ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച 

നാസിക

മുഖ സൗന്ദര്യത്തെ നിർണ്ണയിക്കുന്ന പ്രധാന അവയവമാണ് നാസിക. തിരുനബി(സ്വ)യുടെ മൂക്ക് മുഖലാവണ്യത്തിന്റെ മാറ്റ് കൂട്ടുന്നതായിരുന്നു. അവിടുത്തെ നാസികയെപ്പറ്റി അലി(റ) വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: 
"പ്രവാചകരുടെ മൂക്ക് നീളമുള്ളതും അഗ്രഭാഗം ലോലമായതുമാണ്. മധ്യഭാഗം അൽപ്പം ഉയർന്ന് നിന്നിരുന്നു"(1). 
നീണ്ട മൂക്ക് എന്ന് തന്നെയാണ് പ്രിയപത്നി ഐശ(റ) നൽകുന്ന വിശദീകരണത്തിലും കാണുന്നത്. മൂക്കിൻറെ താഴെ അഗ്രത്തിനായിരുന്നു നീളമുണ്ടായിരുത്. 
മുഹമ്മദുബ്നു മാലികി മക്ക(റ)യുടെ വിശേഷണത്തിൽ തിരുനബിയുടെ നാസികയുടെ രൂപം നമുക്ക് ലഭിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: 
"പ്രവാചകരുടെ മൂക്കിൻറെ പാലത്തിന്റെ മധ്യഭാഗം അൽപ്പം ഉയർന്നുനിന്നിരുന്നു. താഴെ അഗ്രഭാഗം നേർത്ത് നീണ്ടതും മേലെ അഗ്രം താഴ്ന്നതുമായിരുന്നു. നാസാരന്ധ്രങ്ങൾ ചെറുതായിരുന്നു"(2).
ഈ വിവരണത്തിൽ നിന്നാണ് തിരുനബി(സ്വ) യുടെ മൂക്കിനെപ്പറ്റിയുള്ള ഏറ്റവും മികച്ച രൂപരേഖ നമുക്ക് ലഭിക്കുന്നത്. 
മൂക്കിൻറെ താഴെഅറ്റം ലോലമാണെന്ന് ഞാൻ പറഞ്ഞു. അത് നേർത്തതുമായിരുന്നു. മൂക്കിൻറെ ആകൃതി തന്നെ താഴ്ഭാഗത്തേക്ക് നേർത്ത രൂപത്തിലാണല്ലോ. പ്രസ്തുത സൗന്ദര്യത്തിന്റെ പൂർത്തീകരണമാണ് തിരുനബിയിൽ കാണുന്നത്. ഹിന്ദുബ്നു അബീഹാല(റ) ഇതേ വിശദീകരണം തന്നെയാണ്. അതിനുപുറമെ മൂക്കിന്റെ പ്രത്യേക പ്രകാശത്തെയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ഹിന്ദുബ്നു അബീഹാല(റ) പറയുന്നു: 
"തിരുനബിയുടെ മൂക്കിന് പ്രത്യേകമായ പ്രകാശമുണ്ടായിരുന്നു. "(3). 
അദ്ദേഹത്തിൻറെ തന്നെ മറ്റൊരു ഉദ്ധരണി കാണുക:  
"നീളമുള്ളതും അഗ്രം ലോലമായതും മധ്യഭാഗം ഉയർന്നതാണെന്ന് തോന്നിപ്പിക്കുന്നതായിരിക്കും പ്രവാചകന്റെ നാസിക"(4). 
"യഥാർത്ഥത്തിൽ സൂക്ഷിച്ചു നോക്കാത്തവർക്ക് അനുഭവപ്പെടും പോലെ ഉയർന്നതായിരുന്നില്ല തിരുനബിയുടെ നാസിക"

ചെവികൾ

തിരുനബി(സ്വ)യുടെ സർവ അവയവങ്ങളും ആകാരഭംഗിയിലും ഉപകാരത്തിലും ഏറ്റവും മികവ് പുലർത്തിയിരുന്നു. ഓരോ അവയവങ്ങളുടെയും ധർമനിർവഹണം കൂടി മനസ്സിലാകുമ്പോഴാണ് അവയുടെ സൗന്ദര്യം കൂടുതൽ ബോധ്യമാവുക. അത് കൂടുതൽ ചേർത്തുവെക്കാൻ കഴിയുന്ന ഒരവയവമാണ് ശ്രവണേന്ദ്രിയം ചെവി. ഒരാളുടെ ചെവിയെ ഏറ്റവും കൂടുതൽ പ്രസക്തമാക്കുന്നത് കേൾവി ശക്തിയുടെ മേന്മയാണ്.  തിരുനബി കേൾവിയുടെ വിഷയത്തിൽ പരിപൂർണരായിരുന്നല്ലോ.
തിരുനബിയുടെ ചെവികൾ ആകാരത്തിലും വളരെ മനോഹരമായിരുന്നു. മറ്റവയവങ്ങൾക്കുണ്ടായിരുന്ന പോലെ ധാവള്യവും തിളക്കവും ചെവികൾക്കുമുണ്ടായിരുന്നു. ആഇശ ബീവിയുടെ വാക്കുകൾ:  "നബി(സ്വ)യുടെ വെളുത്ത നിറത്തിലുള്ള അഴകാർന്ന ചെവികൾ ശിരസിൽ നിന്ന് ഇരുവശങ്ങളിലേക്ക് തൂക്കിയിട്ട മുടികൾക്കിടയിലൂടെ പുറത്തേക്ക് നിൽക്കുന്നു. കറുകറുത്ത മുടികൾക്കിടയിലൂടെ വെളുത്ത ചെവികളുടെ കാഴ്ച അങ്ങേയറ്റം അനുഭൂതിദായകമാണ്"(6).

വായ

തിരുനബി(സ്വ)യുടെ വദന വർണനയിൽ അവശേഷിക്കുന്നത് വക്ത്രത്തെക്കുറിച്ചുള്ള ചർച്ചയാണ്. വായയെപ്പറ്റിയുള്ള വിശേഷണം പൂർണമാകുന്നത് ചുണ്ടുകൾ, പല്ലുകൾ, നാവ് എല്ലാത്തിന്റെയും അവതരണത്തിലൂടെയാണ്. ഹിന്ദുബ്നു അബീഹാല(റ) പറയുന്നു: 
"തിരുനബിയുടെ വക്ത്രം വിശാലമായതായിരുന്നു".(7) 
തിരുനബിയുടെ വക്ത്ര വിശാലതയെപ്രതി ജാബിറുബ്നു സമുറ(റ) അടക്കമുള്ള സ്വഹാബാക്കളുടെ വിശേഷണങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. 
" വക്ത്രം വലുതാകുന്നത് അറബികൾക്കിടയിൽ പ്രശംസനീയമായ കാര്യമായിരുന്നു. വലിയ വായയുള്ളവരെ അറബികൾ പ്രശംസിക്കുകയും ചെറുതായവരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു"(8).
"തിരുനബി(സ്വ)യുടെ വായ ദൃശ്യതക്ക് മനോഹരമായിരുന്നു എന്നാണ് അലി(റ)യും അബൂഹുറൈറ(റ)യും വിശേഷിപ്പിക്കുന്നത്"(9). 
വായയുടെ മനോഹാരിതയെന്നാൽ ചുണ്ടുകളുടെയും പല്ലുകളുടെയും സൗന്ദര്യമാണല്ലോ. അപ്പോൾ അവയുടെ മനോഹാരിതയാണ് പ്രത്യേകം എടുത്തു പറയേണ്ടത്. അലി(റ)യുടെയും അബൂഹുറൈറ(റ)യുടെയും വാക്കുകൾ വെളിച്ചം വീശുന്നതും അതിലേക്ക് തന്നെയാണ്.

ചുണ്ടുകൾ

വായയുടെ ഏറ്റവും പ്രഥമ സൗന്ദര്യം അധരപല്ലവങ്ങളുടെതാണ്. തിരുനബി(സ്വ)യുടെ ചുണ്ടുകളെപ്പറ്റി അനുചരർ പ്രത്യേക വിവരണം നൽകിയിട്ടുണ്ട്.
അവ അത്യാകർഷകമായിരുന്നുവെന്ന് തിരുനബി വിശേഷകരുടെ വചനങ്ങളിൽ നമുക്ക് വായിക്കാനാകും. 
"അല്ലാഹുവിൻറെ സൃഷ്ടികളിൽ ഏറ്റവും മൃദുലവും മനോഹരവുമായ ചുണ്ടുകളായിരുന്നു തിരുനബിയുടെത് എന്നാണ് പ്രിയപത്നി ആഇശ(റ) അഭിപ്രായപ്പെട്ടത്"(10).
തിരുനബിയുടെ അധരങ്ങളുടെ ഘടനയെപ്പറ്റിയും സ്വഹാബത്ത് വിവരിക്കുന്നുണ്ട്. ഹിന്ദുബ്നു അബീഹാല(റ) പറയുന്നു: 
"തിരുനബിയുടെത് നീണ്ട ചുണ്ടുകളായിരുന്നു"(11).

ഉമിനീർ

വായയെ പറ്റിയുള്ള ചർച്ചയിൽ തിരുനബിയുടെ ഉമിനീരിനെപ്പറ്റി സ്വഹാബത്ത് പരാമർശിക്കുന്നുണ്ട്. തിരുനബിയുടെ വായ സുഗന്ധപൂരിതമായിരുന്നു. അവിടുത്തെ ഉമിനീർ പരിമള പരിഗതമായിരുന്നു. സാധാരണ ഗതിയിൽ ഉമിനീരിന്റെ ഗന്ധം സുഗന്ധപൂരിതമാവുകയില്ല. അത് സ്വാഭാവികമായ കാരണങ്ങൾ കൊണ്ട് തന്നെയാണ്. പല കാരണങ്ങൾ കൊണ്ടും വായയും ഉമിനീരും പലരുടേതും ദുർഗന്ധം വമിക്കുന്നത് ആകാറുമുണ്ട്. എന്നാൽ തിരുനബി(സ്വ)യുടെ ഉമിനീരിന് സദാസമയവും പരിമള ഗന്ധമായിരുന്നു. അതുകൊണ്ടുതന്നെ വക്രവും സുഗന്ധം പൂരിതമായിരുന്നു. അനസ് (റ)വിന്റെ വിശേഷണത്തിൽ ഇത് വ്യക്തമാണ്. മഹാൻ പറയുന്നു:
"സുഗന്ധം പരത്തുന്ന വസ്തുക്കൾ പലതിന്റെയും ഗന്ധം ഞാനറിഞ്ഞിട്ടുണ്ട്. പക്ഷേ തിരുനബിയുടെ വായിൽ നിന്നുള്ള സുഗന്ധത്തേക്കാൾ പരിമള നിർഭരമായതൊന്നും ഞാൻ അനുഭവിച്ചാസ്വദിച്ചിട്ടില്ല"(12).
തിരുനബി(സ്വ)യുടെ ഉമിനീരിന്റെ ഔഷധമാനത്തെക്കുറിച്ചും, അനുചരർ ആവേശപൂർവം അതിനെ സ്വീകരിച്ചതിനെപ്പറ്റിയും ചരിത്രം സുലഭമാണ്.

പല്ലുകൾ

മുഖസൗന്ദര്യത്തിന് സുപ്രധാനമായ ഒരു ഘടകമാണ് ദശനങ്ങൾ. പല്ലുകളുടെ ക്രമീകരണത്തിലോ നിറത്തിലോ ഉള്ള ചെറിയ മാറ്റങ്ങൾ പോലും സൗന്ദര്യത്തിന് അരോചകമാകാറുണ്ട്. പ്രവാചകർ(സ്വ)യുടെ പല്ലുകൾ മേൽപ്പറഞ്ഞ ന്യൂനതകളിൽ നിന്ന് നൂറ് ശതമാനം മുക്തമായതും അഴകിന് ഹേതുകമാകുന്ന സർവഘടകങ്ങളും മേളിച്ചതുമായിരുന്നു. നബി തിരുമേനിയുടെ പല്ലുകൾ മനോഹര തിളക്കമുള്ള ധവളിമയുള്ളതും സൗന്ദര്യ നിദർശനമായി ചെറിയ വിടവുകളുൾക്കൊണ്ടതുമായിരുന്നു.
തിരുനബിയുടെ ദശനങ്ങളെ സ്വഹാബാക്കൾ വർണിക്കുന്നത് കാണുക. ആഇശ ബീവി(റ)പറയുന്നു: "തിരുനബിയുടെ ദന്തങ്ങൾക്കിടയിൽ ലഘുവായ വിടവുകൾ ദൃശ്യമായിരുന്നു. പല്ലുകളുടെ അഗ്രങ്ങൾക്ക് നല്ല മൂർച്ചയുണ്ടായിരുന്നു.  മന്ദസ്മിതം തൂകുമ്പോൾ മിന്നൽ പിണരുകളുടെ ശോഭ പോലെ മുൻപല്ലുകൾ ജ്വലിക്കുമായിരുന്നു"(13). 
എന്നാൽ "തിരുനബിയുടെ മുൻപല്ലുകൾക്കിടയിൽ ചെറിയ വിടവുകൾ ഉണ്ടായിരുന്നുവെന്നാണ് ഹിന്ദുബ്നു അബീഹാല(റ) പറയുന്നത്"(14).
നബി(സ്വ)യുടെ നിരനിരയായി ക്രമീകരിക്കപ്പെട്ടിട്ടുള്ള ദന്തനിരയുടെ  മനോഹാരിത വർദ്ധിപ്പിക്കും വിധത്തിലുള്ള അതിലോല വിടവുകൾ മുൻപല്ലുകൾക്കിടയിൽ ഉണ്ടായിരുന്നുവെന്ന് നിരവധി സ്വഹാബാക്കൾ നിവേദനം ചെയ്തിട്ടുണ്ട്. അബൂഹുറൈറ(റ), അലി(റ), ഇബ്നു അബ്ബാസ്(റ) തുടങ്ങിയവരുടെ വിശദീകരണങ്ങൾ ഇതിൽ പെടുന്നതാണ്.
തിരുനബിയുടെ പല്ലുകൾക്ക് അഴക് വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം അവയുടെ തിളക്കമാണ്. ദർശനങ്ങളുടെ ഏറ്റവും മികച്ച നിറം വെളുത്തതാണ്. തിരുനബിയുടെ പല്ലുകൾക്ക് അതിശക്തമായ ധാവള്യമുണ്ടായിരുന്നു. പ്രസ്തുത ധവളിമക്ക് തിളക്കവുമുണ്ടായിരുന്നു. അലിയ്യുബ്നു അബീത്വാലിബ്(റ) പറയുന്നു: 
"തിരുനബി(സ്വ)യുടെ ദശനങ്ങൾ തിളക്കമുള്ളതായിരുന്നു"(15).
ഇബ്നു അബ്ബാസ്(റ)പറയുന്നു: "നബി(സ്വ)യുടെ മുൻപല്ലുകൾക്കിടയിൽ വിടവുകളുണ്ടായിരുന്നു. തിരുനബി സംസാരിക്കുമ്പോൾ മുൻപല്ലുകൾക്കിടയിലൂടെ പ്രവഹിക്കുന്ന പ്രകാശം പോലെ പ്രസ്തുത വിടവുകൾ  ദൃശ്യമായിരുന്നു"(16). 
"തിരുനബി ചിരിക്കുമ്പോൾ പല്ലുകളുടെ തിളക്കം ചുവരുകളിൽ പ്രതിഫലിച്ചിരുന്നു എന്നാണ് അബൂഹുറൈറ(റ) വർണിക്കുന്നത് "(17).
പ്രവാചകർ (സ്വ)യുടെ ദന്തങ്ങളായാലും അധരങ്ങളായാലും നാസികയും കബോലവുമായാലും അവയുടെ വർണനകൾ പ്രിയപ്പെട്ട അനുചരർ വളരെ ആവേശത്തോടെ നിർവഹിച്ചതിനാൽ ഇനിയും നിരവധിയുദ്ധരണികൾ ഗ്രന്ഥങ്ങളിൽ നമുക്ക് കാണാൻ കഴിയുന്നതാണ്.


1. ഇബ്നുഅസാകിർ 
2. മുഹമ്മദ്: അൽ ഇൻസാനുൽ കാമിൽ  
3. ശമാഇലുൽ മുഹമ്മദിയ്യ- ഇമാം തുർമുദി (റ) 
4. ശമാഇലുൽ മുഹമ്മദിയ്യ- ഇമാം തുർമുദി (റ) 
5. സുബുലുൽഹുദാ വറശാദ് 6. ദലാഇലുന്നു 
ബൈഹവിഹൂം (ഇമാം) 
റ) 
8.ശറഹുസുന്ന - ഇമാം ബഗവി (റ) 
9. ത്വബഖാത് - ഇബ്നുസഅദ് (റ), ഇബ്നുഅസാകിർ 
10. ത്വബഖാത് - ഇബ്നുസഅദ് (റ) 
11. ജാമിഉതുർമുദി, ശറഹുസുന്ന - ഇമാം ബഗവി (റ) 
12. ത്വബഖാത് - ഇബ്നുസഅദ് (റ) 
12. ദലാഇലുന്നുബുവ്വ- ഇമാം ബൈഹഖി(റ) 
14. ശമാഇലുൽ മുഹമ്മദിയ്യ- ഇമാം തുർമുദി (റ) 
15. അൽബിദായ - ഇബ്നുകസീർ 
16. ശമാഇലുൽ മുഹമ്മദിയ്യ- ഇമാം തുർമുദി (റ) 
17. അൽ മുസ്‌വന്നഫ് - ഹാഫിൾ അബ്ദുറസ

Questions / Comments:



No comments yet.


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....