തിരുനബി(സ)യുടെ ശാരീരിക സവിശേഷതകളും ജീവിതശൈലിയും സ്വഭാവരീതികളുമെല്ലാം പ്രതിപാദിക്കുന്ന വിജ്ഞാനശാഖയാണ് ശമാഇൽ. സ്വഭാവം, ശരീരപ്രകൃതി എന്നെല്ലാമാണ് ശമാഇൽ എന്ന അറബി പദം അർഥമാക്കുന്നത്. അഥവാ, തിരുനബി(സ)യുടെ ഖൽഖും (ശരീരവിശേ ഷങ്ങൾ) ഖുലുഖും (സ്വഭാവവിശേഷങ്ങൾ) എങ്ങനെയായിരുന്നുവെന്ന് വിശദീകരിക്കുന്ന വിജ്ഞാനശാഖയാണിത്. പൂർവകാലം മുതലേ നബിചര്യകളെ മുസ്ലിം സമൂഹം കൃത്യമായി പിന്തുടർന്നു പോന്നിട്ടുണ്ട്. തിരുനബി(സ) ഭക്ഷണം കഴിച്ചത്, സംസാരിച്ചത്, ഇടപെട്ടത്, അവിടുത്തെ നിറം, നേത്രം, മൂക്ക്, ശിരസ്, കേശം, പുരികം, കൺപീലി, കൺപോള, നെറ്റി, കവിൾ, ചൂണ്ട്. പല്ല്, നാവ്, ചെവി, കൈകാലുകൾ, വിരലുകൾ, നഖം തുടങ്ങി തിരുനബിയുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങളും ക്രോഡീകരിക്കപ്പെട്ട്, കൂട്ടിച്ചേർക്കലുകൾക്കോ സംശയങ്ങൾക്കോ ഇടം കൊടുക്കാതെ, തലമുറകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടതിന് പുറമെയാണ് ശരീര പ്രകൃതവും സ്വഭാവവിശേഷണങ്ങളും മാത്രം ചർച്ച ചെയ്യുന്ന ഒരുവിജ്ഞാന ശാഖ തന്നെ വളർന്നുവന്നത്. അവിടുത്തെ വാക്കുകളും പ്രവൃത്തികളും അടങ്ങുന്ന ഹദീസുകൾ നിവേദനം ചെയ്യുന്നതിലും ഉദ്ധരിക്കുന്നതിലും കാണിക്കുന്ന അതേ സൂക്ഷ്മത ഈ മേഖലയിലും പുലർത്തിയിട്ടുണ്ട്.
യഥാർഥത്തിൽ, നബി(സ) തങ്ങളുടെ ജീവിതകാലത്ത് തന്നെ രേഖപ്പെടുത്തി തുടങ്ങിയിരുന്ന തീരുജീവിതം, അവിടുത്തെ സൗന്ദര്യ-സ്വഭാവ-ജീവിത വിശേഷണങ്ങൾ ക്രോഡീകൃത രൂപത്തിലായിരുന്നില്ല. ഹിജ്റ രണ്ടാം നൂറ്റാണ്ടിലാണ് ശമാഇൽ ക്രോഡീകരണം ആരംഭിക്കുന്നത്. അത് വരെ ശമാഇൽ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളോ ഏതെങ്കിലും ഗ്രന്ഥങ്ങളിൽ തിരുനബി(സ)യുടെ വിശേഷണങ്ങൾ പ്രതിപാദിക്കുന്ന അധ്യായങ്ങളോ ഉണ്ടായിരുന്നില്ല. പകരം, കൈമാറി വന്ന തിരുനബി(സ)യുടെ ജീവിതശൈലികൾ സ്വന്തം ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചു പോന്നത്.
തിരുജീവിതത്തിലെ ഓരോ നിമിഷങ്ങളും ഹദീസുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് പണ്ഡിതന്മാർ ഹദീസുകൾ ക്രോഡീകരിച്ച് തിരുനബി വിശേഷണങ്ങൾ എഴുതാൻ തുടങ്ങിയതോടെയാണ് ശമാഇൽ എന്ന ജ്ഞാനശാഖയുടെ വ്യത്യസ്ത തലങ്ങൾ വിശദമായ പഠനത്തിന് വിധേയമാകുന്നത്.
പ്രധാനമായും മൂന്ന് രൂപത്തിലാണ് ശമാഇലുന്നബി ഗ്രന്ഥങ്ങളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഒന്ന് : ശമാഇൽ പ്രതിപാദിക്കാൻ വേണ്ടി മാത്രം രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ രണ്ട്: ഹദീസുകൾ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ (സ്വിഹാഹുസ്സിത്ത യടക്കമുള്ള ഹദീസ് ഗ്രന്ഥങ്ങൾ) പ്രത്യേക അധ്യായങ്ങളിലായി ശമാഇൽ പ്രതിപാദിക്കുന്ന രൂപം. മൂന്ന്: തിരുനബി(സ)യുടെ ചരിത്രങ്ങൾ വിശദീകരിക്കുന്ന (സീറത്തു ന്നബി) ഗ്രന്ഥങ്ങളിൽ ശമാഇൽ കൊണ്ടുവരുന്ന രൂപം.
കാലഗണനയനുസരിച്ച് വിരചിതമായ ഏതാനും ശമാഇൽ ഗ്രന്ഥങ്ങൾ പരിചയപ്പെടാം. അബുൽ ബുഹ്തുരി വഹബ് ബിൻ വഹബുൽ അസദി(ഹി 200)യുടെ സ്വിഫതുന്നബിയ്യ്(സ), അബുൽ ഹസൻ അലി ബിൻ മുഹമ്മദ് അൽ മദാഇൻ (ഹി 224) രചിച്ച സ്വിഫതുന്നബിയ്യ്(സ), മുഹമ്മദ് ബിൻ അബ്ദില്ലാഹിൽ വർറാഖ് (ഹി 249) രചിച്ച അഖ്ലാഖുന്നബിയ്യ്(സ), ദാവൂദ് ബിൻ അലിയ്യുൽ അസ്ബഹാനി (ഹി 270) യുടെ സ്വിഫതു അഖ്ലാഖിന്നബിയ്യ്(സ), അബൂബക്കർ മുഹമ്മദ് ബിൻ അലി അൽ ഖഫാൽ അശ്ശാശി(ഹി 365)യുടെ ശമാഇലുന്നുബുവ്വ, അബൂസഈദ് അബ്ദുൽ മലിക് ബിൻ മുഹമ്മദ് നൈസാബൂരി (ഹി406) യുടെ ശറഫുൽ മുസ്ത്വഫ തുടങ്ങി ഹിജ്റ അഞ്ചാം നൂറ്റാണ്ടിന് മുമ്പ് തന്നെ ഒട്ടേറെ ശമാഇൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ, ഇമാം അബൂഈസ അത്തുർമുദി (ഹി 279)യുടെ ശമാഇലുൽ മുഹമ്മദിയ്യ, ഇമാം ഖാളി ഇയാളി (ഹി.544) ന്റെ അശ്ശിഫാ ഫീ തഅ് രീഫി ഹുഖൂഖിൽ മുസ് ത്വഫ തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ മേഖലയിൽ പ്രശസ്തവും പ്രൗഢവുമാണ്.
ശമാഇൽ എന്ന ജ്ഞാന ശാഖയുടെ ഫലങ്ങളെക്കുറിച്ച് പണ്ഡിതലോകം ചർച്ച ചെയ്യുന്നുണ്ട്. അവ ഇങ്ങനെ വായിക്കാം. ഒന്ന്: തിരുനബി(സ)യുടെ വിശേഷണങ്ങൾ പഠിക്കുന്നതിലൂടെ പ്രഥമമായി അവിടുത്തെ അനുധാവനം ചെയ്യാനുള്ള പ്രേരണ ലഭിക്കുന്നുവെന്നതാണ്. ഒരു മുസ്ലിമിന്റെ വിശ്വാസത്തിന്റെ ആധാരമാണല്ലോ ശഹാദത്. അതിലെ രണ്ടാം ഭാഗം നബി(സ) അല്ലാഹുവിന്റെ റസൂലാണെന്ന സാക്ഷ്യപ്പെടുത്തലാണ്. ഇത് മനസ്സിൽ ഉറപ്പിക്കുന്ന ഒരു വിശ്വാസിക്ക് അവന്റെ ഈമാനിന്റെ ഭാഗമായ തിരുഹബീബിൻ്റെ വിശേഷണങ്ങളറിയുമ്പോൾ വിശ്വാസത്തിന്റെ ശക്തി വർധിക്കുമെന്നത് തീർച്ചയാണ്.
രണ്ട്: ശമാഇലുന്നബി പഠിക്കുന്നവർക്ക് മുത്ത്നബിയോടുള്ള സ്നേഹം വർധിക്കാൻ അത് കാരണമാകുന്നു. കാരണം, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള പ്രധാനഹേതു സ്നേഹഭാജനത്തെ അറിയലാണ്. തിരുവിശേഷങ്ങൾ കൂടുതൽ അറിയും തോറും മുത്ത്നബിയോട് സ്നേഹം കൂടും.
മൂന്ന്: തിരുനബി(സ)യുടെ സ്വഭാവ ഗുണങ്ങളെ അനുകരിച്ച് സ്വന്തം സ്വഭാവരൂപീകരണം സാധ്യമാക്കാൻ ശമാഇലുന്നബി പഠിക്കുന്നതിലൂടെ സഹായകമാകുന്നു. ചരിത്രങ്ങൾ പറയുന്ന സീറ കൃതികൾക്കാണ് നാം കൂടുതൽ പ്രധാന്യം നൽകിയിരുന്നത്. നബിയോരുടെ രൂപ, സ്വഭാവ രീതികളെ കൂടി നാം കൃത്യമായി അറിയുകയും അനുകരിക്കുകയും വേണം. അപ്പോഴാണ് മുത്ത്നബിയെ പൂർണമായും കൃത്യമായും അനുധാവനം ചെയ്യാൻ നമുക്ക് സാധിക്കുക.
നാല്: അടിമകൾക്ക് അല്ലാഹു നൽകിയ മഹത്തായ അനുഗ്രഹത്തെ മനസ്സിലാക്കാനും ശമാഇൽ പഠനത്തിലൂടെ നമുക്ക് സാധിക്കും. അഥവാ, എല്ലാവിധ ഗുണഗണങ്ങളും മേളിച്ച തിരുദൂതരെ ലോകത്തേക്ക് നിയോഗിക്കുന്നതിലൂടെ അല്ലാഹുവിൻ്റെ ഉൽകൃഷ്ടമായ അനുഗ്രഹം മനുഷ്യസമൂഹത്തിന് നാഥൻ നൽകിയിരിക്കുന്നുവെന്ന തിരിച്ചറിവ് ഇതിലൂടെ ലഭിക്കുന്നു.
ശമാഇലുത്തുർമുദി
ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച വിഖ്യാത ഹദീസ് പണ്ഡിതനായ മുഹമ്മദ് ബ്നു ഈസ അത്തുർമുദിയുടെ ശമാഇൽ എന്ന ഹദീസ് സമാഹാരം ഏറ്റവും പ്രശസ്തമായ ശമാഇലുകളിലൊന്നാണ്. 56 ഭാഗങ്ങളായുള്ള ഈ സമാഹാരം മുത്ത് നബിയുടെ ജീവിതരീതികളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്. തിരുനബിജീവിതത്തിന്റെ എല്ലാ ചലനനിശ്ചലനങ്ങളെയും ഒപ്പിയെടുക്കുകയും ഒരു പക്ഷേ പലർക്കും വളരെ അപ്രധാനമായി തോന്നിയേക്കാവുന്ന പല കാര്യങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുത്ത്നബി(സ)യുടെ മുഴുവൻ പ്രവർത്തനങ്ങളും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. മുത്ത്നബിയെയും അവിടുത്തെ പ്രബോധനദൗത്യത്തെയും മനസ്സിലാക്കുന്നതിലും അതിലൂടെ സ്വന്തം വിശ്വാസത്തെ രക്ഷിച്ചെടുക്കുന്നതിലും അപ്രധാനമെന്ന് ചിലരെങ്കിലും കരുതുന്ന കാര്യങ്ങൾ പങ്കുവെക്കുന്നതിൻ്റെ ലക്ഷ്യമെന്താണ്? യഥാർഥത്തിൽ അവ തിരുനബിയുടെ സുന്നത്തിനെ അനുധാവനം ചെയ്യേണ്ടതിൻറെ പ്രാധാന്യം എത്രമാത്രമുണ്ട് എന്നതിലേക്ക് കൂടിയുള്ള സൂചനയാണ്. നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതരിൽ ഉത്തമമായ മാതൃകയുണ്ട് എന്ന് അല്ലാഹു തന്നെയാണല്ലോ നമ്മെ ഉദ്ബോധനം ചെയ്തത്. ആ മാതൃകയെ അതിന്റെ പൂർണാർഥത്തിൽ ആവാഹിക്കണമെങ്കിൽ എല്ലാ കാര്യങ്ങളിലും റസൂലിനെ അനുകരിക്കണം. അങ്ങനെയൊരു അനുകരണം സാധ്യമാകണമെങ്കിൽ അവിടുത്തോട് നമുക്ക് അതിരറ്റ സ്നേഹം വേണം. ആ സ്നേഹത്തിന്റെ കവാടമാണ് ശമാഇൽ എന്ന ജ്ഞാന ശാഖയിലൂടെ തുറന്നിട്ടിരിക്കുന്നത്.
ഇമാം തുർമുദി(റ)ൻ്റെ ശമാഇലിന് ഒട്ടേറെ പണ്ഡിതന്മാർ ശർഹുകളും മറ്റു വിശദീകരണ ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇവിടെ ചേർക്കാം: ഇമാം സുയൂഥി(റ)യുടെ സഹ്റുൽ ഖമാഇലി അലശ്ശമാഇൽ, ഇമാം ഇബ്നുഹജറിൽ ഹൈതമി(റ)യുടെ അശ്റഫുൽ വസാഇൽ ഇലാ ഫഹിശ്ശമാഇൽ, മുല്ലാ അലി ബിൻ സുൽത്വാനിൽ ഖാരിയുടെ ജംഉൽ വസാ ഇൽ ഫീ ശർഹിശ്ശമാഇൽ, ശൈഖ് ഇബ്റാ ഹീം അൽ ബാജൂരിയുടെ അൽ മവാഹിബു ലദുന്നിയ അലശ്ശമാഇലിൽ മുഹമ്മദിയ്യ. കൂടാതെ, ഇമാം തുർമുദിയുടെ ശമാഇൽ കവിതാ രൂപത്തിൽ ക്രോഡീകരിച്ച ഗ്രന്ഥങ്ങൾ കാണാം. ഇമാം ശിഹാബുദ്ദീൻ റംലിയുടെ നള്മുശ്ശമാഇലിൽ മുഹമ്മദിയ്യ ലിത്തുർമുദി, അഹ്മദ് ബിൻ അഹ്മദ് സറൂഖ് രചിച്ച നള്മു ശ്ശമാഇൽ, അബുൽ അബ്ബാസ് അൽബൂനി യുടെ നള്മുശ്ശമാഇൽ, തുടങ്ങിയവയാണവ. ശമാഇലുത്തുർമിദി വ്യത്യസ്ത ഭാഷ കളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഖ്വമുൽ വസാഇൽ ഫീ തർജമതി ശമാഇൽ തുർക്കിഷ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയ പ്രധാനപ്പെട്ട ഗ്രന്ഥമാണ്. ഇസ്ഹാഖ് ഖാജ അഹ്മദ് അഫന്ദിയാണ് ഗ്രന്ഥകർത്താവ്. അൻവാർ മുഹമ്മദി എന്നത് മൗലവി അലി ജോമ്പോരിയുടെ ഉറുദു വിവർത്തനമാണ്. കൂടാതെ, ശമാഇലുത്തൂർമുദി മർവാൻ ജർവലി ഫ്രഞ്ചിലേക്കും ഹിദായത് ഹസൻ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.
അടുത്ത കാലത്തായി രചിക്കപ്പെട്ട അബ്ദുല്ലാഹിബ്നു സഈദ് അൽ ലഹ്ജിയുടെ മുൻതഹസ്സൂൽ അലാ വസ്വാഇലിൽ വു° സൂൽ ഇലാ ശമാഇലിർറസൂൽ, സിറിയൻ പണ്ഡിതൻ ശൈഖ് മുഹമ്മദ് അബുൽ ഹുദാ അൽ യഅ്ഖൂബിയുടെ ശമാഇലുൽ ഹബീബിൽ മുസ്ത്വഫാ എന്നിവയും വിസ്മയാവഹം തന്നെയാണ്. ഈയിടെ പുറത്തിറങ്ങിയ ശമാഇലുത്തുർമിദിയുടെ ആംഗലേയ പതിപ്പിനും വൻ സ്വീകാര്യത ലഭിച്ചിരുന്നു. ബ്രിട്ടീഷ് യുവപണ്ഡിതരായ ശൈഖ് മുഹമ്മദ് അസ്ലം, അബ്ദുൽ അസീസ് സുറാഖ എന്നിവർ ചേർന്നാണ് അതിന്റെ മൊഴിമാറ്റം നടത്തിയിട്ടുള്ളത്. അഥവാ മുസ്ലിംകൾ ജീവിക്കുന്ന ഇടങ്ങളിലെല്ലാം തിരുശീലങ്ങളെ പഠിക്കുന്ന ശമാഇലിന് വൻപ്രചാരമണുള്ളത്. .
റഫറൻസ്:
1) ജാമിഉത്തുർമുദി, ഇമാം അബൂ ഈസ മുഹമ്മദ് അത്തുർമുദി
2) അൽ ജാമിഉലി അഖ്ലാഖിറാവി, ഖതീബുൽ ബഗ് ദാദി
3) അൽ ഫിഹ്റസ്, ഇബ്നു നദീം
4) കശ്ഫുളുനൂൻ, ഹാജി ഖലീഫ
5) ഫളാഇലു സുനനി ത്തുർമുദി, അബ്ദുൽ ഖാസിം ഇസ് അർദി
6) അൽ മവാഹിബു ലദുന്നിയ്യ അലശ്ശമാഇലിൽ മുഹമ്മദിയ്യ, ഇമാം
ബാജൂരി
7) ജാമിഉ ശുറൂഹി വൽ ഹവാശി, അബ്ദുല്ല ബിൻ മു ഹമ്മദുൽ ഹബ്ശി