തിപ്പിക്കുന്നതിനെതിരെ നീ ജാഗ്രത പാലിക്കുക. കാരണം, ചിലപ്പോൾ പിന്നീട് നിനക്ക് അതിന് സാധിക്കാതെ വന്നേക്കാം, അല്ലെങ്കിൽ നീ മരണപ്പെട്ടേക്കാം. അങ്ങനെവന്നാൽ ആ ബാധ്യത നിന്റെ മേൽ അവശേഷിക്കുകയും നീ ഒരു വീഴ്ചവരുത്തിയവനായി കണക്കാക്കപ്പെടുകയും ചെയ്യും. നബി(സ) പറഞ്ഞിട്ടുണ്ട്: "പ്രകടമായ ഒരു ആവശ്യമോ, തടഞ്ഞുവെക്കുന്ന രോഗമോ, ക്രൂരനായ ഭരണാധികാരിയോ തടസ്സമായി ഇല്ലാതിരിക്കുകയും എന്നിട്ടും ഒരാൾ ഹജ്ജ് ചെയ്യാതെ മരിക്കുകയും ചെയ്താൽ, അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ ജൂതനായോ അല്ലെങ്കിൽ ക്രിസ്ത്യാനിയായോ മരിക്കട്ടെ".

മറ്റ് പുണ്യകർമങ്ങൾ ചെയ്യുന്നതുപോലെ കഴിവുള്ളപ്പോൾ സുന്നത്തായ ഹജ്ജും ഉംറയും ചെയ്യാൻ നീ ശ്രദ്ധിക്കുക. അല്ലാഹു പറഞ്ഞതായി ഒരു ഹദീസിൽ വന്നിട്ടുണ്ട്: "എന്റെ ഒരു അടിമക്ക് ഞാൻ ശരീരത്തിന് ആരോഗ്യവും സമ്പത്തിൽ സമൃദ്ധിയും നൽകിയിട്ട് അഞ്ചു വർഷം കഴിഞ്ഞിട്ടും അവൻ എന്നിലേക്ക് (എന്റെ ഭവനത്തിലേക്ക്) വരുന്നില്ലെങ്കിൽ, അവൻ നിർഭാഗ്യവാനായ ഒരു അടിമ തന്നെ".

ഹജ്ജിന് പുറപ്പെടാൻ ഉദ്ദേശിച്ചാൽ, അതിലെ നിർബന്ധങ്ങളും സുന്നത്തുകളും ദിക്റുകളും നീ പഠിച്ചിരിക്കണം. അതുപോലെ ഖിബ്‌ല മനസ്സിലാക്കാനുള്ള വഴികൾ, യാത്രയിലെ ഇളവുകൾ, യാത്രയുടെ മര്യാദകൾ, യാത്രയിൽ ചൊല്ലേണ്ട ദിക്റുകൾ എന്നിവയും പഠിക്കണം. ഹജ്ജ് യാത്രയെ കച്ചവടത്തിനുള്ള ഒരു അവസരമാക്കി മാറ്റരുത്. യാത്രയിൽ നിനക്ക് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതൊഴികെ മറ്റൊരു ഭൗതിക സമ്പത്തും നിന്റെ കൂടെ കരുതാതിരിക്കുന്നതാണ് ഉത്തമം. ഇനി അഥവാ എന്തെങ്കിലും കൊണ്ടുപോകേണ്ടി വന്നാൽ തന്നെ, ഹജ്ജിന്റെ കർമങ്ങൾ പൂർണതയോടെ നിർവഹിക്കുന്നതിൽ നിന്നും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നതിൽ നിന്നും നിന്റെ ശ്രദ്ധ തിരിക്കുന്ന യാതൊന്നും എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

നബി(സ)യെ സിയാറത്ത് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, അവിടുത്തെ വഫാത്തിന് ശേഷമുള്ള സിയാറത്ത് ജീവിച്ചിരിക്കുമ്പോഴുള്ള സിയാറത്ത് പോലെ തന്നെയാണ്. തിരുനബി(സ) അവിടുത്തെ ഖബറിൽ ജീവിച്ചിരിക്കുന്നവരാണ്, മറ്റു നബിമാരും അങ്ങനെത്തന്നെ. നീ അല്ലാഹുവിന്റെ ഭവനം സന്ദർശിക്കാൻ (ഹജ്ജിന്) പോവുകയും, യാതൊരു തക്കതായ കാരണവുമില്ലാതെ അല്ലാഹുവിന്റെ ഹബീബിനെ സന്ദർശിക്കാതിരിക്കുകയും ചെയ്യുന്നത് വലിയൊരു അപരാധമാണ്. ഇസ്‌ലാമിക നാടുകളുടെ അങ്ങേയറ്റത്ത് നിന്ന് തലകുത്തി നടന്നുവന്ന് നീ നബി(സ)യെ സിയാറത്ത് ചെയ്താൽ പോലും, നബി(സ)യിലൂടെ അല്ലാഹു നിനക്ക് എത്തിച്ചുതന്ന ‘സന്മാർഗം’ എന്ന വലിയ അനുഗ്രഹത്തിന് നീ നന്ദി കാണിച്ചവനാകില്ല; അത്രത്തോളം കടപ്പാട് നമുക്ക് മുത്ത്നബി(സ)യോടുണ്ട്.

യാത്ര, വിവാഹം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ നീ ഉദ്ദേശിച്ചാൽ, നിന്റെ സുഹൃത്തുക്കളിൽ വിശ്വസ്തരും വിവരമുള്ളവരുമായ ആളുകളോട് കൂടിയാലോചന നടത്തുക. അവരുടെ അഭിപ്രായം നിന്റെ മനസ്സിന് തൃപ്തികരമായി തോന്നിയാൽ, 'ഇസ്തിഖാറത്ത്' (നന്മ തേടൽ) എന്ന നിയ്യത്തോടെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുക. അതിനുശേഷം അതിനായി പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലുക. നബി(സ) പറഞ്ഞു: "ഇസ്തിഖാറത്ത് ചെയ്തവൻ പരാജയപ്പെടില്ല, കൂടിയാലോചന നടത്തിയവൻ ഖേദിക്കേണ്ടി വരികയുമില്ല".

നിസ്കാരം, ദാനം തുടങ്ങിയ ഏതെങ്കിലും പുണ്യകർമങ്ങൾ അല്ലാഹുവിന് വേണ്ടി നീ നേർച്ചയാക്കിയാൽ അത് വേഗത്തിൽ നിറവേറ്റുക. എന്നാൽ അമിതമായി നേർച്ചയാക്കുന്ന ശീലം ഒഴിവാക്കുക. കാരണം, ആ നേർച്ചകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്താൻ പിശാച് നിന്നെ പ്രേരിപ്പിച്ചേക്കാം.
നീ ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ സത്യം ചെയ്തു. എന്നാൽ അതിന് വിപരീതമായി പ്രവർത്തിക്കുന്നതിലാണ് കൂടുതൽ നന്മയെന്ന് പിന്നീട് നിനക്ക് മനസ്സിലായാൽ, നിന്റെ സത്യത്തിന് കഫാറത്ത് (പ്രായശ്ചിത്തം) നൽകുകയും നന്മയുള്ള ആ കാര്യം ചെയ്യുകയും ചെയ്യുക.

ഊഹത്തിന്റെയോ സംശയത്തിന്റെയോ അടിസ്ഥാനത്തിൽ നീ സത്യം ചെയ്യുകയോ സാക്ഷി പറയുകയോ അരുത്; കാര്യങ്ങൾ ഭൂരിഭാഗവും ഉറപ്പാണെങ്കിൽ പോലും. നീ സത്യം ചെയ്തുകൊണ്ട് ഒരു മുസ്‌ലിമിന്റെ സമ്പത്ത് അന്യായമായി എടുത്താൽ, ആ എടുത്തത് തിരികെ നൽകലും നിന്റെ സത്യത്തിന് കഫാറത്ത് നൽകലും നിർബന്ധമാണ്. കഫാറത്ത് എന്നാൽ പത്ത് അഗതികൾക്ക് ഭക്ഷണം നൽകുക (ഓരോരുത്തർക്കും ഓരോ മുദ്ദ് വീതം) അല്ലെങ്കിൽ അവർക്ക് വസ്ത്രം നൽകുക, അതുമല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുക എന്നിവയാണ്. ഇതിനൊന്നും കഴിവില്ലാത്തവൻ മൂന്ന് ദിവസം നോമ്പ് നോൽക്കണം.

കള്ളസത്യം ചെയ്യുന്നതിനെതിരെ നീ വളരെ ജാഗ്രത പാലിക്കുക. അത് ചെയ്യുന്നവനെ നരകത്തിൽ മുക്കിത്താഴ്ത്തും. കള്ള സാക്ഷ്യം പറയുന്നതിനെതിരെ നീ പൂർണ ജാഗ്രത പാലിക്കുക. അത് മഹാപാപങ്ങളിൽ പെട്ടതാണ്. അല്ലാഹുവിൽ പങ്കുചേർക്കുന്നതിനോടാണ് നബി(സ) അതിനെ ചേർത്തുവെച്ച് പറഞ്ഞിട്ടുള്ളത്. ഒരു സത്യസാക്ഷ്യം മറച്ചുവെക്കുന്നത് തന്നെ വലിയ പാപമാണെങ്കിൽ, ഇല്ലാത്തത് കെട്ടിച്ചമച്ച് പറയുന്നതിന്റെ ഗൗരവം എത്രത്തോളമായിരിക്കും!. ഖേദിക്കേണ്ടി വരുന്നതിന് മുമ്പ് അല്ലാഹുവിനോട് നാം സുരക്ഷയും കാവലും ചോദിക്കുന്നു.

Questions / Comments:



No comments yet.