നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരുപക്ഷേ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തായിരിക്കാം അങ്ങനെ പറയുന്നത്, അത് നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.

വായിക്കാം:

ഒരാൾ നിങ്ങൾക്ക് എന്തെങ്കിലും നന്മ ചെയ്താൽ, അത് സന്തോഷത്തോടെ സ്വീകരിക്കുകയും അവനോട് നന്ദി കാണിക്കുകയും അതിന് തത്തുല്യമായ പ്രത്യുപകാരം ചെയ്യുകയും ചെയ്യുക. അതിന് സാധിക്കുന്നില്ലെങ്കിൽ, അവനുവേണ്ടി പ്രാർത്ഥിക്കുക. തിരുനബി(സ) പറഞ്ഞു: "ആരെങ്കിലും നിങ്ങൾക്ക് ഒരു സമ്മാനം നൽകിയാൽ നിങ്ങൾ അത് സ്വീകരിക്കുക. അതിന് പകരമായി നൽകാൻ നിങ്ങളുടെ പക്കൽ ഒന്നുമില്ലെങ്കിൽ അവനുവേണ്ടി പ്രാർത്ഥിക്കുക". മറ്റൊരു ഹദീസിൽ നബി(സ) പറഞ്ഞു: "ആരെങ്കിലും നിങ്ങൾക്ക് ഒരു ഉപകാരം ചെയ്താൽ അവന് പ്രത്യുപകാരം ചെയ്യുക, അതിന് കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ അവന് തത്തുല്യമായത് നൽകി എന്ന് നിങ്ങൾക്ക് ബോധ്യമാകുന്നത് വരെ അവനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക". നബി(സ) വീണ്ടും പറഞ്ഞു: "തനിക്ക് നന്മ ചെയ്തവനോട് ജസാക്കല്ലാഹു ഖൈറൻ (അല്ലാഹു നിങ്ങൾക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ) എന്ന് ആരെങ്കിലും പറഞ്ഞാൽ, അവൻ നന്ദിപ്രകടനത്തിന്റെ ഏറ്റവും ഉന്നതമായ രൂപമാണ് നിർവ്വഹിച്ചത്”.

ഒരാൾ നിങ്ങൾക്ക് നൽകുന്ന ഉപകാരം നിരസിച്ച് അവന്റെ ഹൃദയം തകർക്കുന്നത് നിങ്ങൾ സൂക്ഷിക്കുക. നിങ്ങളിലേക്ക് ആ നന്മ എത്തിക്കുന്നത് യഥാർത്ഥത്തിൽ അല്ലാഹുവാണെന്ന് നിങ്ങൾ മനസ്സിലാക്കുക. അല്ലാഹുവിന്റെ ഒരു സൃഷ്ടി അതിനൊരു നിമിത്തമാകുന്നു എന്ന് മാത്രം. നിങ്ങൾ ചോദിക്കാതെയും ആഗ്രഹിക്കാതെയും എന്തെങ്കിലും ലഭിച്ചാൽ അത് നിരസിക്കരുത്, കാരണം അത് അല്ലാഹുവിങ്കൽ നിന്നുള്ളതാണ്.
സമ്മാനങ്ങൾ നിരസിക്കുന്നതിൽ വലിയൊരു വിപത്തുണ്ട്. അങ്ങനെ ചെയ്യുന്നത് തങ്ങളോടുള്ള അഹങ്കാരമോ പുച്ഛമോ കൊണ്ടാണെന്ന് സാധാരണക്കാർ കരുതിയേക്കാം. ഇക്കാലത്ത് ഭൗതികതയോട് താൽപര്യമില്ലെന്ന് നടിക്കുന്ന അഥവാ സുഹ്ദ് ഭാവിക്കുന്ന ചിലർ അത്തരം കാര്യങ്ങൾ ചെയ്യാറുണ്ട്. അതുകൊണ്ട്, മുൻഗാമികളായ ചില മഹാന്മാർ ജനങ്ങളുടെ കൈകളിൽ നിന്ന് പരസ്യമായി സമ്മാനങ്ങൾ സ്വീകരിക്കുകയും എന്നിട്ട് രഹസ്യമായി അത് ദാനം ചെയ്യുകയും ചെയ്തിരുന്നു.

ചില സാഹചര്യങ്ങളിൽ പാരിതോഷികങ്ങൾ നിരസിക്കുന്നത് നിർബന്ധമോ സുന്നത്തോ ആകാം. അതായത്, ആ വസ്തു നിഷിദ്ധമായ മാർഗത്തിൽ സമ്പാദിച്ചതാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിലോ അല്ലെങ്കിൽ ശക്തമായ സംശയമുണ്ടെങ്കിലോ ആണ്. അല്ലെങ്കിൽ അത് സ്വദഖ ആണെന്നും എന്നാൽ നിങ്ങൾ അതിന് അർഹനല്ലെന്നും നിങ്ങൾക്ക് അറിയാമെങ്കിൽ.
നിങ്ങൾക്ക് സമ്മാനം നൽകുന്നയാൾ വലിയൊരു അതിക്രമിയാണെങ്കിൽ, അവന്റെ സമ്മാനം സ്വീകരിക്കുന്നത് നിങ്ങളുടെ ഹൃദയം അവനിലേക്ക് ചായുന്നതിനോ, അല്ലെങ്കിൽ മതപരമായ കാര്യങ്ങളിൽ അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനോ കാരണമാകുമെന്ന് ഭയപ്പെടുന്ന സാഹചര്യത്തിൽ. ഇങ്ങനെയുള്ളവരിൽ നിന്ന് യാതൊന്നും സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതം.
ഒരാൾ നിങ്ങൾക്ക് പാരിതോഷികങ്ങൾ നൽകുന്നത് നിങ്ങളെ വഴിപിഴപ്പിക്കാനോ, അസത്യത്തിന് കൂട്ടുനിൽക്കാനോ, അല്ലെങ്കിൽ ഒരു സത്യം മറച്ചുവെക്കാനോ വേണ്ടിയാണെന്ന് നിങ്ങൾക്കറിയാമെങ്കിൽ അത് നിരസിക്കണം. ന്യായാധിപന്മാർക്കും, ഉദ്യോഗസ്ഥർക്കും മറ്റും തങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി നൽകുന്ന കൈക്കൂലി ഈ വിഭാഗത്തിൽ പെടുന്നു. ഇങ്ങനെയുള്ള എല്ലാ സാഹചര്യങ്ങളിലും അത് നിരസിക്കൽ നിങ്ങൾക്ക് നിർബന്ധമാണ്.

നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരുപക്ഷേ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തായിരിക്കാം അങ്ങനെ പറയുന്നത്, അത് നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും. നബി(സ) പറഞ്ഞു: "നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ നിങ്ങൾ പ്രാർത്ഥിക്കരുത്. അല്ലാഹു ഉത്തരം നൽകുന്ന സമയവുമായി അത് ഒത്തുവന്നേക്കാം".

ഒരു മുസ്‌ലിമിനെ അന്യായമായി ദ്രോഹിക്കുന്നതോ അസഭ്യം പറയുന്നതോ നിങ്ങൾ കർശനമായി സൂക്ഷിക്കുക. തിരുനബി(സ) പറഞ്ഞു: "ഒരു മുസ്‌ലിമിനെ ശപിക്കുന്നത് അവനെ കൊല്ലുന്നതിന് തുല്യമാണ്". കൂടാതെ അവിടുന്ന് പറഞ്ഞു: "ഒരു സത്യവിശ്വാസിയെ അസഭ്യം പറയുന്നത് ദുർമാർഗവും അവനോട് യുദ്ധം ചെയ്യുന്നത് അവിശ്വാസവുമാണ്".
ഒരു മുസ്‌ലിമിനെയോ, മൃഗത്തെയോ, ജീവനില്ലാത്ത വസ്തുക്കളെയോ ശപിക്കുന്നത് നിങ്ങൾ സൂക്ഷിക്കുക. ഫിർഔൻ, അബൂജഹൽ എന്നിവരെപ്പോലെ അവിശ്വാസിയായാണ് ഒരാൾ മരിച്ചതെന്ന് ഉറപ്പില്ലെങ്കിൽ ഒരു വ്യക്തിയെ പേരെടുത്ത് ശപിക്കരുത്. അന്യായമായി ഒരാളുടെ വായിൽ നിന്ന് ഒരു ശാപം പുറപ്പെട്ടാൽ അത് ആകാശത്തേക്ക് ഉയരുകയും അതിൻ്റെ വാതിലുകൾ അടക്കപ്പെടുകയും ചെയ്യും. പിന്നെ അത് ഭൂമിയിലേക്ക് വരും, അവിടെയും വാതിലുകൾ അടക്കപ്പെടും. തുടർന്ന് അത് ശപിക്കപ്പെട്ട വ്യക്തിയിലേക്ക് പോകും. അവൻ അതിന് അർഹനാണെങ്കിൽ അവിടെ നിൽക്കും. അല്ലെങ്കിൽ ആ ശാപം ശപിച്ചവനിലേക്ക് തന്നെ മടങ്ങുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

സത്യവിശ്വാസികളുടെ ഹൃദയങ്ങൾ തമ്മിൽ ഇണക്കമുണ്ടാക്കുകയും അവർക്കിടയിൽ പരസ്പരം സ്നേഹം വളർത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്. അവരുടെ നന്മകൾ വെളിപ്പെടുത്തുകയും പോരായ്മകൾ മറച്ചുവെക്കുകയും ചെയ്യുക.
അവർക്കിടയിൽ ഐക്യം ഉണ്ടാക്കേണ്ടതും നിങ്ങളുടെ ബാധ്യതയാണ്. കാരണം, ആളുകൾക്കിടയിൽ സമാധാനം ഉണ്ടാക്കുന്നത് സുന്നത്തായ നിസ്കാരം, നോമ്പ് എന്നിവയെക്കാൾ പുണ്യമുള്ള കാര്യമാണ്. പ്രത്യേകിച്ച് മാതാപിതാക്കൾ, മക്കൾ, ബന്ധുക്കൾ എന്നിവർക്കിടയിൽ. അല്ലാഹു പറയുന്നു: "തീർച്ചയായും സത്യവിശ്വാസികൾ സഹോദരന്മാരാണ്, അതിനാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക".

പരദൂഷണം, ഏഷണി തുടങ്ങിയവയിലൂടെ ആളുകൾക്കിടയിലുള്ള ബന്ധം തകർക്കുന്നത് നിങ്ങൾ സൂക്ഷിക്കുക!. കാരണം അത് അല്ലാഹുവിങ്കൽ വലിയ ശിക്ഷ ലഭിക്കുന്ന കാര്യമാണ്. കുഴപ്പമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാളുടെ വാക്കുകൾ മറ്റൊരാളിലേക്ക് എത്തിച്ചു കൊടുക്കലാണ് ഏഷണി. തിരുനബി(സ) പറഞ്ഞു: "ഏഷണി പറയുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല". അവിടുന്ന് വീണ്ടും പറഞ്ഞു: "അല്ലാഹുവിന് ഏറ്റവും കോപമുള്ളവർ, പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി ഏഷണി പറഞ്ഞു നടക്കുന്നവരാണ്".
ഒരാളുടെ അസാന്നിധ്യത്തിൽ, അവന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ അവനെക്കുറിച്ച് പറയലാണ് പരദൂഷണം. അത് സംസാരത്തിലൂടെയോ ആംഗ്യത്തിലൂടെയോ എഴുത്തിലൂടെയോ ആകാം. തിരുനബി(സ) പറഞ്ഞു: "ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ രക്തവും സമ്പത്തും മാനവും നിഷിദ്ധമാണ്". നബി (സ) പറഞ്ഞു: "പരദൂഷണം വ്യഭിചാരത്തേക്കാൾ ഗൗരവമുള്ളതാണ്". മൂസാ നബി(അ)ക്ക് അല്ലാഹു നൽകിയ ബോധനത്തിൽ ഇങ്ങനെ കാണാം: "പരദൂഷണത്തിൽ നിന്ന് പശ്ചാത്തപിച്ച് മരിക്കുന്നവനാണ് സ്വർഗത്തിൽ അവസാനം പ്രവേശിക്കുക. അതിൽ ഉറച്ചുനിന്ന് മരിക്കുന്നവനാകട്ടെ നരകത്തിൽ ആദ്യം പ്രവേശിക്കുന്നവനുമായിരിക്കും".

അതിക്രമങ്ങളെ നിങ്ങൾ ഭയപ്പെടുക. അന്ത്യനാളിൽ അത് കൂരിരുട്ടായിരിക്കും. പ്രത്യേകിച്ച് അല്ലാഹു ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത, മനുഷ്യരോടുള്ള അതിക്രമങ്ങളെ നിങ്ങൾ സൂക്ഷിക്കുക. തിരുനബി(സ) ചോദിച്ചു: "എന്റെ സമുദായത്തിലെ പാപ്പരായവൻ (മുഫ്‌ലിസ്) ആരാണെന്ന് നിങ്ങൾക്കറിയാമോ?. അന്ത്യനാളിൽ നിസ്കാരവും നോമ്പും സക്കാത്തുമൊക്കെയായി ധാരാളം പുണ്യകർമങ്ങളുമായി വരുന്നവനാണവൻ. എന്നാൽ അവൻ ഒരാളെ ചീത്തവിളിച്ചിട്ടുണ്ടാകും, മറ്റൊരാളെ അപവാദം പറഞ്ഞിട്ടുണ്ടാകും, വേറൊരാളുടെ സമ്പത്ത് അന്യായമായി എടുത്തിട്ടുണ്ടാകും, ഒരാളെ കൊന്നിട്ടുണ്ടാകും, മറ്റൊരാളെ മർദ്ദിച്ചിട്ടുണ്ടാകും. അപ്പോൾ അവന്റെ പുണ്യകർമങ്ങൾ അവർക്കെല്ലാം വീതിച്ചു നൽകപ്പെടും. അവന്റെ ബാധ്യതകൾ തീരുന്നതിന് മുമ്പ് പുണ്യങ്ങൾ തീർന്നുപോയാൽ, അവരുടെ പാപങ്ങൾ എടുത്ത് ഇവന്റെ മേൽ ഇടുകയും, തുടർന്ന് അവനെ നരകത്തിലേക്ക് വലിച്ചെറിയുകയും ചെയ്യും".

അതിനാൽ, നിങ്ങൾ ആരെയെങ്കിലും അന്യായമായി ഉപദ്രവം ചെയ്തിട്ടുണ്ടെങ്കിൽ, പ്രതികാരം ചെയ്യപ്പെടുന്നതിന് മുമ്പ് അതിൽ നിന്ന് മോചനം നേടാൻ വേഗത്തിൽ ശ്രമിക്കുക. നിങ്ങൾ എടുത്തത് സമ്പത്താണെങ്കിൽ അത് തിരികെ നൽകുക. പണമോ ദിനാറോ ഇല്ലാത്ത, നന്മതിന്മകൾ മാത്രം പരിഗണിക്കപ്പെടുന്ന ഒരു ദിവസം വരുന്നതിന് മുമ്പ് അവനോട് മാപ്പ് ചോദിച്ച് പ്രശ്നം പരിഹരിക്കുക. നിങ്ങൾക്ക് അവനെ കണ്ടെത്താനോ പരിഹരിക്കാനോ സാധിക്കുന്നില്ലെങ്കിൽ, അല്ലാഹുവിലേക്ക് ആത്മാർത്ഥമായി തിരിയുക, നിങ്ങളുടെ എതിരാളിയെ നിങ്ങളിൽ നിന്ന് തൃപ്തിപ്പെടുത്താൻ അല്ലാഹുവിനോട് കേഴുക, കൂടാതെ നിങ്ങൾ ഉപദ്രവിച്ച ആൾക്ക് വേണ്ടി ധാരാളമായി പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്യുക.
ഒരു മുസ്‌ലിമിന്റെ അസാന്നിധ്യത്തിൽ അവന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നൽകുക എന്നത് നിങ്ങളുടെ ബാധ്യതയാണ്. നിങ്ങൾ അവരെ സഹായിക്കുന്നതുപോലെ അല്ലാഹു നിങ്ങളെയും സഹായിക്കും. ആരെങ്കിലും ഒരു മുസ്‌ലിമിനെ കൈവിട്ടാൽ അല്ലാഹു അവനെയും കൈവിടും.

Questions / Comments:



No comments yet.