അനുപമ സൗന്ദര്യപ്പൂനിലാവായ തിരുനബിയുടെ വിശേഷണങ്ങൾ ഉപമാലങ്കാരങ്ങളുടെ ഏത് പരിധികൾക്കകത്തും ഒതുങ്ങുകയില്ല. ആ സവിശേഷതകൾ എത്ര വിശാലമാക്കിപ്പറഞ്ഞാലും അധികമാവുകയില്ല. "സൗന്ദര്യത്തിന്റെ വിഷയത്തിൽ പ്രവാചകർ(സ്വ) പകരക്കാരനില്ലാത്ത വിശുദ്ധനാണെന്ന് ഇമാം ബൂസ്വീരി(റ) പറയുന്നു"(1).
ഏതവയവങ്ങളിലും പരിപൂർണമായ സൃഷ്ടിപ്പായതിനാൽ തന്നെ എത്ര മഹത്തായ വിശേഷണങ്ങളും അവിടേക്ക് ചേർത്തുവയ്ക്കാമെന്ന് മഹാന്മാർ പഠിപ്പിക്കുന്നുണ്ട്. പ്രവാചക പ്രവീണരുടെ ശരീരത്തിലെ സർവഅവയവങ്ങളുടെയും വിശേഷണങ്ങൾ പൂർണമായി പ്രസരണം ചെയ്യാൻ ആ സൗന്ദര്യ പൂർണതയെ നേരിട്ടാസ്വദിച്ച നക്ഷത്രതുല്യരായ ശിഷ്യസമൂഹം സാധ്യമായ പ്രയത്നങ്ങളൊക്കെയും നടത്തിയിട്ടുണ്ട്. ആ അനർഘ മുത്തുകളിൽ നിന്നെടുത്ത അധ്യായങ്ങളിലൂടെ നാം കടന്നുപോകുന്നത്. ആ മഹിഷ്‌ഠോദയത്തിന്റെ ശിരസ്സിനെക്കുറിച്ചും വിശുദ്ധ കേശത്തെക്കുറിച്ചുമുള്ള വിവരണങ്ങളിലേക്കാണ് നാം പ്രവേശിക്കുന്നത്.
വിശുദ്ധ ശിരസ്സ്
"തിരുനബി(സ്വ) വലിയ ശിരസ്സിന് ഉടമയായിരുന്നുവെന്ന് അലിയ്യുബ്നു അബീത്വാലിബ്(റ) പറയുന്നു"(2). ശരീരത്തിന്റെ വലുപ്പത്തോട് യോജിച്ച വിധം വലിയതായിരുന്നു തിരുനബിയുടെ ശിരസ്സ്. ശരീര വലിപ്പത്തിന് അനുയോജ്യമായ വലിപ്പം ശിരസ്സിന് ഇല്ലാതെ വരുന്നതും അമിത വലിപ്പവും വിരൂപതയാണ്. അപ്പോൾ ശരീരത്തിൻറെ വലിപ്പത്തോട് അനുയോജ്യമായത് എന്നതാണ് വലിയ ശിരസ്സ് എന്നതിൻറെ വിവക്ഷ. പൊതുവിൽ വലിയ ശിരസ്സ് എന്ന വിശേഷണമാണ് പുരുഷന്മാർക്ക് യോജിക്കുക. തിരു നബി(സ്വ)യെ വർണിക്കുന്ന ഹദീസുകളിലെല്ലാം കാണുന്നത് ഈ പ്രയോഗമാണ്.
"തലയുടെ വണ്ണം ബുദ്ധിശക്തിയെയും ചിന്താശേഷിയുമാണ് കുറിക്കുന്നത് "(3).
ശിരസ്സിന്റെയും മുഖത്തിന്റെയും സൗന്ദര്യം പ്രൗഢമാക്കുന്നത് തലമുടിയുടെ ഭംഗിയാണ്.
തിരുകേശങ്ങൾ
തിരുനബി(സ്വ)യുടെ ശിരസ്സിലെ കേശത്തെപ്പറ്റി സ്വഹാബത്ത് വളരെ കൃത്യമായ വിവരണം നൽകുന്നുണ്ട്. പ്രവാചകരുടെ മുടിയുടെ രൂപത്തെക്കുറിച്ചും ക്രമീകരണത്തെക്കുറിച്ചും അനുചരരുടെ വാചകങ്ങളിൽ നിന്ന് ഗ്രാഹ്യമാണ്. ഇഷ്ടാനുസരണം ചീകി വെക്കാൻ കഴിയുന്ന, ഒതുക്കമുള്ള മുടിയായിരുന്നു അത്. കൂർത്ത് തെറിച്ചു നിൽക്കുന്നതോ ചുരുണ്ട് കൂടിക്കിടക്കുന്നതോ ആയിരുന്നില്ല. മുടിയെ തിരുനബി മനോഹരമായി വെട്ടിയെടുക്കുകയും പാകപ്പെടുത്തുകയും ചെയ്തിരുന്നു. നന്നായി തഴച്ചുവളർന്ന മുടികൾ ഒരിക്കലും ജഡകുത്തിയിരുന്നില്ല. ശക്തമായ കറുപ്പ് നിറത്താൽ ചേതോഹരമായിരുന്നു മുടികൾ.
അനസുബ്നു മാലിക് (റ) പറയുന്നു:
"തിരുനബിയുടെ മുടികൾ ജഡകുത്തിയതോ പരസ്പരം ഒതുക്കമില്ലാതെ തെറിച്ചു നിൽക്കുന്നതോ നേർത്ത് പാറിപ്പറിപ്പറക്കുന്നതോ ആയിരുന്നില്ല"(4).
ബറാഉബ്നു ആസിബ്(റ) പറയുന്നു:
"പ്രവാചകരുടെ കേശങ്ങൾ പ്രകൃത്യാ ചീകിവെച്ചത് പോലെയായിരുന്നു. അത് ജഡകുത്തിയതോ നന്നേ നേർത്തതോ ഒതുക്കമില്ലാതെ തെറിച്ചു നിൽക്കുന്നതാ ആയിരുന്നില്ല. ചീകിവെച്ച മുടികൾക്കിടയിൽ ലഘുതമ വിടവുകൾ ദൃശ്യമായിരുന്നു"(5).
അലിയ്യുബ്നു അബീത്വാലിബ്(റ) പറയുന്നു:
"തിരുനബിയുടെ മുടികൾക്ക് ശക്തമായ ജഡയുണ്ടായിരുന്നില്ല. അവ നേർമയില്ലാതെ മുകളിലേക്ക് തെറിച്ചു നിൽക്കുന്നതുമായിരുന്നില്ല. അവ രണ്ടിനുമിടയിൽ ചീകി വെക്കാനുതുകും വിധം അൽപമാത്ര ചുരുളൽ അവക്കുണ്ടായിരുന്നു"(6).
അല്പമാത്ര ചുരുളൽ ഉണ്ടായിരുന്നു എന്നതുകൊണ്ടുള്ള വിവക്ഷ കേശങ്ങളുടെ ഒതുക്കമാണ്. നന്നായി വഴങ്ങുന്ന പ്രകൃതമായിരുന്നു പ്രവാചകരുടെ കേശങ്ങൾക്കുണ്ടായിരുന്നത്.
മുടികളുടെ നിറം
"പ്രവാചകപൂങ്കവരുടെ തലമുടികൾക്ക് ശക്തമായ കറുപ്പു നിറമായിരുന്നുവെന്ന് അബൂഹുറൈറ (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം"(7).
മുടിയുടെ ജൈവികമായ നിറം കറുപ്പാണ്. കറുപ്പിന്റെ കാഠിന്യത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസൃതമായി മുടിയുടെ കൂടുകയും കുറയുകയും ചെയ്യുന്നു. സൗന്ദര്യത്തിന്റെ മൂർത്തീഭാവമായതിനാൽ തന്നെ ഏറ്റവും മനോഹരമായ നിലയിൽ ശക്തമായ കറുപ്പായിരുന്നു തിരു പ്രവാചകരുടെ മുടികളുടെ നിറം.
സാധാരണ ഗതിയിൽ പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യരിൽ രോമങ്ങൾക്ക് നര ബാധിക്കാറുണ്ട്. അപ്പോൾ മുടിയുടെ നിറം ക്രമേണ വെളുപ്പാവുന്നു. ചിലർ അതിന് ഛായം പൂശി നിറംമാറ്റം വരുത്തുന്നു.
എന്നാൽ തിരുനബി(സ്വ) യുടെ മുടികൾക്ക് അധിക സമയം ശക്തമായ കറുപ്പ് വർണമായിരുന്നു.
വളരെ ചെറിയ അളവിലുള്ള നര മാത്രമേ അവിടുത്തെ ശരീരത്തിലുണ്ടായിരുന്നുള്ളൂ.
നര
തിരുനബിയുടെ ആകാരസൗഷ്ഠവത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കടന്നുവരുന്ന ഉപവിഷയമാണ് ജലാശൗക്യം. തിരുനബിയുടെ ശിരസ്സിലും താടിയിലുമായി നര ബാധിച്ച രോമങ്ങളുടെ എണ്ണം വളരെ കുറവായിരുന്നുവെന്ന് അനസുബ്നു മാലിക്(റ) വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നു. ഖതാദ(റ) പറയുന്നു:
"ഒരിക്കൽ നബി(സ്വ) മുടിക്ക് ചായം കൊടുത്തിരുന്നു എന്ന് ഞാൻ അനസ്(റ)വിനോട് ചോദിച്ചു. അനസ്(റ) പറഞ്ഞു: ഛായം നൽകാൻ മാത്രം തിരു നബിയുടെ മുടികൾ നരച്ചിരുന്നില്ല. അവിടുത്തെ ഇരു ചെന്നികളിൽ അൽപ്പമാത്ര നരയായിരുന്നു ഉണ്ടായിരുന്നത്"(8).
നരബാധിച്ച രോമങ്ങളുടെ എണ്ണം വിരലിലെണ്ണാൻ മാത്രം പരിമിതമായിരുന്നു എന്നും അനസ്(റ) പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ:
"തിരുനബി(സ്വ)യുടെ വിശുദ്ധ ശിരസ്സിൽ ഉണ്ടായിരുന്ന നരച്ച മുടികൾ എത്രയായിരുന്നുവെന്ന് വേണമെങ്കിൽ എനിക്ക് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുമായിരുന്നു"(9).
തിരുനബിക്ക് നര ബാധിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി "അല്ലാഹു തിരുനബിയുടെ സൗന്ദര്യം വെളുത്ത മുടി കൊണ്ട് കെടുത്തിയിട്ടില്ല എന്നായിരുന്നു"(10).
തിരുശരീരത്തിൽ നരയുണ്ടായിരുന്നില്ലെന്ന് പറയാൻ മാത്രം മനസ്സിലാക്കാൻ ഇതിനുമപ്പുറം തെളിവുകൾ നമുക്ക് ആവശ്യമില്ല. നേതാവിന്റെ തലയിൽ എത്ര മുടികൾ നരച്ചു എന്ന് പോലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത അനുചരവൃന്ദത്തിന്റെ ബന്ധത്തിലെ ഇഴയടുപ്പത്തിന്റെ ഗാഢതയൊന്ന് ആലോചിച്ചുനോക്കൂ.
തിരുനബി(സ്വ)യുടെ നരബാധയെ കുറിച്ച് സ്വഹാബിമാർ നൽകുന്ന വിവരണങ്ങളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. 63 വർഷത്തെ പ്രവാചക ജീവിതത്തിൽ വിരലിലെണ്ണാവുന്ന രോമങ്ങൾ മാത്രമായിരുന്നു നര ബാധിരിച്ചിരുന്നത് എന്ന യാഥാർത്ഥ്യമാണത്.
നര ബാധിച്ച മുടികളുടെ എണ്ണത്തിൽ നേർത്ത അഭിപ്രായ വ്യത്യാസങ്ങൾ വരുന്നുണ്ട്. അതിൻറെ കാരണങ്ങളും വ്യത്യസ്തമാണ്. ഒരുപക്ഷേ ഓരോ സ്വഹാബിമാരും നര ബാധിച്ച മുടികൾ എണ്ണിയെടുത്തത് വ്യത്യസ്ത കാലങ്ങളിലാകാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ചിലർക്ക് കൃത്യമായി എണ്ണാൻ സമയം ലഭിച്ചിരിക്കില്ല. അതുമല്ലെങ്കിൽ തിരുനബി(സ്വ) തലയിൽ എണ്ണയിട്ട സമയങ്ങളിൽ എണ്ണിയവർക്ക് നര ബാധിച്ച മുടികൾ പൂർണമായി ദൃശ്യമാകാത്തതിനാലുമാകാം. എങ്ങനെയാണെങ്കിലും തിരുമേനിയുടെ ശരീരത്തിലെ നരച്ച മുടികളുടെ വിവരണങ്ങളിൽ ഒരാളുടെ അഭിപ്രായത്തിലും അത് ഇരുപതിനപ്പുറത്തേക്ക് കടക്കുന്നില്ല.
അപ്പോൾ ഒരു കാര്യം വ്യക്തമാണ് പ്രവാചകരുടെ തലയിലും താടിയിലുമായി വെളുത്ത മുടികൾ ഇരുപത്തിൽ താഴെയായിരുന്നു ഉണ്ടായിരുന്നത്. പതിനൊന്ന്, പതിനാല്, പത്തൊൻപത്, ഇരുപത് എന്നിപ്രകാരമെല്ലാം നരയുടെ എണ്ണത്തെക്കുറിച്ച് നിവേദനങ്ങളുണ്ട്. അനസ്(റ) ഉദ്ധരിക്കുന്നു :
"തിരുനബിയുടെ തലയിലും താടിയിലുമായി പതിനാല് രോമങ്ങളല്ലാതെ നരച്ചതായി എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല"(11).
മറ്റൊരുദ്ധരണിയിൽ അനസ് (റ) പറയുന്നത് ഇപ്രകാരമാണ്.
"നബി(സ്വ) മുടിയുടെ കാര്യത്തിൽ കറുപ്പ് കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അവിടുത്തെ തലയിലും താടിയിലുമായി പ്രത്യക്ഷത്തിൽ നിൽക്കുന്ന നരച്ച മുടികൾ ഞാൻ എണ്ണിയപ്പോൾ പതിനേഴിലധികം കണ്ടെത്തുവാൻ എനിക്ക് സാധിച്ചിട്ടില്ല"(12).
ഇബ്നു ഉമർ(റ) പറയുന്നത് കാണുക:
"നബി(സ്വ) യുടെ തലയിലുണ്ടായിരുന്ന നരബാധിച്ച് മുടികൾ ഇരുപതിനോളമായിരുന്നു"(13).
"തിരുനബിയുടെ തലയിൽ നരയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജാബിർ(റ) നൽകിയ മറുപടി, അവിടുത്തെ മൂർദ്ധാവിന്റെ മുൻഭാഗത്ത് അല്പം ചില മുടികളൊഴിച്ചാൽ മറ്റൊന്നും നരച്ചിരുന്നില്ല എന്നാണ്"(14).
"താടിയിൽ നര ബാധിച്ചിരുന്നത് കീഴ്ച്ചുണ്ടിന്റെ താഴ്ഭാഗത്ത് ചൂഴ്ത്താടിയിലാണെന്ന് അബൂ ജുഹൈഫ(റ)യുടെ വിവരണത്തിൽ കാണാം"(15).
തിരുനബി(സ്വ)യുടെ നര ബാധിച്ച മുടികളുടെ എണ്ണത്തെപ്പറ്റിയുള്ള വ്യത്യസ്ത അഭിപ്രായങ്ങളെ ഇബ്നു ഹജർ(റ) സംയോജിപ്പിക്കുന്നുണ്ട്.
"വെളുത്ത മുടിയിഴകളുടെ എണ്ണം വ്യക്തമാക്കിയ ചില സ്വഹാബികൾ താടിയിലും മുടിയിലുമുള്ളതിനെ മൊത്തമായിട്ടാണ് എണ്ണിയത്. മറ്റു ചില നിവേദനങ്ങൾ കീഴ്ത്താടിയിലോ വട്ടത്താടിയിലോ ഉള്ളതിനെ പറ്റിയാണ് പറഞ്ഞത്. എങ്ങനെയായാലും താടിയിലും മുടിയിലുമായി ആകെ ഇരുപതിലധികം നരച്ച മുടികൾ ഉണ്ടായിരുന്നില്ല എന്നത് വ്യക്തമാണ്"(16).
1. ഖസീദതുൽ ബുർദ
2. ജാമിഉതുർമുദി
3. ശറഹുശമാഇലിൽ മുഹമ്മദിയ്യ
4. ജാമിഉതുർമുദി 5. ബുഖാരി ,
മുസ്‌ലിം
6. ജാമിഉതുർമുദി, ശറഹുസുന്ന - ഇമാം ബഗവി (റ)
7. ജാമിഉസ്വഗീർ-
ഇമാം ബഗവി (റ)
സ്വഹീഹുമുസ്‌ലിം
10. സ്വഹീഹുമുസ്‌ലിം
11. അൽ മുസ്വന്നഫ് - അബ്ദുറസാഖ്(റ)
12. അൽമുസ്തദ്റക്- ഇമാം ഹാകിം(റ)
13. ഇബ്നുമാജ
14. ഇമാം അഹ്മദ്(റ) 15. സ്വഹീഹുൽ
ബുഖാരി 16.