തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും സാധ്യമല്ലായിരുന്നു. തങ്ങളുടെ കണ്ണുകളിൽ കണ്ടത് മാത്രം അവർ വിവരിച്ചു.

തിരുനബിയുടെ അനുപമവും അത്യപൂർവ്വവുമായ ശരീരലാവണ്യവും അവയവാകാര സൗഷ്ഠവവും അവാച്യവും വർണനാതീതവുമാണ്. തിരുനബി ജീവിതത്തെ ആദ്യാന്ത്യം ജീവിതത്തിൽ സന്നിവേശിപ്പിക്കാൻ തിടുക്കപ്പെട്ട നക്ഷത്ര തുല്യരായ നബിസഖാക്കൾ അനിർവചനീയമായ ആ സൗന്ദര്യത്തിന്റെ സർവഭാവവും രൂപവും വിശദമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടികളിൽ അത്യുത്തമരെന്നതിനാൽ സൃഷ്ടിക്ക് അനുയോജ്യമായ വിശേഷണം ഏത് ചേർത്താലും സവിശേഷമായ സൗന്ദര്യത്തിന്റെ വർണനകൾ പൂർത്തിയാക്കാൻ സാധ്യമല്ലെന്ന് ഇമാം ബുസൂരി പാടുന്നുണ്ട്. (1)
തിരുറസൂലിന്റെ ആകാരസൗഷ്ടവത്തെ ചർച്ച ചെയ്യുന്ന പഠനശാഖ 'ശമാഇലി'ൽ വിരചിതമായ അനേകം ഗ്രന്ഥങ്ങൾ നമുക്ക് ലഭ്യമാണ്. ഭാഷാലഭ്യതക്കുമപ്പുറം വിശാലമെങ്കിലും സർഗശേഷിയുടെ പരമാവധി വിശേഷണങ്ങൾ കൊണ്ട് രചനകൾ മനോഹരമാക്കാനാണ് നബി എഴുത്തുകാരൊക്കെയും ശ്രമിച്ചിട്ടുള്ളത്. തിരുനബിയുടെ ശരീരത്തിലെ ഓരോ അവയവങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും വാമൊഴിയും വരമൊഴിയുമായി കൈമാറുകയും ചെയ്ത നബി അനുചരരെ കേൾക്കുന്നതിലൂടെ മാത്രമേ തിരൂറസൂലിന്റെ സൗന്ദര്യത്തെ മനസ്സിലാക്കാനും തദാനുസാരിയായി ആവിഷ്കരിക്കാനും കഴിയുകയുള്ളൂ.

തിരുനബിയുടെ ശരീരത്തിന്റെ സൃഷ്ടിപ്പ് ഓരോ അവയവങ്ങളുടെയും ഏറ്റവും പൂർണമായ രൂപമാണ്. ഇതര സൃഷ്ടികളുടെ അവയവങ്ങളിൽ അനുഭവപ്പെടുന്ന ന്യൂനതകളിൽ നിന്ന് ഒരടയാളവും പ്രവാചക ശരീരത്തിൽ കാണിക്കാൻ സാധ്യമല്ല. പ്രവാചക ജീവിതത്തെ സദാസമയം നിരീക്ഷിക്കുകയും ചലനനിശ്ചലനങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത അബൂഹുറൈറ(റ) പറയുന്നു:
"അല്ലാഹുവിന്റെ റസൂലിനേക്കാൾ സൗന്ദര്യമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. അവിടുത്തെ മുഖത്തിന്റെ ശോഭ കണ്ടാൽ മുഖത്തിലൂടെ  സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുമായിരുന്നു"(2).
ബറാഅ്ബ്നു ആസിബ്(റ)പറയുന്നു: "തിരുനബിയേക്കാൾ സൗന്ദര്യമുള്ള യാതൊന്നും ഞാൻ കണ്ടിട്ടില്ല"(3).
ഇമാം യഅ്ഖൂബുബ്നു സുഫ്‌യാൻ തന്റെ താരീഖിൽ നിവേദനം ചെയ്യുന്നു. അബൂഇസ്ഹാഖുൽ ഹംദാനി പറയുന്നു:
"തിരുനബിയുടെ കൂടെ ഹജ്ജ് ചെയ്ത ഹംദാൻ ഗോത്രത്തിലെ ഒരു സ്ത്രീയോട് തിരുമേനിയെക്കുറിച്ച് എനിക്ക് ഉപമിച്ചു തരാൻ ഞാനാവശ്യപ്പെട്ടപ്പോൾ അവർ പറഞ്ഞു: പതിനാലാം രാവിലെ പൂർണചന്ദ്രനെപ്പോലെ തന്നെ. അവർക്ക് മുമ്പും ശേഷവും അങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടേയില്ല"(4).
പ്രവാചകർ(സ്വ)യെ വർണിക്കുന്നവരെല്ലാം തിരുറസൂലിന്റെ മുഖകമലത്തെ ശോഭയെക്കുറിച്ച് വർണിക്കുന്നത് കാണാം. അല്ലാഹു പറയുന്നു:
"തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻറെ അടുക്കൽ നിന്ന് പ്രകാശവും ഖുർആനും വന്നിരിക്കുന്നു"(5).
ഇവിടെ പ്രകാശം കൊണ്ടുദ്ദേശ്യം മുത്ത് റസൂലാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിരിക്കുന്നത്.(6)

നബി മനോഹരമായ പ്രകാശമായിരുന്നു. സർവ്വ വസ്തുക്കൾക്കും മുൻപ് അള്ളാഹു ഉണ്മ നൽകിയത്  പ്രവാചകർ(സ്വ)യുടെ പ്രകാശത്തിനാണ്. ജാബിർ(റ)നിവേദനം ചെയ്യുന്ന ഹദീസ് കാണുക. ജാബിർ(റ)നോട് നബി(സ്വ) പറയുന്നു:
" ഓ ജാബിർ,അല്ലാഹു ലോകത്ത് ആദ്യമായി സൃഷ്ടിച്ചത് നിങ്ങളുടെ പ്രവാചകന്റെ പ്രകാശമാണ്"(7).
അഖിലലോകത്തിനും അതിലെ സർവചരാചരങ്ങൾക്കും മുമ്പേ മുഹമ്മദീയ പ്രകാശത്തെ അല്ലാഹു സൃഷ്ടിച്ചു. ഇബ്നുഅബ്ബാസ്(റ) വിൽ നിന്ന് നിവേദനം ചെയ്യുന്നു: "കാലങ്ങൾക്ക് ശേഷം ആദം(അ)നെ സൃഷ്ടിച്ചപ്പോൾ ആ പ്രകാശം ആദം(അ)ന്റെ നെറ്റിത്തടത്തിലേക്ക് നീങ്ങി. അതവിടെ തിളങ്ങിക്കൊണ്ടിരുന്നു. ആദം(അ)ന് സുജൂദ് ചെയ്യാൻ കൽപിക്കപ്പെട്ടപ്പോൾ പ്രസ്തുത പ്രകാശത്തിലേക്കായിരുന്നു മലക്കുകൾ തിരിഞ്ഞിരുന്നത്. പക്ഷേ നിർഭാഗ്യവാനായ പിശാചിന് അത് കാണാൻ സാധിച്ചില്ല"(8).

തിരുനബിയുടെ പ്രകാശത്തെ വിവിധ ഭാഗങ്ങളാക്കിയാണ് ലോകത്തെ മറ്റു വസ്തുക്കൾക്കെല്ലാം ഭംഗി നൽകിയിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന എത്രയെത്ര വസ്തുക്കൾ നമ്മെ കുളിരണിപ്പിക്കാറുണ്ട്? എങ്കിൽ ഇവയുടെയെല്ലാം സർവസൗന്ദര്യവും അതിനപ്പുറവും മേളിച്ച മുത്ത്റസൂലിൻറെ സൗന്ദര്യത്തിന്റെ തീവ്രത എത്രമാത്രമായിരിക്കും? നമുക്കത് സങ്കൽപ്പിക്കാൻ പോലുമാകില്ല. അതീവ സൗന്ദര്യത്തിന് ഉടമയായ യൂസുഫ് നബി(അ)ന്റെ സൗന്ദര്യത്തിൽ മയങ്ങി  അറിയാതെ കൈകൾ മുറിച്ചുപോയ സ്ത്രീകളെ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്(9).
അതിനുമെത്രയോ ഇരട്ടിയാണ് തിരുറസൂലിന്റെ സൗന്ദര്യം. പക്ഷേ മനുഷ്യാഭിരുചിയോട് തിരുറസൂലിന്റെ സൗന്ദര്യം പുലർത്തുന്ന ഔചിത്യത്തിൽ ഒരിക്കലും ഋണാത്മകമോ വഞ്ചനാത്മകമോ ആയ പ്രതിപത്തി രൂപപ്പെടുകയില്ല. ഇതിനൊരു കാരണമുണ്ട്. റസൂൽ(സ്വ)യുടെ സൗന്ദര്യത്തിൽ ദിവ്യപ്രകാശവും ഘനഗാംഭീര്യവും (നൂറുളിയാഇയ്യത്ത്, ഹൈബത്തുൽ ജലാലിയത്ത് എന്നീ പദങ്ങളെ വിവർത്തനം ചെയ്യാൻ മലയാള പദങ്ങൾ പരിമിതമാണ്) കൂടിച്ചേർന്നത് കൊണ്ടാണ് യൂസുഫ് നബിയെ കണ്ടമാത്രയിൽ ശ്രദ്ധ തെറ്റി സ്ത്രീകൾ കൈകൾ മുറിച്ചത് പോലെ പ്രവാചക സൗന്ദര്യത്തിൽ ആരും കണ്ണഞ്ചിപ്പോവാത്തത്(10).

ഹിന്ദുബ്നു അബീഹാല(റ)പറയുന്നു:
"നബി(സ്വ)യുടെ മുഖത്തേക്ക് നോക്കുന്നവർക്ക് ശക്തമായ ബഹുമാനം അനുഭവപ്പെടുമായിരുന്നു"(11).
തിരുനബി(സ്വ)യെ ദർശിക്കുമ്പോൾ ശക്തമായ ഘനഗാംഭീര്യത അനുഭവപ്പെടുമെന്ന് അലിയ്യുബ്നു അബീത്വാലിബ്(റ) പറയുന്നുണ്ട്(12).
തിരുനബിയുടെ മുഖത്ത് സവിശേഷമായ ഗാംഭീര്യത കലർന്ന അവസ്ഥയായിരുന്നു. അതൊരിക്കലും അനാവശ്യ ഗൗരവമായിരുന്നില്ല. ഏറെ ബഹുമാന്യരായ പണ്ഡിതന്മാരുടെ മുഖത്തേക്ക് നോക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന ബഹുമാനത്തിന്റെ ഗാംഭീര്യതയാണത്. അതുകൊണ്ടുതന്നെ അനുചരർക്ക് പ്രവാചക വദനത്തിലേക്ക് നേരിട്ട് നോക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ വ്യക്തമാക്കുന്ന ഒരു അനുഭവം ഇബ്നുമസ്ഊദ്(റ) ഉദ്ധരിക്കുന്നുണ്ട്:
"ഒരിക്കൽ അടിമയെ പ്രഹരിച്ച് ദേഷ്യപ്പെട്ടു നിൽക്കുന്ന ഇബ്നുമസ്ഊദ്(റ) നെ പിന്നിൽ നിന്നാരോ വിളിച്ചു. തിരിഞ്ഞുനോക്കിയ അദ്ദേഹത്തിന് ഭയം തോന്നി. പിറകിൽ നബി(സ്വ)യായിരുന്നു. അദ്ദേഹത്തിൻറെ കൈകളിൽ നിന്ന് ചാട്ടവാർ നിലത്ത് വീണു"(13).
അതുകൊണ്ടുതന്നെ തിരുനബിയുടെ ആകാരസൗഷ്ഠവും ശരീരരാവണ്യവും വിശേഷിപ്പിച്ചും വർണിച്ചും വാചാലമായവർ നന്നേചെറിയ പ്രായത്തിലുള്ള അനുചരരാണ്.

തിരുനബിയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുകയാണ് മുഖകമലത്തിലെ ഘനഗാംഭീര്യതയും ബഹുമാനം സ്ഫുരിക്കുന്ന അവസ്ഥയുമെല്ലാം ചെയ്യുന്നത്. യുഗപ്രഭാവനായ പുണ്യപ്രവാചക തിരുമേനിയുടെ അതിവിശിഷ്ടവും അനർഘനീയവുമായ സൗന്ദര്യം വർണനാതീതമാണെന്ന് അനുചരർക്ക് തികഞ്ഞ ബോധ്യമുണ്ടായിരുന്നു. വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. തിരുറസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും സാധ്യമല്ലായിരുന്നു. തങ്ങളുടെ കണ്ണുകളിൽ കണ്ടത് മാത്രം അവർ വിവരിച്ചു. അവരുടെ ഭാവനയിൽ തെളിഞ്ഞതിനോട് മാത്രം ഉപമിച്ചു. അതിനേക്കാളും എത്രയോ മഹത്വപൂർണമാണ് തിരുസൗന്ദര്യം.

1. ഖസീദതുൽ ബുർദ 44,45
2. മുസ്നദുഅഹ്മദ്‌ 2/380, ഫത്ഹുൽ ബാ 6/573
3. സ്വഹീഹുൽ ബുഖാരി
4. ഫത്ഹുൽബാരി 6/573
5. തഫ്സീറുത്വബ്‌രി, ഖുർതുബി
6. സൂറ:മാഇദ 15
7. അൽമവാഹിബുലദുന്നിയ്യ 1/10
8. ഹാമിശുസീറതിൽ ഹലബിയ്യ
9. സൂറ:യൂസുഫ് 31
10. അൽഇൻസാനുൽ കാമിൽ
11. ശമാഇലുൽ മുഹമ്മദിയ്യ, തുർമുദി (റ)
12. സുനനു അബീദാവൂദ്
13. അൽഇൻസാനുൽ കാമിൽ

Questions / Comments:



No comments yet.


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....