നീ മുദ്ഹനത്ത് ഒഴിവാക്കുക. തീർച്ചയായും അത് കുറ്റങ്ങളിൽ പെട്ടതാണ്. തിന്മ ചെയ്യുന്നവനിൽ നിന്നോ മറ്റ് ദുർമാർഗികളിൽ നിന്നോ ലഭിക്കുന്ന പണമോ പദവിയോ ആനുകൂല്യങ്ങളോ നഷ്ടപ്പെടുമെന്ന ഭയം കാരണം മൗനം പാലിക്കുന്നതിനാണ് മുദ്ഹനത്ത് എന്ന് പറയുന്നത്.
വായിക്കാം:
നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് നിനക്ക് നിർബന്ധമാണ്. കാരണം, മതത്തിന്റെ അടിസ്ഥാനം നിലകൊള്ളുന്നത് ഈ അച്ചുതണ്ടിലാണ്. ഇതിനുവേണ്ടിയാണ് അല്ലാഹു വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും നബിമാരെ നിയോഗിച്ചതും. ഇത് അനിവാര്യമായ ഒരു കാര്യമാണെന്നത് മുസ്‌ലിംകൾക്കിടയിൽ ഏകോപിച്ച അഭിപ്രായമാണ്. ഖുർആനിലെയും സുന്നത്തിലെയും വചനങ്ങൾ ഈ കടമ നിർവഹിക്കാൻ കൽപ്പിക്കുകയും ഇത് ഉപേക്ഷിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: "നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്ന് ഉണ്ടായിരിക്കട്ടെ. അവർ തന്നെയാണ് വിജയികൾ".
അല്ലാഹു ഖുർആനിൽ പലയിടങ്ങളിലായി സത്യവിശ്വാസികളെ വിശേഷിപ്പിച്ചിരിക്കുന്നത് അവർ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരാണെന്നാണ്. ചിലയിടങ്ങളിൽ സത്യവിശ്വാസത്തോടൊപ്പവും മറ്റു ചിലയിടങ്ങളിൽ നിസ്കാരം നിലനിർത്തുന്നതിനോടും സകാത്ത് നൽകുന്നതിനോടുമൊപ്പമാണ് അല്ലാഹു ഇത് പറഞ്ഞിട്ടുള്ളത്. അല്ലാഹു പറയുന്നു: "ഇസ്രാഈൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും(അ) മർയമിന്റെ മകൻ ഈസായുടെയും(അ) നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും അതിക്രമം പ്രവർത്തിക്കുകയും ചെയ്തതിനാലാണത്. അവർ ചെയ്തിരുന്ന ദുഷ്പ്രവൃത്തികളിൽ നിന്ന് അവർ പരസ്പരം വിലക്കുമായിരുന്നില്ല. അവർ ചെയ്തുകൊണ്ടിരുന്നത് എത്രയോ ചീത്ത തന്നെ!". അല്ലാഹു വീണ്ടും പറയുന്നു: "നിങ്ങളിൽ നിന്ന് അക്രമം പ്രവർത്തിച്ചവരെ മാത്രം ബാധിക്കാത്തതായ (എല്ലാവർക്കും വന്നെത്തുന്ന) ഒരു ശിക്ഷയെ നിങ്ങൾ ഭയപ്പെടുക".
നബി(സ) പറഞ്ഞു: "നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ തന്റെ കൈകൊണ്ട് അത് തിരുത്തട്ടെ; അതിന് കഴിഞ്ഞില്ലെങ്കിൽ നാവുകൊണ്ട് പറഞ്ഞ് തിരുത്തട്ടെ; അതിനും കഴിഞ്ഞില്ലെങ്കിൽ ഹൃദയം കൊണ്ട് വെറുക്കട്ടെ. അത് ഈമാനിന്റെ ഏറ്റവും ചെറിയ അവസ്ഥയാണ്".
നബി(സ) വീണ്ടും പറഞ്ഞു: "എന്റെ ജീവൻ ആരുടെ കൈയിലാണോ അവനാണ് സത്യം!. ഒന്നുകിൽ നിങ്ങൾ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. അല്ലെങ്കിൽ അല്ലാഹു അവന്റെ പക്കൽ നിന്നുള്ള ശിക്ഷ നിങ്ങൾക്ക് അയച്ചുതരും. അപ്പോൾ നിങ്ങൾ അവനോട് പ്രാർത്ഥിച്ചാലും അവൻ നിങ്ങൾക്ക് ഉത്തരം നൽകുകയില്ല".
നബി(സ) പറഞ്ഞു: "നമ്മിലെ ചെറിയവരോട് കരുണ കാണിക്കാത്തവനും മുതിർന്നവരെ ബഹുമാനിക്കാത്തവനും നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാത്തവനും നമ്മിൽ പെട്ടവനല്ല".
നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക എന്നത് 'ഫർള് കിഫായ' ആകുന്നു. സമൂഹത്തിൽ ചിലർ അത് നിർവഹിച്ചാൽ ബാക്കിയുള്ളവർ കുറ്റക്കാരാകില്ല. എന്നാൽ അത് ചെയ്തവർക്ക് മാത്രമേ അതിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ. ഇനി ആരും അത് നിർവ്വഹിക്കുന്നില്ലെങ്കിൽ, ആ തിന്മയെക്കുറിച്ച് അറിയാവുന്നവരും അത് നീക്കം ചെയ്യാൻ കഴിവുള്ളവരുമായ ലോകത്തുള്ള എല്ലാവരും കുറ്റക്കാരാകും.
ഒരാൾ ഒരു നന്മ ഉപേക്ഷിക്കുന്നതോ അല്ലെങ്കിൽ തിന്മ ചെയ്യുന്നതോ നീ കണ്ടാൽ, നിന്റെ കടമ അത് നന്മയാണെന്നും ഇത് തിന്മയാണെന്നും അയാളെ ബോധ്യപ്പെടുത്തുക എന്നതാണ്. എന്നിട്ടും അയാൾ അത് ഉപേക്ഷിക്കുന്നില്ലെങ്കിൽ നീ അയാളെ ഉപദേശിക്കുകയും താക്കീത് നൽകുകയും വേണം. എന്നിട്ടും അയാൾ പിന്മാറുന്നില്ലെങ്കിൽ ശാരീരികമായി തന്നെ അതിനെ നേരിടണം. അതായത്, നിഷിദ്ധമായ വിനോദ ഉപകരണങ്ങൾ തകർത്തും മദ്യം ഒഴുക്കിക്കളഞ്ഞും അന്യായമായി പിടിച്ചെടുത്ത സമ്പത്ത് അയാളുടെ കൈകളിൽ നിന്ന് യഥാർത്ഥ ഉടമകൾക്ക് തിരികെ വാങ്ങിക്കൊടുത്തുമെല്ലാം അത് തടയണം.
എന്നാൽ ഈ അവസാനത്തെ രീതി അല്ലാഹുവിനുവേണ്ടി എല്ലാം സമർപ്പിക്കാൻ തയ്യാറുള്ളവർക്കോ, അല്ലെങ്കിൽ ഭരണാധികാരികളിൽ നിന്ന് അനുവാദം ലഭിച്ചവർക്കോ മാത്രമേ സ്വയം ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ ആദ്യത്തെ രണ്ട് രീതികൾ; അങ്ങേയറ്റം അറിവില്ലാത്തവനോ അല്ലെങ്കിൽ തീർത്തും അശ്രദ്ധനായ പണ്ഡിതനോ അല്ലാതെ മറ്റാരും അത് ചെയ്യുന്നതിൽ വീഴ്ച വരുത്തുകയില്ല.
നന്മ ഉപദേശിക്കൽ നിർബന്ധമാണ്. നിഷിദ്ധമായ കാര്യങ്ങൾ വിലക്കലും നിർബന്ധമാണ്. സുന്നത്തായ കാര്യങ്ങൾ കൽപ്പിക്കലും കറാഹത്തായ കാര്യങ്ങൾ വിരോധിക്കലും സുന്നത്താകുന്നു.
നീ ഒരു നന്മ കൽപ്പിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്തിട്ട് അവർ അത് കേൾക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, ആ തിന്മ നടക്കുന്ന സ്ഥലം ഉപേക്ഷിക്കലും അത് ചെയ്യുന്നവൻ അല്ലാഹുവിന്റെ കൽപ്പനയിലേക്ക് മടങ്ങുന്നത് വരെ അവനെ അകറ്റി നിർത്തലും നിന്റെ ബാധ്യതയാണ്.
പാപങ്ങളെയും അതിൽ ഉറച്ചുനിൽക്കുന്നവരെയും വെറുക്കലും അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് കോപം കാണിക്കലും നിന്റെ ബാധ്യതയാണ്; ഇത് ഓരോ വിശ്വാസിക്കും നിർബന്ധമാണ്.
നിനക്ക് നേരെ ഒരു അതിക്രമം നടക്കുകയോ നീ അസഭ്യം പറയപ്പെടുകയോ ചെയ്യുമ്പോൾ നിന്റെ മുഖത്ത് ദേഷ്യം പ്രകടമാവുകയും ആ പ്രവൃത്തിയോടും അത് ചെയ്യുന്നവനോടും നിനക്ക് കടുത്ത വെറുപ്പ് തോന്നുകയും ചെയ്യുന്നുണ്ടല്ലോ. എന്നാൽ ഒരു തിന്മ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ നിനക്ക് അതിനേക്കാൾ വലിയ വെറുപ്പ് തോന്നുന്നില്ലെങ്കിൽ നിന്റെ വിശ്വാസം ദുർബലമാണെന്നും, നിന്റെ മതത്തേക്കാൾ നിനക്ക് വലുത് നിന്റെ അഭിമാനവും സമ്പത്തുമാണെന്നും നീ മനസ്സിലാക്കുക.
നീ നന്മ കൽപ്പിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്താൽ അത് ആരും കേൾക്കുകയോ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ, അല്ലെങ്കിൽ അതുവഴി നിന്റെ ശരീരത്തിനോ സമ്പത്തിനോ വ്യക്തമായ ഉപദ്രവം ഉണ്ടാകുമെന്ന് നീ മനസ്സിലാക്കുന്നുവെങ്കിൽ, നിനക്ക് അവിടെ മൗനം പാലിക്കാവുന്നതാണ്. ഈ അവസ്ഥയിൽ നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും 'നിർബന്ധം' എന്നതിൽ നിന്ന് മാറി, അല്ലാഹുവിനോടുള്ള നിന്റെ സ്നേഹത്തെയും അവനെ മറ്റെല്ലാത്തിനേക്കാളും നീ മുൻഗണന നൽകുന്നതിനെയും സൂചിപ്പിക്കുന്ന വലിയൊരു പുണ്യകർമമായി (ഫളീലത്തായി) മാറുന്നു. എന്നാൽ, നീ വിരോധിക്കുന്നത് കാരണം തിന്മ വർദ്ധിക്കുമെന്നോ, അല്ലെങ്കിൽ അതിന്റെ ഉപദ്രവം മറ്റ് മുസ്‌ലിംകളിലേക്ക് വ്യാപിക്കുമെന്നോ നീ മനസ്സിലാക്കുന്നുവെങ്കിൽ, അപ്പോൾ മൗനം പാലിക്കലാണ് ഏറ്റവും ഉചിതം; ചിലപ്പോൾ അത് നിർബന്ധവുമാകും.
നീ മുദ്ഹനത്ത് ഒഴിവാക്കുക. തീർച്ചയായും അത് കുറ്റങ്ങളിൽ പെട്ടതാണ്. തിന്മ ചെയ്യുന്നവനിൽ നിന്നോ മറ്റ് ദുർമാർഗികളിൽ നിന്നോ ലഭിക്കുന്ന പണമോ പദവിയോ ആനുകൂല്യങ്ങളോ നഷ്ടപ്പെടുമെന്ന ഭയം കാരണം മൗനം പാലിക്കുന്നതിനാണ് മുദ്ഹനത്ത് എന്ന് പറയുന്നത്.
നീ നന്മ കൽപ്പിക്കുമ്പോഴും തിന്മ വിരോധിക്കുമ്പോഴും അല്ലാഹുവിനോടുള്ള ആത്മാർത്ഥത, സൗമ്യത, നല്ല സമീപനം, അനുകമ്പ എന്നിവ പ്രകടിപ്പിക്കേണ്ടതുണ്ട്. ഒരു വ്യക്തി താൻ കൽപ്പിക്കുന്ന കാര്യങ്ങൾ സ്വയം പ്രവർത്തിക്കുന്നവനും വിരോധിക്കുന്നവ സ്വയം വെടിയുന്നവനുമായിരിക്കുകയും ഒപ്പം ഈ സവിശേഷതകൾ കൂടി അയാളിൽ ഒത്തുചേരുകയും ചെയ്താൽ, അയാളുടെ വാക്കുകൾക്ക് മറ്റുള്ളവരുടെ ഹൃദയങ്ങളിൽ വലിയ സ്വാധീനവും ഗാംഭീര്യവും ഉണ്ടാകും; കേൾക്കാൻ അത് മധുരതരമായി അനുഭവപ്പെടും. അങ്ങനെയുള്ള വാക്കുകൾ നിരസിക്കപ്പെടുക വളരെ അപൂർവമാണ്. അല്ലാഹുവിനെ എപ്പോഴും ഓർക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും അവന്റെ സൃഷ്ടികളോട് കരുണയോടെ വർത്തിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും ഒരു തിന്മ കണ്ടാൽ അത് ഇല്ലാതാക്കുന്നത് വരെയോ അല്ലെങ്കിൽ അത് തടയാൻ കഴിയാത്ത വിധമുള്ള തടസ്സങ്ങൾ ഉണ്ടാകുന്നത് വരെയോ സ്വയം അടങ്ങിയിരിക്കാൻ കഴിയില്ല.
നീ മറ്റുള്ളവരുടെ രഹസ്യങ്ങൾ അന്വേഷിക്കുന്നത് (തജസ്സുസ്) ഒഴിവാക്കുക. അതായത്, മുസ്‌ലിംകളുടെ രഹസ്യങ്ങളും അവരുടെ മറഞ്ഞുകിടക്കുന്ന പാപങ്ങളും കണ്ടെത്താൻ ശ്രമിക്കുന്നത്.
നബി(സ) പറഞ്ഞു: "തന്റെ മുസ്‌ലിമായ സഹോദരന്റെ ന്യൂനതകൾ ആരെങ്കിലും അന്വേഷിച്ചു നടന്നാൽ, അല്ലാഹു അവന്റെ ന്യൂനതകളും അന്വേഷിക്കും. അങ്ങനെ അല്ലാഹു അവനെ അവന്റെ വീട്ടിനുള്ളിൽ വെച്ചാണെങ്കിൽ പോലും അപമാനിതനാക്കും".
ഒരു പാപം രഹസ്യമായി ചെയ്യപ്പെടുമ്പോൾ, അത് ചെയ്യുന്നവനെ മാത്രമേ അത് ബാധിക്കുകയുള്ളൂ. എന്നാൽ അത് പരസ്യമായി ചെയ്യപ്പെടുകയും അത് തിരുത്തപ്പെടാതിരിക്കുകയും ചെയ്താൽ, അതിന്റെ ദോഷം എല്ലാവരെയും ബാധിക്കും.
നീ താമസിക്കുന്ന സ്ഥലത്ത് പാപങ്ങളും തിന്മകളും വ്യാപകമാവുകയും അവിടെയുള്ളവർ സത്യം സ്വീകരിക്കുമെന്ന പ്രതീക്ഷ നിനക്ക് നഷ്ടപ്പെടുകയും ചെയ്താൽ, നീ അവരിൽ നിന്ന് ഏകാന്തത പാലിക്കുക. കാരണം അതിലാണ് നിനക്ക് സുരക്ഷയുള്ളത്. അല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യുക; അതാണ് ഏറ്റവും ഉത്തമം. കാരണം, ഒരു സ്ഥലത്ത് അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയാൽ, അത് നല്ലവരെയും ചീത്തവരെയും ഒരുപോലെ ബാധിക്കും. എന്നാൽ അല്ലാഹുവിന്റെ മതത്തെ സഹായിക്കുന്നതിൽ വീഴ്ച വരുത്താത്ത ഒരു യഥാർത്ഥ വിശ്വാസിക്ക് അത് പാപമോചനവും കാരുണ്യവുമായി ഭവിക്കും. മറ്റുള്ളവർക്ക് അത് ശിക്ഷയും പ്രതികാരവുമായിരിക്കും. അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയുന്നത് !.