വുളൂഅ് എടുക്കുമ്പോഴെല്ലാം രണ്ട് റക്അത്ത് നിസ്‌കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പള്ളിയിൽ ഇരിക്കുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും വിജ്ഞാനം നേടുമ്പോഴും ദിക്റുകൾ ചൊല്ലാൻ ഇരിക്കുമ്പോഴും മറ്റ് ആരാധനാ കർമങ്ങളിലേർപ്പെടുമ്പോഴും വുളൂഅ് ഉണ്ടായിരിക്കാൻ പരമാവധി പരിശ്രമിക്കുക.

വായിക്കാം:


ബാഹ്യവും ആന്തരികവുമായ ശുചിത്വം കാത്തുസൂക്ഷിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ശുചിത്വം പൂർണമാക്കിയ ഒരാൾ തന്റെ ശരീരവും രൂപവും കൊണ്ട് ഭൗതികനായ മനുഷ്യനാണെങ്കിലും, തന്റെ ആത്മാവും രഹസ്യസ്വഭാവവും കൊണ്ട് ഒരു ആത്മീയ മാലാഖയായി മാറുന്നു. അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞിട്ടുണ്ട്: "ദീൻ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ശുചിത്വത്തിന്മേലാണ്”. അവിടുന്ന് വീണ്ടും പറഞ്ഞു: "നിശ്ചയം അല്ലാഹു ശുദ്ധിയുള്ളവനാണ്, അവൻ ശുചിത്വത്തെ ഇഷ്ടപ്പെടുന്നു."

ആന്തരിക ശുചിത്വം നേടുന്നത്, അഹങ്കാരം, ലോകമാന്യം, അസൂയ, ഭൗതികലോകത്തോടുള്ള അതിയായ സ്നേഹം തുടങ്ങിയ ദുർഗുണങ്ങളിൽ നിന്ന് മനസ്സിനെ സംസ്കരിച്ചുകൊണ്ടാണ്. കൂടാതെ വിനയം, ലജ്ജ, ആത്മാർത്ഥത, ഔദാര്യം തുടങ്ങിയ സൽഗുണങ്ങൾ കൊണ്ട് അതിനെ അലങ്കരിക്കുകയും വേണം. ഈ സ്വഭാവഗുണങ്ങളുടെ യാഥാർത്ഥ്യങ്ങളും, ദുർഗുണങ്ങളിൽ നിന്ന് മുക്തി നേടാനുള്ള വഴികളും, സൽഗുണങ്ങൾ നേടിയെടുക്കാനുള്ള മാർഗങ്ങളും ഇമാം ഗസ്സാലി(റ) തന്റെ 'ഇഹ്‌യാ ഉലൂമുദ്ദീൻ' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം പകുതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതിനാൽ, അത് മനസ്സിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുക.

ബാഹ്യമായ ശുചിത്വമാകട്ടെ, വിലക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലൂടെയും കൽപ്പിക്കപ്പെട്ട കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലൂടെയുമാണ് കരസ്ഥമാകുന്നത്. അതിനാൽ, സൽകർമങ്ങൾ പതിവാക്കിക്കൊണ്ട് തന്റെ ബാഹ്യരൂപത്തെ അലങ്കരിക്കുകയും, സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തന്റെ ആന്തരികതയെ സജീവമാക്കുകയും ചെയ്യുന്നവന്റെ ശുചിത്വം പൂർണമായിരിക്കുന്നു. അല്ലാത്തവന്, മോശമായ കർമങ്ങളിലും ദുഷ്ടസ്വഭാവങ്ങളിലും അവൻ എത്രത്തോളം അകലെയാണോ, നല്ല കാര്യങ്ങളോട് എത്രത്തോളം അടുത്താണോ എന്നതനുസരിച്ചായിരിക്കും അവനിൽ ശുചിത്വത്തിന്റെ പങ്ക്.

ശരീരം പുറന്തള്ളുന്ന അനാവശ്യ കാര്യങ്ങളും അഴുക്കുകളും നീക്കം ചെയ്യുന്നതിനും ചെറിയ അശുദ്ധി വലിയ അശുദ്ധി എന്നിവയിൽ നിന്ന് ശുദ്ധിയാകുന്നതിനും മതം നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ ബാഹ്യ ശുചിത്വത്തിന്റെ ഭാഗമാണ്. അതിൽ പെട്ട മറ്റു ചില കാര്യങ്ങൾ, ഗുഹ്യരോമം നീക്കം ചെയ്യുക, കക്ഷത്തിലെ രോമം പറിക്കുകയോ വടിക്കുകയോ ചെയ്യുക,
മീശ വെട്ടുക, നഖം മുറിക്കുക എന്നിവയാണ്.

നഖം മുറിക്കുമ്പോഴുള്ള സുന്നത്തായ ക്രമം:
കൈകളിലെ നഖം: വലതുകൈയുടെ ചൂണ്ടുവിരലിൽ തുടങ്ങി ചെറുവിരലിൽ അവസാനിപ്പിക്കുക. തുടർന്ന് ഇടതുകൈയുടെ ചെറുവിരലിൽ തുടങ്ങി തള്ളവിരലിൽ അവസാനിപ്പിക്കുക. ഏറ്റവും ഒടുവിൽ വലതുകൈയുടെ തള്ളവിരലിലെ നഖം മുറിക്കുക.
കാലുകളിലെ നഖം: വുളൂഅ് ചെയ്യുമ്പോൾ വിരലുകൾക്കിടയിൽ കഴുകുന്നതുപോലെ, വലതുകാലിന്റെ ചെറുവിരലിൽ തുടങ്ങി ഇടതുകാലിന്റെ ചെറുവിരലിൽ അവസാനിപ്പിക്കണം.
മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നത് നാൽപത് ദിവസത്തിലധികം വൈകിപ്പിക്കുന്നത് കറാഹത്താണ്.

മറ്റു ശുചിത്വ കാര്യങ്ങൾ:
ശരീരത്തിലെ മടക്കുകളിലും കുഴികളിലും അടിഞ്ഞുകൂടുന്ന അഴുക്കുകൾ വെള്ളം ഉപയോഗിച്ച് കഴുകിത്തുടയ്ക്കുക, കണ്ണുകളിൽ അടിഞ്ഞുകൂടുന്ന പീള, മൂക്കിലെ അഴുക്ക്, പല്ലുകൾക്കിടയിൽ കുടുങ്ങുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുക എന്നിവയും ഇതിൽ ഉൾപ്പെടുന്നതാണ്.

മിസ്‌വാക്ക് (ബ്രഷ്) ഉപയോഗിച്ച് വായ വൃത്തിയാക്കാൻ നീ പ്രത്യേകം ശ്രദ്ധിക്കണം. അത് അറാക്ക് മരത്തിന്റേതാകുന്നതാണ് ഏറ്റവും ഉത്തമം. ആരാധനകളിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുമ്പോൾ ഇതിന് കൂടുതൽ പ്രാധാന്യമുണ്ട്. വസ്ത്രങ്ങൾ അഴുക്കാകുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

വൃത്തിയുമായി ബന്ധപ്പെട്ട സുന്നത്തുകൾ:
താടിരോമങ്ങളിൽ എണ്ണ പുരട്ടുന്നതും ചീർപ്പ് ഉപയോഗിച്ച് ചീകി ഒതുക്കുന്നതും സുന്നത്താണ്. അതുപോലെത്തന്നെ ശരീരത്തിൽ നിലനിർത്താൻ ഉദ്ദേശിക്കുന്ന എല്ലാ രോമങ്ങളും (തലമുടി ഉൾപ്പെടെ) ഇങ്ങനെ ശ്രദ്ധിക്കേണ്ടതാണ്. 'ഇസ്മിദ്' ഉപയോഗിച്ച് ഓരോ കണ്ണിലും മൂന്ന് തവണ വീതം സുറുമയെഴുതുന്നതും ഇതിൽ പെടുന്നു. നബി(സ) എല്ലാ രാത്രിയിലും ഇപ്രകാരം സുറുമയെഴുതാറുണ്ടായിരുന്നു. 

കൂടാതെ, സുഗന്ധം ഉപയോഗിക്കുന്നതും അത് ധാരാളമായി പുരട്ടുന്നതും സുന്നത്താണ്. കാരണം, മനുഷ്യനിൽ ഉണ്ടാകാൻ സാധ്യതയുള്ള ദുർഗന്ധങ്ങളെ അത് ഇല്ലാതാക്കുന്നു. ജുമുഅക്കും മറ്റ് ഇസ്‌ലാമിക കൂട്ടായ്മകളിലും പങ്കെടുക്കുമ്പോൾ ഇതിന് കൂടുതൽ പ്രാധാന്യമുണ്ട്.
അല്ലാഹുവിന്റെ റസൂൽ(സ) സുഗന്ധത്തെ വളരെയധികം ഇഷ്ടപ്പെടുകയും അത് ധാരാളമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ജനങ്ങൾ ഇത് കണ്ട് പിൻപറ്റാൻ വേണ്ടി അവിടുന്ന് ഇങ്ങനെ ചെയ്തിരുന്നതിനാൽ, ചിലപ്പോൾ നബി(സ)യുടെ തലമുടിയുടെ വകച്ചിലിൽ സുഗന്ധദ്രവ്യത്തിന്റെ തിളക്കം വരെ കാണാമായിരുന്നു. അല്ലാത്തപക്ഷം, ബാഹ്യമായ ഒരു സുഗന്ധദ്രവ്യത്തിന്റെയും ആവശ്യമില്ലാത്തവിധം തിരുനബി(സ) യുടെ ശരീരത്തിന് തന്നെ സ്വാഭാവികമായ ഒരു സുഗന്ധമുണ്ടായിരുന്നു. അവിടുത്തെ വിയർപ്പുത്തുള്ളികൾ ശേഖരിച്ച് സ്വഹാബത്ത് സുഗന്ധമായി ഉപയോഗിച്ചിരുന്നു എന്നത് ഇതിന് തെളിവാണ്. പുരുഷന്മാർ സുഗന്ധം ഉപയോഗിക്കുമ്പോൾ നിറം വെളിവാകാത്തതും എന്നാൽ വാസന പ്രകടമാകുന്നതുമായവ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ സ്ത്രീകൾക്ക് ഇതിന്റെ നേർവിപരീതമാണ് (നിറം പ്രകടമാകുന്നതും വാസന പുറത്തേക്ക് വമിക്കാത്തതും) അഭികാമ്യം.

നിങ്ങൾ എല്ലാവിധ നജസുകളിൽ നിന്നും അകന്നുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നനവോടെ നജസായ എന്തെങ്കിലും നിങ്ങളുടെ മേൽ പുരണ്ടാൽ ഒട്ടും വൈകാതെ അത് കഴുകി വൃത്തിയാക്കുക.
നിങ്ങൾക്ക് വലിയ അശുദ്ധി ഉണ്ടായാൽ ഉടൻ തന്നെ കുളിച്ചു ശുദ്ധിയാകാൻ ധൃതി കാണിക്കണം. കാരണം, വലിയ അശുദ്ധിക്കാരൻ അല്ലാഹുവിന്റെ സന്നിധിയിൽ നിന്നും അകറ്റപ്പെട്ടവനാണ്. അതുകൊണ്ടാണ് അത്തരം അവസ്ഥയിൽ പള്ളിയിൽ ഇരിക്കുന്നതും ഖുർആൻ പാരായണം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടത്.
വലിയ അശുദ്ധിയുള്ള ആളുള്ള വീട്ടിൽ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് വന്നിട്ടുണ്ട്. മലക്കുകൾ അകന്നുപോയാൽ, പിന്നീട് എല്ലാ ഭാഗത്തുനിന്നും പിശാചുക്കൾ അവിടെ കടന്നുവരും. വലിയ അശുദ്ധിയോടെ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും നിങ്ങൾ സൂക്ഷിക്കുക. അങ്ങനെ ചെയ്യുന്നത് പലവിധത്തിലുള്ള വിപത്തുകൾക്കും കാരണമായേക്കാം. ഇനി അഥവാ നിങ്ങൾക്ക് അപ്പോൾ തന്നെ കുളിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഗുഹ്യഭാഗങ്ങൾ കഴുകി വുളൂഅ് എടുക്കുകയെങ്കിലും വേണം.

ഓരോ ഫർള് നിസ്കാരത്തിനും വുളൂഅ് പുതുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ പരിശ്രമിക്കുക. വുളൂഅ് നഷ്ടപ്പെടുമ്പോഴെല്ലാം അത് പുതുക്കുകയും ചെയ്യുക. കാരണം, വുളൂഅ് ഒരു വിശ്വാസിയുടെ ആയുധമാണ്. ആയുധം സജ്ജമായിരിക്കുമ്പോൾ ശത്രു നിങ്ങളുടെ അടുത്തേക്ക് വരാൻ ധൈര്യപ്പെടുകയില്ലല്ലോ.

ഒരിക്കൽ ഒരാൾ ശൈഖ് അബുൽ ഹസൻ അശ്ശാദുലി(റ)വിന്റെ അടുക്കൽ വന്ന്, തനിക്ക് 'കീമിയാഅ്' (രസവാദം അഥവാ സ്വർണം നിർമിക്കാനുള്ള വിദ്യ) പഠിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ ശൈഖ് അദ്ദേഹത്തോട് ഒരു വർഷം തന്റെ കൂടെ താമസിക്കാൻ കൽപ്പിച്ചു. കൂടാതെ, വുളൂഅ് നഷ്ടപ്പെടുമ്പോഴെല്ലാം അത് പുതുക്കണമെന്നും അതിനുശേഷം രണ്ട് റക്അത്ത് നിസ്കരിക്കണമെന്നും ഒരു നിബന്ധനയും വെച്ചു. ഒരു വർഷത്തിന് ശേഷം അത് പഠിപ്പിച്ചുതരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
അങ്ങനെ ആ ഒരു വർഷം പൂർത്തിയായപ്പോൾ, ആ മനുഷ്യൻ വെള്ളമെടുക്കാനായി ഒരു കിണറിനരികിലേക്ക് പോയി. എന്നാൽ അദ്ദേഹം കോരിയെടുത്ത തൊട്ടി നിറയെ സ്വർണമായിരുന്നു.! പക്ഷേ, ലൗകികമായ ആ സമ്പത്തിനോട് യാതൊരു താൽപര്യവുമില്ലാതെ അദ്ദേഹം അത് കിണറ്റിലേക്ക് തന്നെ ഒഴിച്ചുകളഞ്ഞു. ശേഷം അദ്ദേഹം ശൈഖിന്റെ അടുത്ത് വന്ന് ഈ വിവരം അറിയിച്ചു. അപ്പോൾ ശൈഖ് അദ്ദേഹത്തോട് പറഞ്ഞു: "ഇപ്പോൾ താങ്കൾ പൂർണമായും ഒരു 'കീമിയാഅ്' ആയി മാറിയിരിക്കുന്നു." തുടർന്ന് ശൈഖ് അദ്ദേഹത്തെ ഒരു പ്രബോധകനായി നിയമിക്കുകയും ചെയ്തു.

വുളൂഅ് എടുക്കുമ്പോഴെല്ലാം രണ്ട് റക്അത്ത് നിസ്‌കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പള്ളിയിൽ ഇരിക്കുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും വിജ്ഞാനം നേടുമ്പോഴും ദിക്റുകൾ ചൊല്ലാൻ ഇരിക്കുമ്പോഴും മറ്റ് ആരാധനാ കർമങ്ങളിലേർപ്പെടുമ്പോഴും വുളൂഅ് ഉണ്ടായിരിക്കാൻ പരമാവധി പരിശ്രമിക്കുക.

നിങ്ങൾ വുളൂഓ കുളിയോ നിർവഹിക്കുമ്പോൾ അതിലെ നിർബന്ധ കാര്യങ്ങൾ മാത്രം പൂർത്തിയാക്കി അവസാനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മറിച്ച്, നബ (സ)യുടെ കുളിയെയും വുളൂഇനെയും കുറിച്ച് നിങ്ങൾക്ക് ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തിൽ, അവയിലെ സുന്നത്തുകളും മര്യാദകളും പൂർണമായി പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

വലിയ അശുദ്ധി ഉണ്ടായിട്ടില്ലെങ്കിലും ശരീര ശുദ്ധി ലക്ഷ്യമാക്കി ചില പ്രത്യേക സമയങ്ങളിൽ കുളിക്കേണ്ടതുണ്ട്. വെള്ളിയാഴ്ച ജുമുഅക്ക് ഹാജരാകുന്നവർ അന്ന് കുളിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹദീസിൽ വന്നിട്ടുണ്ട്. അതിനാൽ നീ അത് പതിവാക്കുക. ശരീര ശുദ്ധിക്ക് ആ കുളി മതിയായതാണ് എങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിലും ചില വ്യക്തികളുടെ കാര്യത്തിലും കൂടുതൽ ശുചീകരണം ആവശ്യമായി വന്നേക്കാം.

വുളൂഅ് ചെയ്തു കഴിഞ്ഞാലും കുളിച്ചു കഴിഞ്ഞാലും നീ ഇപ്രകാരം പറയുക:
أشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله
(അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു).

Questions / Comments:



No comments yet.