കപടവാഗ്ദാനങ്ങളില്ലാതെ, കക്ഷിചേരലുകളുടെ പുഴുക്കുത്തുകളില്ലാതെ, പൊയ്മുഖങ്ങളോ പുകമറകളോയില്ലാതെ ദേശത്തിൻ്റെ നാനോന്മുഖ വളർച്ചയിലേക്ക് വഴിതുറക്കുന്ന രാഷ്ട്രീയം പ്രായോഗികമാണെന്ന് നബിപുംഗവർﷺ. അവ ഉട്ടോപ്യനല്ലെന്ന് കർമകുശലമായ മുത്ത്നബിക്കാലങ്ങൾ., |
നാടിന്റെയും ജനങ്ങളുടെയും ബഹുമുഖ പ്രശ്നങ്ങളെ പഠിക്കാനും അപഗ്രഥിക്കാനും അതിന് പ്രതിവിധി കൽപ്പിക്കാനും അവരുടെ ക്ഷേമവും ഐശ്വര്യവും മാത്രം ലാക്കാക്കി പ്രവർത്തിക്കുവാനുമുള്ള മഹത്തായ കഴിവുണ്ടാകുമ്പോഴാണ് ഒരാൾ ജനകീയ നേതാവും ഭരണാധികാരിയുമാകുന്നത്. സമൂഹത്തിന്റെ അടിത്തട്ടിൽ നിന്നുതന്നെ സംഘടനാ പ്രവർത്തനത്തിലൂടെ സാമൂഹ്യ സേവന വഴിയിൽ പ്രവർത്തിച്ച് ഘട്ടം ഘട്ടമായി ഉയർന്നു വരുന്നവർക്കാണ് ചെയ്യുമ്പോഴാണ് ആ പ്രസ്ഥാനത്തിന്റെ, സമൂഹത്തിന്റെ ഉന്നതമായ നേതൃപദവി അലങ്കരിക്കാനും അതുവഴി ജനങ്ങളെ താൻ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്ര വഴിയിലുറപ്പിച്ച് നിർത്താനും സാധിക്കുകയുള്ളൂ. ദീർഘമായ അനുഭവ സമ്പത്ത് വേണമെന്നതിനു പുറമേ അനുയോജ്യമായ ശിക്ഷണവും പരിശീലനവും ലഭിക്കുകയെന്നതും നേതൃഗുണത്തിന് അനിവാര്യമാണ്.
ലോക ചരിത്രത്തിൽ പല നേതാക്കളും ജീവിച്ചു പോയെങ്കിലും മുഹമ്മദ് നബിﷺയെക്കാളും പരാമൃഷ്ട നേതൃഗുണങ്ങളെ വ്യക്തിജീവിതത്തിൽ പ്രതിഫലിപ്പിച്ച മറ്റൊരാളെ കണ്ടെത്തുക പ്രയാസകരമാണ്. ലോകത്ത് നൈതികതയുടെയും സമാധാനത്തിന്റെയും പുതിയ നടപ്പുരീതികൾക്ക് അടിത്തറ പാകിയ നേതാവാണ് തിരു റസൂൽﷺ. എന്നാൽ പ്രവാചകരുടെ അനുപമമായ നേത്രപാഠവവും നായകത്വ പദവിയും പരിശീലന കളരിയിലൂടെ ആർജിച്ചതോ പ്രഗൽഭരുടെ ശിക്ഷണം ലഭിച്ചതിന്റെ ഭാഗമായി നേടിയെടുത്തതോ ആയിരുന്നില്ല. കാരണം റസൂൽﷺ തങ്ങൾക്ക് ഔദ്യോഗിക വിദ്യാഭ്യാസ യോഗ്യതയോ ഇതര പരിശീലനങ്ങളോ നൽകപ്പെട്ടിരുന്നില്ല. എന്നിട്ടും മുഹമ്മദ് നബിﷺ ജനനേതാവും നിപുണനായ ഭരണാധികാരിയുമായി തീർന്നത് പ്രവാചകത്വ പദവി പ്രദാനം ചെയ്യപ്പെടുന്നതിലൂടെ കരഗതമായ ദൈവികമായ ശക്തി ഒന്നുകൊണ്ടു മാത്രമായിരുന്നു. പ്രവാചകനായി നിയുക്തനാവുന്നതിനു മുമ്പ് തന്റെ യൗവ്വന കാലത്തു തന്നെ നേതൃഗുണങ്ങളുടെ മഹാ അധ്യായങ്ങളെ തന്റെ ജീവിതത്തിൽ അവിടുന്ന് പ്രദർശിപ്പിച്ചിരുന്നു. ഖുറൈശികൾക്കിടയിൽ അനന്തമായ സംഘർഷങ്ങളും സംഘട്ടനങ്ങൾക്കും വഴിമരുന്നിടുമായിരുന്ന കഅബ പുനർനിർമാണവേളയിലെ ഒരു പ്രശ്നത്തെ തന്റെ ധിഷണകൊണ്ട് വളരെ രമ്യമായ രീതിയിൽ അവിടുന്ന് പരിഹൃതമാക്കി കൊടുത്തു. വളരെ കാലമായി നിലനിന്നിരുന്ന ഗോത്രങ്ങൾക്കിടയിലെ ഭിന്നതയും അസ്വാരസ്യങ്ങളും തുടച്ചുനീക്കി പരസ്പര ഐക്യവും മൈത്രിയും സ്ഥാപിക്കാൻ യുവജന സഖ്യങ്ങൾ ഉണ്ടാക്കി പ്രവർത്തിച്ചു. എല്ലാം പ്രസ്തുത സ്വഭാവ ഗുണങ്ങളുടെ പ്രത്യക്ഷ ആവിഷ്കാരമായിരുന്നു.
ജനങ്ങളുടെ വികാരങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് മാനസികവിഷമമോ ബുദ്ധിമുട്ടോ ഏൽക്കാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനന്യസാധാരണമായ വൈഭവമായിരുന്നു മുഹമ്മദ് നബി ﷺ പ്രദർശിപ്പിച്ചിരുന്നത്. നാട്ടുകാരിൽ നിന്ന് തീക്ഷ്ണമായ മർദ്ദനങ്ങൾ ഏറ്റുവാങ്ങി സ്വന്തം മണ്ണുവിട്ട മുത്ത് നബിയെ അത്യാവേശത്തോടെ സ്വീകരിക്കാൻ തയ്യാറായ മദീനക്കാരുടെ വികാരങ്ങളെ മുറിപ്പെടുത്തരുതെന്ന നിർബന്ധബുദ്ധി റസൂലിന് എപ്പോഴുമുണ്ടായിരുന്നു. നബിﷺ, തങ്ങളുടെ വീട്ടിൽ താമസിക്കണമെന്ന് അതിയായ താല്പര്യം മദീനക്കാരെ മുഴുവൻ ആവേശിച്ച സന്ദർഭത്തിൽ ഒട്ടകത്തിന്റെ ഹിതത്തിനു കാര്യം വിട്ടുകൊടുത്ത് പ്രശ്നങ്ങളെ രമ്യമായി പരിഹരിച്ചിട്ടുണ്ട് റസൂൽﷺ. ദീർഘദൃഷ്ടിയോടുകൂടി ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിസ്മയാവഹമായ വ്യക്തിഗുണം നബിതങ്ങളിൽ കാണാമായിരുന്നു. മക്കയിലെ തന്റെ ശത്രുക്കളുമായി ഒപ്പുവെച്ച ഹുദൈബിയ കരാറിൽ പ്രഥമ ദൃഷ്ട്യാ മുസ്ലിംകൾക്ക് ഹാനികരമായ വ്യവസ്ഥകൾ കാണാമായിരുന്നെങ്കിലും അനുചരർ അതിനെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടും അതുമായി മുന്നോട്ടു പോയതിൽ തിരുനബിയുടെ തികഞ്ഞ രാജ്യ തന്ത്രജ്ഞത കാണാനാവുന്നുണ്ട്.
മാനവ മൈത്രി
ആറാം നൂറ്റാണ്ടിലെ അറേബ്യൻ ജനത കൃത്രിമമായ ആഭിജാത്യത്തിന്റെയും തത്വസംഹിതയുടെയും തടവറയിലായിരുന്നു. അവരുടെ സ്നേഹവും ബന്ധവും സഹകരണവും എല്ലാം രക്തബന്ധത്തിനുള്ളിൽ മാത്രം ഒതുക്കി നിർത്തപ്പെട്ടു. പ്രശ്നങ്ങളെ സമീപിക്കുന്നതിൽ സത്യവും നൈതികതയുമായിരുന്നില്ല അവർ മാനദണ്ഡമായി സ്വീകരിച്ചത്. വർഗ്ഗ ജാതികളുടെയും ഗോത്രമേന്മകളുടെയും അടിസ്ഥാനത്തിൽ അവർ കാര്യങ്ങളോട് പ്രതികരിക്കുകയും ധാർമികതക്ക് പകരം അധാർമികതയെ കുടിയിരുത്താൻ കരുക്കൾ നീക്കുകയും ചെയ്തു. അത്യന്തം രൂക്ഷമായ ഗോത്ര വിഭാഗീയതയുടെയും രക്തരൂക്ഷിത സംഘർഷങ്ങളുടെയും നടുവിലോടുന്ന സമൂഹത്തിൽ ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും മഹാവിപ്ലവത്തെയാണ് മുഹമ്മദ് നബിﷺ എന്ന നേതാവ് സാധിച്ചെടുത്തത്. ഒരു രാഷ്ട്രത്തിന്റെ ശില്പി എന്ന നിലയിൽ മുത്ത് നബിﷺ നടപ്പിലാക്കിയ ഏറ്റവും വലിയ ഭരണപരിഷ്കരണം പരസ്പരം കഴുത്തറുത്ത് രക്തം കുടിച്ചിരുന്ന വ്യത്യസ്ത ഗോത്രങ്ങളെയും വർഗ്ഗങ്ങളെയും ഒരു ആദർശത്തിന്റെ കീഴിൽ അണിയൊപ്പിച്ചു നിർത്തി എന്നതായിരുന്നു.
സമ്പദ് വ്യവസ്ഥ
മുത്ത് നബിﷺ സാമ്പത്തിക രംഗത്ത് വിപ്ലവാത്മകമായ ആശയങ്ങളെ പ്രദാനം ചെയ്യുകയും അവ സകല കാലത്തേക്കും അനുഗുണമായ രീതിയിൽ വർത്തിക്കുകയും ചെയ്തു. സമ്പത്ത് അല്ലാഹുവിൽ നിന്നും ലഭിച്ച മഹത്തായ ഔദാര്യമാണെന്നും അത് വ്യക്തികളുടെ ഉന്നമനത്തിന് ഉപയോഗിക്കപ്പെടണമെന്നും വ്യക്തികളിൽ അവ കുന്നുകൂടുന്നത് അനഭിലഷണീമാണെന്നും തിരുദൂതർ പഠിപ്പിച്ചു. പാവപ്പെട്ടവർ പണത്തിനുവേണ്ടി പണക്കാരന്റെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കേണ്ട പരിതാവസ്ഥയുണ്ടാവരുതെന്നും സമ്പത്തുള്ളവർ തന്റെ ധനത്തിൽ ഒരു വിഹിതം അധസ്ഥിതർക്ക് നൽകി പണക്കാരനും പാവപ്പെട്ടവനും ഇടയിലുള്ള വിടവ് നികത്തണമെന്നുമാണ് മുത്ത് നബിﷺ അരുളിയത്. വ്യക്തികൾക്ക് സ്വത്ത് സമ്പാദിക്കാൻ അനുവാദം നൽകുന്നതോടൊപ്പം അത് ന്യായമായ മാർഗ്ഗത്തിലൂടെയാവണമെന്നും പലിശ കൊടുക്കുകയും വാങ്ങുകയും ചെയ്യരുതെന്നും ഇടപാടുകളിൽ അക്രമവും ചൂഷണവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അവിടുന്ന് അനുശാസിച്ചു. അളവിലും തൂക്കത്തിലും കൃത്രിമം പാടില്ലെന്നും ഊഹക്കച്ചവടം അരുതെന്നും നിർദ്ദേശിക്കപ്പെട്ടു. ഉള്ളവനെ കൂടുതൽ തടിച്ചു കൊഴുത്തവനാക്കുകയും പാവപ്പെട്ടവനെ ഇല്ലായ്മയുടെ അഗാധതയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പലിശാധിഷ്ഠിത സാമ്പത്തിക ക്രമത്തിന് തിരുത്ത് കുറിച്ച് പലിശമുക്തമായതിനെ പരിചയപ്പെടുത്തി എന്നതാണ് റസൂലിന്റെ സാമ്പത്തിക കാഴ്ചപ്പാടിൽ ഏറെ ശ്രദ്ധേയമായിത്തീർന്നത്. പലിശാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതി ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടെത്തിക്കുന്ന ആധുനിക ലോകത്ത് ഇസ്ലാമിക് ബാങ്കുകൾ വൻകിട രാജ്യങ്ങളിൽ പോലും സ്ഥാപിതമാകുന്നതും മറ്റിടങ്ങളിൽ അതിന്റെ സാധ്യത ആരായുന്നതും സാമ്പത്തിക രംഗത്തെ മുത്ത് നബി ദർശനത്തിന്റെ അതിപ്രാധാന്യതയെ വരച്ചിടുന്നുണ്ട്.
നീതി നിർവ്വഹണം
രാജ്യത്തിന്റെ സുസ്ഥിരതക്കും സുരക്ഷിതത്വത്തിനും നീതി നിർവഹണം സുഗമമായി മുന്നോട്ടു പോവുക എന്നത് അനിവാര്യമാണ്. മുത്ത് നബിയുടെ ഭരണത്തിന് കീഴിൽ നീതി നിർവഹണ രംഗത്ത് നിലനിന്ന വിവേചനരഹിതമായ നിലപാടുകൾ പ്രശംസനീയമായിരുന്നു. വിശ്വാസികൾ എന്നോ അവിശ്വാസികൾ എന്നോ മിത്രമെന്നോ ശത്രുവെന്നോ ഒരു ഭാവഭേദവും മുത്ത് നബി കൽപ്പിച്ചിരുന്നില്ല.
ത്വാഇഫ് ഉപരോധവേളയിൽ മുത്ത് നബിയെ കൂടുതൽ സഹായിച്ച 'സഖർ' എന്ന ഗോത്രത്തലവൻ പിന്നീട് സാമ്പത്തിക ക്രമക്കേട് നടത്തിയപ്പോൾ യാതൊരു സങ്കോചവും കൂടാതെ അയാൾക്ക് നിയമം നടപ്പിലാക്കുകയായിരുന്നു മുത്ത് നബിﷺ. മഖ്സും കുടുംബത്തിലെ ഒരു സ്ത്രീക്കെതിരെ മോഷണക്കുറ്റം ചുമത്തപ്പെടുകയും പല പ്രബലരും അവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ശ്രമം നടത്തുകയും ചെയ്തപ്പോൾ മുത്ത് നബിﷺ തന്റെ ശക്തമായ അസന്തുഷ്ടി പ്രകടിപ്പിച്ചു. 'എന്റെ അരുമ മകളാണ് അന്യന്റെ സമ്പത്ത് അപഹരിച്ചതെങ്കിലും അവരുടെ കൈ ഛേദിക്കുമെന്ന് ആർജവത്തോടെ പ്രഖ്യാപിക്കുകയായിരുന്നു മുത്ത് നബി ﷺ.
അടിമത്വ വിപാടനം
മനുഷ്യരായി ജനിച്ചവർ മറ്റു മനുഷ്യർക്ക് കീഴിൽ അടിച്ചമർത്തപ്പെടുന്ന അധമത്വമായിരുന്നു അടിമത്ത വ്യവസ്ഥിതിയുടേത്. തന്റെ സഹജീവിയെ മൃഗങ്ങളെ പോലെ പണിയെടുപ്പിക്കുകയും കടുത്ത പീഡനങ്ങൾ ഏൽപ്പിക്കുകയും ചെയ്യുന്ന ക്രൂരത സർവവ്യാപനം നേടിയ കാലത്താണ് മുഹമ്മദ് നബിﷺ ക്ക് മാനവികതയുടെ മഹത് സന്ദേശങ്ങളെ ഉയർത്തിപ്പിടിക്കേണ്ടിയിരുന്നത്. തന്റെ ഭരണക്രമത്തിന് കീഴിൽ ഒറ്റയടിക്ക് ആ ദൂഷ്യ വ്യവസ്ഥിതിയെ നിരോധിച്ചുകൊണ്ടുള്ള എടുത്തുചാട്ടം ദുരന്തങ്ങൾ വരുത്തിവെക്കുമെന്ന തിരിച്ചറിവുള്ളതിനാൽ ഘട്ടംഘട്ടമായി നടപടികൾ എടുക്കാനാണ് മുത്ത് നബി ശ്രമിച്ചത്. മാനുഷികമായ പരിഗണന അടിമകൾക്ക് വകവച്ചു കൊടുക്കാൻ ആഹ്വാനം ചെയ്ത മുത്ത് നബിﷺ അവർക്കിടയിൽ സ്നേഹബന്ധത്തിന്റെ കണ്ണികളെ നിർമിച്ചെടുത്തു. പിന്നീട് ആ സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യാനുള്ള മാർഗങ്ങളായി പലവിധ തത്വങ്ങളും ആവിഷ്കരിക്കപ്പെട്ടു. സക്കാത്തിന്റെ ഒരു ഭാഗം പോലും അടിമ വിമോചനത്തിന്റെ വഴിയിൽ ചിലവഴിക്കുന്നിടത്തേക്ക് മുത്ത് നബിയുടെ ദർശനങ്ങൾ എത്തിച്ചേർന്നു. അടിമ സ്ത്രീക്ക് യജമാനനിൽ നിന്ന് കുഞ്ഞ് ജനിച്ചാൽ അവൾ വിമോചിതയാകുമെന്ന നിയമനിർമാണത്തിലൂടെ ഒട്ടേറെ മനുഷ്യജീവനുകൾക്ക് പാരതന്ത്ര്യത്തിന്റെ ഉരുക്കുചങ്ങലകളിൽ നിന്നും മോചനം നൽകി എവിടെയും മാനവികതയുടെ മഹിതാശയങ്ങളെ പ്രകാശിപ്പിക്കുന്നതായിരുന്നു മുത്ത് നബിയുടെ ഉദ്യമങ്ങൾ.