മാനുഷിക ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും പ്രാഥമിക പരിഗണന നൽകുന്നതാണ് തിരുനബിയുടെ സമ്പദ് വ്യവസ്ഥ. അവിടെ സാമ്പത്തിക ഇടപാടുകൾ ക്ഷേമ ബന്ധിതവും വ്യക്തിതാൽപര്യങ്ങൾക്കുപരി സമൂഹ വികസനം ലക്ഷ്യമാക്കുന്നവയുമാണ്.

സാമൂഹിക ക്ഷേമം തിരുനബിﷺയുടെ സാമ്പത്തിക ദർശനങ്ങളുടെ അടിക്കല്ലാണ്. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒരു മനുഷ്യൻ പുലർത്തേണ്ട അടിസ്ഥാന മൂല്യങ്ങളിൽ പെട്ടതാണത്. ക്ഷേമത്തിന് പ്രാമുഖ്യം നൽകുന്നതാണ് നബിﷺ യുടെ സാമ്പത്തിക നിലപാടുകളിലുടനീളം കാണാനാവുന്നത്.

സാമൂഹിക ക്ഷേമം വിലയിരുത്താൻ സൂക്ഷ്മ സാമ്പത്തിക ശാസ്ത്രത്തിൽ ഉപയോഗിക്കുന്നതാണ് വെൽഫെയർ എക്കണോമിക്സ്. സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിൽ പൊതു സാമ്പത്തിക മേഖലയെ വിലയിരുത്താനും ഇത് ഉപയോഗിക്കാറുണ്ട്. സാമൂഹ്യക്ഷേമം ഉറപ്പു വരുത്താൻ ഗവൺമെൻ്റിനിത് സഹായകമാവും. അതോടൊപ്പം, പൊതു സാമ്പത്തിക ശാസ്ത്രത്തിൻ്റെ ചെലവ്- ആനുകൂല്യ വിശകലനങ്ങളിലും(Cost- Benifit Analysis) സൈദ്ധാന്തിക അടിത്തറയായി നിലനിൽക്കുന്നതാണ് വെൽഫെയർ എക്കണോമിക്സ്.

ദാനധർമം, സകാത്

ദാനധർമങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് നബിﷺ പഠിപ്പിക്കുന്നത്. മറ്റുള്ളവർക്ക് ദാനം ചെയ്യണം, സമ്പത്ത് പിടിച്ചു വെക്കരുത്. അതു വഴി മറ്റുള്ളവർക്ക് സന്തോഷവും സ്നേഹവും പകർന്നു നൽകാനാവണം. പിശുക്കിനെ ദുഃസ്വഭാവമായാണ് പരിചയപ്പെടുത്തുന്നത്. അമിതവ്യയവും അനുവദിക്കുന്നില്ല. ആവശ്യത്തിനുപയോഗിക്കാം, അമിതവ്യയമാരുത് എന്നാണ് ഖുർആനിന്റെ ഭാഷ. ആത്മീയ വളർച്ചയേയും സാമ്പത്തിക നേട്ടങ്ങളേയും ഇവ ദോഷകരമായി ബാധിക്കും.

സാമ്പത്തിക വിതരണത്തിന്റെ ഉത്തമ മാതൃകയാണ് സകാത്. നിശ്ചിത സമയവും തോതും നിർണയിച്ച് വിഭവങ്ങൾ വിതരണം ചെയ്യുന്ന പ്രക്രിയയാണതിലൂടെ നടക്കുന്നത്. ആർക്കാണ് കൊടുക്കേണ്ടതെന്നും കൃത്യമാണ്. ഉപഭോക്താക്കളുടെ ജീവിതാവശ്യങ്ങൾ നിറവേറുന്നു എന്നതിനപ്പുറം, വിഭവങ്ങൾ കൂടുതൽ വിപണിയിലെത്താനും വിപണി സജീവമാവുന്നതൊടെ രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും കാരണമാവുന്നു.

സാമ്പത്തിക ഭദ്രതയും സാമൂഹ്യക്ഷേമവും സാധ്യമാവണമെങ്കിൽ മൂന്ന് കാര്യങ്ങൾ അനിവാര്യമാണെന്ന് ഇമാം ഗസാലി(റ) നിരീക്ഷിക്കുന്നുണ്ട്:

ഒന്ന്, ഓരോ വ്യക്തിക്കും സ്വയം പര്യാപ്തത കൈവരിക്കാനും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും സൗകര്യമുണ്ടാവണം.

രണ്ട്, സന്താനങ്ങള്‍ക്കും ആശ്രിതര്‍ക്കും ക്ഷേമ ജീവിതം നയിക്കാനുള്ള സാമ്പത്തിക അടിത്തറയൊരുക്കണം.

മൂന്ന്, സമൂഹത്തിലെ ആവശ്യക്കാര്‍ക്ക് അനിവാര്യമായ സഹായം ലഭിക്കാനുള്ള സൗകര്യമുണ്ടാവണം.

ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ ലഭിച്ച അമർത്യാസൻ അവാർഡ് ലഭിക്കാനാധാരമായ, 1937 ൽ ബംഗാളിലുണ്ടായ ക്ഷാമത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ പറയുന്നു: ആ കാലഘട്ടത്തില്‍ ബംഗാളില്‍ ആവശ്യത്തിന് അരിയുണ്ട്, ഗോതമ്പുണ്ട്, അവിടെ വിളവ് നടന്നിട്ടുണ്ട്, ബര്‍മയില്‍ നിന്നും മറ്റും ഇറക്കുമതിയും നടന്നിട്ടുണ്ട്. പക്ഷെ, അരി കിട്ടാത്തതിന്റെ പേരില്‍, ഭക്ഷണം ലഭിക്കാത്തതിന്റെ പേരില്‍ ധാരാളം ആളുകള്‍ മരണപ്പെടുകയുണ്ടായി. കൊല്‍ക്കത്തയില്‍ തെരുവുകളില്‍ ആളുകള്‍ രൂക്ഷമായി മരിച്ചു വീഴാന്‍ തുടങ്ങി. അരി വാങ്ങാന്‍ ആളുകള്‍ക്ക് ശേഷിയില്ലാതെ പോയതാണ് ഇതിനു കാരണമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. Poverty in the midst of plenty എന്നാണ് ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് വിശേഷിപ്പിക്കാറുള്ളത്. ജനങ്ങളുടെ പർച്ചേഴ്സിംഗ് പവർ ശോഷിച്ചു പോവുന്നതാണിതിന് കാരണം. കൈ തൊഴിലുകൾ, സകാത്, മറ്റു ധാനധർമങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്ക് പർച്ചേഴ്സിംഗ് പവർ കൈവരുന്നു. ഇത് നിക്ഷേപം, ഉൽപാദനം എന്നിവ വർധിക്കാൻ കാരണമാവുന്നു. അതുവഴി തൊഴിൽ സാധ്യതയും സമ്പദ് വ്യവസ്ഥയുടെ വികാസവും സാധ്യമാവുന്നു. വിഭവങ്ങളുടെ വിതരണം, വിനിമയം

സാമ്പത്തിക വ്യവസ്ഥയിൽ വളരെ പ്രധാനപ്പെട്ടതാണ്. സമാഹരണം മാത്രം നടന്നാൽ സമ്പത്ത് കുമിഞ്ഞ് കൂടും. സമ്പന്നൻ പൂർവ്വോപരി തടിച്ചു കൊഴുക്കും. ദരിദ്രൻ പട്ടിണിയിലാണ്ടു പോവുകയും ചെയ്യും. വിതരണവും വിനിമയവും അനിവാര്യമാണെന്ന് ചുരുക്കം.

അസ്സിമെട്രിക് ഇൻഫർമേഷൻ(Asymmetric information)

1970, 80 കളിൽ മാർക്കറ്റിൽ വന്ന പരാജയങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന ഒരു സിദ്ധാന്തമാണ് അസ്സിമെട്രിക് ഇൻഫർമേഷൻ അഥവാ അസന്തുലിത വിവരകൈമാറ്റം. വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിൽ വിവരകൈമാറ്റത്തിൽ വരുന്ന അസന്തുലിതാവസ്ഥ വിപണിയുടെ പരാചയത്തിന് കാരണമാവുന്നു എന്നതാണ് സിദ്ധാന്തം.

ജോർജ് അകർലോഫ്, മൈക്കൽ സ്പെൻസ്, ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ് എന്നീ മൂന്ന് സാമ്പത്തിക വിധഗ്ദരാണ് ഈ സിദ്ധാന്തം വികസിപ്പിച്ചെടുത്തത്. 1970 ൽ  The market for lemons; Quality uncertainty & Market Mechanism എന്ന പേപ്പറിലൂടെ അകെർലോഫാണ് ആദ്യമായി ഇതിനെ പരിചയപ്പെടുത്തുന്നത്.

ഉപഭോക്താവ് വഞ്ചിതനാവുന്ന രൂപത്തിൽ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ച് വെക്കുന്നതിനെ നബിﷺ വിലക്കുന്നുണ്ട്. ഒരിക്കൽ നബിﷺ മാർക്കറ്റിലൂടെ നടക്കുന്നതിനിടയിൽ വിൽപ്പനയ്ക്കുവെച്ച ധാന്യക്കൂന ശ്രദ്ധയിൽ പെട്ടു. പരിശോധിച്ചപ്പോൾ ഉൾവശത്ത് നനഞ്ഞ ധാന്യമാണുള്ളതെന്നറിഞ്ഞു. കച്ചവടക്കാരനോട് വിശദീകരണം തേടിയപ്പോൾ മഴനനഞ്ഞതാണെന്നായിരുന്നു മറുപടി. അത് മറച്ചുവെക്കാതെ കാണുന്ന രൂപത്തിൽ പുറത്ത് തന്നെ വെക്കണമെന്നും വഞ്ചന നടത്തുന്നവൻ നമ്മളിൽ പെട്ടവനല്ല എന്നും നബിﷺ അയാൾക്ക് ഉപദേശം നൽകി (മുസ്‌ലിം). ഇവിടെ ചരക്കിനെക്കുറിച്ചുള്ള വിവരം മറച്ചുവെക്കുയാണ് കച്ചവടക്കാരൻ. അതിലൂടെ ഉപഭോക്താവ് വഞ്ചിതനാവുന്നു.

മാർകറ്റ് വിലയറിയാത്തവനിൽ നിന്ന് വഴിയിൽ വെച്ച് ഇടപാട് നടത്തരുതെന്ന് ബുഖാരി, മുസ്‌ലിം ഉദ്ദരിക്കുന്ന മറ്റൊരു ഹദീസിൽ കാണാം. ഇതിലൂടെ വ്യക്തിപരമായ ലാഭങ്ങൾക്കപ്പുറം സാമൂഹ്യ നീതിക്ക് നബിﷺ പ്രാധാന്യം നൽകുന്നു.

സാമ്പത്തിക നീതി

പലിശ, ചൂഷണം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവയെ കണിശമായി വിമർശിക്കുന്നുണ്ട് ഇസ്‌ലാം. പലിശ ഭക്ഷിക്കുന്നവൻ, പലിശയെഴുത്തുകാരൻ, സാക്ഷികൾ തുടങ്ങി എല്ലാവരും ശിക്ഷാർഹരാണ് എന്നാണ് നബിﷺ പഠിപ്പിക്കുന്നത്(മുസ്‌ലിം 1598). കരിഞ്ചന്ത(Black Market) നടത്തുന്നവൻ തെറ്റുകാരനാണെന്ന് സ്വഹീഹ് മുസ്‌ലിമിൽ കാണാം. അളവിലും തൂക്കത്തിലും കൃത്രിമത്വം കാണിക്കൽ, മായം ചേർക്കൽ, മാർക്കറ്റ് വില അറിയാത്തവരിൽ നിന്ന് മാർക്കറ്റിലെത്തുന്നതിന് മുമ്പ് തന്നെ വസ്തുക്കൾ വാങ്ങുക, ചരക്കില്ലാത്ത കച്ചവടം, ചരക്കിനെ അറിയാതെയുള്ള കച്ചവടം, പൂഴ്ത്തിവെപ്പ്, കൈക്കൂലി വാങ്ങുക തുടങ്ങിയ കാര്യങ്ങളെയെല്ലാം നബിﷺ കർശനമായി നിരോധിക്കുന്നുണ്ട് (ബുഖാരി, മുസ്‌ലിം, ഇബ്ൻ മാജ).

സാമൂഹ്യ നീതി, സാമ്പത്തിക വളർച്ച തുടങ്ങിയവക്ക് പ്രതികൂലമാവുമെന്നാണ് ഇത്തരം ഇടപാടുകളെ നിരോധിക്കാനുള്ള കാരണം. വഞ്ചനയ്ക്കിടവരുന്ന ഒരു ഇടപാടുകളും അനുവദനീയമല്ല(മുസ്‌ലിം 1513). അപരനോടുള്ള സ്നേഹവും അനുഭാവ മനോഭാവവുമാണ് ഇതിലൂടെ പ്രകടമാവുന്നത്. ആധുനിക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ് പലിശ. ഇത് സമൂഹത്തിൽ വരുത്തുന്ന അപകടങ്ങൾ ധാരാളമാണ്. ദാരിദ്ര്യം, പട്ടിണി, ആത്മഹത്യ തുടങ്ങിയവയുടെ വർധനവിന് പിറകിൽ പലിശയുടെ സാന്നിധ്യം കാണാം. മറ്റുള്ളവരെ പരിഗണിക്കുന്നതിലൂടെ പാരത്രിക വിജയം നേടാനും സാമ്പത്തിക സന്തുലിതത്വം നിലനിർത്തുക വഴി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുമാണ് ഇസ്‌ലാം ഇത്ര കർശനമായി നിലപാട് സ്വീകരിക്കുന്നത്. മാനുഷിക ബന്ധങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും പ്രാഥമിക പരിഗണന കൊടുക്കുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയിലൊരിക്കലും  പലിശ, ചൂതാട്ടം, വഞ്ചന തുടങ്ങിയവയ്ക്ക് ഇടമുണ്ടാവില്ലെന്നതാണ് യാഥാർത്ഥ്യം.

ഇബ്നു ഹജരിൽ ഹൈതമി(റ) പലിശയുടെ വിപത്തുകളെ ഇപ്രകാരം വിശദീകരിക്കുന്നു:

1. പാവപ്പെട്ടവരെ പ്രയാസത്തിലാക്കുന്നു, അവർ കൂടുതൽ സമ്പാദിക്കേണ്ടിവരുന്നു.

2. പലിശ സാർവത്രികമാവുന്നതോടെ, പലിശയില്ലാതെ ആരും കടം കൊടുക്കാൻ സന്നദ്ധമല്ലാതാവുന്നു.

3. പലിശക്ക് കൊടുക്കൽ തൊഴിലായി സ്വീകരിക്കുകയും മറ്റു ഇടപാടുകളിൽ നിന്ന് അകന്ന് നിൽക്കുകയും ചെയ്യുന്നു. ഇതുവഴി സമ്പദ്ഘടനക്ക് കോട്ടം സംഭവിക്കുന്നു. (അസ്സവാജിർ 1/370).

കൃത്രിമ ഉപഭോഗസാധ്യത (Artificial Consumptions)

ഒരു ഇടപാടിൽ രണ്ട് കച്ചവടം ഉൾപ്പെടുത്തുന്നത് നബിﷺ നിരോധിച്ചിട്ടുണ്ട് (മാലിക്, തുർമുദി). ടൈഡ് സെല്ലിംഗ് പുതിയ ബിസിനസ് ട്രന്റുകളിൽ കാണുന്നുണ്ട്. ഒരു വസ്തു വിൽക്കണമെങ്കിൽ മറ്റൊരു വസ്തുകൂടി വാങ്ങണമെന്ന നിബന്ധന വെക്കുന്ന സിസ്റ്റമാണിത്. ഇതിലൂടെ കൃത്രിമമായ ഉപഭോഗസാധ്യതകളെ (Artificial Consumptions)നിർമിക്കുകയാണ് ചെയ്യുന്നത്.

ഒരാൾ വില പറഞ്ഞുറപ്പിച്ചനുമേൽ വില പറയൽ നബിﷺ വിലക്കിയിട്ടുണ്ട്(മുസ്‌ലിം). ഇവിടെയെല്ലാം ഉപഭോക്താവിന്റെ മാർക്കറ്റിലെ സ്വാതന്ത്ര്യവും ഇടപാടിലെ സുതാര്യതയും  ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് സാധ്യത(Consumer Choice) നഷ്ടപ്പെടുകയും ചെയ്യുന്നു. യുഎസിൽ, ഷെർമാൻ ആന്റിട്രസ്റ്റ് ആക്‌റ്റിലൂടെ ടൈയിംഗ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതാണ്. ഉപഭോക്താവിനുമേൽ സമ്മർദ്ദമുണ്ടാക്കുന്നു എന്നതാണ് കാരണം.

സാമ്പത്തിക ഇടപാടുകളെല്ലാം ക്ഷേമ ബന്ധിതമാവണമെന്നും വ്യക്തികളുടെ നേട്ടം എന്നതിലുപരി സമൂഹത്തിന്റെ ക്ഷേമവും വികസനവുമാണ് ലക്ഷ്യമാക്കേണ്ടതെന്നുമാണ് വെൽഫയർ എക്കണോമിക്സ് പറയുന്നത്. നടേ പരാമർശിച്ച തിരുനബി അധ്യാപനങ്ങളിലും ഇത് വ്യക്തമാണ്.

Questions / Comments:



No comments yet.