സ്നേഹം വീർപ്പുമുട്ടലുകളുടെ രാജ്യമാണ്. ആ രാജ്യത്തെ പ്രജ ഹൃദയങ്ങൾ പ്രേമഭാജനത്തിനു മുമ്പിൽ അടിയറവു വെക്കുന്നു. സൃഷ്ടിയോടുള്ള പ്രേമം സൃഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരം നുകരലാകുന്ന അനുഭുതിയാണ് അശ്റഫുൽ ഖൽഖിലേക്കുള്ള ഉൾക്കടമായ പ്രണയസഞ്ചാരം.

അപരനെ പരിഗണിക്കുകയെന്നത് സാമൂഹിക വ്യവസ്ഥകളുടെ അടിത്തറയാണ്. കരാർ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ മുന്നോട്ടുവയ്ക്കുമ്പോൾ ഉടമ്പടി പാലിക്കുകയെന്നത് നിർബന്ധബാധ്യതകൂടിയാണ്. ലോകവ്യവഹാരചരിത്രത്തിൽ പല ഉടമ്പടികളുമുണ്ടായിട്ടുണ്ട്. ഉടമ്പടിയിൽ ഏർപ്പെടുന്ന ഇരുകൂട്ടുകാർക്കും തക്കതായ നേട്ടങ്ങളുമുണ്ടാകാറുണ്ട്. അകന്നു നിന്നവരെ അടുപ്പിക്കാനും, ഉള്ള ബന്ധങ്ങൾ ഊഷ്മളമാക്കാനും, രാജ്യാന്തരങ്ങൾക്കപ്പുറം സൗഹൃദം സൂക്ഷിക്കാനുമെല്ലാം കരാറുകൾ നിമിത്തമാകാറുണ്ട്. ഉടമ്പടികളുടെ നേട്ടങ്ങൾ പലതരത്തിലാണെങ്കിലും ലോകത്തിന്നും ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പഠനവിധേയമാക്കുന്ന ചില കരാറുകളുണ്ട്. പ്രത്യക്ഷത്തിൽ നിസ്സഹായത വെളിപ്പെടുന്ന ഘട്ടങ്ങളിലും അനുയായികളുടെ സംതൃപതിയെ നേടിയെടുക്കുകയും ക്ഷമയുടെ കവാടങ്ങളിലൂടെ മെരുക്കിയെടുക്കുകയും ചെയ്ത മുത്ത് നബി(സ) കരാറുകൾ അവയിലെ നവരത്നങ്ങളാണ്.

അഖബ ഉടമ്പടിക്ക് വഴിയൊരുങ്ങുന്നു

മക്കയിലെ സാഹചര്യം മാറിമറിയുകയാണ്. താങ്ങായിരുന്നവരുടെ വിയോഗം, ശത്രുപക്ഷത്തു നിന്നുള്ള അടിച്ചമർത്തലുകൾ. മക്കയിൽ ഒരുപറ്റം അനുചരന്മാരുണ്ടായെങ്കിലും ശത്രുതയുടെ വളർച്ചയും അതിവേഗത്തിലായിരുന്നു. സത്യസന്ദേശത്തിന്റെ വിത്തുകൾ പാകാൻ പുതിയ മേച്ചിൽ പുറങ്ങൾ തേടാൻ സമയമായിരിക്കുന്നു. വാണിജ്യ കേന്ദ്രവും പരിശുദ്ധ ഗേഹത്തിന്റെ സാന്നിധ്യവും മൂലം മക്കയിലേക്കുള്ള ജനപ്രവാഹം കാലങ്ങൾക്കു മുമ്പേ നിലനിന്നിരുന്നു. പരിശുദ്ധ ഗേഹത്തിലേക്ക് വരുന്നവരെ മുത്ത് നബി(സ) നിരന്തരം പ്രബോധനം നടത്തിക്കൊണ്ടിരുന്നു. ഒരവസരത്തിൽ ജൂതന്മാരുമായുള്ള സമ്പർക്കത്താൽ അന്ത്യദൂതരുടെ വരവിനെ കുറിച്ച് അറിഞ്ഞ ചിലർ മുത്തുനബി(സ്വ) തങ്ങളുടെ വാക്കുകളിൽ ആകൃഷ്ടരാവുകയും സത്യമാർഗ്ഗം പുൽകുകയും ചെയ്തു. യസ് രിബിൽ നിന്നുള്ള ഈ സംഘം തത്വത്തിൽ മാത്രം ഏകദൈവത്വം പറയുന്ന യഹൂദരിൽ നിന്ന് തങ്ങളുടെ ബിംബാരാധനയുടെ വൈകല്യം ബോധ്യപ്പെട്ടവരായിരുന്നെങ്കിലും ഇവർക്ക് യഹൂദരുമായി ചേരാൻ മനസ്സനുവദിച്ചിരുന്നില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഔസ് - ഖസ്റജ് ഗോത്രങ്ങൾക്കും പുതിയൊരു വെളിച്ചമായിരുന്നു ഇസ്ലാമികാശ്ലേഷണം. ആറുപേരങ്ങിയ ഈ സംഘം അടുത്തവർഷം കൂടുതൽ ആളുകളുമായി വരാമെന്ന ഉറപ്പിൽ യാത്രതിരിച്ചു.

ഇസ്ലാമിക ചരിത്രത്തിലെ പ്രധാന വഴിത്തിരിവായിരുന്നു അഖബ ഉടമ്പടി. വളരെ സങ്കീർണമായൊരു ഘട്ടത്തിൽ മനസ്സറിഞ്ഞ് ദീനിനെ സഹായിക്കാനും പിന്തുണക്കാനും രണ്ട് പ്രബല ഗോത്രങ്ങളെ അല്ലാഹു തയ്യാറാക്കുകയായിരുന്നു. കാലചക്രം കറങ്ങി പുതിയ പ്രതീക്ഷകളുമായി പ്രന്തണ്ട് പേർ നബി തങ്ങളുടെ ചാരത്തെത്തി. ഖസ്റജ് ഗോത്രത്തിൽ നിന്ന് പത്തും ഔസ് ഗോത്രത്തിൽ നിന്ന് രണ്ടുപേരും അടങ്ങിയ സംഘം അഖബയിൽ വെച്ച് മുത്ത് നബി(സ) തങ്ങളുമായി വ്യവസ്ഥവെച്ചു. തൗഹീദിൽ നിൽക്കാമെന്നും, മോഷണം, വ്യഭിചാരം എന്നിവയിൽ നിന്നും വിട്ടുനിൽക്കാമെന്നും, നന്മയിൽ അനുസരിക്കാമെന്നും നബി തങ്ങളുടെ കൈപിടിച്ച് അവർ പ്രതിജ്ഞ ചെയ്തു.

കാലങ്ങളായി ഔസ് ഖസ്റജ് ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്ന ജൂതന്മാരിൽ നിന്ന് മോചനത്തിന് കാത്തിരിക്കുകയായിരുന്നു. യസ് രിബിലെ ജനങ്ങൾ പൊതുവേ അറബികളുടെ സംസ്കാരത്തിൽ ഇഴകി ചേർന്ന അഹങ്കാരത്തിൽ നിന്നും ദുർവാശിയിൽ നിന്നുമെല്ലാം വളരെ വിദൂരത്തായിരുന്നു. ഈ ഘടകങ്ങളെല്ലാം ഒന്നിച്ചു ചേരുകയും സത്യത്തിന്റെയും സമാധാനത്തിന്റെയും പാതയിലേക്കൊരു നേതാവിനെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു ഇവർ.

ഒന്നാം അഖബ ഉടമ്പടി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോൾ അവർ ഒരു കാര്യം മാത്രമാണ് നബിയോട് ആവശ്യപ്പെട്ടത്. ഖുർആൻ പഠിപ്പിക്കാൻ വേണ്ടി യസ് രിബിലേക്ക് പ്രതിനിധിയെ അയച്ചുതരണം. മുസ്അബ് ബ്നു ഉമൈർ(റ) വിനെ അവരോടൊപ്പം അയച്ചു. വശ്യമായ അദ്ദേഹത്തിന്റെ സംസാരരീതിയും, പെരുമാറ്റവും, സമർപ്പണബോധവും കൂടുതൽ ആളുകളെ ഇസ്ലാമിലേക്ക് അടുപ്പിക്കുകയും ഒരൊറ്റ വർഷം കൊണ്ട് ഒരു മുസ്ലിമെങ്കിലും ഇല്ലാത്തൊരു വീടുപോലും മദീനയിൽ ഉണ്ടായിരുന്നില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

ഒന്നാം അഖബ ഉടമ്പടിക്കു ശേഷം അടുത്ത വർഷത്തെ ഹജ്ജിനായി അഞ്ഞൂറോളം ആളുകളെത്തിയിരുന്നു. അതിൽ രണ്ട് സ്ത്രീകളടക്കം എഴുപത്തിയഞ്ചാളുകൾ മുസ്ലിങ്ങളായിരുന്നു. ഹജ്ജ് പൂർത്തിയാക്കി അവർ ഒരുമിച്ചു കൂടി. രാത്രിയുടെ ഇരുളിൽ പുതിയ വെളിച്ചത്തിനായി മുത്ത് നബി(സ്വ) യെ അവർ ഉൾക്കൊള്ളുകയാണ്. കൂടിയിരുന്നവരോട് പിതൃവ്യൻ അബ്ബാസ് വീണ്ടും വീണ്ടും ഉണർത്തുന്നുണ്ട് ഉപേക്ഷിച്ച് പോകരുതെന്ന്. ഞങ്ങൾ കരാർ പാലിക്കുന്നവരാണ് എന്തുവേണമെങ്കിലും പറഞ്ഞാലുമെന്ന് യസ് രിബ്കാർ മറുപടി നൽകി. ആയതുകൾ ഓതി നബി തങ്ങൾ അവരോട് സംസാരിച്ചു തുടങ്ങി. ഏകദൈവത്വം, പരസ്പര വിശ്വാസം, സാഹോദര്യ സംരക്ഷണം എന്നിങ്ങനെ തുടങ്ങി കരാറിന്റെ വിശദാംശങ്ങൾ അവരെ കേൾപ്പിച്ചു. സുവ്യക്തം, എല്ലാവർക്കും സുസമ്മതം. എങ്കിലും യസ് രിബ്കാർ ആശങ്കയെന്നോണം മുത്ത് നബിയോട് ചോദിക്കുന്നുണ്ട്, എല്ലാം കഴിഞ്ഞാൽ ഞങ്ങളെ കൈയൊഴിയുമോ റസൂലേ .... ഇല്ലയെന്ന ഉറപ്പിൽ അവിടെ കൂടിയവരെല്ലാം നബിയുടെ കൈപിടിച്ച് കരാർ ചെയ്തു.

രണ്ടാം അഖബ ഉടമ്പടി കൂടി പൂർത്തിയായപ്പോൾ പ്രതീക്ഷയുടെ നാമ്പുകൾ തളിർക്കുകയായിരുന്നു. കരാറിൽ ഏർപ്പെട്ട ഇരു ഗോത്രങ്ങളും നാവ്യാനുഭൂതിയുടെ കവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയാണ്. മർദ്ദനവും, പരിഹാസവും, എതിർപ്പും, ഭീഷണിയും കൊണ്ട് കലുഷിതമായ മക്കയിൽ നിന്നും മോചനം ആഗ്രഹിച്ച മുത്ത് നബിക്ക് ഏറെ പ്രതീക്ഷകൾ നൽകികൊണ്ട് മദീനയിലൊരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ അടിത്തറയൊരുങ്ങുന്നത്. അഖബയിലൂടെ ഔസ് ഖസ്റജ് ഗോത്രക്കാരുടേയും ചിരകാലഭിലാഷം പൂവണിയുകയായിരുന്നു, മുത്തുനബി തങ്ങളുമായുള്ള കരാറിലൂടെ ജൂതന്മാരിൽനിന്നും ക്രിസ്ത്യാനികളിൽനിന്നും നിരന്തര അക്രമണങ്ങൾ നേരിട്ട ഇരു ഗോത്രവും ശക്തി ക്ഷയിച്ച് ഒരു നേതാവിനെ തേടുന്ന ഘട്ടമായിരുന്നു. അധികാരം കൈക്കലാക്കാൻ ഇരു ഗോത്രങ്ങളെയും തമ്മിലടിപ്പിച്ച ജൂതന്മാരിൽ നിന്നും രക്ഷനേടാനും പരസ്പരം ഒന്നിക്കാനും നേതൃത്വം അനിവാര്യമായിരുന്നു. അവർ ആഗ്രഹിച്ചതിലും മികച്ച നേതാവിനെ ലഭിച്ചതിൽ പൂർണ്ണ സംതൃപ്തരായിരുന്നു മദീനക്കാർ.

മദീന കരാർ

ചരിത്രത്തിലെ ആദ്യത്തെ ഭരണഘടന. ആദ്യത്തെ സമാധാന കരാർ. സാമൂഹികവും മതപരവുമായ പലമാനങ്ങളും ഉൾക്കൊള്ളുന്ന കരാറാണ് മദീന കരാർ. മതനിരപേക്ഷ സമൂഹത്തിന്റെ നിലനിൽപ്പിനു വേണ്ടി ബോധപൂർവ്വം രൂപപ്പെടുത്തിയ പ്രമാണം എന്ന നിലക്കാണ് നൂറ്റാണ്ടുകൾക്കപ്പുറം മദീനകരാർ വായിക്കപ്പെടുന്നത്. ഇമ്പമാർന്ന വരവേൽപ്പ് നബി തങ്ങളും സഹാബത്തിനും മദീനയിൽ ലഭിച്ചുവെങ്കിലും സുഖപ്രദമായ സാമൂഹിക ചുറ്റുപാടായിരുന്നില്ല. ഇസ്ലാമിന്റെ കൊടിക്ക് കീഴിൽ അണി നിരന്നിട്ടുപോലും ഔസ് ഖസ്റജ് ഗോത്രങ്ങൾ തമ്മിലുള്ള പോരിൽ വീര്യം കുറഞ്ഞിരുന്നില്ല. പലായനം ചെയ്തുവരുന്ന മുഹാജിറുകളെ അൻസാറുകളുമായി കൂട്ടി ഇണക്കുക എന്നു തുടങ്ങി ശ്രമകരമായ പലതും മുത്ത് നബിക്ക് അവിടെ ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള മദീനയിലെ ഗോത്ര തർക്കങ്ങൾക്ക് അറുതി വരുത്താനും, മദീനക്കാരെ സാമ്പത്തികമായി തളർത്തിയിരുന്ന എല്ലാ പ്രശ്നങ്ങളും, പല ഘട്ടങ്ങളിൽ മദീനയെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ ജന വിഭാഗങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി മുത്ത് നബി തങ്ങൾ കൂടിയാലോചന നടത്തി. കരാറിന് മുന്നോടിയായി മദീനയുടെ അതിർത്തി നിർണയം, ജനസംഖ്യ കണക്കെടുപ്പ് എന്നിവയെല്ലാം അവിടുന്ന് പരിഗണിച്ചതായി ചരിത്രത്തിലിടം പിടിച്ചു.

പലതരം നഗരഭരണ രീതികൾ കണ്ടു ശീലിച്ച മുത്ത് നബി (സ) മദീനയിൽ ഭരണം കയ്യിൽ വന്നപ്പോൾ എല്ലാ മാതൃകകളുടെയും നല്ല വശങ്ങൾ കൈകൊണ്ടു. ഇസ്ലാം മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്ര സങ്കൽപത്തിന്റെ ശരിയായ മാതൃക മുത്ത് നബി തങ്ങൾ മദീനയുടെ മണ്ണിൽ നട്ടുവളർത്തി. ബി സി മൂന്നാം നൂറ്റാണ്ടിൽ അശോകചക്രവർത്തി ചെറിയ രൂപത്തിൽ ക്ഷേമ രാഷ്ട്രസങ്കല്പം മുന്നോട്ടുവച്ചിരുന്നു. ലോകത്ത് ആദ്യമായി എഴുതിയുണ്ടാക്കിയ ഭരണഘടന മദീനയിൽ മുത്ത് നബി നടപ്പിലാക്കി.

തടവുകാരോട് നീതിപരമായ കാരുണ്യവും വിശ്വാസികളെയും അവിശ്വാസികളെയും പരസ്പരം പരിഗണിക്കുകയും ശിക്ഷ നടപ്പാക്കുന്നതിലെ മാതൃക, രാജ്യത്തിന്റെ സംരക്ഷണം, ഓരോരുത്തരുടെയും വിശ്വാസത്തിന് സ്വാതന്ത്ര്യം നൽകുന്ന കൃത്യവും വ്യക്തവുമായ ഭരണ വ്യവസ്ഥ മുത്ത് നബി തങ്ങളുടെ കാലത്ത് വിഭാവനം ചെയ്തു. ഭരണ വ്യവസ്ഥകളെയും കരാറുകളും അംഗീകരിക്കാൻ മദീനക്കാർക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

ഹുദൈബിയയിലെ പാഠങ്ങൾ

ഹജ്ജ് കഴിഞ്ഞ് ആറു വർഷം പിന്നിടുന്നു. സ്വഹാബത്തിന്റെ മനസ്സിൽ കുളിര് നിറക്കുന്ന കാഴ്ച മുത്ത് നബി(സ്വ) സ്വപ്നത്തിൽ കാണുകയാണ്. സ്വഹാബയോട് കാര്യം പറഞ്ഞപ്പോൾ സന്തോഷത്താൽ മതിമറക്കുകയാണ്. പുണ്യ ഗേഹത്തിലേക്ക് യാത്ര തിരിക്കാനുള്ള നേരം സമാഗതമായിരിക്കുന്നു. ആയിരക്കണക്കിന് സ്വഹാബികൾ തയ്യാറായി മുന്നോട്ട് വന്നു. യാത്രക്കാവശ്യമായ മൃഗങ്ങളും ബലിയറുക്കാൻ ആവശ്യമായ ഉരുകളും ഉടവാളും മാത്രമായി നബിയും സംഘവും യാത്ര തിരിച്ചു. ഉംറ മാത്രം ലക്ഷ്യമാക്കി നീങ്ങുകയാണ് സംഘം. തീർത്ഥാടനം ഉദ്ദേശിക്കുന്നവരെ തടയുന്ന പ്രകൃതക്കാരല്ല മക്കക്കാർ. പക്ഷേ, മുസ്ലീങ്ങളെ ഒരു നിലക്കും മക്കയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന ദുഃഖ വാർത്ത മുത്ത് നബി(സ്വ) അറിഞ്ഞു. ഒരു ഏറ്റുമുട്ടലിന് നബിയും സംഘവും ഒരുങ്ങിയിട്ടില്ലെന്നു മാത്രമല്ല, ആഗ്രഹിച്ചിട്ടു പോലുമില്ല. അല്ലാഹുവിന്റെ പവിത്ര കേന്ദ്രങ്ങളെ ആദരിക്കുന്ന സന്ധികൾക്ക് ആര് ക്ഷണിച്ചാലും ഞാൻ പോകുമെന്ന് അബൂബക്കർ(റ)നോട് നബി തങ്ങൾ നിലപാട് പങ്കുവെച്ചിരുന്നു. ഹുദൈബിയ്യയുടെ അടുത്തുള്ള ജലാശയത്തിനരികിൽ സംഘം തമ്പടിച്ചിരിക്കുകയാണ്.

ശത്രുപക്ഷത്തു നിന്ന് പലരും നിരീക്ഷിക്കാൻ വരുന്നുണ്ട്. ഉംറ മാത്രമാണ് ലക്ഷ്യമെന്ന് തീർച്ചപ്പെടുത്തി മടങ്ങി പോകുന്നുമുണ്ട്. എന്നാൽ അന്ന് രാത്രി തന്നെ എഴുപതോളം ശത്രുക്കൾ നുഴഞ്ഞുകയറാൻ ശ്രമിക്കുകയും അവരെ ബന്ധികളാക്കുകയും ചെയ്തു . സമാധാനമാഗ്രഹിച്ച മുത്ത് നബി(സ്വ) അവരെ വെറുതെ വിട്ടു. സന്ധിക്കായി ഉസ്മാൻ(റ) നെ മക്കയിലേക്ക് അയക്കുന്നുണ്ട്. ഉസ്മാൻ(റ) നെ ഉംറക്ക് അനുവദിക്കാമെന്ന് ശത്രുക്കൾ അറിയിച്ചപ്പോൾ മുത്ത് നബിയോടൊപ്പം മാത്രമേ ഞാൻ ഉംറ നിർവഹിക്കുവെന്ന് ഉസ്മാൻ(റ) മറുപടി പറഞ്ഞു. അദ്ദേഹത്തെ അവർ ബന്ധിയാക്കി. ആ ഘട്ടത്തിൽ മുത്ത് നബി(സ്വ) യുദ്ധത്തിന് തയ്യാറെടുക്കാൻ സഹാബത്തിനോട് ആവശ്യപ്പെട്ടു. യുദ്ധം തീരുന്നത് വരെ കൂടെയുണ്ടാകുമെന്ന ഉറപ്പിൽ ബൈഅത് റിള് വാൻ നടക്കുന്നു. എന്നാൽ പ്രതിജ്ഞ തീരും മുമ്പേ ഉസ്മാൻ(റ) നെ ഖുറൈശികൾ വിട്ടയച്ചു .

മക്കക്കാർ സുഹൈൽ ബിൻ അംറിനെ സന്ധിക്കായി മുത്ത് നബി ( സ്വ ) യിലേക്ക് അയച്ചു. സാമാന്യ ബുദ്ധിക്ക് പോലും ഉൾക്കൊള്ളാനാവാത്ത രീതിയിലുള്ള, തീരെ ന്യായമല്ലാത്ത ചില ആവശ്യങ്ങളാണ് സുഹൈൽ മുന്നോട്ടുവച്ചത്. സഹാബത്തിന് ക്ഷമയുടെ അതിരുകടക്കുന്നുണ്ട്. മുത്ത് നബി എല്ലാവരെയും സമാധാനിപ്പിച്ച് കരാറിൽ ഏർപ്പെടുന്നു. ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന വിശുദ്ധ വാക്യം കൊണ്ട് മുസ്ലിം പക്ഷത്ത് നിന്ന് അലി(റ) എഴുതി തുടങ്ങുമ്പോൾ സുഹൈൽ എതിർത്തു . അല്ലാഹുവിന്റെ നാമത്തിൽ എന്നുമാത്രമാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. സ്വഹാബികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മുത്ത് നബി ( സ്വ ) സമ്മതം പറഞ്ഞു. സദസ്സ് ശാന്തമാക്കി. അടുത്ത വാചകം അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് എന്നെഴുതിയപ്പോഴും സുഹൈൽ ഇടപെട്ടു അബ്ദുള്ളയുടെ മകൻ മുഹമ്മദ് എന്നാക്കാൻ ആവശ്യപ്പെട്ടു.

സ്വന്തത്തേക്കാൾ സ്നേഹിക്കുന്ന മുത്ത് നബിയുടെ പേര് തിരുത്തിയെഴുതാൻ പറയുമ്പോൾ സ്വഹാബത്തിന്റെ രക്തം തിളക്കുന്നുണ്ട്. ഒരിക്കലും അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല. അവർക്ക് മാനസിക വേദനയാൽ കണ്ഠമിടറുന്നുണ്ട്. സമാധാനത്തിന്റെ പ്രതീകം അശ്റഫുൽ ഖൽഖ് അവിടെയും ഇടപെടുന്നു . ശാന്തരാകാൻ പറയുന്നു . അലി(റ) നോട് എഴുതിയത് മായ്ച്ചു കളയാൻ ആവശ്യപ്പെടുന്നു അലി(റ) സമ്മതിക്കുന്നില്ല. ഇടറുന്ന സ്വാഹാബയുടെ ഖൽബിന്റെ സ്പന്ദനങ്ങളറിയുന്ന മുത്തുനബി തന്നെ എഴുതിയതു മായ്ക്കുകയും സുഹൈൽ ആവശ്യപ്പെടുന്ന വിധം എഴുതാൻ കൽപ്പിക്കുകയും ചെയ്തു. കരാറിലെ ഓരോ വ്യവസ്ഥയും മുസ്ലിങ്ങളെ വേദനിപ്പിക്കുന്നതും തീർത്തും ഏകപക്ഷീയവുമായിരുന്നു. സഹാബികളെ ശാന്തരാക്കാൻ മുത്ത് നബിക്ക് പാടുപെടേണ്ടി വന്നു.

ഈയവസരത്തിൽ മുസ്ലിം പക്ഷത്ത് ബന്ധിയാക്കപ്പെട്ട സുഹൈൽ ബിൻ അംറിന്റെ മകൻ അബൂജന്തൽ മുസ്ലിമായിട്ടുണ്ട്. എങ്കിലും കരാർ പ്രകാരം മനസ്സില്ലാ മനസ്സാടെ അബൂജന്തലിനെ മക്കയിലേക്ക് മടക്കി അയക്കണ്ടി വന്നു.

ഒറ്റനോട്ടത്തിൽ തങ്ങൾക്കെതിരാണ് സന്ധി എന്ന പ്രതീതിയുളവാക്കിയ കരാർ മുസ്ലിങ്ങൾക്ക് അനുകൂലമാണെന്ന് കാലം തെളിയിച്ചു. വ്യക്തമായ വിജയമെന്ന് ഖുർആൻ വിശദീകരിക്കും വിധം പ്രോജ്വലമായ നയതന്ത്രമായിരുന്നു അതെന്ന് തുടർന്നുണ്ടായ സംഭവവികാസങ്ങൾ സാക്ഷ്യപ്പെടുത്തി. സന്ധിയുടെ അകപ്പൊരുൾ മുത്ത്നബി(സ്വ) സഹാബത്തിന് വിവരിച്ചു കൊടുത്തു. പ്രത്യേകിച്ചും ഉമർ(റ)ന്.

പത്ത് വർഷത്തേക്കു യുദ്ധംചെയ്യില്ലെന്ന വ്യവസ്ഥയിൽ സധൈര്യമായി സത്യപ്രബോധനത്തിന് അവസരമൊരുങ്ങുകയാണ്. പ്രത്യക്ഷത്തിൽ തങ്ങൾക്കനുകൂലമായ രൂപത്തിൽ വ്യവസ്ഥ ചെയ്ത ഖുറൈശികൾക്ക് കരാറിൽ ഇളവിന് വേണ്ടി കെഞ്ചേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞു . സമാധാന ശ്രമങ്ങൾക്കായി ഏതറ്റം വരെ പോകണം എന്ന് വിശ്വാസികൾക്ക് ഹദൈബിയ വരച്ചുകാട്ടുന്നു. മുത്ത് നബിയുടെ ജീവിതം പോലെ അവിടുന്ന് മുൻകൈയെടുത്ത വ്യവസ്ഥകളും മനുഷ്യകുലത്തിന് മാതൃകയാണ്. ഉദ്ദേശം നന്മയാണെങ്കിൽ ഒറ്റനോട്ടത്തിൽ ദുഃഖകരമെന്നു കരുതുന്നത് അനുകൂലമായി മാറും. നല്ല ഉദ്ദേശങ്ങൾക്കായി അവിശ്വാസികളുമായും ശത്രുക്കളുമായി പോലും ചേർന്ന് നിൽക്കാനും സാധ്യമായ രീതിയിൽ സമാധാനത്തിന് ശ്രമിക്കാനും വിശ്വാസിക്ക് ബാധ്യതയുണ്ട്.

 

Questions / Comments:



No comments yet.