വെറുതെ ആത്മീയ ജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇൽമുൽ കലാം എന്ന വിഷയത്തിൽ നിങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയോ കൂടുതലായി അതിൽ മുഴുകുകയോ ചെയ്യരുത്. കാരണം ഈ അറിവ് കൊണ്ട് മാത്രം നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്നാൽ ആത്മീയ ജ്ഞാനത്തിൻ്റെ യഥാർത്ഥ തലത്തിലെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിൻ്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കണം.

വായിക്കാം:

നിങ്ങളുടെ വിശ്വാസങ്ങളെ ശുദ്ധീകരിക്കുകയും അവയെ ചൊവ്വായ മാർഗത്തിലേക്ക് ഉറപ്പിച്ചു നിർത്തുകയും ചെയ്യണം. മറ്റ് ഇസ്‌ലാമിക വിഭാഗങ്ങൾക്കിടയിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅ: എന്നാണ് ആ വിഭാഗം അറിയപ്പെടുന്നത്. അല്ലാഹുവിന്റെ റസൂൽ(സ)യും അവിടുത്തെ സ്വഹാബത്തും ഏതൊരു മാർഗ്ഗത്തിലായിരുന്നുവോ അതിനെ മുറുകെ പിടിക്കുന്നവരാണവർ.

വിശ്വാസ കാര്യങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഖുർആനിന്റെയും സുന്നത്തിന്റെയും വചനങ്ങളിലേക്ക്, ശുദ്ധമായ ഹൃദയത്തോടെയും ശരിയായ ബോധത്തോടെയും നിങ്ങൾ നോക്കുകയാണെങ്കിൽ, അതുപോലെ സ്വഹാബികളും താബിഉകളും അടങ്ങുന്ന സച്ചരിതരായ മുൻഗാമികളുടെ ജീവിതചരിത്രം നിങ്ങൾ പഠിക്കുകയാണെങ്കിൽ, ശൈഖ് അബുൽ ഹസൻ അൽ അശ്അരി(റ)യിലേക്ക് ചേർക്കപ്പെട്ട് 'അശ്അരിയ്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തോടൊപ്പമാണ് സത്യമുള്ളതെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. കാരണം, സത്യവിശ്വാസികളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾ അദ്ദേഹം കൃത്യമായി ചിട്ടപ്പെടുത്തുകയും അവയ്ക്കുള്ള തെളിവുകൾ ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. സ്വഹാബികളും അവർക്ക് ശേഷമുള്ള ഉത്തമരായ താബിഉകളും ഏകോപിച്ച വിശ്വാസമാണത്. മാത്രമല്ല, എല്ലാ കാലത്തും എല്ലാ ദേശത്തുമുള്ള സത്യവിശ്വാസികളുടെ അഖീദയും അതുതന്നെയാണ്. അബുൽ ഖാസിം അൽ ഖുശൈരി തന്റെ രിസാലയുടെ തുടക്കത്തിൽ വ്യക്തമാക്കിയതുപോലെ സൂഫികളുടെ ആകമാനമുള്ള വിശ്വാസവും അതുതന്നെയാണ്.

അൽഹംദുലില്ലാഹ്!. ഇതാണ് ഞങ്ങളുടെ വിശ്വാസപ്രമാണം. 'ബാ അലവി' എന്ന പേരിൽ പ്രസിദ്ധരായ ഹുസൈനി സാദാത്തുക്കളായ ഞങ്ങളുടെ സഹോദരങ്ങളുടെയും റസൂൽ(സ)യുടെ കാലം മുതൽ ഇന്നുവരെയുള്ള ഞങ്ങളുടെ മുൻഗാമികളുടെയും വിശ്വാസവും ഇതുതന്നെയാണ്. മേൽപ്പറഞ്ഞ സാദാത്തുക്കളുടെ പിതാമഹനും ‘അൽ മുഹാജിർ ഇലല്ലാഹ്’ എന്ന് അറിയപ്പെടുന്നവരുമായ മഹാനായ സയ്യിദ് അഹ്‌മദ് ബിൻ ഈസാ ബിൻ മുഹമ്മദ് ബിൻ അലി ബിൻ ഇമാം ജഅ്ഫറുസ്സാദിഖ്(റ), ഇറാഖിൽ ബിദ്അത്തുകൾ പ്രത്യക്ഷപ്പെടുകയും അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും ചെയ്തപ്പോൾ അവിടെ നിന്നും പലായനം ചെയ്തു. അങ്ങനെ അദ്ദേഹം ഹളർമൗത്ത് എന്ന പ്രദേശത്തെത്തുകയും മരണം വരെ അവിടെ താമസിക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പരമ്പരകളിൽ വലിയ അനുഗ്രഹം ചൊരിഞ്ഞു. അവരിൽ വലിയൊരു വിഭാഗം അറിവ്, ആരാധന, വിലായത്ത്, മഅ്‌രിഫത്ത് എന്നിവയിൽ പ്രസിദ്ധരായിത്തീർന്നു. നബി കുടുംബത്തിൽ പെട്ട മറ്റു ചിലർക്കൊക്കെ സംഭവിച്ചതുപോലെ ബിദ്അത്തുകളിലേക്ക് പോവുകയോ വഴിപിഴച്ച ദേഹേച്ഛകളെ പിൻപറ്റുകയോ ചെയ്യുന്നതിൽ നിന്നും ഇവർ സംരക്ഷിക്കപ്പെട്ടു. വിശ്വാസയോഗ്യനായ ഈ ഇമാമിന്റെ നല്ല നിയ്യത്തിന്റെയും, കുഴപ്പങ്ങളുടെ നാടുകളിൽ നിന്ന് തന്റെ മതത്തെയും കൊണ്ട് അദ്ദേഹം നടത്തിയ പലായനത്തിന്റെയും അനുഗ്രഹം കൊണ്ടാണിത്.

ഒരു പിതാവിന് മക്കളുടെ കാര്യത്തിൽ ലഭിക്കുന്ന ഏറ്റവും നല്ല പ്രതിഫലം അല്ലാഹു അദ്ദേഹത്തിന് നൽകട്ടെ. ഇല്ലിയ്യീൻ എന്ന ഉന്നത സ്ഥാനത്ത് അദ്ദേഹത്തിന്റെ മഹത്തുക്കളായ പിതാമഹന്മാർക്കൊപ്പം അദ്ദേഹത്തിന്റെ പദവി അല്ലാഹു ഉയർത്തട്ടെ. ഒരു മാറ്റവും കൂടാതെ, ഫിത്നകളിൽ അകപ്പെടാതെ നല്ല നിലയിൽ അല്ലാഹു നമ്മെയും അവരോടൊപ്പം ചേർക്കട്ടെ. അവൻ കാരുണ്യം ചൊരിയുന്നവരിൽ വെച്ച് ഏറ്റവും വലിയ കരുണാനിധിയാണല്ലോ. മുമ്പ് പറഞ്ഞ എല്ലാ കാര്യങ്ങളിലും മാതുരീദി ചിന്താധാര അശ്അരി ചിന്താധാരയെപ്പോലെ തന്നെയാണ്.

അറിവിലും മഹത്വത്തിലും എല്ലാവരും അംഗീകരിച്ചിട്ടുള്ള ഇമാമുകളുടെ വിശ്വാസപ്രമാണങ്ങൾ പഠിച്ചുകൊണ്ട് ഓരോ സത്യവിശ്വാസിയും തൻ്റെ ഈമാനിനെ സംരക്ഷിക്കേണ്ടതാണ്. ഇതിനായി ആഗ്രഹിക്കുന്ന ഒരാൾക്ക് ഇമാം ഗസ്സാലി(റ) തൻ്റെ 'ഇഹ്‌യാ ഉലൂമുദ്ദീൻ' എന്ന ഗ്രന്ഥത്തിലെ 'ഖവാഇദുൽ അഖാഇദ്' എന്ന ഭാഗത്തിൻ്റെ ഒന്നാം അധ്യായത്തിൽ വിശദീകരിച്ചിട്ടുള്ളതുപോലെ, സംശയങ്ങൾക്ക് ഇടയില്ലാത്ത, വ്യക്തവും സമഗ്രവുമായ മറ്റൊരു വിശ്വാസപ്രമാണം കണ്ടെത്താനാകുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ നിങ്ങൾ അത് മുറുകെ പിടിക്കുക. നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ടെങ്കിൽ, ഇതേ കിതാബിൻ്റെ മൂന്നാം അധ്യായത്തിൽ അദ്ദേഹം നൽകിയിട്ടുള്ള അരിസാലത്തുൽ ഖുദ്‌സിയ്യ എന്ന ഭാഗം വായിക്കുക.

വെറുതെ ആത്മീയ ജ്ഞാനം നേടുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇൽമുൽ കലാം എന്ന വിഷയത്തിൽ നിങ്ങൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയോ കൂടുതലായി അതിൽ മുഴുകുകയോ ചെയ്യരുത്. കാരണം ഈ അറിവ് കൊണ്ട് മാത്രം നിങ്ങൾക്ക് ആ ലക്ഷ്യത്തിലെത്താൻ കഴിയില്ല. എന്നാൽ ആത്മീയ ജ്ഞാനത്തിൻ്റെ യഥാർത്ഥ തലത്തിലെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ അതിൻ്റെ വഴിയിലൂടെ തന്നെ സഞ്ചരിക്കണം. രഹസ്യമായും പരസ്യമായും തഖ്‌വ മുറുകെ പിടിക്കുക, ഖുർആൻ സൂക്തങ്ങളും ഹദീസുകളും ചിന്തിച്ചു മനസ്സിലാക്കുക, പാഠങ്ങൾ ഉൾക്കൊള്ളാൻ വേണ്ടി ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുക, മികച്ച ആത്മീയ പരിശീലനം വഴി മനസ്സിൻ്റെ സ്വഭാവങ്ങളെ സംസ്കരിക്കുകയും അതിലെ മാലിന്യങ്ങൾ നീക്കി മൃദുവാക്കുകയും ചെയ്യുക. നിരന്തരമായ ദിക്റിലൂടെയും ചിന്തയിലൂടെയും ഹൃദയമെന്ന കണ്ണാടിയെ മിനുക്കിയെടുക്കുക. ഈ ലക്ഷ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന എല്ലാറ്റിൽ നിന്നും അകന്നു നിൽക്കുക. ഇതൊക്കെയാണ് ജ്ഞാനം നേടിയെടുക്കാനുള്ള വഴി. നിങ്ങൾ ഈ വഴിയിലൂടെ സഞ്ചരിച്ചാൽ - ഇൻശാ അല്ലാഹ് - നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യത്തിലെത്താനും ആഗ്രഹിച്ച കാര്യം നേടാനും കഴിയും.

സൂഫികൾ തങ്ങളുടെ സ്വന്തം ഇച്ഛകളോട് പോരാടിയതും, ആത്മീയ പരിശീലനങ്ങളിൽ മുഴുകിയതും, തങ്ങളുടെ പതിവ് ശീലങ്ങളിൽ നിന്നും ഇഷ്ടങ്ങളിൽ നിന്നും വിട്ടുനിന്നതുമെല്ലാം മഅ്‌രിഫത്തിൻ്റെ പൂർണത കൈവരിക്കാൻ ഇതൊക്കെ അനിവാര്യമാണെന്ന് അവർ മനസ്സിലാക്കിയതുകൊണ്ടാണ്. ആ ജ്ഞാനത്തിന്റെ പൂർണതയെ ആശ്രയിച്ചാണ് ഉബൂദിയ്യത്തിൻ്റെ യഥാർത്ഥ പദവിയിലെത്താൻ സാധിക്കുക. അത് തന്നെയാണ് അറിവുള്ളവരുടെയും (ആരിഫീൻ) യാഥാർത്ഥ്യം കണ്ടെത്തിയവരുടെയും (മുഹഖിഖീൻ) ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും, അല്ലാഹു അവരെല്ലാവരെയും തൃപ്തിപ്പെടുമാറാകട്ടെ.

Questions / Comments:



No comments yet.