കമനീയവും പരിപൂർണ്ണവുമായ മുഖകമലം തിരുനബിസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുന്നു. അനിർവ്വചനീയമായ തിരുവദനത്തിന്റെ അനശ്വരമായ വിശേഷണങ്ങളിലൂടെയൊരു ഹൃദയസഞ്ചാരം.


        ഒരാളുടെ ശരീരസൗന്ദര്യം പ്രഥമമായി അനുഭവവേദ്യമാകുന്നത് മുഖത്തു നിന്നാണ്. അപ്രകാരം തിരു നബി ﷺ യുടെ ശരീര സൗന്ദര്യ വർണങ്ങളിലെല്ലാം മുഖലാവണ്യവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ കാണാൻ കഴിയുന്നുണ്ട്. സ്നേഹ മിത്രങ്ങളായ അനുചര വൃന്ദത്തെ സംബന്ധിച്ചെടുത്തോളം ഏതു പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് മോചനം നേടാനും അവർക്കേറ്റവും മർമപ്രധാനമായ പ്രതിവിധി തിരുറസൂലിനെ ദർശിക്കുകയായിരുന്നു. പ്രസ്തുത അനുഭൂതിദായക സൗന്ദര്യത്തിന് ഉടമയായ തിരുനബിയെ ആവോളം ആസ്വദിക്കാനും ആസ്വാദനത്തെ പിൻതലമുറക്ക് പകർന്നു നൽകാനും അവർ അത്യധികം പരിശ്രമിച്ചിട്ടുണ്ട്. ഉപമാലങ്കാരങ്ങൾക്കതീതനാണെങ്കിലും തങ്ങളുടെ പരമാവധി പദപ്രയോഗശേഷിയെ ഉപയോഗപ്പെടുത്തി പരിചിതമായ നിറപ്പകിട്ടാർന്ന പ്രതിഭാസങ്ങളോട് താരതമ്യപ്പെടുത്തി തിരുറസൂലിന്റെ സൗന്ദര്യത്തെ വർണ്ണിക്കുന്നത് വായിക്കുമ്പോൾ നമുക്ക് ആ അനുഭൂതി ലഭ്യമാണ്. വായനകളിലെല്ലാം വളരെക്കൂടുതലായി നമുക്ക് കാണാൻ കഴിയുന്ന ഒന്ന് പ്രവാചക തിരുമേനി ﷺ യുടെ മുഖലാവണ്യ വർണനകളാണ്. സൗന്ദര്യ നിദർശനമായ നിരവധി പ്രതിഭാസങ്ങളോടും വസ്തുക്കളോടും കൂടിയാണ് സ്വഹാബാക്കൾ റസൂലിന്റെ മുഖത്തെ ദൃശ്യമാക്കിയത്. അതിൽ പ്രഭാപൂരിതമായ ചന്ദ്രനും വെട്ടിത്തിളങ്ങുന്ന വാൾതലപ്പുമെല്ലാം കടന്നുവരുന്നുണ്ട്.

         തിരുനബി മനോഹരമാം വിധം വട്ടമുഖം ഉള്ളവരായിരുന്നു. റസൂലിന്റെ മുഖത്തെ ചന്ദ്രനോടും സൂര്യനോടുമെല്ലാം ഉപമിച്ച നിരവധി ചർച്ചകൾ കാണുന്നുണ്ട്. തിരുനബിയുടെ മുഖം നീണ്ട രൂപത്തിലല്ല. വട്ട മുഖമായിരുന്നു എന്നതിലേക്ക് സൂചനയെന്നോണം ചന്ദ്രനെ ഉപമപ്പെടുത്തിയതാവാനും സാധ്യതയുണ്ട്. ഈ വിവക്ഷയിലേക്ക് ഇമാം ഇബ്നു ഹജർ(റ) സാധ്യത കല്പിക്കുന്നുണ്ട്. (1)

         എന്നാൽ അരോചകമാംവിധം വൃത്തമായിരുന്നില്ല തിരുനബിയുടെ മുഖാകൃതിയെന്നും മഹാന്മാർ രേഖപ്പെടുത്തുന്നുണ്ട്. അലിയ്യുബ്നു അബീത്വാലിബ്(റ) തിരുനബി(സ്വ)യെ വിശേഷിപ്പിക്കുന്നിടത്ത് പറയുന്നു: "പ്രവാചകർ ﷺ സമ്പൂർണ വട്ടമുഖം ഉള്ളവരായിരുന്നില്ല. എന്നാൽ അവിടുത്തെ മുഖത്തിന് ഒരു വൃത്താകൃതി ഉണ്ടായിരുന്നു." (2) നല്ല മനോഹരമായ വട്ടമുഖം എന്ന് നമ്മൾ വിശേഷിപ്പിക്കാറുണ്ടല്ലോ. അങ്ങനെ മനസ്സിലാക്കണം.

         മനോഹരമായ വട്ടമുഖത്തുനിന്ന് പ്രകാശം ജ്വലിക്കുമായിരുന്നുവെന്ന് സ്വഹാബാക്കൾ രേഖപ്പെടുത്തുന്നുണ്ട്. തിരുനബിയുടെ ശരീരത്തിന് അതിസുന്ദരമായ ചുവപ്പു കലർന്ന വെളുപ്പുനിറം ആയിരുന്നുവെന്നും വർണത്തിന് തിളക്കമുണ്ടായിരുന്നുവെന്നും നാം പറഞ്ഞിട്ടുണ്ട്. തിരുറസൂലിന്റെ മുഖത്തിന് സവിശേഷമായ ശോഭയുണ്ടായിരുന്നുവെന്ന് നിരവധി സ്വാഹാബാക്കളുടെ ഹദീസുകളിലുണ്ട്. മഹതിയായ ഖദീജ ബീവി(റ)യുടെ മകൻ ഹിന്ദ്ബ്നു അബീഹാലയുടെ പ്രവാചക വർണ്ണന ഏറെ പ്രധാനപ്പെട്ടതാണ്. ഹിന്ദ്ബ്നു അബീഹാല(റ) പറയുന്നു:  "വീക്ഷിക്കുന്നവരുടെ ഹൃദയത്തിൽ ഭക്ത്യാദരവുകൾ ജനിപ്പിക്കുന്ന പ്രകൃതമായിരുന്നു തിരുനബിയുടെ പുണ്യവദനം. പൂർണനിലാവുള്ള നാളിൽ ചന്ദ്രൻ മിന്നിത്തിളങ്ങും പ്രകാരം കത്തിലങ്കാറുണ്ടായിരുന്നു തിരുവദനം."(3)

         ജാബിറുബ്നു സമുറത്(റ) പറയുന്നു:  "നല്ല നിലാവുള്ള ഒരു രാത്രിയിൽ ഞാൻ അല്ലാഹുവിൻറെ റസൂലിനെ കണ്ടു. അവിടുന്ന് ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. ഞാൻ തിരുനബിയിലേക്കും ചന്ദ്രനിലേക്കും മാറി മാറി നോക്കി. ചന്ദ്രനെക്കാൾ എത്രയോ മനോഹരമായിരുന്നു തിരുറസൂൽﷺ (4).

         നബിവദനത്തെ ചന്ദ്രനോട് ഉപമിച്ച സംഭവങ്ങൾ ഇനിയും നിരവധിയുണ്ട്. ഒരിക്കൽ ബറാഉബ്നു ആസിബ് (റ) നോട് ചോദിക്കപ്പെട്ട ചോദ്യം ഇങ്ങനെയായിരുന്നു: "മുത്ത് റസൂലിൻറെ വദനം വാൾ പോലെയായിരുന്നോ?. മഹാൻ മറുപടി പറഞ്ഞു:" അത് ചന്ദ്രനെ പോലെയായിരുന്നു". (5)

          ബറാഅ്(റ)വിന്റെ മറുപടിയിൽ രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തിരുവദനത്തിന് തിളക്കമുണ്ടായിരുന്നുവെന്ന് നാം പറഞ്ഞു. വാൾ പോലെയാണെന്ന് പറയുമ്പോൾ തിളക്കത്തിലേക്കുള്ള സൂചന മാത്രമാണ് ലഭിക്കുന്നത്. ചന്ദ്രൻറെ തിളക്കം വാളിനേക്കാൾ ശക്തവും കാന്തിയുള്ളതുമാണ്. അപ്പോൾ "ചന്ദ്രനോടുപമിക്കുമ്പോൾ മുഖം വാളിനേക്കാൾ ശോഭയുള്ളതാണെന്നും വൃത്താകൃതിയാണെന്നും ലഭിക്കുന്നുണ്ട്". (6)

         മുത്ത് നബിയുടെ മുഖശോഭയെ വിശേഷിപ്പിക്കാൻ വേണ്ടി അബൂഹുറൈറ(റ) പറഞ്ഞത് "വെള്ളികൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും വിധം അഴകാർന്ന ശോഭയുള്ള വെളുപ്പ് നിറമായിരുന്നു തിരുനബിയെന്നാണ് ".(7) ബറാഅ്ബ്നു ആസിബ് (റ)വിൽ നിന്ന് ഇമാം ബുഖാരി(റ)വും ഇമാം മുസ്‌ലിം(റ)വും നിവേദനം ചെയ്യുന്ന ഹദീസിൽ "തിരുനബിയുടെ മുഖം അഴകാർന്നതായിരുന്നുവെന്നും പകലോൻ ആ മുഖത്തിലൂടെ സഞ്ചരിക്കുന്നത് പോലെ തോന്നുമായിരുന്നുവെന്നും വിവരിക്കുന്നുണ്ട് ". (8)

         തിരുറസൂലിന്റെ പ്രിയപ്പെട്ട ശിഷ്യൻ അബൂഹുറൈറ(റ)വിന്റെ വർണനയിലും തിരുദൂതരുടെ വദനത്തിൽ പ്രകടമായ സൂര്യപ്രകാശം കടന്നുവരുന്നത് കാണാം. അബൂഹുറൈറ(റ) പറയുന്നു:  "തിരുനബിയേക്കാൾ സൗന്ദര്യവാനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല. പകലോൻ ആ വദനത്തിൽ പ്രവഹിക്കുകയാണെന്ന് നമുക്ക് തോന്നും". (9) അബൂതുഫൈൽ(റ) പറയുന്നത് കാണുക: "തിരുനബി(സ്വ) വെളുത്ത നിറമുള്ളവരായിരുന്നു. സന്തോഷവാനായിരിക്കുമ്പോൾ അവിടുത്തെ മുഖം കണ്ണാടി പോലെയിരിക്കും. ചന്ദ്രൻ ആ വദനത്തിൽ പ്രതിഫലിക്കുന്നത് പോലെയായിരുന്നു". (10)

         മഹതി ആഇശ ബീവി(റ) പറയുന്നത് ഇപ്രകാരമാണ്: "തിരുനബി(സ്വ) സന്തോഷവാനായിരിക്കുമ്പോൾ ചന്ദ്രക്കീറുപോലെ അവിടുത്തെ മുഖം വെട്ടിത്തിളങ്ങുമായിരുന്നു". തിരുനബിയുടെ പ്രകാശം സർവ്വ പ്രകാശത്തെയും അതിജയിക്കുന്നതാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്. തദ്വിഷയകമായി ഇബ്നു അബ്ബാസ് (റ) പറയുന്നു:  "തിരുനബി സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ അവിടുത്തെ പ്രകാശം സൂര്യശോഭയെ അതിജയിക്കുന്നതാണ്. കത്തിജ്വലിക്കുന്ന ദീപത്തിനടുത്തിരുന്നാൽ ആ പ്രകാശം നിമിത്തം ദീപപ്രഭ മങ്ങുന്നതാണ് ". (11) നൂൽനൂറ്റുക്കൊണ്ടിരിക്കെ നിലത്ത് വീണ സൂചി പരതാൻ ആഇശ ബീവി(റ) വിഷമിക്കുന്ന ഘട്ടം മുറിയിലേക്ക് കടന്നുവന്ന തിരുനബിയുടെ പ്രകാശം കൊണ്ട് സൂചി കണ്ടെത്തിയതും പണിപൂർത്തിയാക്കിയതും നാം വീണ്ടും വീണ്ടും വായിച്ച ചരിത്രങ്ങളാണ്.

         ചുരുക്കത്തിൽ അതികൃത്യമായ വൃത്താകൃതിയിലുള്ളതോ നീണ്ടതോ ആയിരുന്നില്ല പ്രവാചകരുടെ വദനരൂപം. അത് ചെറിയ രൂപത്തിൽ മുകളിലേക്ക് നീണ്ട വൃത്താകൃതിയുള്ളതായിരുന്നു. ചുവപ്പു കലർന്ന അവിടുത്തെ വദന വർണത്തിന്റെ സ്ഥായിഭാവം പ്രകാശമയമാണ്. സന്തോഷ-സന്താപ വികാര മാറ്റങ്ങൾ അവിടുത്തെ വദനത്തിൽ പ്രകടമായിരുന്നു. സന്തോഷാവസ്ഥയിൽ മുഖശോഭ കൂടുതൽ പ്രകാശിതമാവുകയും കോപം വരുമ്പോൾ ചുവപ്പു നിറമാവുകയും ചെയ്യുമായിരുന്നു എന്ന് മഹാന്മാർ രേഖപ്പെടുത്തുന്നത് കാണാം.

 

അവലംബം:

1. ഫത്ഹുൽബാരി
2. ജാമിഉതുർമുദി
3. ശറഹുസുന്ന - ഇമാം ബഗവി(റ), അൽശിഫ - ഖാളിഇയാള് (റ)
4. ജാമിഉതുർമുദി, ഹാകിം
5. ജാമിഉതുർമുദി, സ്വഹീഹുൽ ബുഖാരി
6. അൽഫത്ഹ് - അൽ ഹാഫിള്
7. അൽഅൻവാർ ഫീ ശമാഇലിന്നബിയ്യിൽ മുഖ്താർ - ഇമാം ബഗവി(റ)
8. സ്വഹീഹുൽബുഖാരി, സ്വഹീഹുമുസ്‌ലിം
9. മുസ്നദു ഇമാം അഹ്‌മദ് (റ), ഫത്ഹുൽ ബാരി
10. സ്വഹീഹുമുസ്‌ലിം
11. അൽവഫ - ഇബ്നുൽജൗസി

Questions / Comments:No comments yet.