എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.
.
വായിക്കാം:
ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലി(റ) പറയുന്നു: "താങ്കൾ സമയത്തെ കൃത്യമായി ചിട്ടപ്പെടുത്തുക. ഓരോ സമയത്തിനും അതിന്റേതായ ദിക്റുകളും ആരാധനകളും (ഔറാദുകൾ) നിശ്ചയിക്കുക. വെറുതെ മേഞ്ഞുനടക്കുന്ന മൃഗങ്ങളെപ്പോലെയാകരുത്. സമയം കിട്ടുമ്പോൾ എന്തെങ്കിലും ചെയ്യാം എന്ന അലസമായ ചിന്ത പാടില്ല. ഓർക്കുക, താങ്കളുടെ ആയുസ്സാണ് താങ്കളുടെ ഏറ്റവും വലിയ മൂലധനം. താങ്കൾ എടുക്കുന്ന ഓരോ ശ്വാസവും വിലമതിക്കാനാവാത്ത രത്നമാണ്. അത് നഷ്ടപ്പെട്ടാൽ പകരം വെക്കാൻ മറ്റൊന്നില്ല."
എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.
ഇബ്‌നു അത്വാഇല്ലാഹി(റ) പറയുന്നു: "മനുഷ്യരിലെ മടുപ്പ് എന്ന സ്വഭാവം അല്ലാഹുവിന് അറിയാവുന്നത് കൊണ്ടാണ് അവൻ ആരാധനകളിൽ വൈവിധ്യം നിശ്ചയിച്ചത്." ഹൃദയത്തെ സംസ്കരിക്കുന്നതിൽ ഇത്തരം പതിവ് ആരാധനകൾക്ക് വലിയ പങ്കുണ്ട്.
മുഴുവൻ സമയവും ആരാധനകൾക്കായി നീക്കിവെക്കാൻ സാധിക്കാത്തവർ, രാപ്പകലുകളിൽ തനിക്ക് സൗകര്യപ്പെടുന്ന നിശ്ചിത സമയം കണ്ടെത്തി ചില പുണ്യകർമങ്ങൾ പതിവാക്കണം. എത്ര തിരക്കുണ്ടായാലും അത് മുടക്കരുത്. ഇനി വല്ലപ്പോഴും മുടങ്ങിയാൽ, അത് പിന്നീട് ചെയ്ത് വീട്ടണം (ഖളാഅ് വീട്ടുക). ശൈഖ് അബ്ദുറഹ്മാൻ അസ്സഖാഫ്(റ) പറയുന്നു: "ആർക്കാണോ പതിവ് ദിക്റുകൾ (വിർദ്) ഇല്ലാത്തത്, അവർക്ക് ആത്മീയമായ വരവും (വാരിദ്) ഉണ്ടാവില്ല"
എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുക. നബി(സ) അരുളിയിട്ടുണ്ട്: "അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കർമം, കുറച്ചാണെങ്കിലും പതിവായി ചെയ്യുന്നതാണ്."
തുടക്കത്തിൽ തന്നെ അമിതമായി ആരാധനകൾ ചെയ്യിപ്പിച്ച്, പിന്നീട് മടുപ്പ് തോന്നിപ്പിച്ച് എല്ലാം ഉപേക്ഷിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് പിശാചിന്റെ തന്ത്രമാണ്. അത് മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ.
സുന്നത്ത് നിസ്കാരങ്ങൾ, ഖുർആൻ പാരായണം, അറിവ് നേടൽ, ദിക്റുകൾ, ചിന്ത എന്നിവയെല്ലാമാണ് ഔറാദുകളിൽ ഉൾപ്പെടുന്നത്. മുൻഗാമികളായ മഹാന്മാർ (സലഫുകൾ) നിശ്ചിത എണ്ണം സുന്നത്ത് നിസ്കാരങ്ങൾ പതിവാക്കിയിരുന്നു. അലി ബിൻ ഹുസൈൻ(റ) ദിവസവും ആയിരം റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാം.
ഇരുളിൽ വിരിയുന്ന വസന്തം
അകം തിളങ്ങുന്ന നേരങ്ങൾ
അറിയുക, നിസ്കാരത്തിന് ബാഹ്യമായ ഒരു രൂപവും (ശരീരം) ആന്തരികമായ ഒരു യാഥാർത്ഥ്യവും (ആത്മാവ്) ഉണ്ട്. ഇവ രണ്ടും പൂർണമാകുമ്പോൾ മാത്രമേ അല്ലാഹുവിന്റെ അടുക്കൽ നിസ്കാരത്തിന് വിലയുണ്ടാവുകയുള്ളൂ.
ബാഹ്യരൂപം: നിർത്തം, ഖുർആൻ പാരായണം, റുകൂഅ്, സുജൂദ്, തസ്ബീഹ് തുടങ്ങിയ കർമങ്ങളും അതിന്റെ മര്യാദകളുമാണത്.
ആന്തരിക യാഥാർത്ഥ്യം: അല്ലാഹുവുമായുള്ള ഹൃദയസാന്നിധ്യം, ഉദ്ദേശ്യശുദ്ധി, അല്ലാഹുവിലേക്ക് മാത്രമായി തിരിയുക, ചിന്തകൾ നിസ്കാരത്തിൽ മാത്രം ഒതുക്കിനിർത്തുക, മനസ്സുകൊണ്ട് പോലും മറ്റൊന്നും ഓർക്കാതിരിക്കുക, അല്ലാഹുവുമായുള്ള രഹസ്യസംഭാഷണത്തിന്റെ (മുനാജാത്) മര്യാദകൾ പാലിക്കുക എന്നിവയാണത്.
നബി(സ) തങ്ങൾ പറഞ്ഞു: "നിസ്കരിക്കുന്നവൻ തന്റെ രക്ഷിതാവിനോട് രഹസ്യസംഭാഷണം നടത്തുകയാണ്."
വീണ്ടും അവിടുന്ന് പറഞ്ഞു: "ഒരടിമ നിസ്കാരത്തിനായി നിന്നാൽ അല്ലാഹു തന്റെ തിരുവജ്ഹ് അവനിലേക്ക് തിരിക്കുന്നതാണ്." നബി(സ)യുടെ ചര്യയിൽ (സുന്നത്ത്) വന്ന നിസ്കാരങ്ങളോ അവിടുന്ന് നിർദേശിച്ച നിസ്കാരങ്ങളോ പൂർണമായി നിർവഹിക്കുന്നത് വരെ, മറ്റു സാധാരണ സുന്നത്തുകളിൽ(നഫ്’ല് മുത്വ്‌ലഖ്) വ്യാപൃതനാകാൻ പാടില്ല.
നിർബന്ധ നിസ്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്തുകൾ പ്രസിദ്ധമാണല്ലോ. അത് കൂടാതെ ശ്രദ്ധിക്കേണ്ട പ്രധാന സുന്നത്തുകൾ താഴെ പറയുന്നവയാണ്:
1. വിത്റ് നിസ്കാരം
ഇത് 'സുന്നത്തു മുഅക്കദ' (ബലപ്പെട്ട സുന്നത്ത്) ആണ്. ചില പണ്ഡിതന്മാർ ഇത് നിർബന്ധമാണെന്ന് പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്.
റസൂൽ(സ) പറഞ്ഞു: "അല്ലാഹു വിത്റ് (ഒറ്റ) ആണ്. അവൻ വിത്റിനെ ഇഷ്ടപ്പെടുന്നു. അതിനാൽ ഖുർആൻ്റെ ആളുകളെ, നിങ്ങളത് നിർവഹിക്കുക" "വിത്ർ സത്യമാണ് (കടമയാണ്), ആരെങ്കിലും വിത്ർ ചെയ്തില്ലെങ്കിൽ അവൻ നമ്മിൽ പെട്ടവനല്ല" തിരുനബി(സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടിയാൽ പതിനൊന്ന് റക്അത്ത്, കുറഞ്ഞത് മൂന്ന് റക്അത്താണ് വിത്റ് നിസ്കരിക്കേണ്ടത്. രാത്രി എഴുന്നേൽക്കുന്ന ശീലമുള്ളവർക്ക് രാത്രിയുടെ അവസാന യാമമാണ് ഉത്തമം. അല്ലാത്തവർ ഇഷാ നിസ്കാരത്തിന് ശേഷം അത് നിർവഹിക്കുക. നബി(സ) പറഞ്ഞു: "നിങ്ങളുടെ രാത്രിയിലെ അവസാന നിസ്കാരം നിങ്ങൾ വിത്റ് ആക്കുക". വിത്ർ നിസ്കാരം: 'വിത്ർ' എന്ന നിയ്യത്തോടുകൂടി മൂന്ന് റക്അതുകൾ നിസ്കരിക്കുക. അതിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്‌ലാ യും, രണ്ടാമത്തേതിൽ സൂറത്തുൽ കാഫിറൂൻ ഉം, മൂന്നാമത്തേതിൽ സൂറത്തുൽ ഇഖ്‌ലാസും മുഅവ്വിദത്തൈനിയും പാരായണം ചെയ്യുക.
2. ളുഹാ നിസ്കാരം
ഏറെ പുണ്യങ്ങളും ഉപകാരങ്ങളുമുള്ള അനുഗ്രഹീതമായ നിസ്കാരമാണിത്.
കൂടിയാൽ 8 റക്അത്ത് (12 എന്നും അഭിപ്രായമുണ്ട്). കുറഞ്ഞത് 2 റക്അത്തുമാണ് നിസ്കരിക്കേണ്ടത്. പകൽ ചൂടുപിടിച്ചു തുടങ്ങുന്ന സമയമാണ് (ഉദയം കഴിഞ്ഞ് അല്പസമയം കഴിഞ്ഞ് ളുഹർ വരെ) ഇതിന് ഏറ്റവും ഉചിതം. നബി(സ) പറഞ്ഞു: "നിങ്ങളുടെ ഓരോ സന്ധികൾക്കും ധർമമുണ്ട് (സ്വദഖ). സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്ന് ചൊല്ലുന്നതൊക്കെ ധർമമാണ്. നന്മ കൽപ്പിക്കലും തിന്മ തടയലും ധർമമാണ്. എന്നാൽ, ളുഹാ സമയത്ത് രണ്ട് റക്അത്ത് നിസ്കരിക്കുന്നത് ഇതിനെല്ലാം പകരമാകും."
3. അവ്വാബീൻ നിസ്കാരം (മഗ്‌രിബിനും ഇശാഇനും ഇടയിൽ)
മഗ്‌രിബിനും ഇശാഇനും ഇടയിലുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്. കൂടിയാൽ ഇരുപത് റക്അത്തും മധ്യം ആറ് റക്അത്തുമാണ് അവ്വാബീൻ നിസ്കാരം.
നബി(സ) പറഞ്ഞു: "ആരെങ്കിലും രണ്ട് ഇശാഉകൾക്കിടയിൽ (മഗ്‌രിബ്-ഇശാ) രണ്ട് റക്അത്ത് നിസ്കരിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീട് പണിയും."
"ആരെങ്കിലും മഗ്‌രിബിന് ശേഷം 6 റക്അത്ത് നിസ്കരിക്കുകയും, അതിനിടയിൽ മോശമായതൊന്നും സംസാരിക്കാതിരിക്കുകയും ചെയ്താൽ 12 വർഷത്തെ ആരാധനക്ക് തുല്യമാണത്"
ഈ സമയം ആരാധനകൾ കൊണ്ട് സജീവമാക്കുന്നത് സുന്നത്താണ്. അഹമ്മദ് ബിൻ അബിൽ ഹവാരി(റ) തന്റെ ഗുരു അബൂ സുലൈമാൻ(റ)വിനോട് ചോദിച്ചു: "പകൽ സുന്നത്ത് നോമ്പ് എടുക്കുന്നതാണോ അതോ മഗ്‌രിബ്-ഇശാ സമയം ഇബാദത്ത് ചെയ്യുന്നതാണോ ഉത്തമം?" ഗുരു പറഞ്ഞു: "രണ്ടും ഒരുമിച്ച് ചെയ്യൂ." ശിഷ്യൻ പറഞ്ഞു: "നോമ്പ് തുറക്കാനുള്ള തിരക്ക് കാരണം എനിക്കതിന് കഴിയില്ല." ഗുരു ഉപദേശിച്ചു: "എങ്കിൽ പകൽ സുന്നത്ത് നോമ്പ് ഒഴിവാക്കി ഈ സമയം നീ ഉപയോഗപ്പെടുത്തുക" (അത്രക്കും മഹത്തരമാണ് ഈ സമയം).
4. തഹജ്ജുദ്
രാത്രിയിലുള്ള നിസ്‌കാരം (തഹജ്ജുദ്) താങ്കൾ പതിവാക്കുക. കാരണം, തിരുനബി(സ) അരുളിയിരിക്കുന്നു:
"നിർബന്ധ നിസ്‌കാരങ്ങൾക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായത് രാത്രിയിലെ നിസ്‌കാരമാണ്."
വീണ്ടും അവിടുന്ന്(സ) പറഞ്ഞു:
"പകൽ നിസ്കരിക്കുന്നതിനേക്കാൾ രാത്രി നിസ്കാരത്തിനുള്ള ശ്രേഷ്ഠത, പരസ്യമായി ധർമം ചെയ്യുന്നതിനേക്കാൾ രഹസ്യമായി ധർമം ചെയ്യുന്നതിന് എത്രത്തോളം മഹത്വമുണ്ടോ അതിനു തുല്യമാണ്."
(പരസ്യമായ ദാനത്തേക്കാൾ എഴുപത് മടങ്ങ് പ്രതിഫലം രഹസ്യമായ ദാനത്തിനുണ്ടെന്ന് പ്രമാണങ്ങളിൽ വന്നിട്ടുണ്ട്.)
നബി(സ) തങ്ങൾ വീണ്ടും ഉണർത്തുന്നു:
"നിങ്ങൾ രാത്രി നിസ്കാരം പതിവാക്കുക. കാരണം, അത് നിങ്ങൾക്ക് മുൻപുള്ള സജ്ജനങ്ങളുടെ പതിവും നിങ്ങളുടെ നാഥനിലേക്ക് അടുക്കാനുള്ള മാർഗവുമാണ്. അത് തിന്മകളെ മായ്ച്ചുകളയുന്നതും പാപങ്ങളിൽ നിന്ന് തടയുന്നതും ശരീരത്തിൽ നിന്ന് രോഗങ്ങളെ അകറ്റുന്നതുമാണ്.”
അറിയുക, ഇശാ നിസ്കാരത്തിന് ശേഷം ആര് നിസ്കരിച്ചാലും അത് 'ഖിയാമുല്ലൈൽ' (രാത്രി നിസ്കാരം) ആയി പരിഗണിക്കപ്പെടും. എന്നാൽ, ഉറങ്ങി എഴുന്നേറ്റ ശേഷം രാത്രിയിൽ നിസ്കരിക്കുന്നതാണ് (തഹജ്ജുദ്) ഏറ്റവും ശ്രേഷ്ഠം. അത് നമ്മുടെ നഫ്സിനോടും (ദേഹേച്ഛ) പിശാചിനോടും ചെയ്യുന്ന ഒരു പോരാട്ടമാണ്. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് തന്റെ റബ്ബിന് മുന്നിൽ നിൽക്കുന്ന അടിമയെ നോക്കി അല്ലാഹു മലക്കുകളോട് അഭിമാനം പറയാറുണ്ട്.
അറിയുക, പരലോകം ലക്ഷ്യമാക്കുന്ന ഒരാൾക്ക് രാത്രി നിസ്കാരം ഇല്ലാതിരിക്കുന്നത് വളരെ മോശമായ കാര്യമാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന സമയത്ത് അതിൽ നിന്ന് മുഖം തിരിച്ചു നിൽക്കുന്ന ഒരാൾക്ക് എങ്ങനെയാണ് യഥാർത്ഥ 'മുരീദ്' (ആത്മീയ അന്വേഷകൻ) ആകാൻ സാധിക്കുക?
നബി(സ) അരുളിയിട്ടുണ്ട്: "രാത്രിയിൽ ഒരു പ്രത്യേക സമയമുണ്ട്; ആ സമയത്ത് ഒരു മുസ്‌ലിം ചോദിക്കുന്ന ഐഹികവും പാരത്രികവുമായ ഏത് നന്മയും അല്ലാഹു നൽകിയിരിക്കും. എല്ലാ രാത്രിയിലും ആ സമയമുണ്ട്."
ചില മുൻഗാമികൾ പറഞ്ഞതായി കാണാം: "എന്നെ സ്നേഹിക്കുന്നു എന്ന് വാദിക്കുകയും, രാത്രിയായാൽ എന്നെ വിട്ട് ഉറങ്ങുകയും ചെയ്യുന്നവൻ കള്ളം പറയുന്നവനാണ്. സ്നേഹിതൻ സ്നേഹിതനുമായി നിർജനമായിരിക്കാൻ ഇഷ്ടപ്പെടില്ലേ?"
ഇമാം ഇസ്മാഈൽ ബിൻ ഇബ്രാഹിം അൽ ജബറൂതി(റ) പറഞ്ഞു: "എല്ലാ നന്മകളും രാത്രിയിലാണ് ഒരുമിച്ചുകൂട്ടിയിരിക്കുന്നത്. ഔലിയാക്കൾക്കുള്ള സ്ഥാനമാനങ്ങൾ ലഭിച്ചതും രാത്രിയിലാണ്."
നബി(സ) പറഞ്ഞു: "രാത്രിയുടെ അവസാന മൂന്നിലൊരു ഭാഗം ആകുമ്പോൾ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും (അവന്റെ കാരുണ്യം വർഷിക്കും). എന്നിട്ട് ചോദിക്കും: എന്നോട് പ്രാർത്ഥിക്കുന്നവരുണ്ടോ? ഞാൻ ഉത്തരം നൽകാം. പാപമോചനം തേടുന്നവരുണ്ടോ? ഞാൻ പൊറുത്തുനൽകാം. ചോദിക്കുന്നവരുണ്ടോ? ഞാൻ നൽകാം..."
അല്ലാഹുവിനെ സ്നേഹിക്കുന്നവർക്ക് രാത്രിയിലുള്ള ആനന്ദം, വിനോദങ്ങളിൽ ഏർപ്പെടുന്നവർക്ക് അവരുടെ വിനോദങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്: "സ്വർഗവാസികൾ ഇങ്ങനെയൊരു ആനന്ദത്തിലാണ് (രാത്രി നിസ്കാരത്തിലെ ആനന്ദം പോലെ) കഴിയുന്നതെങ്കിൽ അവരുടെ ജീവിതം എത്ര മനോഹരമാണ്!". "രാത്രി എന്നൊന്ന് ഇല്ലായിരുന്നെങ്കിൽ ഈ ലോകത്ത് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുമായിരുന്നില്ല" എന്നും അവർ പറഞ്ഞിട്ടുണ്ട്.
രാത്രി നമസ്കാരത്തിൽ ഇന്ന സൂറത്തുകൾ മാത്രമേ ഓതാവൂ എന്ന് നിർബന്ധമില്ല. നിങ്ങൾക്ക് മന:പാഠമുള്ള എളുപ്പമുള്ള സൂറത്തുകൾ ഓതാം. ഖുർആൻ ഓതുമ്പോൾ മനസ്സിന് ഉണർവ് ലഭിക്കുന്ന രീതിയിൽ പാരായണം ചെയ്യുക.
നബി(സ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ അധികവും 11 അല്ലെങ്കിൽ 13 റക്അത്തുകളാണ്. 7, 9 റക്അത്തുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, ഉറക്കമുണർന്നാൽ കൈകൊണ്ട് മുഖം തടവി ഉറക്കച്ചടവ് മാറ്റുക. ശേഷം "അൽഹംദുലില്ലാഹില്ലദീ അഹ്‌യാനാ..." എന്ന ദുആ ചൊല്ലുക. ആലു ഇംറാൻ സൂറത്തിലെ അവസാന ആയത്തുകൾ ഓതുക, പല്ലുതേക്കുക, വുളൂ എടുക്കുക. നിസ്കാരം തുടങ്ങുമ്പോൾ ലഘുവായ രണ്ട് റക്അത്തുകൾ കൊണ്ട് തുടങ്ങുക. ശേഷം ഈരണ്ട് റക്അത്തുകളായി (സലാം വീട്ടി) നിസ്കരിക്കുക.