അദ്ദേഹം ഒരു പെൺകഴുതയെ വാങ്ങി, എന്നാൽ ഒരു ആവശ്യത്തിനും അതിനെ ഉപയോഗിച്ചില്ല. അപ്പോൾ ഒരാൾ അദ്ദേഹത്തോട് അതിനെ പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ഗുഹ്യാവയവത്തെ സംരക്ഷിക്കാൻ (വികാരശമനത്തിന്) വേണ്ടി മാത്രമാണ് ഞാനിതിനെ വളർത്തുന്നത്!". മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

വായിക്കാം:

ഫർളുകൾ കൃത്യമായി നിർവഹിക്കുകയും ഹറാമുകൾ വെടിയുകയും സുന്നത്തുകൾ അധികരിപ്പിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ ബാധ്യതയാണ്. അല്ലാഹുവിൻ്റെ പൊരുത്തം മാത്രം കാംക്ഷിച്ച് ഇഖ്ലാസോടെ നിങ്ങളിത് പ്രവർത്തിച്ചാൽ, നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്ന് അത്യുന്നതമായ സാമീപ്യം ലഭിക്കുന്നതാണ്. കൂടാതെ, അവൻ്റെ സ്നേഹത്തിൻ്റെ ഉടയാട നിങ്ങളെ അണിയിക്കുന്നതുമാണ്. അതോടെ നിങ്ങളുടെ ചലനങ്ങളും നിശ്ചലതകളുമെല്ലാം അല്ലാഹുവിന് വേണ്ടിയും അവൻ മുഖേനയുമായിത്തീരും. വിലായത്തിൻ്റെ ഉടയാടയാണത്; അതല്ല, ഖിലാഫത്തിൻ്റെ തന്നെ ഉടയാടയാണത്. 

തിരുനബി(സ) ഒരു ഖുദ്സിയായ ഹദീസിലൂടെ ഇതിലേക്ക് സൂചന നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
"ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളിലൂടെ എന്നിലേക്ക് അടുക്കുന്നതിനേക്കാൾ എനിക്കിഷ്ടപ്പെട്ട മറ്റൊരു മാർഗത്തിലൂടെയും എന്റെ അടിമ എന്നിലേക്ക് അടുക്കുന്നില്ല. ഞാൻ അവനെ സ്നേഹിക്കുന്നത് വരെ, സുന്നത്തായ കർമങ്ങളിലൂടെ അവൻ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാൻ അവനെ സ്നേഹിച്ചാൽ, പിന്നീട് അവൻ കേൾക്കുന്ന കാതും, അവൻ കാണുന്ന കണ്ണും അവൻ പിടിക്കുന്ന കയ്യും അവൻ നടക്കുന്ന കാലും ഞാനാകും. അതിനാൽ എന്നിലൂടെ അവൻ കേൾക്കുന്നു, എന്നിലൂടെ അവൻ കാണുന്നു, എന്നിലൂടെ അവൻ പിടിക്കുന്നു, എന്നിലൂടെ അവൻ നടക്കുന്നു. അവൻ എന്നോട് എന്തെങ്കിലും ചോദിച്ചാൽ തീർച്ചയായും ഞാനത് നൽകും. അവൻ എന്നോട് അഭയം തേടിയാൽ തീർച്ചയായും ഞാൻ അവന് അഭയം നൽകും. ഒരു സത്യവിശ്വാസിയായ അടിമയുടെ ആത്മാവിനെ പിടിക്കാൻ ഞാൻ മടിക്കുന്നതുപോലെ ഞാൻ ചെയ്യുന്ന മറ്റൊന്നിലും മടികാണിച്ചിട്ടില്ല. അവൻ മരണത്തെ വെറുക്കുന്നു, അവന് പ്രയാസമുണ്ടാക്കാൻ ഞാനും ഇഷ്ടപ്പെടുന്നില്ല. എങ്കിലും മരണം അവന് അനിവാര്യമാണ്."

അതുകൊണ്ട്, ഈ ഖുദ്സിയായ ഹദീസിൽ ഉൾക്കൊള്ളുന്ന രഹസ്യങ്ങളെയും ജ്ഞാനങ്ങളെയും കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ചുനോക്കൂ. ഇത് വിരൽചൂണ്ടുന്ന സൂക്ഷ്മവും ഗഹനവുമായ ആശയങ്ങളെക്കുറിച്ച് നിങ്ങൾ മനനം ചെയ്യുക. സൗഭാഗ്യവാനായ ഈ അടിമ ഈ മഹത്തായ പദവിയിൽ എങ്ങനെ എത്തിച്ചേർന്നു എന്ന് ചിന്തിക്കുക. അവൻ ഇഷ്ടപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമുള്ളതായും അവൻ വെറുക്കുന്നത് അല്ലാഹുവിന് വെറുപ്പുള്ളതായും മാറുന്ന അത്രയും ഉന്നതമായ പദവി. 
അല്ലാഹു നിർബന്ധമാക്കിയവ നിർവഹിക്കുകയും അവനിലേക്കുള്ള സാമീപ്യം ആഗ്രഹിച്ച് സുന്നത്തുകൾ ധാരാളമായി ചെയ്യുകയും ചെയ്തതിലൂടെ മാത്രമാണ് ഈ പദവി അവന് ലഭിച്ചത്. അതിനാൽ, പൂർണതയുടെ പടവുകളിൽ എത്തിച്ചേരാൻ നിങ്ങൾക്ക് നിശ്ചയദാർഢ്യമുണ്ടെങ്കിൽ, ഉന്നതരുടെ പദവികൾ പ്രാപിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, നിങ്ങൾ ഇതിനായി മത്സരിക്കുക, വേഗത്തിൽ മുന്നേറുക! തീർച്ചയായും നിങ്ങൾക്ക് വഴി വ്യക്തമായിക്കഴിഞ്ഞു. യാഥാർത്ഥ്യത്തിൻ്റെ കിരണങ്ങൾ നിങ്ങൾക്ക് മുന്നിൽ തെളിഞ്ഞു വന്നിരിക്കുന്നു.

അറിയുക, ഫർളുകളിൽ സംഭവിക്കുന്ന പോരായ്മകൾ പരിഹരിക്കാനായി അല്ലാഹു തന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് സുന്നത്തുകളെ നിശ്ചയിച്ചിരിക്കുന്നു.
എന്നാൽ, ഒരു ഫർളിലെ പോരായ്മ അതേ ഇനത്തിൽ പെട്ട സുന്നത്ത് കർമം കൊണ്ട് മാത്രമേ പരിഹരിക്കപ്പെടുകയുള്ളൂ. നിസ്കാരത്തിലെ പോരായ്മ സുന്നത്ത് നിസ്കാരം കൊണ്ടും നോമ്പിലെ പോരായ്മ സുന്നത്ത് നോമ്പ് കൊണ്ടും പരിഹരിക്കുന്നതുപോലെ. കാരണം ഫർളാണ് അടിസ്ഥാനം, സുന്നത്തുകൾ അതിനെ തുടർന്ന് വരുന്നവയാണ്.
നിർബന്ധ കർമങ്ങൾ കൃത്യമായി നിർവഹിക്കുകയും നിഷിദ്ധമായ കാര്യങ്ങൾ വെടിയുകയും ചെയ്യുന്ന ഒരാൾ, അയാൾ സുന്നത്തുകൾ ചെയ്യുന്നില്ലെങ്കിൽ പോലും, സുന്നത്തുകൾ ധാരാളമായി ചെയ്യുകയും എന്നാൽ ഫർളുകളിൽ വീഴ്ച വരുത്തുകയും ചെയ്യുന്നവനേക്കാൾ എത്രയോ ഉത്തമനാണ്.

അതിനാൽ, സുന്നത്തുകളിൽ മുഴുകിക്കൊണ്ട് ഫർളുകളിൽ നിന്നും അല്പം പോലും നീ പിന്തിരിയരുത്. അങ്ങനെ ചെയ്താൽ ഫർള് ഉപേക്ഷിച്ചതിന് നീ കുറ്റക്കാരനാകും; നിന്റെ സുന്നത്തുകൾ അല്ലാഹു സ്വീകരിക്കുകയുമില്ല. സുന്നത്തായ അറിവുകൾ നേടുന്നതിൽ മുഴുകുകയും, നിർബന്ധമായ അറിവുകൾ കരസ്ഥമാക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരാളുടെ അവസ്ഥയ്ക്ക് തുല്യമാണിത്. അതുപോലെത്തന്നെ, അധ്വാനിക്കാൻ കഴിവുണ്ടായിട്ടും സുന്നത്തായ ആരാധനകളിൽ മുഴുകി ജോലി ഉപേക്ഷിക്കുകയും, സ്വന്തം കുടുംബത്തെ മറ്റുള്ളവർക്ക് മുന്നിൽ യാചിക്കാൻ വിടുകയും ചെയ്യുന്നവന്റെ അവസ്ഥയ്ക്കും തുല്യമാണിത്. 

അറിയുക, അല്ലാഹു നിനക്ക് നിർബന്ധമാക്കിയ കാര്യങ്ങൾ പൂർണമായി അനുസരിക്കാനും, അവൻ നിഷിദ്ധമാക്കിയ പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവനിലേക്ക് നിന്നെ കൂടുതൽ അടുപ്പിക്കുന്ന സുന്നത്തായ കർമങ്ങൾ അനുഷ്ഠിക്കാനും അറിവിലൂടെയല്ലാതെ നിനക്ക് സാധിക്കുകയില്ല. അതിനാൽ അറിവ് സമ്പാദിക്കാൻ നീ തയ്യാറാവുക. കാരണം, നബി(സ) പറഞ്ഞിരിക്കുന്നു: "അറിവ് നേടുക എന്നത് ഓരോ മുസ്‌ലിമിനും നിർബന്ധമാണ്."

ഒരു കാര്യം നിർബന്ധമാണോ സുന്നത്താണോ അതോ ഹറാമാണോ എന്ന് നീ തിരിച്ചറിയുന്നത് അറിവിലൂടെയാണ്. നിർബന്ധമായ കാര്യങ്ങൾ എങ്ങനെ നിറവേറ്റണമെന്നും സുന്നത്തായവ എങ്ങനെ ചെയ്യണമെന്നും നിഷിദ്ധമായവ എങ്ങനെ വെടിയണമെന്നും അറിവിലൂടെ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അതിനാൽ അറിവ് നിനക്ക് അത്യന്താപേക്ഷിതമാണ്; അതില്ലാതെ യാതൊരു പോംവഴിയുമില്ല. ഇഹലോകത്തെയും പരലോകത്തെയും നിന്റെ വിജയം കുടികൊള്ളുന്നത് ആ അറിവിലും അതനുസരിച്ചുള്ള നിന്റെ പ്രവർത്തനങ്ങളിലുമാണ്.

അറിയുക, അറിവില്ലാതെ അല്ലാഹുവിനെ ആരാധിക്കുന്ന ഒരാൾക്ക്, ആ ആരാധന കൊണ്ട് ലഭിക്കുന്ന ഉപകാരത്തേക്കാൾ കൂടുതൽ ഉപദ്രവമാണ് തന്നിലേക്ക് മടങ്ങിയെത്തുക. ആരാധനയിൽ സ്വയം കഷ്ടപ്പെടുന്ന എത്രയോ പേർ, തങ്ങൾ ചെയ്യുന്നത് പുണ്യമാണോ പാപമാണോ എന്ന് പോലും തിരിച്ചറിയാതെ അബദ്ധത്തിൽ ചെന്നുചാടാറുണ്ട്.

ശൈഖ് മുഹമ്മദ്‌ ബ്നു അറബി(റ) തന്റെ 'ഫുതൂഹാത്' എന്ന ഗ്രന്ഥത്തിലെ 'വസായാ' എന്ന അധ്യായത്തിൽ, മൊറോക്കോകാരനായ ഒരാളെക്കുറിച്ച് ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹം ആരാധനകളിൽ അങ്ങേയറ്റം പരിശ്രമിക്കുന്ന ഒരാളായിരുന്നു. അദ്ദേഹം ഒരു പെൺകഴുതയെ വാങ്ങി, എന്നാൽ ഒരു ആവശ്യത്തിനും അതിനെ ഉപയോഗിച്ചില്ല. അപ്പോൾ ഒരാൾ അദ്ദേഹത്തോട് അതിനെ പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ഗുഹ്യാവയവത്തെ സംരക്ഷിക്കാൻ (വികാരശമനത്തിന്) വേണ്ടി മാത്രമാണ് ഞാനിതിനെ വളർത്തുന്നത്!". മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതൊരു നിഷിദ്ധമായ കാര്യമാണെന്ന് മറ്റേയാൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയപ്പോൾ, അദ്ദേഹം ഭയപ്പെടുകയും പശ്ചാത്താപത്തോടെ അതികഠിനമായി കരയുകയും ചെയ്തു. 

ഓരോ മുസ്‌ലിമിനും നിർബന്ധമായ അറിവ് എന്നത്, അല്ലാഹു അവനുമേൽ നിർബന്ധമാക്കിയ മുഴുവൻ കാര്യങ്ങളെക്കുറിച്ചും അവ നിർബന്ധമാണെന്ന് അറിയലും, അതുപോലെ നിഷിദ്ധമാക്കിയ കാര്യങ്ങളെല്ലാം നിഷിദ്ധമാണെന്ന് അറിയലുമാണ്. എന്നാൽ, ഒരു നിർബന്ധ കർമം എങ്ങനെ നിർവഹിക്കണം എന്നതിനെക്കുറിച്ചുള്ള അറിവ്, അത് പ്രായോഗികമായി ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ മാത്രമേ നിർബന്ധമാകുന്നുള്ളൂ.
ഉദാഹരണത്തിന്, മുഹറം മാസത്തിൽ ഒരാൾ പ്രായപൂർത്തിയാവുകയോ അല്ലെങ്കിൽ ഇസ്‌ലാം മതം സ്വീകരിക്കുകയോ ചെയ്താൽ, ഉടൻതന്നെ ശഹാദത്ത് കലിമകളുടെ അർഥം പഠിക്കുകയും അത് ഉച്ചരിക്കുകയും ചെയ്യുക എന്നതാണ് അവന് നിർബന്ധമായ കാര്യം. കൂടാതെ അഞ്ചുനേരത്തെ നിസ്കാരം നിർബന്ധമാണെന്നും, അതിന്റെ അർക്കാനുകൾ (ഘടകങ്ങൾ), നിയമങ്ങൾ എന്നിവയെക്കുറിച്ചും പഠിക്കണം. നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഫർള് ഐനായ കർമങ്ങൾ നിർബന്ധമാണെന്ന് അവൻ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുപോലെ വ്യഭിചാരം, മദ്യപാനം, ജനങ്ങളുടെ സമ്പത്ത് അന്യായമായി അപഹരിക്കൽ തുടങ്ങിയ ശറഈയായ നിഷിദ്ധകാര്യങ്ങൾ ഹറാമാണെന്നും അവൻ അറിഞ്ഞിരിക്കണം.
എന്നാൽ, റമളാൻ മാസം ആഗതമാവുകയും ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുകയും ചെയ്യുന്ന സമയം വരെ നോമ്പും ഹജ്ജും എങ്ങനെ അനുഷ്ഠിക്കണമെന്ന് അവൻ പഠിക്കൽ നിർബന്ധമില്ല. സകാത്ത് നൽകാൻ മാത്രം സമ്പത്ത് അവന്റെ കൈവശം വരികയും അത് നൽകേണ്ട സമയമാവുകയും ചെയ്യുന്നതുവരെ സകാത്ത് എങ്ങനെ നൽകണം എന്ന് പഠിക്കലും നിർബന്ധമില്ല. അല്ലാഹു അഅ്ലം!

മുസ്‌ലിംകൾക്കിടയിൽ നിഷിദ്ധമായ കാര്യങ്ങളും നിർബന്ധ ബാധ്യതകളും സുപരിചിതമാണ്, അവയൊന്നും അത്ര മറഞ്ഞിരിക്കുന്നവയല്ല. എന്നാൽ അവയുടെ മതപരമായ വിധികൾ കൃത്യമായി മനസ്സിലാക്കുക എന്നതാണ് പ്രധാനം. അതെ, അല്ലാഹുവിനെ ഭയപ്പെടുകയും സത്യം പിൻപറ്റുകയും ചെയ്യുന്ന ഒരു പണ്ഡിതനിൽ നിന്ന് ഇവയെല്ലാം പഠിച്ചെടുക്കുക എന്നത് മാത്രമാണ് ഇതിനൊരു പരിഹാരം. സാധാരണക്കാരായ മനുഷ്യർക്ക് തെറ്റുകളും ശരികളും സംഭവിക്കാം. അതിനാൽ, അവരെ അനുകരിച്ചുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ചെയ്യാനും, അവർ ഉപേക്ഷിക്കുന്നതെല്ലാം ഉപേക്ഷിക്കാനും നിങ്ങൾ ഒരിക്കലും മുതിരരുത്. കാരണം, സ്വന്തം അറിവനുസരിച്ച് പ്രവർത്തിക്കുന്ന പണ്ഡിതന്മാരെ മാത്രമേ നാം മാതൃകയാക്കാവൂ. എന്നാൽ അറിവനുസരിച്ച് ജീവിക്കുന്ന പണ്ഡിതന്മാർ ഇന്ന് വളരെ വിരളമാണ്.
അതിനാൽ, ഈ കാലഘട്ടത്തിൽ ഒരു പണ്ഡിതൻ ഏതെങ്കിലും ഒരു കാര്യം ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ, ആ പ്രവൃത്തി ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അദ്ദേഹം അത് ചെയ്തുവെന്ന ഒറ്റ കാരണത്താൽ മാത്രം നിങ്ങളത് അനുകരിക്കരുത്. മറിച്ച്, മതപരമായി ആ പ്രവൃത്തിയുടെ വിധിയെന്താണെന്നും അതിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കണം. 

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തനിക്ക് നിർബന്ധമായ അറിവുകൾ നേടിയെടുക്കാൻ വലിയ കാലതാമസമൊന്നും ആവശ്യമില്ല. അത് വളരെ ലളിതമായതുകൊണ്ട് തന്നെ അതിൽ യാതൊരു പ്രയാസവും അനുഭവപ്പെടുകയുമില്ല. ബുദ്ധിമാനായ ഒരു വിദ്യാർത്ഥിക്ക് ഇത്തരം കാര്യങ്ങൾ പഠിക്കാൻ പ്രഗത്ഭനായ ഒരു പണ്ഡിതന്റെ കൂടെ ഒന്നോ രണ്ടോ മണിക്കൂർ ചിലവഴിച്ചാൽ തന്നെ മതിയാകും.
ഒരിക്കൽ റസൂൽ(സ) മിമ്പറിൽ ഖുതുബ നിർവ്വഹിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഗ്രാമീണൻ വരികയും, അല്ലാഹു നബി(സ)ക്ക് നൽകിയ അറിവിൽ നിന്നും തനിക്ക് ചിലത് പഠിപ്പിച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു. ഉടനെ നബി(സ) മിമ്പറിൽ നിന്ന് താഴെയിറങ്ങി വന്ന് അദ്ദേഹത്തിന് അറിവ് പകർന്നു നൽകി. അതിനുശേഷമാണ് അവിടുന്ന് വീണ്ടും മിമ്പറിൽ കയറി ഖുതുബ പൂർത്തിയാക്കിയത്.

ചുരുക്കത്തിൽ, ഇഹപര വിജയം ആഗ്രഹിക്കുന്ന ഏതൊരാളും ഒരു പുതിയ കാര്യത്തിൽ ഇടപെടുന്നതിന് മുമ്പോ, അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം തുടരുന്നതിന് മുമ്പോ, അതിലെ അല്ലാഹുവിന്റെ വിധി എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. അത് നിർബന്ധമുള്ളതാണോ സുന്നത്തായതാണോ അനുവദനീയമായതാണോ, അതല്ല നിഷിദ്ധമാണോ എന്ന് അറിഞ്ഞിരിക്കണം. കാരണം, ഏതൊരു കാര്യവും ഈ നാല് വിധികളിൽ ഏതെങ്കിലുമൊന്നിൽ ഉൾപ്പെടുന്നതായിരിക്കും. ഇത് മനസ്സിലാക്കിവെക്കൽ ഓരോ മുസ്‌ലിമിനും നിർബന്ധ ബാധ്യതയാണ് എന്നതാണ് ഇതിലെ ഏറ്റവും പ്രബലമായ അഭിപ്രായം.

സത്യവിശ്വാസികളെ പ്രധാനമായും സാധാരണക്കാർ (അവാം), സവിശേഷ വ്യക്തിത്വങ്ങൾ (ഖവാസ്സ്) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇതിൽ സാധാരണക്കാരായ ആളുകൾ ചിലപ്പോൾ നിർബന്ധ കർമങ്ങൾ ഉപേക്ഷിക്കുകയും നിഷിദ്ധമായവ പ്രവർത്തിക്കുകയും ചെയ്ത്, ജീവിതത്തിൽ വീഴ്ചകൾ സംഭവിച്ചേക്കാം. അവരിൽ ഏറ്റവും ഉത്തമർ അത്തരം തെറ്റുകൾ സംഭവിച്ചാൽ ഉടനടി പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യുന്നവരാണ്. ഇവർ സുന്നത്തായ കർമങ്ങൾ ചെയ്യുന്നതിൽ വലിയ താൽപര്യം കാണിക്കാറില്ല, മറിച്ച് അനുവദനീയമായ കാര്യങ്ങളിൽ മുഴുകുന്നവരായിരിക്കും. എന്നാൽ സവിശേഷ വ്യക്തിത്വങ്ങൾ (ഖവാസ്സ്) എല്ലാ സാഹചര്യങ്ങളിലും നിർബന്ധ കർമങ്ങൾ കൃത്യമായി നിർവഹിക്കുകയും നിഷിദ്ധമായവ പൂർണമായും വെടിയുകയും ചെയ്യുന്നവരാണ്. അവർ സുന്നത്തായ കാര്യങ്ങൾ പതിവാക്കുന്നതിലും ശ്രദ്ധാലുക്കളായിരിക്കും. അനുവദനീയമായ കാര്യങ്ങളിൽ നിന്ന്, അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കാനും നിരോധനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും സഹായിക്കുന്നവ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ. 
അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ!’.

Questions / Comments:



No comments yet.