ഏറ്റവും ശ്രേഷ്ഠമായ ദിക്ർ നാവുകൊണ്ടും ഹൃദയം കൊണ്ടും ഒന്നിച്ചു ചെയ്യുന്നതാണ്. നാവു കൊണ്ടുമാത്രം ചെയ്യുന്നത് നന്മയാണെങ്കിലും ഹൃദയം കൂടെ ചേരുമ്പോഴാണ് അത് പൂർണമാവുക. ശബ്ദം താഴ്ത്തി ചൊല്ലുന്നതാണോ ഉറക്കെ ചൊല്ലുന്നതാണോ ഉത്തമം എന്നത്, ചൊല്ലുന്നവന്റെ ഹൃദയസാന്നിധ്യത്തിന് ഏതാണോ കൂടുതൽ ഉതകുന്നത് എന്നതിനനുസരിച്ചാണിരിക്കുക
വായിക്കാം:
അറിയുക, ആത്മീയ പാതയുടെ ആണിക്കല്ലും, ഹഖീഖത്തിലേക്കുള്ള താക്കോലും, ആത്മീയ അന്വേഷകന്റെ ആയുധവുമാണ് ദിക്ർ. ആരിഫീങ്ങൾ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. അല്ലാഹു പറയുന്നു: "നിങ്ങൾ എന്നെ ഓർക്കുക, എന്നാൽ ഞാൻ നിങ്ങളെയും ഓർക്കും".
കൂടാതെ അവൻ പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക".
നബി(സ) തങ്ങൾ പറഞ്ഞു: അല്ലാഹു പറയുന്നു; "എന്റെ അടിമ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നുവോ അവിടെയാണ് ഞാൻ. അവൻ എന്നെ ഓർത്താൽ ഞാനും അവനോടൊപ്പമുണ്ടാകും. അവൻ എന്നെ മനസ്സിൽ ഓർത്താൽ ഞാൻ അവനെയും മനസ്സിൽ ഓർക്കും (അല്ലാഹു അവനുള്ള പ്രതിഫലവും കാരുണ്യവും രഹസ്യമായി നൽകി അനുഗ്രഹിക്കും). അവൻ എന്നെ ഒരു സദസ്സിൽ വെച്ച് ഓർത്താൽ അവരുടേതിനേക്കാൾ ഉത്തമമായ ഒരു സദസ്സിൽ വെച്ച് (മലക്കുകൾക്കിടയിൽ) ഞാൻ അവനെയും സ്മരിക്കും".
നബി(സ) ചോദിച്ചു: അല്ലാഹുവിന്റെ അടുക്കൽ ഏറ്റവും ശ്രേഷ്ഠവും നിങ്ങളുടെ പദവികൾ ഉയർത്തുന്നതും സ്വർണവും വെള്ളിയും ധർമം ചെയ്യുന്നതിനേക്കാളും ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിനേക്കാളും ഉത്തമമായ ഒരു കാര്യത്തെക്കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ?. സ്വഹാബികൾ ചോദിച്ചു: അതെന്താണ് നബിയേ?. അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കലാണത്". ദിക്റിന് വലിയ മാധുര്യവും ഫലങ്ങളുമുണ്ട്. അത് അനുഭവിക്കുന്നവന്, അതല്ലാത്ത മറ്റെല്ലാ ഭൗതിക സുഖങ്ങളും നിസ്സാരമായി തോന്നും.
ശുദ്ധിയോടുകൂടി, ഖിബ്‌ലക്ക് അഭിമുഖമായി, തല കുനിച്ച്, അടക്കത്തോടും ഒതുക്കത്തോടും കൂടിയിരുന്ന്, ഭയഭക്തിയോടെ ദിക്ർ ചൊല്ലിയാൽ അതിന്റെ വെളിച്ചം ഹൃദയത്തിൽ പ്രകടമാവുകയും മറഞ്ഞ രഹസ്യങ്ങൾ വെളിപ്പെടുകയും ചെയ്യും.
ഏറ്റവും ശ്രേഷ്ഠമായ ദിക്ർ നാവുകൊണ്ടും ഹൃദയം കൊണ്ടും ഒന്നിച്ചു ചെയ്യുന്നതാണ്. നാവു കൊണ്ടുമാത്രം ചെയ്യുന്നത് നന്മയാണെങ്കിലും ഹൃദയം കൂടെ ചേരുമ്പോഴാണ് അത് പൂർണമാവുക.
ശബ്ദം താഴ്ത്തി ചൊല്ലുന്നതാണോ ഉറക്കെ ചൊല്ലുന്നതാണോ ഉത്തമം എന്നത്, ചൊല്ലുന്നവന്റെ ഹൃദയസാന്നിധ്യത്തിന് ഏതാണോ കൂടുതൽ ഉതകുന്നത് എന്നതിനനുസരിച്ചാണിരിക്കുക. ഏത് അവസ്ഥയിലായാലും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ കൊണ്ട് നിന്റെ നാവ് എപ്പോഴും നനഞ്ഞിരിക്കാൻ നീ പരിശ്രമിക്കുക. ഒരേയൊരു ദിക്റിൽ മാത്രം ഒതുങ്ങിനിൽക്കാതെ എല്ലാത്തരം ആരാധനകളിലും നിനക്കൊരു പങ്കുണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
നിസ്കാരങ്ങൾക്ക് ശേഷവും രാവിലെയും വൈകുന്നേരവും ഉറങ്ങുമ്പോഴും ഉണരുമ്പോഴും ചൊല്ലാനുള്ള ദിക്റുകളും പ്രാർത്ഥനകളും മുറുകെ പിടിക്കുക. ഇഹപര വിജയത്തിനും തിന്മകളിൽ നിന്ന് രക്ഷപ്പെടാനും ഇത് കാരണമാകും.
ഇതനുസരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ഇമാം നവവി(റ)യുടെ 'അൽ അദ്കാർ' എന്ന ഗ്രന്ഥം പാരായണം ചെയ്യട്ടെ.
ഓരോ ഫർള് നിസ്കാരശേഷവും
"اللهم أعني على ذكرك وشكرك وحسن عبادتك”
(അല്ലാഹുവേ, നിന്നെ സ്മരിക്കാനും നിനക്ക് നന്ദി ചെയ്യാനും നിനക്ക് ഭംഗിയായി ആരാധന ചെയ്യാനും എന്നെ നീ സഹായിക്കേണമേ) എന്ന് പ്രാർത്ഥിക്കുക.
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ എന്നിവ മുപ്പത്തിമൂന്ന് പ്രാവശ്യം വീധം ചൊല്ലി അവസാനം "ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു" എന്ന് ചൊല്ലി നൂറ് തികയ്ക്കുക. ഇത് പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകും.
മഗ്രിബ്,സുബ്ഹ് നിസ്കാരങ്ങൾക്ക് ശേഷം
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ،
لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
എന്നത് പത്ത് തവണ ചൊല്ലുക.
രാവിലെയും വൈകുന്നേരവും "സുബ്ഹാനല്ലാഹി വബിഹംദിഹി…" എന്ന് നൂറ് തവണ ചൊല്ലുക.
അല്ലാഹുവിനും റസൂലിനും ഇടയിലുള്ള ബന്ധം നിലനിർത്താൻ നീ നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് പതിവാക്കുക.
നബി(സ) പറഞ്ഞു: "ആരെങ്കിലും എന്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ മേൽ പത്ത് അനുഗ്രഹങ്ങൾ വർഷിക്കും".
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: "നിശ്ചയമായും അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും അവിടുത്തെ മേൽ സ്വലാത്തും സലാമും ചൊല്ലുവിൻ".
വെള്ളിയാഴ്ച രാവും പകലും എന്റെ പേരിൽ സ്വലാത്ത് വർദ്ധിപ്പിക്കുക എന്ന് നബി(സ) പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. "അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തവൻ എന്റെ പേരിൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കും".
ചിന്തയുടെ ചിറകിലേറി നാഥനിലേക്ക്
അറിയുക, രാപ്പകലുകളിൽ ഒരൽപസമയം ചിന്തയ്ക്കും മനനത്തിനുമായി (തഫക്കുർ) നീ നീക്കിവെക്കേണ്ടത് അനിവാര്യമാണ്. രാത്രിയുടെ നിശബ്ദതയിലും അന്ത്യയാമങ്ങളിലുമാണ് ചിന്തയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.
ഭൗതികവും പാരത്രികവുമായ കാര്യങ്ങളുടെ നന്മയും വിജയവും ആശ്രയിച്ചിരിക്കുന്നത് ശരിയായ ചിന്തയെ അടിസ്ഥാനമാക്കിയാണ്. പ്രമാണങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്: "ഒരു മണിക്കൂർ നേരത്തെ ചിന്ത, ഒരു വർഷത്തെ ആരാധനയേക്കാൾ ഉത്തമമാണ്."
അലി(റ) പറയുന്നു: "ചിന്തയോളം മികച്ച മറ്റൊരു ആരാധനയുമില്ല." ആത്മജ്ഞാനികളായ ചിലർ പറഞ്ഞിട്ടുണ്ട്: “ചിന്ത ഹൃദയത്തിന്റെ വെളിച്ചമാണ്; അതില്ലെങ്കിൽ ഹൃദയം ഇരുളടഞ്ഞതായിരിക്കും.”
ചിന്തയുടെ വഴികൾ നിരവധിയാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത്,
ഒന്ന്: അല്ലാഹുവിന്റെ അത്ഭുതകരമായ സൃഷ്ടികളെക്കുറിച്ചും പ്രകടവും പരോക്ഷവുമായ അവന്റെ കഴിവുകളെക്കുറിച്ചും ഭൂമിയിലും ആകാശങ്ങളിലുമായി അവൻ സംവിധാനിച്ചിട്ടുള്ള ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കുക എന്നതാണ്.
ഇത്തരം ചിന്തകൾ അല്ലാഹുവിന്റെ സത്തയെയും വിശേഷണങ്ങളെയും നാമങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കും. പരിശുദ്ധ ഖുർആനിലൂടെ അല്ലാഹു ഇതിനായി പ്രേരിപ്പിക്കുന്നുണ്ട്: "നബിയേ പറയുക, ആകാശങ്ങളിലും ഭൂമിയിലും എന്തെല്ലാമാണുള്ളതെന്ന് നിങ്ങൾ നോക്കിക്കാണുക."
അതുപോലെ തന്നെ നിങ്ങളുടെ സ്വന്തം ശരീരത്തിലെ അത്ഭുതകരമായ സൃഷ്ടിപ്പുകളെക്കുറിച്ചും ചിന്തിക്കുക. അല്ലാഹു പറയുന്നു: "ദൃഢവിശ്വാസികൾക്ക് ഭൂമിയിൽ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്, നിങ്ങളുടെ സ്വന്തം ശരീരങ്ങളിലും ദൃഷ്ടാന്തങ്ങളുണ്ട്. എന്നിട്ടും നിങ്ങൾ കണ്ടറിയുന്നില്ലേ?"
രണ്ട്: അല്ലാഹു നിനക്ക് നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങളെയും ദാനങ്ങളെയും കുറിച്ച് ചിന്തിക്കുക. "നിങ്ങൾ വിജയികളാകാൻ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ സ്മരിക്കുക" എന്ന് ഖുർആൻ പറയുന്നു. ഈ ചിന്തയുടെ ഫലമായി നിന്റെ ഹൃദയത്തിൽ അല്ലാഹുവിനോടുള്ള സ്നേഹവും നന്ദിയും നിറയുന്നതാണ്.
മൂന്ന്: അല്ലാഹുവിന്റെ അറിവ് നിന്നെ പൂർണമായും വലയം ചെയ്തിട്ടുണ്ടെന്നും അവന്റെ നോട്ടം എപ്പോഴും നിന്നിലേക്കാണെന്നും അവൻ നിന്നെ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും നീ ആഴത്തിൽ ചിന്തിക്കുക.
അല്ലാഹു പറയുന്നു:
"തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് അവനോട് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാമറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോട് ഏറ്റവും അടുത്തവനുമാകുന്നു."
തുടർന്ന് അല്ലാഹു പറയുന്നു: "നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്."
ഇത്തരം ചിന്തകളുടെ അനന്തരഫലം; അല്ലാഹു നിരോധിച്ച കാര്യങ്ങളിൽ ഏർപ്പെടുമ്പോഴോ അവൻ കൽപ്പിച്ച കാര്യങ്ങളിൽ നിന്നകന്നു നിൽക്കുമ്പോഴോ അവൻ നിന്നെ കാണുമോ എന്ന ഭയം നിന്നിലുണ്ടാകുമെന്നതാണ്
നാല്: നിന്റെ നാഥനെ ആരാധിക്കുന്നതിൽ നിനക്ക് സംഭവിച്ച വീഴ്ചകളെക്കുറിച്ചും, അവൻ വിലക്കിയ കാര്യങ്ങൾ പ്രവർത്തിക്കുന്നതിലൂടെ അവന്റെ കോപത്തിന് നീ ഇരയാകുന്നതിനെക്കുറിച്ചും നീ ചിന്തിക്കേണ്ടതുണ്ട്.
അല്ലാഹു പറയുന്നു:
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല."
അവൻ വീണ്ടും പറയുന്നു:
"നാം നിങ്ങളെ വെറുതെ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുത്തേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ ധരിച്ചിരിക്കുകയാണോ?"
അവൻ പറയുന്നു:
"മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിനെക്കുറിച്ച് നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?".
ഈ ചിന്ത നിന്നിൽ അല്ലാഹുവിലുള്ള ഭയവും സ്വയം വിമർശനവും തെറ്റുകളിൽ നിന്നുള്ള പിന്മാറ്റവും ഉണ്ടാക്കും.
അഞ്ച്: ഈ ലോകത്തിന്റെ നശ്വരതയെക്കുറിച്ചും അത് എത്ര വേഗമാണ് കടന്നുപോകുന്നതെന്നും ചിന്തിക്കുക. അതോടൊപ്പം പരലോകത്തിന്റെ അനന്തതയെയും അവിടുത്തെ ശാശ്വതമായ സുഖത്തെ കുറിച്ചും ഓർക്കുക. "ഇഹലോകത്തേക്കാൾ ഉത്തമവും ശാശ്വതവും പരലോകമാണ്" എന്ന് ഖുർആൻ വ്യക്തമാക്കുന്നു. ഈ ചിന്ത ഭൗതിക സുഖങ്ങളോടുള്ള വിരക്തിയും പരലോകത്തോടുള്ള ആഗ്രഹവും വർദ്ധിപ്പിക്കും.
ആറ്: ഏത് നിമിഷവും വന്നെത്താവുന്ന മരണത്തെക്കുറിച്ചും സമയം കഴിഞ്ഞാൽ ഉണ്ടാകുന്ന ഖേദത്തെക്കുറിച്ചും ഓർക്കുക.
അല്ലാഹു പറയുന്നു: "അങ്ങനെ അവരിലൊരാൾക്ക് മരണം വന്നെത്തുമ്പോൾ അവൻ പറയും: എന്റെ നാഥാ, എന്നെ നീ ഭൂമിയിലേക്ക് തന്നെ തിരിച്ചയക്കേണമേ. ഞാൻ നഷ്ടപ്പെടുത്തിയ ജീവിതത്തിൽ എനിക്ക് സൽകർമങ്ങൾ പ്രവർത്തിക്കാമല്ലോ. ഒരിക്കലുമില്ല! അതവൻ വെറുതെ പറയുന്ന ഒരു വാക്ക് മാത്രമാണ്."
വീണ്ടും അല്ലാഹു പറയുന്നു: "ഒരാൾക്കും അവന്റെ നിശ്ചിത അവധി വന്നെത്തിയാൽ അല്ലാഹു ഒരിക്കലും സമയം നീട്ടിക്കൊടുക്കുന്നതല്ല.”
ഈ ചിന്തകൾ, വ്യാമോഹങ്ങൾ വെടിയാനും കർമങ്ങൾ നന്നാക്കാനും പരലോക വിചാരണയ്ക്കായി മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താനും നിന്നെ സഹായിക്കും.