പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്. ആത്മജ്ഞാനികൾ അങ്ങനെയാണ്.
ലോകത്തുടനീളം വേരൂന്നിയ രിഫാഈ ത്വരീഖത്തിന്റെ ശൈഖാണ് സുല്‍ത്വാനുന്‍ ആരിഫീൻ രിഫാഈ(റ). പൂര്‍ണനാമം ശൈഖ് അബുല്‍ അബ്ബാസ് അഹമദ് കബീര്‍ രിഫാഈ(റ). പണ്ഡിതനും ഖാരിഉമായിരുന്ന അബുല്‍ ഹസന്‍ അലി(റ) വിന്റെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമ അന്‍സ്വാരിയ്യ എന്നവരുടെയും പുത്രനായി ഹിജ്റ 500 (ക്രിസ്താബ്ദം 1160 സെപ്തംബര്‍) മുഹറം മാസത്തിലാണ് ജനനം. നൂറ്റാണ്ടുകള്‍ക്ക് ശേഷവും കാലത്തിന്റെ കെടാവിളക്കായി തങ്ങള്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു.
കുഞ്ഞിളം പ്രായത്തിലെ തൊട്ടിൽ സംസാരവും തസ്ബീഹ് ചൊല്ലിയ ചരിത്രവും അവിടുത്തെ മാതാവ് പറഞ്ഞ കറാമാതുകളിൽ പെട്ടതാണ്. മുലകുടിക്കുന്ന പ്രായത്തില്‍ റമളാനില്‍ മുലകുടിയുണ്ടായിരുന്നില്ല. മുലകുടി വര്‍ജിച്ച കുട്ടി അന്നത്തെ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചയായി. ഈ അത്ഭുതങ്ങള്‍ കാണിക്കുന്ന മകനില്‍ മാതാവിന് ഏറെ സന്തോഷമുണ്ടായി. ഭയഭക്തിയോടെയായിരുന്നു ചെറു പ്രായത്തിൽ തന്നെ രിഫാഈശൈഖ് (റ) കഴിഞ്ഞിരുന്നത്.
കുഞ്ഞായിരിക്കെയുള്ള ഇബാദത്തും നാട്ടുകാർക്കിടയിൽ അവിടുത്തെ ശ്രദ്ധാകേന്ദ്രമാക്കി. സമപ്രായക്കാരായ കൂട്ടുകാര്‍ കളിച്ചുനടക്കുമ്പോഴും ഇബാദത്തുമായി ഇലാഹീ വഴിയിൽ മുന്നേറുകയായിരുന്നു രിഫാഈശൈഖ്(റ). ബാല്യകാലത്തു തന്നെ ഇല്‍മിന്റെ സദസ്സില്‍ സജീവമായിരുന്നു. ഇക്കാര്യങ്ങളൊക്കെ ദര്‍ശിച്ച പണ്ഡിതരില്‍ പലരും രിഫാഈ തങ്ങളില്‍ വിലായത്തിന്റെ പ്രഭയുണ്ടെന്ന് പ്രഖ്യാപിച്ചു.
മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ശൈഖ് രിഫാഈ(റ). അദ്ദേഹത്തിന്റെ ബുദ്ധിവൈഭവം ശൈഖിന്റെ ഗുരു അലിയ്യുല്‍ വാസിത്വി മനസ്സിലാക്കിയിരുന്നു.
അവിടുത്തെ യൗവ്വന ദശാസന്ധിയിലൊരു സംഭവമുണ്ടായി. ശൈഖവറുകള്‍ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ഒരാള്‍ ശൈഖ് അലിയ്യുല്‍ വാസിത്വിയെയും ശിഷ്യന്മാരെയും സദ്യക്ക് വിളിച്ചു. ഭക്ഷണ വിഭവങ്ങള്‍ നിരന്നു തുടങ്ങി. ഉസ്താദും ശിഷ്യന്മാരും ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഒരു ദഫ് മുട്ടുകാരന്‍ ആ വഴി വന്നത്. ദഫ്ഫുകാരൻ സദ്യയുടെ അടുത്തെത്തിയപ്പോള്‍ പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചു കൊണ്ട് ചുറ്റും നടന്നു. പെട്ടെന്ന് ആള്‍കൂട്ടത്തില്‍ നിന്നും ശൈഖവറുകള്‍ എണീറ്റ് ദഫ് പിടിച്ച് വാങ്ങുകയും പൊട്ടിച്ച് കളയുകയും ചെയ്തു. എന്നാല്‍, ആളുകള്‍ മുഴുവന്‍ ശൈഖിന്റെ ഉസ്താദിനെ കുറ്റപ്പെടുത്താൻ തുടങ്ങി.
ഉസ്താദ്പറഞ്ഞു:‘രിഫാഇയാണല്ലോ പ്രശ്നമുണ്ടാക്കിയത്, അവനോട് തന്നെ ചോദിക്കൂ'. രിഫാഈ തങ്ങളുടെ അടുക്കല്‍ ഇതിന് വ്യക്തമായ കാരണമുണ്ടാകുമെന്ന് ഉസ്താദിന് ഉറപ്പായിരുന്നു. ജനങ്ങള്‍ രിഫാഈ തങ്ങളോട് കാരണം ചോദിച്ചപ്പോള്‍ തങ്ങളുടെ മറുപടി: ‘അദ്ദേഹം പ്രകീര്‍ത്തനത്തിനിടയില്‍ ആവിശ്യമില്ലാത്തത് ചിന്തിച്ചതിനാലാണ്'. ജനങ്ങള്‍ വിട്ടില്ല. ജനക്കൂട്ടം ദഫ്ഫുകാരന്റെ അടുത്തേക്ക് ചെന്ന് നിങ്ങളെന്താണ് ചിന്തിച്ചിരുന്നതെന്ന് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: 'ഞാന്‍ ഇന്നലെ ചില കളളുകുടിയന്മാര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടി ദഫ് മുട്ടിക്കൊടിത്തിരുന്നു. ഈ സദസ്സ് കണ്ടപ്പോള്‍ എനിക്ക് ഇന്നലെയുണ്ടായ രംഗങ്ങളാണെന്റെ ഓര്‍മയിലേക്ക് തികട്ടിവന്നത്'. മറുപടികേട്ട ജനങ്ങള്‍ രിഫാഈ ശൈഖിന്റെ കൈ പിടിച്ച് ചുംബിച്ച് മാപ്പപേക്ഷിച്ചു. യുവത്വ കാലഘട്ടം പോലും ആത്മീയമായ ഇടപെടലുകളിലൂടെയാണ് ശൈഖവര്‍കള്‍ ജീവിച്ചത്.
വെളിച്ചം വിതറിയ പൊതുജീവിതം
രാത്രിയില്‍ ഗോതമ്പ് മോഷ്ടിക്കാന്‍ വന്ന കളളന് പൊടിച്ച ഗോതമ്പ് നല്‍കുകയും, രാത്രിയില്‍ ഒറ്റക്ക് തിരിച്ചയക്കാൻ ഭയന്ന് കളളന് താമസ സൗകര്യവും ഊഷ്മളമായ സല്‍ക്കാരവും ഒരുക്കിയതുമായ സംഭവം, സഹമനുഷ്യരോട് അവിടുന്ന് പുലർത്തിയിരുന്ന വിശാലമനസ്സിന്റേയും സഹാനുഭൂതിയുടേയും മകുടമാതൃകകളാണ്. സാമൂഹ്യബോധത്തോടെയുള്ള ജീവിത ശൈലിയാണ് മഹാനവർകൾക്കുണ്ടായിരുന്നതെന്ന് ചരിത്രം വിളിച്ചോതുന്നുണ്ട്. തങ്ങളെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തവര്‍ക്ക് മാപ്പ് നല്‍കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്ത ശൈഖിന്റെ ജീവിതം മറ്റു ജനങ്ങള്‍ക്ക് അനുകരണീയമായിരുന്നു. മുത്ത് നബി(സ)യുടെ സ്വഭാവ മഹിമ ശൈഖിന്റെ ജീവിതത്തിലുടനീളം ദൃശ്യമായിരുന്നു. ഭയഭക്തി, വിട്ടുവീഴ്ച, ക്ഷമ, ത്യാഗം, സഹജീവി സ്നേഹം, ഔദാര്യം, വിശാലമനസ്കത തുടങ്ങിയവ ഉദാഹരണങ്ങളാണ്. അധര്‍മകാരികളോടും അസന്മാര്‍ഗികളോടും സഹിഷ്ണുതയും പ്രതികാരത്തിനു പകരം ഉപകാരവും ചെയ്തപ്പോള്‍ നിരവധി ആളുകള്‍ ആ മഹാമനസ്കത കണ്ട് സത്യമാര്‍ഗം സ്വീകരിച്ചു.
ശൈഖ് മകിയ്യില്‍ വാസിത്വി (റ) പറയുന്നു: ‘ഉമ്മുല്‍അബീദ എന്ന ഇറാഖിലെ ഒരു പ്രദേശത്ത് ഞാന്‍ ഒരു രാത്രി രിഫാഈ ശൈഖി(റ)ന്റെ കുടെ കഴിഞ്ഞു. ആ ഒരൊറ്റ രാത്രിയില്‍ മാത്രം തിരുനബിയുടെ മഹിത സ്വഭാവങ്ങളില്‍ ഉൾപ്പെട്ട നാല്‍പതോളം സ്വഭാവങ്ങള്‍ ശൈഖവറുകളിൽ ഞാന്‍ കണ്ടു’. ശൈഖവറുകള്‍ ആദ്യം ദര്‍സ് നടത്തിയത് വാസിത്വിയിലായിരുന്നു. ശൈഖ് അലിയ്യുല്‍ വാരി അല്‍ വാസിത്വിയുടെ ദര്‍സില്‍ നിന്ന് ഇജാസത്ത് നേടിയ ഉടനെയായിരുന്നു ഇത്. വാസിത്വിയില്‍ നീണ്ട ഇരുപത്തേഴ് വര്‍ഷത്തെ അധ്യാപനം നടത്തി.
‘അങ്ങ് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം എന്താണ്?’ എന്ന് ഒരു മഹാന്‍ ചോദിച്ചപ്പോള്‍ ശൈഖിന്റെ മറുപടി ‘ അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് സന്തോഷം പകരലാണ്’ എനിക്ക് കൂടുതല്‍ ഇഷ്ടം എന്നായിരുന്നു. വ്രണം ബാധിച്ച പട്ടിയെ ചികിത്സിച്ചു സുഖപ്പെടുത്തിയതും, തന്റെ ശിഷ്യന്‍ ബന്ധിച്ച ഒരു കുരുവിയെ മോചിപ്പിക്കാന്‍ നിർബന്ധപൂർവം കല്‍പ്പിക്കുകയും ചെയ്തത് ആ സന്തോഷ സമ്പാദനത്തിന്റെ സഞ്ചാരവഴികളിലെ ചുരുക്കം ചില ദിശാസൂചികകളാണ്. കരുണ കാണിക്കാത്തവന് ഇലാഹീ കാരുണ്യം ലഭ്യമല്ല എന്ന ഹദീസ് ശൈഖിന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തി. സ്നേഹവാത്സല്യങ്ങള്‍ ഒരു മനുഷ്യനെ സ്രഷ്ടാവിന്റെ സമീപസ്ഥനാക്കുമെന്ന രിഫാഈ(റ)വിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്.
നിസ്കാരത്തിന് സമയമായെന്നറിഞ്ഞ് ശൈഖവറുകൾ കുപ്പായമെടുത്ത് ധരിക്കാൻ നോക്കുമ്പോഴാണ് അവിടെ ഒരു പൂച്ച കിടന്നുറങ്ങുന്നത് കണ്ടത്. ശൈഖ് രിഫാഈ (റ)സൂക്ഷിച്ചു നോക്കി. തന്റെ കുപ്പായത്തിന്റെ ഒരു കയ്യിൽ സുഖമായുറങ്ങുകയാണ് പൂച്ച. പാവം പൂച്ചയെ പ്രയാസപ്പെടുത്തരുതല്ലോ. മൂർച്ചയുള്ള ഒരു കത്തി കൊണ്ട് വന്ന് ശബ്ദമുണ്ടാക്കാതെ കുപ്പായ കൈ മുറിച്ച് മാറ്റി ബാക്കി ഭാഗം ധരിച്ചു മഹാനവർകൾ നിസ്കാരത്തിന് പോയി. തിരിച്ചു വന്നപ്പോൾ പൂച്ച എഴുന്നേറ്റ് പോയത് കണ്ടു. ശൈഖവറുകൾ ആ കുപ്പായക്കൈ വീണ്ടും പഴയത് പോലെ ഷർട്ടിൽ തുന്നിച്ചേർക്കുകയായിരുന്നു. കരുതലിന്റെ അതുല്യ മാതൃകകലാണ് ഇവിടം പ്രകടമാകുന്നത്.
ശിഷ്യന്‍ കൊതുകിനെ കൊന്നത് കണ്ട ശൈഖവറുകള്‍ അല്ലാഹു നിനക്ക് പൊറുത്ത് തരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു. എല്ലാ ജന്തുജാലങ്ങളോടും മനുഷ്യരോടും ഒരു പോലെ വര്‍ത്തിച്ച തങ്ങളുടെ ജീവിതം എല്ലാവര്‍ക്കും പിന്തുടരാനുതകുന്നതാണ്.
കറാമത്തുകള്‍
മുത്ത് നബിയുടെ കരങ്ങള്‍ റൗളയില്‍ ചെന്ന് ചുംബിച്ചത് രിഫാഈ(റ)വിന്റെ സുപ്രധാനമായ കറാമത്താണ്. ഹിജ്റ 555 ലായിരുന്നു പ്രസ്തുത സംഭവം. ‘വിദൂരസ്ഥനായിരിക്കെ ഞനെന്റെ ആത്മാവിനെ പറഞ്ഞയച്ചിരുന്നു. എനിക്ക് പകരക്കാരനായി അങ്ങയുടെ പുണ്യഭൂമി ചുംബിക്കുവാന്‍. ഇപ്പോഴിതാ ഞാന്‍ തന്നെ അങ്ങയുടെ തിരുസന്നിധിയില്‍ വന്നിരിക്കുന്നു. എനിക്കാ വലതു കരമൊന്നു നീട്ടിത്തരണം. എന്റെ അധരം അതിനാല്‍ സൗഭാഗ്യമായിത്തീരുവാന്‍ വേണ്ടി, എന്ന കീര്‍ത്തന കാവ്യം അവിടുന്ന് ആലപിക്കാന്‍ തുടങ്ങി. അങ്ങനെ പുണ്യനബി അവിടുത്തെ വലതു കരങ്ങള്‍ ഹുജ്റത്തുശ്ശരീഫയില്‍ നിന്ന് പുറത്തേക്ക് നീട്ടി. മുത്ത്നബിയുടെ കൈയില്‍ നിന്ന് വന്ന പ്രകാശം കാരണം മസ്ജിദുന്നബവിയാകെ പ്രകാശപൂരിതമായി എന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യാഴാഴ്ച അസ്വറിന് ശേഷമായിരുന്നു ഈ സംഭവം നടന്നത്. ഈ ചരിത്രപ്രസിദ്ധ സംഭവത്തിന് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വും ദൃക്സാക്ഷിയായിരുന്നു.
രിഫാഈ ശൈഖിന്റെ ജീവിതത്തിലെ ഈ പ്രധാന കറാമത്തിനെ കുറിച്ച് അല്ലാമാ അബീദിരി(റ) പറഞ്ഞു:’ ഈ കറാമത്തിനെ നിഷേധിക്കുന്നത് സത്യനിഷേധമാണ്. കാരണം, അവന്‍ നബി (സ)യുടെ മുഅജിസത്തിനെ കൂടിയാണ് നിഷേധിക്കുന്നത് ‘കരുണകാണിക്കാത്തവന് ഇലാഹീ കാരുണ്യവും ലഭ്യമല്ലെന്ന പ്രവാചക വചനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജീവിച്ചു കാണിക്കുകയായിരുന്നു ശൈഖവറുകള്‍.
ലക്ഷക്കണക്കിന് ജനങ്ങളെ ആത്മീയതയിലേക്കുയര്‍ത്തി ഹിജ്റ 578 ജമാദുല്‍ ഊലാ 12 ന് വ്യാഴാഴ്ച ളുഹ്റിന്റെ സമയത്ത് മഹാൻ ഇഹലോകവാസം വെടിഞ്ഞു. മരണ സമയത്ത് ശിഷ്യന്മാര്‍ അവസാനമായി എന്തെങ്കിലും ഉപദേശം തരണമെന്ന് പറഞ്ഞപ്പോള്‍ ‘നന്മ ചെയ്യുന്നവരിലേക്ക് ആ നന്മ മുന്നിട്ടു വരും, അധര്‍മികള്‍ ഖേദിക്കും’ എന്ന സൂറത് ഇസ്റാഈലിലെ ഏഴാം വചനം പറഞ്ഞു കൊടുത്തു. ചുരുങ്ങിയ കാലം കൊണ്ട് ശൈഖവറുകള്‍ക്ക് അവിടുത്തെ ജനതയെ ആത്മീയതയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു.
മുത്ത്നബി (സ)യുടെ തിരുകരങ്ങള്‍ ചുംബിച്ച ദിവസം തന്നെ നബി തങ്ങള്‍ ശൈഖവറുകളോടു പറഞ്ഞു:"തങ്ങളുടെ തലമുറ ഖിയാമത് നാളുവരെ നിലനില്‍ക്കും. അതുകൊണ്ട് തന്നെ ഇന്ന് ശൈഖ് രിഫാഈ(റ) നേതൃത്വം നല്‍കിയ അധ്യാത്മ സരണി പില്‍കാലത്ത് ‘അത്ത്വരീഖത്തു രിഫാഇയ്യ’ എന്ന പേരില്‍ പ്രസിദ്ധമായി. മുസ്ലിംങ്ങളില്‍ ഗണ്യമായൊരു വിഭാഗം രിഫാഈ സരണി പിൻപറ്റി ആത്മീയ ചിട്ടയിൽ ജീവിക്കുന്നു. നമ്മുടെ ഈ കേരളത്തിലും ഈ സല്‍സരണി നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എത്തിച്ചേര്‍ന്നു .
ഈ അടുത്തകാലത്തായി വിരചിതമായ ചില ഓറിയന്റലിസ്റ്റ് കൃതികളിലൂടെ ശൈഖ് രിഫാഈ(റ)വിന്റെ മഹത്വം ഇടിച്ചുതാഴ്താനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. മഹാന്മാരില്‍ നിന്ന് പ്രകടമാകുന്ന കറാമത്തുകള്‍ കേവലം ‘മായാജാല’ങ്ങളായി സമര്‍ത്ഥിച്ച് അവരുടെ മഹത്വം കുറച്ചു കാണിക്കാനുളള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ നാം ബോധവാന്മാരാകേണ്ടതുണ്ട്.