തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം. |
---|
അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു: നബിﷺ പറഞ്ഞു: "സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളെക്കാളും ഉറ്റവരുടയവരേക്കാളും എന്നെ പ്രണയിക്കുന്നതു വരെ നിങ്ങളിൽ ഒരാളും പൂർണ വിശ്വാസിയാവുകയില്ല" (1).
മുസ്‌ലിമിന്റെ വിശ്വാസം പൂർണമാകുന്നത് അവൻറെ പ്രാണപ്രേയസി തിരുദൂതരാകുമ്പോഴാണ് എന്ന ദർശനമാണ് വിശ്വാസത്തെപ്രതി തിരുനബിﷺ മുന്നോട്ടു വെച്ചത്. ആരെയാണ് അല്ലെങ്കിൽ എന്തിനെയാണ് നാം സ്നേഹിക്കാറുള്ളത് ?
നമ്മോട് ഏതെങ്കിലും വിധത്തിൽ ബന്ധമുള്ളവരെയാണ് നാം ഹൃദയത്തിൽ കുടിയിരുത്തുന്നത്. അത് വ്യത്യസ്ഥ കാരണങ്ങൾ കൊണ്ടാകാം. ഭാര്യയോടുള്ള ഇഷ്ടവും മാതാപിതാക്കളോടുള്ള ഇഷ്ടവും ഒന്നല്ല. കൂട്ടുകാരോടും മക്കളോടുമുള്ള സ്നേഹം ഒന്നല്ല. ഇതൊന്നുമല്ല അധ്യാപകരോടുള്ളത്.
ഇഷ്ടങ്ങൾ പലവിധമാണ്. അതിന്റെ തീവ്രതയും വ്യത്യസ്തമാണ്. കൈമാറ്റം ചെയ്യപ്പെടുന്ന സ്നേഹഘടകത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് അതിന്റെ ഗാഢത കൂടുന്നതും കുറയുന്നതും.
കൂടുതൽ ബന്ധമുള്ളവരെ നാം കൂടുതൽ സ്നേഹിക്കുന്നു. ബന്ധം കുറയുന്നതോടൊപ്പം സ്നേഹവും കുറയുന്നു. വിശ്വാസിയോട് ഏറ്റവും കൂടുതൽ പ്രണയിക്കാനാവശ്യപ്പെട്ടിരിക്കുന്നത് പ്രവാചകർﷺയോടാണ്. വിശ്വാസിയോട് ഏറ്റവും കൂടുതൽ ബന്ധപ്പെട്ടത് തിരുദൂതരായത് കൊണ്ടാണത്. അല്ലാഹു പറയുന്നു: "വിശ്വാസികൾക്ക് സ്വന്തത്തേക്കാൾ ബന്ധപ്പെട്ടത് തിരുനബിﷺയാണ് (2).
മനുഷ്യഹൃദയത്തില്‍ ആരോടെങ്കിലും സവിശേഷ സ്‌നേഹം ഉടലെടുക്കാന്‍ ചില പ്രേരകങ്ങളും കാരണങ്ങളുമുണ്ടായിരിക്കുമെന്ന് പറഞ്ഞു. അംഗലാവണ്യമോ സ്വഭാവമഹിമയോ സാമൂഹിക സ്ഥാനമോ സൗഹൃദമോ കുടുംബ ബന്ധമോ ഒക്കെയാണവ.
ആ നിലയില്‍ പ്രവാചകനെ സ്‌നേഹിക്കുന്നതിന് പ്രേരകങ്ങളായ ചില കാരണങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം ഒരു മുസ്‌ലിമിന് പ്രവാചകനോടുള്ള സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ തുടര്‍ച്ചയാണ് എന്നതാണ്. അടിസ്ഥാനപരമായ സ്നേഹം അല്ലാഹുവിനോടുള്ളതാണ്. അത് സാധ്യമാകണമെങ്കിൽ തിരുദൂതരോടിഷ്ടമനിവാര്യമാണെന്നാണ് അല്ലാഹു പറയുന്നത് (3).
ആന്തരികമോ ബാഹ്യമോ ആയ സൗന്ദര്യമാണ് സ്നേഹത്തിന്റെ പ്രേരകമെങ്കിൽ അതിലേറ്റവും പരിപൂർണമായ സൗന്ദര്യമാണ് തിരുദൂതർﷺ യുടേത്. നമ്മൾ സുന്ദരമായി കരുതുന്നവർ മനോഹരമായ ശാരീരികാകാരമുള്ളവർ ആയിരിക്കും. സംശുദ്ധമായ ഹൃദയത്തിന്റെ ഉടമകളായിരിക്കും. സ്വഭാവശുദ്ധി കൊണ്ട് കേളിയുള്ളവർ ആയിരിക്കും. പക്ഷേ ലളിതമായ പരിശോധനയിൽ തന്നെ നമുക്ക് എന്തെങ്കിലും ന്യൂനതകൾ ഏതൊരാളിലും ദർശിക്കാനാവുന്നു. എന്നാൽ ന്യൂനതയേതുമില്ലാത്ത സൃഷ്ടിപ്പാണ് തിരുനബിയുടേത് . ഇമാം ബൂസ്വൂരി (റ) പാടുന്നു:
" നബി ആകാരവുമകവും പൂർണമായവർ
റബ്ബ് ഹബീബായ് തെരഞ്ഞെടുത്തവർ " (4).
സൃഷ്ടിപ്പിലും സ്വഭാവത്തിലും ഒരു കുറവുമില്ലാത്തവിധം സമ്പൂർണമായിട്ടാണ് അല്ലാഹു തിരു നബിﷺയെ സൃഷ്ടിച്ചിട്ടുള്ളത്.
എത്ര സൂക്ഷ്മമായി പരിശോധിച്ചാലും ഏത് അളവുകോലെടുത്ത് പരീക്ഷിച്ചാലും ന്യൂനതയുടെ ഒരടയാളവും തിരുദൂതരിൽ ദർശിക്കാനാവില്ല. സൃഷ്ടിപ്പിൽ അത്രമേൽ സമ്പൂർണമായ ഒന്നിന്റെ സൗന്ദര്യം എത്രമാത്രമായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. സൗന്ദര്യത്തിന്റെ നേർപകുതി പൂർണമായും സമ്മേളിച്ചവരാണ് തിരുനബിﷺ. ബാക്കി പകുതിയാണ് ലോകത്തെ മറ്റു സൃഷ്ടികൾക്ക് ഒന്നടങ്കം അല്ലാഹു നൽകിയിട്ടുള്ളത് എന്ന് മഹാന്മാർ പഠിപ്പിക്കുന്നുണ്ട്.
ആ സൗന്ദര്യത്തിന്റെ പൂർണതയെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും നമുക്കാവില്ല. അത്രയധികം സൗന്ദര്യമുള്ള തിരുദൂതരെയാണ് പ്രണയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അത് വെറും സൗന്ദര്യത്തെ ആശ്രയിച്ചല്ല. നാം ആദ്യം പറഞ്ഞ നമുക്കുള്ള ആത്മ ബന്ധത്തിന്റെ കാരണം കൊണ്ട് കൂടിയാണ്. സർവ ലോകത്തിന്റെയും ഉണ്മക്ക് മുൻപേ അല്ലാഹു സൃഷ്ടിച്ചത് തിരുപ്രകാശത്തെയാണ്. ആ പ്രകാശത്തിന്റെ സൃഷ്ടിപ്പില്ലായിരുന്നുവെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് സർവലോകർക്കും അനുഗ്രഹമായിട്ട് മാത്രമാണ് തിരുദൂതരെ അയച്ചിട്ടുള്ളതെന്ന് ഖുർആൻ പറഞ്ഞത് (5).
നാമും നാമനുഭവിക്കുന്ന സർവ അനുഭൂതികളും ആസ്വാദനങ്ങളും സൃഷ്ടിക്കപ്പെട്ടത് തന്നെ തിരുദൂതർ ഹേതുകമായിട്ടാണ്. ഇതിനപ്പുറം വിശ്വാസിയോട് ഏറ്റവും കൂടുതൽ ബന്ധപ്പെട്ട് തിരുനബിയാണെന്നതിന് മറ്റെന്ത് കാരണം വേണം. ഇത്രയധികം ബന്ധമുള്ള ഒരാളോട് സ്നേഹം തോന്നുക സ്വാഭാവികമല്ലേ. തോന്നണം. അതുകൊണ്ടാണ് അത് വിശ്വാസത്തിൻറെ കൂടി ഭാഗമാക്കിയത്. സർവശക്തനായ അല്ലാഹു ഏകനാണെന്നതിന്റെ കൂടെ തിരുദൂതർ അല്ലാഹുവിൻറെ പ്രവാചകരാണെന്നത് ചേർക്കുമ്പോഴാണല്ലോ വിശ്വാസത്തിൻറെ വചനം തന്നെ പൂർത്തിയാകുന്നത്.
ഇനി മറ്റൊരു കാര്യം. ഭൗതിക ലോകത്ത് രണ്ട് പ്രണയിനികൾക്കിടയിലെ സ്വാഭാവികമായ ജീവിത രീതിയെപ്പറ്റി ഒന്ന് സങ്കൽപ്പിക്കൂ. ഒരാളോട് അനുരാഗബദ്ധനായ ഒരാൾക്ക് അനുരാഗിയെ ഓർക്കാത ഒരു നിമിഷം കടന്നുപോകാനാകില്ല. തൻറെ പ്രണയിനി സദാസമയം ഹൃദയത്തിന് ആശ്വാസം പകരുന്നു. അനുരാഗിയെ കുറിച്ചുള്ള ഓർമകൾ നിമിഷങ്ങളെ സുഗന്ധപൂരിതമാക്കുന്നു. സ്നേഹിക്കുന്ന ആളുടെ ജീവൽ വ്യവഹാരങ്ങൾ ഓരോന്നും നിരീക്ഷിക്കുന്നു. ആകാര സൗന്ദര്യത്തെ അതിസൂക്ഷ്മംപഠിക്കുന്നു. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തുല്യമാകുന്നു. അങ്ങനെയങ്ങനെ അനുരാഗബദ്ധരായ രണ്ടു പേർക്കിടയിൽ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസങ്ങൾ മാത്രമാണിത്. (അനുരാഗം, പ്രേമവുമെല്ലാം നൈമിഷികമാണ്. തിരുനബിയോടുള്ള ഇഷ്ടത്തെക്കുറിക്കാൻ അവ അപര്യാപ്തമാണ്).
വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻറെ ശരീരത്തേക്കാൾ ആത്മബന്ധം പുലർത്തേണ്ട, സ്നേഹിക്കൽ വിശ്വാസത്തിൻറെ ഭാഗമായ, ആന്തരികവും ഭാഗ്യവുമായ സൃഷ്ടിപ്പിലും സ്വഭാവത്തിലും പരിപൂർണരായ തിരുനബിയോട് ഉണ്ടാകേണ്ട സ്വഭാവിക പ്രതിഭാസങ്ങൾ തന്നെയാണിത്. കാരണം നമുക്ക് ഏറ്റവും വലുത് വിശ്വാസമാണ്. മുസ്‌ലിമിന്റെ ജീവിതം പരിപൂർണമായും സ്രഷ്ടാവിൽ വലയം പ്രാപിച്ചിട്ടുള്ളതാണ്. സർവവും വിശ്വാസാധിഷ്ഠിതം. വിശ്വാസം പൂർണമാകുന്നത് തിരുനബിസ്നേഹം കൊണ്ട് മാത്രം. തിരുനബി സ്നേഹത്തിന്റെ പൂർത്തീകരണം സമ്പൂർണമായ അനുധാവനം കൊണ്ടും.
തിരുനബിﷺയെ പരിപൂർണമായി ജീവിതത്തിൽ അനുധാവനം ചെയ്യുക എന്നതാണ് വിശ്വാസിക്ക് ചെയ്യാനുള്ളത്. അപ്പോൾ മുകളിൽ പറഞ്ഞ പ്രതിഭാസങ്ങൾ സ്വാഭാവികമായും ഉണ്ടാകും. നമ്മുടെ ഇഷ്ടവും അനിഷ്ടവും തിരുദൂതരുടെതാകും. സ്രഷ്ടാവിന്റെ ഇഷ്ടാനിഷ്ടങ്ങൾ തന്നെയായിരിക്കുമത്. കാരണം സ്രഷ്ടാവിന്റെ നിർദേശങ്ങൾ മുറതെറ്റാതെ ജീവിതത്തിൽ പുലർത്തിയവരാണ് പ്രവാചകർ. അപ്പോൾ നമ്മുടെ സർവവ്യവഹാരവും അല്ലാഹുവിൻറെ തൃപ്തിയിലാകുന്നു. ഇതാണ് നമുക്ക് ചെയ്യാനുള്ള ആവിഷ്കാരം. പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ, എന്തുകൊണ്ടാണ് നമുക്ക് ഈ ധന്യമായ ആവിഷ്കാരം സാധ്യമാകാത്തത്?
ഉത്തരം ലളിതമാണ്. നമുക്ക് സ്നേഹിക്കാനും അനുധാവനം ചെയ്യാനുമുള്ള വ്യക്തിയെക്കുറിച്ച്, തിരുഹബീബിനെക്കുറിച്ച് നമുക്കൊന്നുമറിയില്ലെന്നതാണത്.
ആത്മവിചിന്തന്തം നടത്തൂ..
തിരുനബിയുടെ നിറം, കണ്ണ്, മൂക്ക്, തല, മുടി, പുരികം, കൺപീലി, കൺപോള, നെറ്റി, കവിൾ, ചുണ്ട്, പല്ല്, നാവ്, ചെവി, കൈകാലുകൾ, വിരലുകൾ, നഖം തുടങ്ങി ശരീരത്തിന്റെ ആകാരമെങ്ങനെയായിരുന്നു?. നടത്തവും ഇരുത്തവും കിടത്തവും എങ്ങനെയായിരുന്നു?. സംസാരശൈലി എന്തായിരുന്നു?. ഇഷ്ടപ്പെട്ട ഭക്ഷണവും വസ്ത്രവും നിറവും ഏതായിരുന്നു?. തമാശ പറഞ്ഞിരുന്നോ? വിനോദം വിലക്കിയിരുന്നോ? അങ്ങനെ തുടങ്ങി ഒട്ടനേകം അറിയേണ്ട കാര്യങ്ങളുണ്ട്.
ഇതിലേതെല്ലാം നമുക്കറിയാം?. ഇതൊന്നുമറിയില്ലെങ്കിൽ പിന്നെ നാമെങ്ങനെ പ്രവാചക സ്നേഹികളാകും?
ഇതിൽ ഏതെങ്കിലും അറിയില്ല എന്നാണെങ്കിൽ നമ്മുടെ ഇഷ്ടം എങ്ങനെ പൂർണമാകും?. ഭൗതികലോകത്ത് നമ്മുടെ ഇഷ്ടങ്ങളെപ്പറ്റി പഠിക്കാനും ഓർക്കാനും നമുക്ക് താൽപര്യമാണ്. പക്ഷേ അടിസ്ഥാനപരമായ സ്നേഹത്തെപ്പറ്റി നാം അശ്രദ്ധരാണ്.
തിരുദൂതരെ പരിപൂർണമായി മനസ്സിലാക്കുക അസാധ്യമാണ്. എന്നാലും നിലവിൽ ലഭ്യമായ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തി സാധ്യമാകുന്നത് പഠിക്കാനെങ്കിലും നമുക്കാവണം. ഓർക്കുക,
നമുക്കനുധാവനം ചെയ്യാനും ആവിഷ്കരിക്കാനുമുള്ള ജീവിതമാണ്. പഠനം നിർബന്ധമായ അധ്യായമാണ്. തിരുദൂതരെപ്പറ്റി പഠനങ്ങളാരംഭിക്കട്ടെ .
1. സ്വഹീഹുൽ ബുഖാരി, കിതാബുൽ ഈമാൻ
2. ഖുർആൻ, സൂറ: അഹ്സാബ് 6
3. ഖുർആൻ, സൂറ: ആലു ഇംറാൻ 31
4. ഖസ്വീദതുൽ ബുർദ , ഇമാം ബൂസ്വീരി
5. ഖുർആൻ, സൂറ: അമ്പിയാഅ് 107
7 January, 2023 01:02 am
Abdul rahman c a
Eniyum pradheekshikkunnu