ഇഹലോകത്തോടുള്ള വിരക്തി അഥവാ സുഹ്ദ് എന്നത് അല്ലാഹുവിന്റെ സംരക്ഷണത്തിന്റെയും കാരുണ്യത്തിന്റെയും അടയാളമാണ്. ദുനിയാവിനോടുള്ള അമിത സ്നേഹം എല്ലാ തെറ്റുകളുടെയും തലപ്പത്താണെങ്കിൽ, എല്ലാ പുണ്യങ്ങളുടെയും ആരാധനകളുടെയും തലപ്പത്ത് ഇഹലോക വിരക്തിയാണുള്ളത്. പരിശുദ്ധ ഖുർആനിൽ അല്ലാഹു പലയിടങ്ങളിലായി ഈ ലോകത്തെ 'വഞ്ചനയുടെ വിഭവം' (മതാഉൽ ഗുറൂർ) എന്ന് വിശേഷിപ്പിച്ചത് തന്നെ ഇതിന് ഏറ്റവും വലിയ തെളിവാണ്. 

ഹസൻ ബസ്വരി(റ) പറഞ്ഞു: "ഇഹലോകത്തിൻ്റെ സുഖഭോഗങ്ങൾ പച്ചപിടിച്ചു നിൽക്കുന്ന സസ്യങ്ങൾ പോലെയും പെൺകുട്ടികളുടെ കളിപ്പാട്ടങ്ങളെപ്പോലെയുമാണ്". ശൈഖ് അബൂ ത്വാലിബ് അൽ മക്കി(റ) പറഞ്ഞു: "അല്ലാഹു ഈ ലോകത്തെ 'വഞ്ചനയുടെ വിഭവം' എന്ന് വിളിച്ചത് നശിച്ചുപോകുന്ന വസ്‌തുക്കൾക്കാണ്. അറിവില്ലാത്ത അവിവേകികളല്ലാതെ ബുദ്ധിമാന്മാരായ ആരും തിരിഞ്ഞുനോക്കുകയോ താല്പര്യം കാണിക്കുകയോ ചെയ്യാത്ത വിനോദങ്ങളിലും കളികളിലും മാത്രമായി അല്ലാഹു ഇഹലോകത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. അല്ലാഹു പറയുന്നു: “ഇഹലോക ജീവിതം കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല". 

ഇഹലോകത്തെ യഥാർത്ഥ വിരക്തി എന്നത് ബുദ്ധിയുള്ളവർക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ്. അറിവിന്റെയും ദൃഢവിശ്വാസത്തിന്റെയും പ്രകാശം കൊണ്ട് അല്ലാഹു ആരുടെ ഹൃദയത്തെയാണോ വിശാലമാക്കിയത്, അവർക്കല്ലാതെ ഇത് സാധ്യമാകില്ല. നബി(സ) പറഞ്ഞു: "പ്രകാശം ഹൃദയത്തിൽ പ്രവേശിച്ചാൽ അത് വിശാലമാവുകയും തുറക്കപ്പെടുകയും ചെയ്യും". അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ പ്രവാചകരേ, അതിന് എന്തെങ്കിലും അടയാളമുണ്ടോ?" തിരുനബി(സ) പറഞ്ഞു: "അതെ, വഞ്ചനയുടെ ലോകത്തുനിന്ന് അകലുകയും, ശാശ്വതമായ പരലോകത്തേക്ക് മടങ്ങുകയും, മരണത്തിന് മുമ്പായി അതിനായി ഒരുങ്ങുകയുമാണത്". 

നബി(സ) പറഞ്ഞു: "ഇഹലോകത്തോടുള്ള വിരക്തി ഹൃദയത്തിനും ശരീരത്തിനും ആശ്വാസം നൽകുന്നു, എന്നാൽ ഇഹലോകത്തോടുള്ള അമിത താല്പര്യം ദുഃഖവും ഉത്കണ്ഠയും വർധിപ്പിക്കുന്നു".
തിരുനബി(സ) വീണ്ടും പറഞ്ഞു: "നീ ഇഹലോകത്തോട് വിരക്തി കാണിക്കുക, അല്ലാഹു നിന്നെ സ്നേഹിക്കും. ജനങ്ങളുടെ കൈവശമുള്ളതിനോട് നീ വിരക്തി കാണിക്കുക, ജനങ്ങൾ നിന്നെ സ്നേഹിക്കും". 

സുഹ്ദിന്റെ അടിസ്ഥാനം എന്നത് ദുനിയാവിന്റെ നിസ്സാരതയെയും അതിന്റെ തരംതാഴ്ന്ന അവസ്ഥയെയും തിരിച്ചറിയലാണ്. അല്ലാഹുവിന്റെ അടുക്കൽ ഈ ലോകത്തിന് ഒരു കൊതുകിന്റെ ചിറകിന്റെ അത്രയെങ്കിലും വിലയുണ്ടായിരുന്നുവെങ്കിൽ, അവനിലെ സത്യനിഷേധിക്ക് ഒരിറ്റ് വെള്ളം പോലും അവൻ കുടിക്കാൻ കൊടുക്കുമായിരുന്നില്ല. ഈ ലോകവും അതിലുള്ളവയും ശപിക്കപ്പെട്ടതാണ്, അല്ലാഹുവിനെ ഓർക്കുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളൊഴികെ. 

ഒരാൾക്ക് ജീവൻ നിലനിർത്താൻ ആവശ്യമുള്ളതിൽ കൂടുതൽ ഈ ലോകത്ത് നിന്ന് ലഭിക്കുന്നത്, അവനറിയാതെ തന്നെ അവനെ നാശത്തിലേക്ക് നയിക്കുന്നതാണ്. സുഹ്ദിന്റെ യഥാർത്ഥ ഫലം എന്നത് ബാഹ്യമായി ദുനിയാവിന്റെ സുഖഭോഗങ്ങൾ ഉപേക്ഷിക്കുന്നതോടൊപ്പം, ആന്തരികമായി അതിനോടുള്ള താല്പര്യം ഹൃദയത്തിൽ നിന്ന് മാറ്റുക എന്നതാണ്. 

ദുനിയാവിന്റെ കാരണത്താൽ ഒരു തെറ്റിലും വീഴാതിരിക്കുകയും, ഒരു ആരാധനയും ഉപേക്ഷിക്കാതിരിക്കുകയുമാണ് വിരക്തിയുടെ ഏറ്റവും താഴ്ന്ന പടി. ദുനിയാവിൽ നിന്ന് താൻ ഉപേക്ഷിച്ച കാര്യവും കൈവശം വെച്ചിരിക്കുന്ന കാര്യവും അല്ലാഹുവിന്റെ മാർഗത്തിൽ ഒരുപോലെയായി മാറുന്ന അവസ്ഥയാണ് ഏറ്റവും ഉയർന്ന പടി. ഇതിനിടയിൽ ഒട്ടനവധി പടവുകളുണ്ട്. 

യഥാർത്ഥ വിരക്തിയുള്ളവന്റെ അടയാളങ്ങൾ ഇവയാണ്:
1. തനിക്കുള്ളതിനെക്കണ്ട് അമിതമായി ആഹ്ലാദിക്കാതിരിക്കുക.
2. നഷ്ടപ്പെട്ടതിനെക്കണ്ട് ദുഃഖിക്കാതിരിക്കുക.
3. ദുനിയാവ് സമ്പാദിക്കുന്നതിലും അത് ആസ്വദിക്കുന്നതിലും മുഴുകി തന്റെ നാഥന്റെ അടുത്തുള്ള ഉന്നതമായ കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാതിരിക്കുക. 

നിന്റെ ഹൃദയത്തിൽ നിന്ന് ദീനാറിനോടും ദിർഹത്തോടുമുള്ള(പണത്തോടുള്ള) സ്നേഹം പുറന്തള്ളാൻ നീ ബാധ്യസ്ഥനാണ്. അത് നിന്റെ ഹൃദയത്തിൽ നിന്ന് നീക്കം ചെയ്യണം. അതുപോലെ ജനങ്ങളുടെ ഇടയിലുള്ള സ്ഥാനമാനങ്ങളോടുള്ള സ്നേഹവും, അവരുടെ പുകഴ്ത്തലുകളും ഇല്ലാതാക്കണം. കാരണം, പദവികളോടുള്ള അമിത സ്നേഹം ധനത്തോടുള്ള സ്നേഹത്തേക്കാൾ മനുഷ്യന് ഹാനികരമാണ്. സ്ഥാനമാനങ്ങളോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനം അഹങ്കാരമാണ്. മൃഗങ്ങളുടെ സ്വഭാവമാണത്.
അല്ലാഹു പറഞ്ഞതായി തിരുനബി(സ) ഉദ്ധരിക്കുന്നു: "പ്രതാപം എന്റെ വസ്ത്രവും, അഹങ്കാരം എന്റെ മേലങ്കിയുമാണ്. അതിൽ ഏതെങ്കിലും ഒന്നിൽ ആരെങ്കിലും എന്നോട് മത്സരിച്ചാൽ ഞാൻ അവനെ നരകത്തിലേക്ക് എറിയും." 
നബി(സ) പറഞ്ഞു: "ഒരു ആട്ടിൻകൂട്ടത്തിലേക്ക് അഴിച്ചുവിട്ട രണ്ട് വിശന്ന ചെന്നായ്ക്കൾ ഉണ്ടാക്കുന്ന നാശത്തേക്കാൾ വലുതാണ് സ്ഥാനമാനങ്ങളോടുള്ള ഭ്രമവും പണത്തോടുള്ള ആർത്തിയും ഒരു മുസ്‌ലിമിന്റെ ദീനിന് ഉണ്ടാക്കുന്നത്." 

ദുനിയാവിൽ നിന്ന് വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവയിൽ അത്യാവശ്യമായവ മാത്രം സ്വീകരിച്ച് ബാക്കിയുള്ളവ ഒഴിവാക്കാൻ നീ ബാധ്യസ്ഥനാണ്. ദുനിയാവിന്റെ സുഖഭോഗങ്ങളിൽ മുഴുകിക്കൊണ്ട്, സുഹ്ദ് അവകാശപ്പെടാൻ നിനക്ക് കഴിയില്ല. അല്ലാഹുവിന്റെ അടുക്കൽ വിലപ്പോകാത്ത ന്യായവാദങ്ങൾ നിരത്തി സ്വയം വഞ്ചിതനാകാതിരിക്കുക. അല്ലാഹുവിന്റെ പ്രവാചകരും മറ്റ് അമ്പിയാക്കളും മുൻഗാമികളായ ഇമാമുമാരുമെല്ലാം അനുവദനീയമായ വഴിയിലൂടെ ദുനിയാവ് അനുഭവിക്കാൻ പൂർണ ശേഷിയുണ്ടായിട്ടും അതിൽ നിന്ന് അകന്നുനിന്നവരാണ്. നിനക്ക് ദുനിയാവിൽ വിരക്തി കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ, അതിനോടുള്ള ആഗ്രഹവും അത് നേടാനുള്ള താൽപര്യവും നിനക്കുണ്ടെന്ന് സമ്മതിക്കുന്നതിൽ തെറ്റില്ല. ദുനിയാവിനെ തേടിപ്പിടിക്കുന്നതിനാലോ അതിനെ ആസ്വദിക്കുന്നതിനാലോ മാത്രം നീ പാപിയാകുന്നില്ല; മറിച്ച്, ശരീഅത്ത് നിരോധിച്ച രീതിയിൽ അതിനെ തേടുകയോ ആസ്വദിക്കുകയോ ചെയ്താൽ മാത്രമാണ് നീ കുറ്റക്കാരനാകുന്നത്. എന്നാൽ സുഹ്ദ് അതിനുമപ്പുറമുള്ള ഒരു ഉന്നത ആത്മീയ പദവിയാണ്. 

അല്ലാഹു ഈ ദുനിയാവിൽ ആഡംബരത്തോടെയോ വിപുലമായോ ജീവിക്കൽ നമുക്ക് നിർബന്ധമാക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്ന് ഞാൻ ആലോചിച്ചു പോവുകയാണ്! കാരണം, ഹലാലായ മാർഗത്തിലൂടെ നഗ്നത മറയ്ക്കാനുള്ള വസ്ത്രവും വിശപ്പടക്കാനുള്ള ആഹാരവും പോലും കണ്ടെത്താൻ പ്രയാസകരമായ ഒരു കാലഘട്ടത്തിൽ, അതിനുള്ള കഴിവ് നമുക്ക് എവിടെ നിന്നാണ് ലഭിക്കുക? 
ഇന്നാലില്ലാഹ് !

Questions / Comments:



No comments yet.