ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. ആർക്കാണോ അല്ലാഹു അതിലേക്കുള്ള വഴി തുറന്നുകൊടുത്തത്, അവൻ രാപകൽ ഭേദമന്യേ അത് പാരായണം ചെയ്താലും മതിവരില്ല. കാരണം, അവനതിൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്തുന്നു.
വായിക്കാം:
അറിയുക, ഖുർആൻ പാരായണത്തിന് വലിയ മഹത്വമുണ്ട്. ഹൃദയത്തെ പ്രകാശപൂരിതമാക്കുന്നതിൽ അതിന് വല്ലാത്തൊരു സ്വാധീനമാണുള്ളത്. നബി(സ) തങ്ങൾ പറഞ്ഞിരിക്കുന്നു: "എൻ്റെ സമുദായത്തിൻ്റെ ഏറ്റവും ഉത്തമമായ ആരാധന ഖുർആൻ പാരായണം ചെയ്യലാണ്."
അലി (റ) പറയുന്നു: "ആരെങ്കിലും നിസ്കാരത്തിൽ നിന്നുകൊണ്ട് ഖുർആൻ പാരായണം ചെയ്താൽ, ഓരോ അക്ഷരത്തിനും നൂറ് നന്മകൾ വീതം അവന് ലഭിക്കും. നിസ്കാരത്തിൽ ഇരുന്നുകൊണ്ടാണ് പാരായണമെങ്കിൽ അമ്പത് നന്മകളും, നിസ്കാരത്തിന് പുറത്ത് വുളവോടു കൂടിയാണെങ്കിൽ ഇരുപത്തിയഞ്ചും, വുളൂ ഇല്ലാതെയാണെങ്കിൽ പത്ത് നന്മകൾ വീതവും അവന് ലഭിക്കുന്നതാണ്."
സൂക്ഷിക്കുക, അർത്ഥം ചിന്തിക്കാതെയും സാവകാശം പാരായണം ചെയ്യാതെയും, എണ്ണം തികക്കാൻ വേണ്ടി മാത്രം അധികം ഓതിക്കൂട്ടുക എന്നത് നിന്റെ ലക്ഷ്യമാവരുത്. പാരായണം ചെയ്യുമ്പോൾ, ആശയങ്ങൾ ചിന്തിച്ചും ഗ്രഹിച്ചും സാവകാശത്തിലാക്കുക. അല്ലാഹുവിൻ്റെ മഹത്വം നിൻ്റെ ഹൃദയത്തിൽ കൊണ്ടുവരിക.
അല്ലാഹുവിന്റെ ഏകത്വത്തെയും മഹത്വത്തെയും കുറിച്ചുള്ള വരികൾ ഓതുമ്പോൾ നിന്റെ മനസ്സ് ആദരവ് കൊണ്ട് നിറയണം. വാഗ്ദാനങ്ങളെയും താക്കീതുകളെയും കുറിച്ചുള്ള വരികൾ ഓതുമ്പോൾ സ്വർഗത്തോടുള്ള ആഗ്രഹവും നരകത്തെക്കുറിച്ചുള്ള ഭയവും നിനക്കുണ്ടാവണം.
കൽപനകളും വിലക്കുകളും ഓതുമ്പോൾ, അല്ലാഹുവിന് നന്ദി പറയുകയും സ്വന്തം വീഴ്ചകൾ സമ്മതിച്ച് മാപ്പിരക്കുകയും പാപമോചനം തേടുകയും വേണം.
അറിയുക, ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. രാവും പകലും അത് പാരായണം ചെയ്യുന്നതിൽ അവനൊരിക്കലും മടുപ്പനുഭവപ്പെടുകയില്ല. കാരണം, അവൻ ആഗ്രഹിച്ചതെല്ലാം അതിൽ അവൻ കണ്ടെത്തിയിരിക്കുന്നു. അവൻ തേടിയ ലക്ഷ്യങ്ങളെല്ലാം അതിൽ നിന്നും അവന് ലഭിച്ചിരിക്കുന്നു. സത്യസന്ധനായ ഒരു അന്വേഷിയുടെ (മുരീദിന്റെ) സവിശേഷതയാണിത്.
പ്രത്യേക സമയങ്ങളിൽ പാരായണം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട സൂറത്തുകളും ആയത്തുകളും പതിവാക്കാൻ നീ ശ്രദ്ധിക്കുക.
എല്ലാ രാത്രിയിലും ഉറങ്ങുന്നതിന് മുമ്പ് സൂറത്തു സജദ, മുൽക്, വാഖിഅ എന്നീ സൂറത്തുകൾ ഓതുക.
തിങ്കളാഴ്ച രാവിലും വെള്ളിയാഴ്ച രാവിലും ദുഖാൻ, കഹ്ഫ് എന്നീ സൂറത്തുകൾ ഓതുക.
സാധിക്കുമെങ്കിൽ എല്ലാ രാത്രിയിലും രക്ഷ നൽകുന്ന ഏഴ് സൂറത്തുകൾ (അൽ മുൻജിയാത്ത്) പാരായണം ചെയ്യുക. അതൊരു വലിയ പുണ്യമാണ്.
അതുപോലെ, പ്രഭാതത്തിലും സായാഹ്നത്തിലും ഹദീദ് സൂറത്തിന്റെ ആദ്യഭാഗവും ഹശ്റ് സൂറത്തിന്റെ അവസാനഭാഗവും പാരായണം ചെയ്യുക. ഇഖ്‌ലാസ്, ഫലഖ്, നാസ് എന്നീ സൂറത്തുകൾ രാവിലെയും വൈകുന്നേരവും മൂന്ന് തവണ വീതം ഓതുക. ഉറങ്ങാൻ നേരത്തും മേൽപ്പറഞ്ഞ മൂന്ന് സൂറത്തുകളും (ഇഖ്‌ലാസ്, ഫലഖ്, നാസ്), ഒപ്പം ആയത്തുൽ കുർസിയ്യ്, കാഫിറൂൻ എന്നിവയും പാരായണം ചെയ്യുക. അവസാനം ‘ആമന റസൂൽ’ (ബഖറ സൂറത്തിലെ അവസാന ഭാഗം) ഓതിക്കൊണ്ട് നിന്റെ പാരായണം അവസാനിപ്പിക്കുക. സത്യത്തിലേക്ക് വഴിനടത്തുന്നവൻ അല്ലാഹുവാണ് !.
ആത്മാവിന്റെ അക്ഷരവഴികൾ
നിത്യജീവിതത്തിൽ പ്രയോജനപ്രദമായ അറിവുകൾ വായിക്കുന്നതിനായി നീ ഒരു നിശ്ചിത സമയം നീക്കിവെക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ സത്തയെക്കുറിച്ചും (ദാത്ത്), അവന്റെ ഗുണവിശേഷണങ്ങളെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും നിനക്ക് അറിവ് വർദ്ധിപ്പിച്ചുതരുന്നവയായിരിക്കണം ആ വായന. അത് അല്ലാഹുവിൻ്റെ കല്പനകളും വിരോധനകളും നിനക്ക് പഠിപ്പിച്ചുതരുന്നതും, ഐഹിക ലോകത്തോട് വിരക്തിയും പരലോകത്തോട് ആഗ്രഹവും ജനിപ്പിക്കുന്നതും, സ്വന്തം മനസ്സിന്റെ ന്യൂനതകളും പിശാചിന്റെ ചതിപ്രയോഗങ്ങളും നിനക്ക് കാണിച്ചുതരുന്നതുമായിരിക്കണം.
വിശുദ്ധ ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അറിവുകളാണിത്. മഹാനായ ഇമാം ഗസ്സാലി(റ) തന്റെ ഗ്രന്ഥങ്ങളിൽ ഇവ വളരെ കൃത്യമായി ക്രോഡീകരിച്ചിട്ടുണ്ട്. ദീനിനെക്കുറിച്ച് ഉൾക്കാഴ്ചയും ഉറച്ച ബോധ്യവുമുള്ളവർക്ക് ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ അതിന്റെ മഹത്വം ബോധ്യപ്പെടും. ആത്മീയ പാതയിൽ (ത്വരീഖത്ത്) സഞ്ചരിക്കാൻ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ ആ ഗ്രന്ഥ പാരായണം നീ പതിവാക്കുക. ചുരുങ്ങിയ സമയം കൊണ്ട് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ ഗസ്സാലി ഇമാമിന്റെ രചനകൾക്ക് സവിശേഷമായ കഴിവുണ്ട്.
ശ്രദ്ധിക്കുക, ഹദീസ് ഗ്രന്ഥങ്ങളും തഫ്സീറുകളും, അതുപോലെ മഹാന്മാരായ സൂഫികളുടെ പൊതുവായ ഗ്രന്ഥങ്ങളും ധാരാളമായി വായിക്കുക. അത് ആത്മീയമായ വലിയൊരു തുറവിയും പൂർണമായ വഴിയുമാണ്.
എന്നാൽ, അവ്യക്തമായ കാര്യങ്ങളും സങ്കീർണമായ തത്വങ്ങളും അടങ്ങിയ രിസാലകളിൽ നിന്ന് നീ മാറിനിൽക്കണം. ശൈഖ് ഇബ്നു അറബി(റ)യുടെ മിക്ക ഗ്രന്ഥങ്ങളിലും, ഇമാം ഗസ്സാലി(റ)യുടെ തന്നെ ചില രിസാലകളിലും (ഉദാഹരണത്തിന് മിഅ്റാജുസ്സാലികീൻ, അൽ മള്നൂൻ പോലുള്ളവ) ഇത്തരം കാര്യങ്ങളുണ്ട്. ശൈഖ് സർറൂഖ്(റ) തന്റെ "തഅ്സീസുൽ ഖവാഇദ്" എന്ന ഗ്രന്ഥത്തിൽ ഇത്തരം പുസ്തകങ്ങൾ വായിക്കുന്നതിനെതിരെ പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈഖ് അബ്ദുൽ കരീം അൽ ജീലിയുടെ ഗ്രന്ഥങ്ങളും ഇതിൽപ്പെടും. സുരക്ഷിതത്വം ആഗ്രഹിക്കുന്നവർ അവ ഒഴിവാക്കുന്നതാണ് അഭികാമ്യം.
"ഈ പുസ്തകങ്ങൾ വായിക്കുന്നത് കൊണ്ട് എനിക്കൊരു കുഴപ്പവുമില്ല, എനിക്ക് മനസ്സിലാകുന്ന കാര്യങ്ങൾ ഞാൻ എടുക്കും, മനസ്സിലാകാത്ത കാര്യങ്ങൾ അത് പറഞ്ഞയാൾക്ക് തന്നെ വിട്ടുകൊടുക്കുകയും ചെയ്യുമെന്ന്" ആരെങ്കിലും പറഞ്ഞേക്കാം.
അവരോടുള്ള മറുപടി: "നീ പറഞ്ഞത് ന്യായം തന്നെ. പക്ഷെ, നിനക്ക് മനസ്സിലായി എന്ന് നീ തെറ്റിദ്ധരിക്കുകയും, അങ്ങനെ അറിയാതെ തന്നെ നീ നേരായ പാതയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുമോ എന്നാണ് നമ്മൾ ഭയപ്പെടുന്നത്. മുമ്പ് ഇത്തരം കിതാബുകൾക്ക് പിന്നാലെ പോയ പലരും അങ്ങനെ വഴിതെറ്റുകയും നിരീശ്വരവാദത്തിലും അധാർമികതയിലും ചെന്നുപെടുകയും ചെയ്തിട്ടുണ്ട്.” അല്ലാഹുവിലാണ് സർവ ശക്തിയും!.