നമ്മുടെ ഊർജ്ജത്തിനും ഒഴിവുസമയത്തിനും അനുസരിച്ച് മാത്രമാകരുത് നമ്മുടെ പ്രവർത്തനം. മറിച്ച്, സൽകർമങ്ങളിൽ നമ്മുടേതായ ഒരു കൃത്യമായ അളവ് നിശ്ചയിക്കണം. ഉന്മേഷമുള്ള സമയങ്ങളിൽ അതിൽ കൂടുതൽ ചെയ്യാമെങ്കിലും, മടിയുള്ള സമയങ്ങളിൽ പോലും ആ നിശ്ചയിച്ച അളവിൽ യാതൊരു കുറവും വരുത്താൻ പാടില്ല.

വായിക്കാം:

അല്ലാഹു തന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളുടെയും തന്റെ ശത്രുക്കളുടെയും സ്വഭാവഗുണങ്ങളെയും കർമങ്ങളെയും കുറിച്ച് നൽകിയ വിശേഷണങ്ങൾ നീ ചിന്തിച്ചു മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ, ഈ രണ്ടു വിഭാഗക്കാർക്കും ഇഹലോകത്തും പരലോകത്തും അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലങ്ങളെക്കുറിച്ചും നീ ആഴത്തിൽ ചിന്തിക്കേണ്ടതാണ്.
അല്ലാഹു പറയുന്നു: "തീർച്ചയായും പുണ്യവാന്മാർ സ്വർഗീയാരാമങ്ങളിലെ അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും. തീർച്ചയായും തെമ്മാടികൾ നരകത്തിലും."
വീണ്ടും അല്ലാഹു പറയുന്നു: "സത്യവിശ്വാസിയായ ഒരാൾ അധർമകാരിയായ ഒരാളെപ്പോലെയാണോ? അവർ ഇരുവരും തുല്യരല്ല."

മറ്റൊരു വചനത്തിൽ: "അല്ലാഹുവേക്കുറിച്ച് പരാമർശിക്കപ്പെട്ടാൽ ഹൃദയങ്ങൾ ഭയന്ന് വിറയ്ക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ. അവർക്ക് അവരുടെ രക്ഷിതാവിങ്കൽ ഉന്നതമായ പദവികളും പാപമോചനവും മാന്യമായ ഉപജീവനവുമുണ്ട്"
മറ്റൊരു സൂക്തത്തിൽ: "അപ്രകാരം നാം നമ്മുടെ കൽപ്പന പ്രകാരം, അവരെ ശിക്ഷിക്കുവാനായി നാശകാരികളായ കാറ്റിനെ അയച്ചു. ഭീകരമായ ഗർജ്ജനത്താൽ നാം അവരെ പിടികൂടി. അവരിൽ ചിലരെ നാം ഭൂമിയിൽ ആഴ്ത്തിക്കളഞ്ഞു. അവരിൽ ചിലരെ നാം മുക്കിക്കൊന്നു. ഇതിലൊന്നും അല്ലാഹു അവരോട് ഒട്ടും അക്രമം പ്രവർത്തിച്ചിട്ടില്ല, മറിച്ച് അവർ സ്വന്തത്തോട് തന്നെ അക്രമം കാണിക്കുകയായിരുന്നു."

കപടവിശ്വാസികളെക്കുറിച്ച് അല്ലാഹു പറയുന്നു: "കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ഒരേ വർഗമാണ്. അവർ തിന്മ കൽപ്പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്നു."
വീണ്ടും അല്ലാഹു പറയുന്നു: "സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അന്യോന്യം മിത്രങ്ങളാണ്. അവർ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു. അല്ലാഹുവിൽ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം.” 

ഈ പറഞ്ഞ കാര്യങ്ങളിലുള്ള ചിന്തയുടെ ഫലം; സൗഭാഗ്യവാന്മാരും സ്വർഗാവകാശികളുമായ ആളുകളോട് സ്നേഹം ഉണ്ടാവുകയും അവരുടെ സൽസ്വഭാവങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയും നിർഭാഗ്യവാന്മാരായ, നരകാവകാശികളായ ആളുകളോട് വെറുപ്പ് ഉണ്ടാവുകയും അവരുടെ ദുഷ്ചെയ്തികളിൽ നിന്നും സ്വഭാവങ്ങളിൽ നിന്നും അകന്നുനിൽക്കുകയും ചെയ്യുക എന്നതാണ്. 
ചിന്തയുടെ വഴികൾ നാം വിശദീകരിച്ചതിലൂടെ നമ്മുടെ ഉദ്ദേശ്യം വ്യക്തമായിക്കഴിഞ്ഞു. ബുദ്ധിയുള്ളവർക്ക് സൂചനകൾ തന്നെ ധാരാളമാണ്. ഓരോ തരം ചിന്തകളിലും അതിന് അനുയോജ്യമായ ഖുർആൻ വചനങ്ങളും ഹദീസുകളും ചരിത്രങ്ങളും നീ ഓർമിക്കേണ്ടതാണ്.

അല്ലാഹുവിൻ്റെ അസ്തിത്വത്തെക്കുറിച്ചും (ദാത്ത്) അവൻ്റെ വിശേഷണങ്ങളെക്കുറിച്ചും അവയുടെ യാഥാർത്ഥ്യമെന്താണെന്നും അവ എങ്ങനെയുള്ളതാണെന്നും അന്വേഷിച്ച് ചിന്തിക്കുന്നതിനെ തൊട്ട് നീ കരുതിയിരിക്കുക. കാരണം, അത്തരം ചിന്തകളിൽ മുഴുകിയവർ മിക്കവാറും അല്ലാഹുവിന്റെ വിശേഷണങ്ങളെ നിഷേധിക്കുന്നതിലോ, അല്ലെങ്കിൽ സൃഷ്ടികളോട് അവനെ ഉപമിക്കുന്നതിലോ ചെന്ന് ചാടുകയാണ് ചെയ്യുക. നബി(സ)യിൽ നിന്ന് ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: "നിങ്ങൾ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കുക, അല്ലാഹുവിൻ്റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കരുത്. കാരണം, അവൻ്റെ യഥാർത്ഥ മഹത്വം ഉൾക്കൊള്ളാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കുകയില്ല." 

ദിനചര്യകളുമായി ബന്ധപ്പെട്ട് നാം പറയാൻ ഉദ്ദേശിച്ച മര്യാദകൾ ഇവയൊക്കെയാണ്. ദിക്റുകളും പ്രാർത്ഥനകളും നിർവഹിക്കുമ്പോൾ ഹൃദയ സാന്നിധ്യം അനിവാര്യമാണ്.. അതിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കാതെ നിനക്കത് നേടിയെടുക്കാൻ സാധിക്കില്ല. ആ വഴി ഇതാണ്: ബാഹ്യമായ കർമങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം തന്നെ, അതിൽ അല്ലാഹുവിനെക്കുറിച്ചുള്ള ഹൃദയസാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ മന:പൂർവം പരിശ്രമിക്കുക.
നീ ഈ രീതി പതിവാക്കുകയാണെങ്കിൽ, അല്ലാഹുവുമായുള്ള സാമീപ്യത്തിൻ്റെ പ്രകാശങ്ങൾ നിന്നെ പൊതിയുകയും, മഅ്‌രിഫത്തിൻ്റെ അറിവുകൾ നിന്നിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. അപ്പോൾ നിൻ്റെ ഹൃദയം പൂർണമായും അല്ലാഹുവിലേക്ക് തിരിയും. അല്ലാഹുവുമായുള്ള ഹൃദയസാന്നിധ്യം നിൻ്റെ അവിഭാജ്യമായ ഒരു സ്വഭാവവും ശീലവുമായി മാറും. അങ്ങനെ, അത്യാവശ്യ ഘട്ടങ്ങളിൽ സൃഷ്ടികളുമായി ഇടപഴകുമ്പോൾ, അവരുമായി ഹൃദയസാന്നിധ്യം ഉണ്ടാക്കിയെടുക്കാൻ നീ പാടുപെടും. ചിലപ്പോൾ നിനക്കതിന് കഴിഞ്ഞെന്നും വരില്ല. ഈ അവസ്ഥയിൽ നിന്നാണ് ചുറ്റുപാടുകളെ മറക്കുക (ഗൈബത്ത്), നാഥനിൽ ലയിച്ചുചേരുക (ഇസ്തിഗ്‌റാഖ്), അല്ലാഹുവല്ലാത്ത എല്ലാറ്റിൽ നിന്നും ചിന്തകൾ അറ്റുപോവുക (ഫനാഅ്) തുടങ്ങി അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർക്ക് ലഭിക്കുന്ന ആത്മീയ അനുഭൂതികൾ ഉടലെടുക്കുന്നത്. ഇതിൻ്റെയെല്ലാം അടിസ്ഥാനം, ബാഹ്യമായ കർമങ്ങൾ പതിവാക്കുകയും അവ നിലനിർത്തുകയും, അതിനോടൊപ്പം ഹൃദയസാന്നിധ്യം നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ്.
എനിക്ക് ഇത് സ്ഥിരമായി ചെയ്യാൻ കഴിയില്ലല്ലോ എന്ന ഭയത്താൽ, ഒരു ദിക്റോ കർമമോ ഉപേക്ഷിക്കുന്നതിനെ തൊട്ട് നീ ജാഗ്രത പാലിക്കുക. നിശ്ചയമായും അത് വലിയ വിഡ്ഢിത്തമാണ്.

എപ്പോഴും നമ്മുടെ ഊർജ്ജത്തിനും ഒഴിവുസമയത്തിനും അനുസരിച്ച് മാത്രമാകരുത് നാം പ്രവർത്തിക്കേണ്ടത്. മറിച്ച്, സൽകർമങ്ങളിൽ നമ്മുടേതായ ഒരു കൃത്യമായ അളവ് നിശ്ചയിക്കണം. ഉന്മേഷമുള്ള സമയങ്ങളിൽ അതിൽ കൂടുതൽ ചെയ്യാമെങ്കിലും, മടിയുള്ള സമയങ്ങളിൽ പോലും ആ നിശ്ചയിച്ച അളവിൽ യാതൊരു കുറവും വരുത്താൻ പാടില്ല.

അറിയുക, നന്മകളിലേക്ക് ധൃതിപ്പെടുക, ആരാധനകൾ കൃത്യമായി നിർവഹിക്കുക, സൽകർമങ്ങളിൽ സ്ഥിരത പുലർത്തുക എന്നിവയൊക്കെ നബിമാരുടെയും ഔലിയാക്കളുടെയും പതിവായിരുന്നു. കാരണം, സൃഷ്ടികളിൽ വെച്ച് അല്ലാഹുവിനെ ഏറ്റവും കൂടുതൽ അറിയുന്നവർ അവരായിരുന്നു. അതിനാൽ, അല്ലാഹുവിന് ഏറ്റവും കൂടുതൽ ആരാധനകൾ ചെയ്യുന്നവരും അവനെ ഏറ്റവും കൂടുതൽ അനുസരിക്കുന്നവരും ഭയപ്പെടുന്നവരും അവർ തന്നെയായിരുന്നു. 

ഒരു അടിമ തന്റെ രക്ഷിതാവിങ്കലേക്ക് തിരിയുന്നതും അവനെ ആരാധിക്കുന്നതും അവനോടുള്ള സ്നേഹത്തിന്റെ അളവനുസരിച്ചായിരിക്കും. സ്നേഹമാകട്ടെ, മഅ്‌രിഫത്തിനെ തുടർന്നാണ് ഉണ്ടാകുന്നത്. അതിനാൽ, അടിമക്ക് അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് കൂടുന്തോറും അവനോടുള്ള സ്നേഹം വർദ്ധിക്കുകയും ആരാധനകൾ കൂടുതലായി ചെയ്യുകയും ചെയ്യും.

ഭൗതിക ലോകം നേടിയെടുക്കാനുള്ള വ്യഗ്രതയും ദേഹേച്ഛകളെ പിൻപറ്റുന്നതും കാരണം ഔറാദുകൾ പതിവാക്കുന്നതിൽ നിന്നും ആരാധനകളിൽ നിരതനാകുന്നതിൽ നിന്നും നിനക്ക് തടസ്സം നേരിടുന്നുവെങ്കിൽ, പകലിന്റെ തുടക്കത്തിൽ ഒരു മണിക്കൂറും അവസാനത്തിൽ ഒരു മണിക്കൂറും നിന്റെ രക്ഷിതാവിനായി മാറ്റിവെക്കാൻ നീ പരിശ്രമിക്കുക. ആ സമയങ്ങളിൽ തസ്ബീഹ്, ഇസ്തിഗ്ഫാർ, മറ്റ് സൽകർമങ്ങൾ എന്നിവയിൽ നീ മുഴുകുക.
കാരണം, ഒരു ഖുദ്സിയ്യായ ഹദീസിൽ ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: "ഹോ ആദം സന്തതീ, പകലിന്റെ തുടക്കത്തിൽ ഒരു മണിക്കൂറും അതിന്റെ അവസാനത്തിൽ ഒരു മണിക്കൂറും നീ എനിക്കായി മാറ്റിവെക്കുക, അവയ്ക്കിടയിലുള്ള കാര്യങ്ങൾക്ക് ഞാൻ നിനക്ക് മതിയായവനാണ്".
ഓരോ ദിവസത്തിന്റെയും അവസാനത്തിൽ ഒരു അടിമയുടെ കർമങ്ങൾ അല്ലാഹുവിന് മുമ്പിൽ സമർപ്പിക്കപ്പെടുമ്പോൾ, അതിന്റെ തുടക്കത്തിലും ഒടുക്കത്തിലും നന്മയാണുള്ളതെങ്കിൽ അല്ലാഹു മലക്കിനോട് പറയും: "ഇവയ്ക്കിടയിലുള്ള വീഴ്ചകൾ നീ മായ്ച്ചുകളയുക". ഇത് നമ്മോടും ജനങ്ങളോടുമുള്ള അല്ലാഹുവിന്റെ വലിയ ഔദാര്യമാണ്. എന്നാൽ മിക്ക മനുഷ്യരും നന്ദി കാണിക്കുന്നില്ല.

അറിയുക, താങ്കൾ ഖുർആനും തിരുനബിചര്യയും മുറുകെ പിടിക്കേണ്ടതുണ്ട്. കാരണം ദീൻ എന്നാൽ അവ രണ്ടും മുറുകെ പിടിക്കലാണ്. അവ രണ്ടിൽ നിന്നും വ്യതിചലിക്കുന്നവൻ വഴിപിഴക്കുകയും ഖേദിക്കുകയും നാശമടയുകയും ചെയ്യും. അതിനാൽ, താങ്കളുടെ എല്ലാ കാര്യങ്ങളിലും വിധി കർത്താക്കളായി ഇവ രണ്ടിനെയും നിശ്ചയിക്കുക. തർക്കവിഷയങ്ങളിൽ ഇവയിലേക്ക് മടങ്ങുക.
അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക. കാര്യബോധമുള്ളവരേയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തിൽ നിങ്ങൾക്ക് തർക്കമുണ്ടായാൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. അതാണ് ഉത്തമവും ഏറ്റവും നല്ല പര്യവസാനവും." (ഇവിടെ 'മടക്കുക' എന്നാൽ ഖുർആനിലേക്കും സുന്നത്തിലേക്കും നോക്കുക എന്നർത്ഥം).

നബി(സ) പറഞ്ഞു: "രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു; അവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാണവ".
നേരായ പാതയിലൂടെ സഞ്ചരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, താങ്കളുടെ നിയ്യത്തുകളും സ്വഭാവങ്ങളും കർമങ്ങളും വാക്കുകളുമെല്ലാം ഖുർആനിനും സുന്നത്തിനും യോജിച്ചതാക്കുക. അതിന് വിപരീതമായവയെ ഉപേക്ഷിക്കുക. സൂക്ഷ്മതയുടെ മാർഗം സ്വീകരിക്കുക. ഏറ്റവും നല്ലതിനെ പിൻപറ്റുക. മതകാര്യങ്ങളിൽ ഒരിക്കലും ബിദ്അത്ത് ഉണ്ടാക്കരുത്. സത്യവിശ്വാസികളുടെതല്ലാത്ത പാത പിന്തുടരരുത്. അങ്ങനെ ചെയ്യുന്നത് ഇഹത്തിലും പരത്തിലും വലിയ നഷ്ടത്തിന് കാരണമാകും.

സൂക്ഷിക്കുക, മതത്തിൽ പുതുതായി ഉണ്ടാക്കിയ കാര്യങ്ങളെയും വ്യത്യസ്തമായ അഭിപ്രായങ്ങളെയും താങ്കൾ സൂക്ഷിക്കണം. നബി(സ) പറഞ്ഞു: "പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടാണ്." കൂടാതെ അവിടുന്ന് പറഞ്ഞു: "നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) ആരെങ്കിലും അതിലില്ലാത്തത് പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാണ്."

എന്നാൽ ബിദ്അത്ത് മൂന്ന് വിധമാണ്:
ഒന്ന്: നല്ല ബിദ്അത്ത് (ബിദ്അത്തുൻ ഹസന): ഇമാമുമാർ നല്ലത് എന്ന് അഭിപ്രായപ്പെട്ട കാര്യങ്ങൾ. ഇത് ഖുർആനിനോടോ സുന്നത്തിനോടോ എതിരാവുകയില്ല. ഉദാഹരണത്തിന്: അബൂബക്കർ(റ)വിന്റെ കാലത്ത് ഖുർആൻ ക്രോഡീകരിച്ചത്, ഉമർ(റ)വിന്റെ കാലത്ത് തറാവീഹ് ജമാഅത്തായി നമസ്കരിച്ചത്, ഉസ്മാൻ(റ)വിന്റെ കാലത്ത് ഖുർആൻ ക്രമീകരിച്ചതും ജുമുഅക്ക് ആദ്യ ബാങ്ക് ഏർപ്പെടുത്തിയതും, അലി(റ)വിന്റെ കാലത്ത് കലാപകാരികളോട് യുദ്ധം ചെയ്തതും തുടങ്ങിയവയാണവ.

 രണ്ട്: ആക്ഷേപാർഹമായ ബിദ്അത്ത് (ബിദ്അത്തുൻ മദ്മൂമ): ഇത് സുഹ്ദിൻ്റെയും സൂക്ഷ്മതയുടെയും പക്ഷത്ത് നിന്ന് നോക്കുമ്പോൾ വിമർശിക്കപ്പെടുന്നതാണ്. ഉദാഹരണത്തിന്: ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയിൽ ആഡംബരവും വിശാലതയും കാണിക്കുന്നത്.

മൂന്ന് : തികച്ചും മോശമായ ബിദ്അത്ത് (ബിദ്അത്തുൻ മദ്മൂമ മുത്’ലഖൻ): ഖുർആനിന്റെയോ സുന്നത്തിന്റേയോ പാഠങ്ങൾക്ക് വിരുദ്ധമായതോ, അല്ലെങ്കിൽ ഇമാമുമാരുടെ ഏകോപിത അഭിപ്രായത്തിന് എതിരായതോ ആയ കാര്യങ്ങൾ. ഇത് മതമൂല്യങ്ങളിൽ വ്യതിയാനം വരുത്തുന്നവരിൽ അധികമായി കണ്ടുവരുന്നു.

അതിനാൽ, ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നതിൽ വീഴ്ച വരുത്തിയവരും തിരുദൂതരെ പിന്തുടരുന്നതിൽ പരമാവധി പരിശ്രമിക്കാത്തവരുമായ ആരെങ്കിലും അല്ലാഹുവിന്റെ അടുക്കൽ തനിക്ക് വലിയ സ്ഥാനമുണ്ടെന്ന് വാദിച്ചാൽ അവരിലേക്ക് നീ തിരിഞ്ഞുനോക്കരുത്. അവർ അന്തരീക്ഷത്തിലൂടെ പറന്നാലും വെള്ളത്തിന് മീതെ നടന്നാലും വിശ്വസിക്കരുത്. കാരണം, പിശാചുക്കൾക്കും ജോത്സ്യന്മാർക്കും ഇന്ദ്രജാലക്കാർക്കും വരെ ഇത്തരം കാര്യങ്ങൾ സംഭവിക്കാം. അതൊരു കറാമത്ത് ആണോ അതോ ഇസ്തിദ്രാജ് (പതിയെ നാശത്തിലേക്ക് നയിക്കൽ) ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം, നേരായ മാർഗത്തിൽ അവർ നിലകൊള്ളുന്നുണ്ടോ എന്നതാണ്. വിഡ്ഢികളായ ആളുകൾ അത്ഭുതങ്ങൾ കണ്ട് വഞ്ചിതരായേക്കാം. എന്നാൽ ബുദ്ധിയുള്ളവർക്ക് അറിയാം, അല്ലാഹുവിന്റെ അടുക്കൽ സാമീപ്യം ലഭിക്കുന്നത് തിരുനബി(സ)യെ എത്രത്തോളം പിൻപറ്റുന്നു എന്നതിനെ ആശ്രയിച്ചാണെന്ന്.

ഒരു സംഭവം: അബൂ യസീദുൽ ബിസ്താമി(റ) വലിയ്യിൻ്റെ പദവിയുണ്ടെന്ന് പറയപ്പെടുന്ന ഒരു വ്യക്തിയെ സന്ദർശിക്കാൻ പോയി. ആ മനുഷ്യൻ പള്ളിയിൽ വെച്ച് ഖിബ്‌ലയുടെ ദിശയിലേക്ക് തുപ്പുന്നത് അദ്ദേഹം കണ്ടു. ഉടനെ അബൂ യസീദ്(റ) അയാളോട് സംസാരിക്കുക പോലും ചെയ്യാതെ തിരിച്ചുപോന്നു. എന്നിട്ട് പറഞ്ഞു: "ദീനീ മര്യാദകൾ പാലിക്കാത്ത ഒരാളെ അല്ലാഹുവിന്റെ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ എങ്ങനെ വിശ്വസിക്കും?"

ജുനൈദ് (റ) പറയുന്നു:
"തിരുനബി(സ)യുടെ കാൽപ്പാടുകൾ പിന്തുടരുന്നവർക്കൊഴികെ മറ്റെല്ലാവർക്കും എല്ലാ വഴികളും അടക്കപ്പെട്ടിരിക്കുന്നു."
സഹൽ ബിൻ അബ്ദില്ല(റ) പറയുന്നു:
"അല്ലാഹുവല്ലാതെ മറ്റൊരു സഹായിയുമില്ല. അല്ലാഹുവിന്റെ റസൂൽ(സ)യല്ലാതെ മറ്റൊരു വഴികാട്ടിയുമില്ല. തഖ്‌വയല്ലാതെ മറ്റൊരു പാഥേയവുമില്ല. അതിൽ ക്ഷമയോടെ ഉറച്ചുനിൽക്കുക എന്നതല്ലാതെ മറ്റൊരു കർമവുമില്ല."

അറിയുക, ഒരാൾക്കും തന്റെ ബാഹ്യവും ആന്തരികവുമായ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ഖുർആനിലേക്കും സുന്നത്തിലേക്കും തിരിച്ചുവിടുവാൻ (അവയുമായി ഒത്തുനോക്കാൻ) സാധിക്കുകയില്ല. അത് അടിയുറച്ച ജ്ഞാനമുള്ള പണ്ഡിതന്മാർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. അതിനാൽ, നിങ്ങൾക്ക് അതിൽ എന്തെങ്കിലും പ്രയാസം നേരിട്ടാൽ, അല്ലാഹു തന്റെ വചനത്തിലൂടെ ആരോട് ചോദിക്കാനാണോ കൽപ്പിച്ചത് അവരിലേക്ക് നിങ്ങൾ മടങ്ങേണ്ടതുണ്ട്: അല്ലാഹു പറഞ്ഞു: "നിങ്ങൾക്ക് അറിയില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക".
അറിവുള്ളവർ എന്നാൽ അല്ലാഹുവെക്കുറിച്ചും അവന്റെ ദീനിനെക്കുറിച്ചും ആഴത്തിലുള്ള അറിവുള്ള പണ്ഡിതന്മാരാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് തങ്ങളുടെ അറിവിനനുസരിച്ച് പ്രവർത്തിക്കുന്നവരും, ഇഹലോകത്തോട് വിരക്തിയുള്ളവരുമാണവർ. യാതൊരുവിധ കച്ചവടങ്ങളോ ക്രയവിക്രയങ്ങളോ അല്ലാഹുവിനെ സ്മരിക്കുന്നതിൽ നിന്ന് അവരെ അശ്രദ്ധരാക്കുകയില്ല. വ്യക്തമായ ഉൾക്കാഴ്ചയോടെ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരും, അല്ലാഹുവിന്റെ രഹസ്യങ്ങൾ വെളിവാക്കപ്പെട്ടവരുമാണവർ.

ഇക്കാലത്ത് യഥാർത്ഥ പണ്ഡിതന്മാർ ഭൂമിയിൽ വളരെ അപൂർവമാണ് എന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ട്. അവർ തീർത്തും ഇല്ലാതായിരിക്കുന്നു എന്ന് വരെ മഹത്തുക്കളായ ചിലർ പോലും വാദിക്കാറുണ്ട്. എന്നാൽ യഥാർത്ഥ പണ്ഡിതന്മാർ ഇപ്പോഴും നിലവിലുണ്ട് എന്നതാണ് യാഥാർത്ഥ്യം. പക്ഷേ, പ്രത്യേകക്കാരുടെ അശ്രദ്ധയും സാധാരണക്കാരുടെ അവഗണനയും കാരണം, അല്ലാഹു തന്റെ സംരക്ഷണത്തിന്റെ പുതപ്പുകൊണ്ട് അവരെ മറച്ചുവെക്കുകയും അവർക്ക് ചുറ്റും രഹസ്യത്തിന്റെ മറകൾ വിരിക്കുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും തികഞ്ഞ സത്യസന്ധതയോടെ അവരെ അന്വേഷിച്ചാൽ, അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, അവരിൽ ഒരാളെയെങ്കിലും കണ്ടെത്താൻ അവർക്ക് യാതൊരു തടസ്സവുമുണ്ടാകില്ല. കാരണം, സത്യസന്ധത എന്നത് എന്തിനുമേൽ വെച്ചാലും അതിനെ മുറിച്ചുകളയുന്ന മൂർച്ചയുള്ള ഒരു വാളാണ്. അല്ലാഹുവിന് വേണ്ടി തെളിവുകളുമായി നിലകൊള്ളുന്ന ഒരാളെങ്കിലുമില്ലാതെ ഈ ഭൂമി ഒരിക്കലും ശൂന്യമാവുകയില്ല. തിരുനബി(സ) പറഞ്ഞിട്ടുണ്ട്: "എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം എക്കാലത്തും സത്യത്തിന്മേൽ വ്യക്തമായി നിലകൊള്ളുന്നവരായിട്ടുണ്ടാകും. അവരോട് ശത്രുത പുലർത്തുന്നവർക്കൊന്നും അവരെ ഉപദ്രവിക്കാനാവില്ല, അല്ലാഹുവിന്റെ കൽപ്പന വരുന്നത് വരെ." 
അവരാണ് ഭൂമിയിലെ നക്ഷത്രങ്ങൾ, അമാനത്തുകൾ വഹിക്കുന്നവർ, തിരുനബിയുടെ(സ) പ്രതിനിധികൾ, നബിമാരുടെ അനന്തരാവകാശികൾ. അല്ലാഹു അവരെ പൊരുത്തപ്പെട്ടിരിക്കുന്നു, അവർ അല്ലാഹുവെയും പൊരുത്തപ്പെട്ടിരിക്കുന്നു. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക, തീർച്ചയായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം വരിക്കുന്നവർ.

Questions / Comments:



No comments yet.