വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു ആരംമ്പപ്പൂവിൻ്റെ മുഖഭംഗിയുടെ കമനീയത.

ആരംഭ റസൂൽ(സ്വ)യുടെ വദനാഴക് പൂർണമാകുന്നത് മുഖത്തെ മുഴുവൻ ഭാഗങ്ങളുടെയും വിശേഷണം കൊണ്ടാണ്. തിരുവദനത്തിലെ കവിളുകൾ, കണ്ണുകൾ, നെറ്റിത്തടം, മൂക്ക്, വായ, പല്ലുകൾ പോലെ സർവ അവയവങ്ങളെയും അനുചരർ സൂക്ഷ്മമായി നിരീക്ഷിക്കുകയും നമുക്ക് പകർന്നു തരികയും ചെയ്തിട്ടുണ്ട്.

നെറ്റിത്തടം

നെറ്റിത്തടത്തിന്റെ സ്വാഭാവികമായ സൗന്ദര്യത്തിൽ പെട്ടതാണ് വിശാലത. ഈ സവിശേഷത തിരുനബിയിൽ അനുഭവവേദ്യമായിരുന്നു. ഹിന്ദുബ്നു അബീഹാല(റ) പറയുന്നു: "തിരുനബിയുടെ നെറ്റിത്തടം വിശാലമായിരുന്നു"(1).
പ്രവാചകപത്നി ആഇശ ബീവി(റ) വർണിക്കുന്നത് തിരുനബിയുടെ ലലാടത്തിലെ തിളക്കത്തെ കുറിച്ചാണ്. മഹതി പറയുന്നു: "തിരുനബിയുടെ നെറ്റിത്തടത്തിന് നല്ല തിളക്കമുണ്ടായിരുന്നു. ആ പ്രകാശം നെറ്റിയിലേക്ക് നീണ്ടുകിടക്കുന്ന മുടികൾക്കിടയിലൂടെ ദൃശ്യമായിരുന്നു. കത്തിച്ചുവച്ച ദീപത്തിളക്കം പോലെയായിരുന്നു അത്"(2).

പുരികങ്ങൾ

പുരികങ്ങൾ പലവിധത്തിലാണ് മനുഷ്യരിൽ ഉണ്ടാകാറുള്ളത്. കട്ടിയുള്ളത്, രോമങ്ങൾ കുറഞ്ഞത്, ഉള്ള് കാണുന്നത്, നീളമുള്ളത്, നീളം കുറഞ്ഞത് അങ്ങനെ അവ വ്യത്യാസപ്പെടാറുണ്ട്. കണ്ണിനു മുകളിൽ രണ്ടറ്റം വരെയും നീണ്ടുകിടക്കുന്ന കട്ടിയുള്ള പുരികങ്ങൾ ആണ് താരതമ്യേന കാഴ്ചയ്ക്ക് ഏറ്റവും സുന്ദരമാകാറുള്ളത്. തിരുനബിയുടെ പുരികങ്ങൾ അപ്രകാരമായിരുന്നു. 
ഹിന്ദുബ്നു അബീഹാല(റ)യുടെ വിശേഷണത്തിൽ കാണുന്നു:  "തിരുനബിയുടെ നീളമുള്ള പുരികങ്ങളുടെ ദ്വയങ്ങൾ പരസ്പരം ചേർന്നിരുന്നില്ല. ദേഷ്യം വരുമ്പോൾ പുരികങ്ങൾക്കിടയിൽ നിന്ന് വിയർപ്പ് കണങ്ങൾ പൊടിയുമായിരുന്നു"(2).
തിരുനബിയുടെ പുരികങ്ങളെപ്പറ്റി സഅ്ദുബ്നു അബീവഖാസ് (റ) പറഞ്ഞത് അത് നേർത്തതും മിനുത്തതുമാണെന്നാണ്. പ്രവാചകരുടെ പുരികങ്ങൾ പരസ്പരം ചേർന്നിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ഹിജ്റയുടെ വേളയിൽ മുത്ത് നബിയെ ദർശിച്ച ഉമ്മു മഅ്ബദ് (റ)യുടെ വിശേഷണത്തിൽ അങ്ങനെയാണ് കാണുന്നത്. എന്നാൽ ഇരുപുരികങ്ങൾ കൂടിച്ചേർന്നിരുന്നില്ല എന്നതാണ് കൂടുതൽ വ്യക്തതയുള്ള അഭിപ്രായമെന്ന് മഹാന്മാർ രേഖപ്പെടുത്തുന്നുണ്ട്. ആഇശ ബീവി(റ)യുടെ വിശദീകരണം പ്രസ്തുത സംശയങ്ങളെ നിവാരണം ചെയ്യുന്നുണ്ട്. ബീവി പറയുന്നു: "തിരുനബി(സ്വ) പുരികങ്ങൾ നീണ്ട വ്യക്തിയായിരുന്നു. കൺകോണുകളുടെ ഭാഗത്ത് നേർത്തതും ബാക്കി ഭാഗത്ത് രോമനിബിഡവുമായിരുന്നു.  പരസ്പരം കൂടിച്ചേർന്ന് ഒന്നായിത്തീരാത്ത വിധം ഇടയിൽ നേർത്ത ഒരുവിടവുണ്ടായിരുന്നു"(4).
"അലി(റ)വിൽ നിന്ന് ഇബ്നു അസാക്കിർ(റ) ഉദ്ധരിക്കുന്നത് പുരികങ്ങൾ തമ്മിൽ സന്ധിച്ചിരുന്നു എന്നാണ്. യഥാർത്ഥത്തിൽ തിരുനബിയുടെ പുരികങ്ങൾ പരസ്പരം സന്ധിച്ചിരുന്നില്ല. സൂക്ഷിച്ചു നോക്കുമ്പോൾ മാത്രം ദൃശ്യമാകുന്ന വിടവായിരുന്നു പുരികങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്"(5).  "യഥാർത്ഥത്തിൽ നേർത്തു നീണ്ട് ഏകദേശം വില്ലുപോലെ വളഞ്ഞതും തമ്മിൽ സന്ധിക്കാത്തതുമായ പുരികങ്ങളായിരുന്നു തിരുനബിയുടെത്(6)". 

കവിളുകൾ

മുഖലാവണ്യത്തെ നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് കവിളുകൾക്കുണ്ട്. കവിളുകളിലാണ് മുഖത്തെ മാംസത്തിന്റെ അളവ് കൂടുതൽ പ്രകടമാവുക. തിരുനബിയുടെ കവിളുകൾ അഴകാർന്നതായിരുന്നു. അവ പരന്നതും മൃദുലവുമായിരുന്നു. മാംസം തിങ്ങിയതോ മെലിഞ്ഞതോ ആയിരുന്നില്ല. കവിളുകൾക്ക് മുകളിൽ അധികപേർക്കും ഉള്ള ചെറിയ ഉയർച്ചയില്ല. ആ അഴകിനെ പറ്റി സ്വഹാബിമാരേറെ വിശേഷിപ്പിച്ചത് കാണാം. ഹിന്ദുബ്നു അബീഹാല(റ), ആഇശ(റ), അലി(റ) തുടങ്ങിയവരുടെ വിശദീകരണങ്ങളിൽ തിരുനബിയുടെ കവിളുകളെക്കുറിച്ച് ധാരണ ലഭിക്കുന്നുണ്ട്.
അലിയ്യുബ്നു അബീത്വാലിബ്(റ) പറയുന്നു: "തിരുനബിയുടെ കവിളുകളിൽ അഭംഗിയാം വിധം മാംസം തിങ്ങിയിരുന്നില്ല"(7). 
 ഹിന്ദുബ്നു അബീഹാല(റ) പറയുന്നത് കാണുക: "പ്രവാചക കവിളുകളിൽ മാംസം ഉയർന്നുനിൽക്കുകയോ തൂങ്ങി നിൽക്കുകയോ ചെയ്തിരുന്നില്ല"(8). 
"അറബികൾക്കിടയിൽ കവിളുകൾക്ക് മുകളിൽ ഉയർച്ചയില്ലാതെയാണ് സൗന്ദര്യമികവ് "(9).
കവിൾത്തടത്തിലെ വശ്യമായ വർണത്തെക്കുറിച്ചാണ് അബൂഹുറൈറ(റ) പറയുന്നത്. "തിരുനബിയുടെ കവിൾ മനോഹാരിതയുള്ള വെളുപ്പ് നിറമായിരുന്നു" എന്നാണ് അബൂഹുറൈറ(റ) വിവരിച്ചത്. 

നയനങ്ങൾ

നേത്രങ്ങളുടെ ആകാരവും വർണവും സൗന്ദര്യത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഏറ്റവും സൗന്ദര്യപൂർണവും ഹഠാദാകർഷകവുമായ നേത്രഘടകങ്ങളുടെ സമ്പൂർണമായ മേളനം തിരുനബിയിൽ ദൃശ്യമാണ്. സഹാബിമാരുടെ വർണനകളിൽ അവ വ്യക്തമാണ്. 
"നബി(സ്വ)യുടെ കണ്ണുകളിലെ വെളുത്ത ഭാഗങ്ങൾക്ക് തീക്ഷ്ണ ധാവള്യവും കൃഷ്ണമണികൾക്ക് ശക്തമായ കറുപ്പ് നിറവും ആയിരുന്നുവെന്ന് അലിയ്യുബ്നു അബീത്വാലിബ്(റ) വിശദീകരിച്ചിട്ടുണ്ട്"(10).
അലി(റ) വിന്റെ തന്നെ മറ്റൊരു വിശേഷണത്തിൽ "തിരുനബിയുടെ നയനങ്ങൾ വലുതും മഹത്തരവും ആയിരുന്നെന്ന് കാണാം"(11). 
കണ്ണിന്റെ ഉൾഭാഗത്തെ വെളുപ്പ് നിറത്തിന് ഏറ്റവും ശക്തമായ ധവളിമയും കൺമണികൾക്ക് കടും കറുപ്പുമുണ്ടാവുകയെന്നത് നേത്ര സൗന്ദര്യത്തിന്റെ ഏറ്റവും മികച്ച ഘടകം തന്നെയാണല്ലോ.
തിരുനബി(സ്വ)യുടെ നേത്രവർണത്തെക്കുറിച്ച് നിവേദനം ചെയ്ത സ്വഹാബിമാർ ഇനിയുമുണ്ട്. "തിരുനബിയുടെ നയനങ്ങളുടെ വിശേഷണങ്ങളിൽ 'അശ്ഹലുൽ ഐൻ' എന്ന പ്രയോഗം കാണാം. അവിടുത്തെ നേത്രങ്ങൾക്കുണ്ടായിരുന്ന സവിശേഷമായ ചുവപ്പു നിറത്തെയാണ് ഇത് കുറിക്കുന്നത് "(12).
 "തിരുനബിയുടെ ഇരുനേത്രങ്ങൾക്കും ചുവപ്പ് വർണത്തിന്റെ കലർപ്പുണ്ടായിരുന്നു എന്ന് അലി(റ), അനസുബ്നു മാലിക്(റ) എന്നിവർ പറയുന്നുണ്ട് "(13). 
"എന്നാൽ 'അശ്കലുൽ ഐൻ' എന്ന പ്രയോഗം കണ്ണിൻറെ വെളുപ്പ് ഭാഗത്ത് കലർന്ന ചുവപ്പു നിറത്തെയും 'അശ്ഹലുൽ ഐൻ' എന്നത് കൃഷ്ണമണിയോട് കലർന്ന ചുവപ്പ് വർണത്തെയും സൂചിപ്പിക്കാനാണ് എന്നും മഹാന്മാർ രേഖപ്പെടുത്തുന്നുണ്ട്"(14).
"കണ്ണിൽ കാണപ്പെട്ട ചുവപ്പുനിറം കൺപോളകളുടെ ഞരമ്പുകളുടെതാണെന്നാണ് ജാബിറുബ്നു സമുറ(റ)വിന്റെ അഭിപ്രായം"(15).
ഇത് പരിഗണിക്കുമ്പോൾ തിരുനബിയുടെ നേത്ര വർണത്തെപ്രതി നമുക്ക് കൂടുതൽ വ്യക്തത ലഭിക്കുന്നു. അതിങ്ങനെയാണ്. പ്രവാചക നേത്രങ്ങളിലെ നിറം തീക്ഷ്ണതളിമയായിരുന്നു. അതിലെ ഞരമ്പുകളുടെ ചുവപ്പ് വർണം പ്രകടമായിരുന്നു. വെളുത്ത കണ്ണിലെ കടും കറുപ്പ് നിറത്തിലുള്ള കൃഷ്ണമണി നയനങ്ങളുടെ അഴക് പതിന്മടങ്ങാക്കുന്നു.
സുറുമ എഴുതിയ കണ്ണുകൾക്ക് വശ്യമായ സൗന്ദര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തിരുനബി സുറുമ എഴുതാറുണ്ടായിരുന്നു. പക്ഷേ സുറുമ ഇടാതെ തന്നെ തിരുനബിയുടെ നേത്രങ്ങളിൽ സുറുമ എഴുതിയ പ്രതീതി അനുഭവവേദ്യമായിരുന്നു എന്ന് സ്വഹാബാക്കൾ വർണിക്കുന്നുണ്ട്. ജാബിറുബ്നു സമുറ(റ) പറയുന്നു: "തിരുനബിയെ നിരീക്ഷിക്കുന്നവർക്ക് അവിടുന്ന് സുറുമ എഴുതാത്ത ഘട്ടങ്ങളിൽ പോലും സുറുമ എഴുതിയതായി തോന്നുമായിരുന്നു"(16).
തിരുനബി സുറുമ എഴുതാത്ത ഒരു ഘട്ടത്തിൽ "അവിടുന്ന് സുറുമ എഴുതിയത് പോലെയുണ്ട് എന്ന് യസീദുൽ ഫാരിസിയും വിശേഷിപ്പിക്കുന്നുണ്ട്"(17).

കൺപോളകൾ, കൺപീലികൾ

കണ്ണുമായി ബന്ധപ്പെട്ട വിശേഷങ്ങളിൽ സ്വഹാബത്ത് കൺപോളകളെയും കൺപീലികളെയും ഒഴിവാക്കിയിട്ടില്ല. ബീവി ആഇശ(റ)യുടെ വിശദീകരണമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മഹതി പറയുന്നു:
"തിരുനബിയുടെ ഇരുനേത്രങ്ങളും വിശാലമായതായിരുന്നു. കൺമണികൾക്ക് കറുകറുപ്പ് നിറം. കൺപോളകൾ വലുതും കൺപീലികൾ നീണ്ടു വളർന്നതുമായിരുന്നു"(18).

സുറുമ

തിരുനബിയുടെ കൺപീലികളിൽ സുറുമയുടെ ദൃശ്യത സാധ്യമായിരുന്നു എന്ന് അവിടുത്തെ വിശേഷിപ്പിച്ച അനുചരർ പറയുന്നുണ്ട്. ജൈവികമായിത്തന്നെ അവിടുത്തെ കണ്ണുകളിൽ സുറുമയുടെ സൗന്ദര്യമുണ്ടായിരുന്നു. എന്നാൽ സുറുമ ഉപയോഗിക്കൽ പ്രവാചകചര്യയിൽപ്പെട്ടത് തന്നെയായിരുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് സുറുമയിടൽ പ്രത്യേകം സുന്നത്താണ്. ഓരോ കണ്ണിലും മൂന്ന് തവണ വീതം ആകുന്നതിലും ശ്രേഷ്ടതയുണ്ട്. ഇബ്നു അബ്ബാസ് (റ) പറയുന്നു: "തിരുനബി(സ്വ)ക്ക് സുറുമക്കുപ്പി ഉണ്ടായിരുന്നു. ഇസ്മിത് ഇനത്തിൽ പെട്ടതായിരുന്നു പ്രവാചകരുടെ സുറുമ. രാത്രി ഉറങ്ങുന്നതിന് മുമ്പ് എല്ലാ കണ്ണുകളിലും മൂന്ന് തവണ വീതം അവിടുന്ന് സുറുമ ഇടാറുണ്ടായിരുന്നു"(19). 
ഇസ്മിദ് ഇനത്തിൽപെട്ട സുറുമയാണ് ഏറ്റവും നല്ലത്.  തന്നെയാണ് തിരുനബി നിർദേശിക്കുന്നതതാണ്. സുറുമയുടെ ഉപയോഗം കണ്ണുകളിൽ കാഴ്ച വർധിപ്പിക്കുമെന്നും കൺപീലികൾ മുളപ്പിക്കുമെന്നും തിരുനബി പറയുന്നുണ്ട്. ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു :  "നബി(സ്വ) പറഞ്ഞു: 'നിങ്ങൾ ഇസ്മിദ് കൊണ്ട് സുറുമ ഇടുക. അത് കാഴ്ച വർധിപ്പിക്കുകയും രോമങ്ങൾ മുളപ്പിക്കുകയും ചെയ്യും"(20). ഇബ്നുഉമർ(റ), ജാബിർ(റ) എന്നിവരുടെ വിശേഷണങ്ങളിലും ഇപ്രകാരം കാണാം.

      ചുരുക്കത്തിൽ തിരുനബി(സ്വ)യുടെ കണ്ണുകൾ ശക്തമായ വെളുപ്പുനിറത്തിൽ ചുവപ്പുവർണം കലർന്നിരുന്നു. കറുകറുത്ത കൃഷ്ണ മണിയാൽ അലങ്കൃതമായിരുന്നു. കണ്ണുകൾക്ക് സംരക്ഷണമേകി വലിയ കൺപോളയും നീണ്ടുവളർന്ന കൺപീലിയും ഉണ്ടായിരുന്നു. ഇരു കൺപീലികൾക്കും ജൈവികമായി  സുറുമയുടെ സൗന്ദര്യമുണ്ടായിരുന്നു. അവകളിൽ സുറുമ ഉപയോഗിച്ചിരുന്നു. അവ കറുത്ത നിറമാർന്ന് അഴകായിരുന്നു. ഇരുകണ്ണുകൾക്ക് മേൽ അഴക് ചാർത്തി നീണ്ടുനിന്ന മൃദുവാർന്ന പുരികങ്ങൾ മുഖസൗന്ദര്യത്തെ വർധിപ്പിക്കുന്നു. പരസ്പരം കൂടിച്ചേരാത്ത, വടിവുള്ള പുരികങ്ങൾക്കിടയിൽ കാണാവുന്ന ചെറിയ വിടവിന് വെള്ളി സമാനമായ പ്രകാശം. മാത്രമല്ല കൺകോണുകൾക്ക് ചുവപ്പു നിറവുമായിരുന്നുവെന്ന് അനുചര വൃന്ദത്തിന്റെ വിശദീകരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നു. എത്ര മനോഹരമായിരിക്കും തിരുനബിയുടെ നേത്രങ്ങൾ  എന്നാലോചിച്ചു നോക്കൂ.


1. ശറഹുസുന്ന- ഇമാം ബഗവി(റ), കിതാബുശിഫ- ഖാളി ഇയാള്(റ)
2. ദലാഇലുന്നുബുവ്വ- ഇമാം ബൈഹഖി (റ)
3. ശമാഇലുൽ മുഹമ്മദിയ്യ- തുർമുദി(റ)
4. ദലാഇലുന്നുബുവ്വ- ഇമാം ബൈഹഖി (റ)
5. സബീലുൽ ഹുദാ വറശാദ്
6. ശറഹുശമാഇലിൽ മുഹമ്മദിയ്യ
7.ജാമിഉതുർമുദി, ശറഹുസുന്ന
8. കിതാബുശിഫ, ശറഹുസുന്ന
9. അശ്റഫുൽ വസാഇൽ ഇലാ ഫഹ്മി ശമാഇൽ- അഹ്മദുബ്നു ഹജറിൽ ഹയ്തമി(റ)
10. സുനനുതുർമുദി
11. ഇമാം ബൈഹഖി(റ)
12. ശറഹു മുസ്‌ലിം- ഇമാം നവവി(റ)
13. മുസ്നദു ഇമാം അഹ്‌മദ് (റ)
14. മുഹമ്മദ്: അൽ ഇൻസാനുൽ കാമിൽ- മുഹമ്മദുബ്നു മാലികി മക്ക
15. ജാമിഉതുർമുദി, സ്വഹീഹുമുസ്ലിം
16. മുസ്നദു അഹ്‌മദ്, മുസ്തദ്‌റക് - ഹാകിം(റ)
17. മുസ്നദു അഹ്‌മദ്
18. ദലാഇലുന്നുബുവ- ഇമാം ബൈഹഖി(റ)
19. ശമാഇലുതുർമുദി
20. ജാമിഉതുർമുദി, അൽഅൻവാർ ഫീശമാഇലിന്നബിയിൽ മുഖ്താർ

Questions / Comments:



No comments yet.


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....