വസന്തം വന്നു. വിശ്വാസികളുടെ ഹൃദയങ്ങൾ പ്രേമപരവേശത്താൽ നിറഞ്ഞു. നയനങ്ങൾ കവിഞ്ഞു. തിരുനാമം മൊഴിയുമ്പോഴെല്ലാം ഉള്ളുപിടഞ്ഞു. ഇശ്ഖിൻ്റെ ഗിരി ശൃംഗങ്ങളിലേറി മദ്ഹിൻ്റെയും മൗലിദിൻ്റേയും മൊഴിയാഴം തേടി എന്തിനാണുനാമിങ്ങനെ ഹബീബിലേക്കു നടക്കുന്നത്?. |
സത്യത്തിൽ എന്തിനായിരിക്കും നബി ﷺ ഇത്തരത്തിൽ നമ്മെ ഉണർത്തി കൊണ്ടേയിരുന്നത് ?. മറ്റെല്ലാവരെക്കാളും തിരുനബി ﷺ എങ്ങനെയാണ് സ്നേഹത്തിന് അവകാശിയാകുന്നത് ?. ആ പരിശോധനകളിലേക്കാവട്ടെ ഈ വസന്തത്തിന്റെ പരിസമാപ്തി.
സൂറത്തുൽ അഹ്സാബിലൂടെ അല്ലാഹു തആല നമ്മോട് ഉണർത്തുന്നു: “ഓ... സത്യവിശ്വാസികളെ, അല്ലാഹുവും അവൻറെ മലക്കുകളും തിരുനബിയുടെ മേൽ സ്വലാത്ത് വർഷിക്കുന്നു. അതുകൊണ്ട് നിങ്ങളും തിരുനബിയുടെ മേൽ സ്വലാത്ത് ചൊല്ലുക”
إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
[ الأحزاب: 56]
(അള്ളാഹു തിരുദൂതരുടെ മേൽ കരുണ കാണിക്കുന്നു. മലക്കുകൾ തിരുദൂതർക്ക് വേണ്ടി പ്രാർത്ഥിക്കുകയും മഗ്ഫിറത്തിനെ തേടുകയും ചെയ്യുന്നു).
മറ്റേത് ആരാധനകളും ഈ രൂപത്തിൽ നമ്മോട് കൽപ്പിച്ചതായി കാണാനാകില്ല. അല്ലാഹുവും അവൻറെ മലക്കുകളും ചെയ്യുന്നു അതുകൊണ്ട് നിങ്ങളും ചെയ്യുക എന്ന രീതി, സ്വലാത്തിൻ്റെ പ്രാധാന്യത്തെയാണ് മനസ്സിലാക്കിത്തരുന്നത്. ഈ ലോകത്ത് സൽവഴി ഒന്നേയുള്ളൂ... അത് ഞാൻ കൊണ്ടുവന്ന വിശുദ്ധ മതം മാത്രമാണെന്ന് തിരുനബി മറ്റുള്ളവരെ പഠിപ്പിച്ചു. എത്ര പീഡനങ്ങളും വിലക്കുകളും അവഗണനയും സഹിക്കേണ്ടി വന്നാലും എൻ്റെ കൂടെയുള്ളവരും ശേഷം ജനിക്കുന്നവരും ഇരുലോകത്തും രക്ഷപ്പെട്ടവരാകണമെന്ന നിർബന്ധബുദ്ധി തിരുനബിക്കുണ്ടായിരുന്നു. അതിനായി തിരുനബി കഠിനാധ്വാനം ചെയ്തുകൊണ്ടേയിരുന്നു. ഇതു കണ്ട് സൂറത്തുൽ കഹ്ഫിൻ്റെ ആരംഭത്തിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്:
فلعلك باخع نفسك على آثارهم إن لم يؤمنوا بهذا الحديث أسفا
(٦)
“ഊണും ഉറക്കവും ഒഴിച്ച് അവിടുത്തെ ശരീരത്തിന് നാശം സംഭവിക്കുമല്ലേ…”
അവിടുത്തെ സമുദായത്തിനെ എത്രത്തോളം അവിടുന്ന് സ്നേഹിച്ചു എന്നതിന് തെളിവാണ് ഈ സൂക്തം. അഥവാ, അല്ലാഹുവിൻറെ കല്പനകൾ നമ്മുടെ ജീവിതത്തിലേക്ക് പകർത്തി കൊണ്ടുവരാൻ വേണ്ടി, അതുകൊണ്ടുള്ള ഇരുലോക വിജയം തന്റെ പ്രബോധിതർക്കെല്ലാം ലഭ്യമാകാൻ വേണ്ടി നിരന്തരം പിന്തുടരുകയായിരുന്നു മുത്ത് നബി തങ്ങൾ.
സൂറത്ത് തൗബയിൽ കാണാം:
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ
(24)
“നബിയെ തങ്ങൾ പറയുക: നിങ്ങളുടെ മാതാപിതാക്കളും മക്കളും ഇണകളും സഹോദരന്മാരും ബന്ധുമിത്രാധികളും നിങ്ങൾക്ക് അള്ളാഹുവിൻ്റെ റസൂലിനേക്കാൾ പ്രിയമുള്ളവരായാൽ…”
ഇത്രയും പറഞ്ഞു ആ സൂക്തം അവസാനിക്കുകയാണ്. വലിയൊരു അപകടമാണ് ശേഷം നിങ്ങൾക്ക് വരാനിരിക്കുന്നതെന്നതിലേക്കുള്ള സൂചനയാണത്.
പുതിയകാലത്ത് മുത്ത് നബി തങ്ങളുടെ ദർശനങ്ങളുടെ പ്രസക്തി നാം തിരിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. നഗ്നരായി കൊടും തണുപ്പിൽ ജീവിതം വിറങ്ങലിച്ചു തീർക്കുകയും ആ അബദ്ധത്തെ മഹാ പരിത്യാഗമായി വാഴ്ത്തുകയും ചെയ്യുന്ന മനുഷ്യരും, കല്യാണം കഴിക്കുന്നതോടുകൂടി ആത്മീയത നഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നവരും, തലമുടി മുണ്ഡനം ചെയ്യുന്നതിന് പകരം ഓരോന്നോരോന്നായി പറിച്ചെടുത്ത് ശരീരത്തിന് നോവിക്കുന്നിൽ പുണ്യം കാണുന്നവരുമടക്കം നിരവധി ദുരാചാരങ്ങളുടെ നടുവിൽ കഴിയുന്ന സമൂഹങ്ങൾ ഇന്നും നമുക്കിടയിൽ തന്നെയുണ്ട്. ഇവരെല്ലാം നമുക്കുചുറ്റുമുണ്ടായിരിക്കെ തന്നെ മുത്ത് നബിയെ പ്രതി ആറാം നൂറ്റാണ്ടിലെ ഏതോ ഒരു അപരിഷ്കൃത ഗോത്രത്തിന്റെ നേതാവാണെന്ന് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടതുണ്ട്.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു തിരുനബിയുടെ മത ദർശനങ്ങൾ. മനുഷ്യന് അനുയോജ്യമായ രീതിയിൽ അവൻ്റെ ശരീരത്തിനും ആത്മാവിനും ഏറെ ഗുണകരമാകുന്ന രീതിയിലുള്ള ജീവിതചിട്ടയാണ് (life style)
മുത്ത് നബി പ്രചരിപ്പിച്ചതും, പ്രയോഗത്തിൽ കൊണ്ടുവന്നതും. ഇവിടെ മുത്ത് നബി ദർശനങ്ങൾ ആധുനിക, അക്കാദമിക പഠനങ്ങളുടെ പ്രസക്തി നാം തിരിച്ചറിയുന്നു.
وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ
(157).
സൂറത്തുൽ അഅ്റാഫിലൂടെ അല്ലാഹു പറയുന്നു: “നബി തങ്ങൾ മനുഷ്യരുടെ ഭാരങ്ങളെ ഇറക്കി വെക്കും”
അഥവാ മനുഷ്യരുടെ മുതുകിൽ കുമിഞ്ഞുകൂടിയ വിശ്വാസ ദൗർബല്യങ്ങളുടെ മാലിന്യങ്ങളെല്ലാം നബി തങ്ങൾ വരുന്നതോടുകൂടി മാറ്റിമറിക്കപ്പെടും. എന്നുവെച്ചാൽ കറകളഞ്ഞ വിശ്വാസത്തിനുള്ള വഴികൾ നബിയുടെ കരങ്ങളിൽ നിക്ഷിപ്തമാണ്. ആ വഴി തിരുനബി തന്നെയാണ്. അവിടുത്തോടുള്ള അടങ്ങാത്ത സ്നേഹമാണ്. അതെ, നമ്മുടെ ഈമാൻ (വിശ്വാസം) നബി അനുരാഗവുമായിട്ട് ബന്ധിപ്പിച്ചിരിക്കുകയാണ്. ആ നബി തങ്ങളെ സ്നേഹിക്കുന്നത് ഒരിക്കലും ആരംഭ പൂവായ മുത്ത് നബിയുടെ ആവശ്യമല്ല, മറിച്ച് ഓരോ വ്യക്തിയുടെയും ആവശ്യമായി അത് പരിണമിക്കുന്നതായി വിലയിരുത്താനാകും.
തിരുനബിയുടെ ഉമ്മത്തിൽ അകപ്പെടാൻ ഒരു വേള മൂസ നബി (അ) ആഗ്രഹിച്ചുപോകുന്നുണ്ട്. തൻ്റെ സമുദായത്തെ സഹോദരൻ ഹാറൂൻ നബിയെ ഏൽപ്പിച്ച് സ്രഷ്ടാവിൽ നിന്നും ഗ്രന്ഥം സ്വീകരിക്കുവാൻ പോയ വേളയിൽ സാമിരിയുടെ കുതന്ത്രപ്രകാരം അവർ വിഗ്രഹാരാധനയിലേക്ക് വ്യതിചലിച്ചു. നൈരാശ്യമുളവാകുന്ന ഈ സംഭവം കണ്ട് മൂസാ നബി അല്ലാഹുവിനോട് കേണപേക്ഷിച്ചു: വേദഗ്രന്ഥങ്ങളിലെല്ലാം സൂചിപ്പിച്ച ഏറ്റവും പവിത്രരായ അവസാന സമുദായത്തിൻ്റെ നേതാവാകാൻ (റഹ്മത്തുൽ ആലമീൻ എന്ന പദവി) തനിക്ക് നൽകണേ എന്ന് ചോദിക്കുന്നുണ്ട്. അല്ലെങ്കിൽ ആ അവസാന ദൂതന്റെ സമുദായത്തിലെങ്കിലും എന്നെ ഉൾപ്പെടുത്തണേ…” എന്നുവരെ പ്രാർത്ഥിച്ചു. തിരുനബിയെ കൊണ്ട് ഈ സമുദായം എത്ര പവിത്രരായിയെന്ന് മനസ്സിലാക്കാവുന്നതാണ്. ബൂസ്വൂരി ഇമാം അവിടുത്തെ ഖസീദത്തുൽ ബുർദയിൽ പറയുന്നതായി കാണാം:
لَمَّا دعَا اللهُ داعِيْنَا لِطَاعَتهِ
باكْرمِ الرسُلِ كُنَّا اكْرم الامَمِ
"അല്ലാഹുലേക്ക് നമ്മെ ക്ഷണിച്ചത് ഏറ്റവും ശ്രേഷ്ഠരായ തിരുദൂതരായതുകൊണ്ട് നാം ശ്രേഷ്ഠരായ ഉമ്മത്തിലായി മാറി”
പരിപൂർണ്ണ ഈമാൻ ലഭ്യമാകുന്നത് നബി സ്നേഹത്തോടെയാണെന്ന് തിരിച്ചറിയുമ്പോൾ തീവ്രവാദിയുടെ ഇസ്ലാമിനെ നാം നിരൂപണത്തിന് വെക്കും. അവൻറെ കൈവശമുള്ളത് നാം ഓതുന്ന ഖുർആനാണ്. അവൻറെ സുജൂദ് ചെയ്യുന്നത് നാം ആരാധിക്കുന്ന അല്ലാഹുവിന് തന്നെയാണ്. പിന്നെ എന്തുകൊണ്ടായിരിക്കും തീവ്രവാദിയായി മാറിയത്? നമ്മുടെ ജീവിതത്തിൻറെ ഊഷ്മളതയുടെ പച്ചപ്പിന്റെ നിദാനം സ്നേഹമാണ്. അടങ്ങാത്ത നബിസ്നേഹം. അവർക്ക് കൈമോശം വന്നത് ഈ നബിസ്നേഹമായിരുന്നു. നോക്കൂ, രോഷാകുലനായിരിക്കുന്ന ഒരാളുടെ മുന്നിലേക്ക് താൻ സ്നേഹിക്കുന്ന ഒരാൾ കടന്നു വരികയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുന്ന നേരത്ത് പൂർവസ്ഥിതിയിലുള്ള പെരുമാറ്റ രീതിയായിരിക്കില്ല പിന്നീട് അവിടെയുണ്ടാവുക. മറിച്ച് വാത്സല്യത്തോടെയും ബഹുമാനത്തോടെയും കൂടി മാത്രമേ അവിടെ സംസാരങ്ങളുയരൂ. അഥവാ അദ്ദേഹത്തിൻറെ ദേഷ്യത്തെ സ്നേഹം കവച്ചുവച്ചുവെന്നർത്ഥം. കാരണം മനുഷ്യന്റെ വികാരങ്ങളിൽ ഏറ്റവും ശക്തിയുള്ളതാണ് സ്നേഹവായ്പുകൾ. എന്നതുപോലെ തന്നെ മുത്ത് നബിയോടുള്ള കലർപ്പില്ലാത്ത സ്നേഹം നമുക്കുണ്ടെങ്കിൽ ഗുരുദൂതർക്ക് ഇഷ്ടമില്ലാത്തത് നമുക്ക് ചെയ്യാനാകില്ല. നമ്മുടെ ചലനനിശ്ചലനങ്ങളിലെല്ലാം നാം നബിയെ പിന്തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ വരുമ്പോൾ നബിയോടുള്ള സ്നേഹം, ആ തിരുജീവിതത്തെ മുഴുവനായും നമ്മുടെ ജീവിതത്തിലേക്ക് പകർത്താനാനുള്ള പ്രേരകമാവും. അപ്പോൾ എങ്ങനെയാണ് നമുക്ക് ഒരു തീവ്രവാദി ആകാനാവുക ?.
അലി (റ)ൻ്റെ ഘാതകൻ ഇബ്നു മുൽജിം, അദ്ദേഹം മുസ്ലിമും നിത്യേന ഇബാദത്ത് ചെയ്തും ജീവിക്കുന്നവനുമായിരുന്നു. എന്നാൽ അലി (റ) വിന്റെ പ്രവർത്തനങ്ങളിൽ തെറ്റിദ്ധരിച്ചപ്പോൾ അയാൾ ഘാതകനായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ ഈമാൻ പൂർണമായിരുന്നുവെങ്കിൽ അഥവാ തിരുനബിയോടുള്ള സ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിൽ അദ്ദേഹത്തിന് ആ രൂപത്തിൽ പ്രവർത്തിക്കാൻ കഴിയുമായിരുന്നില്ല. കാരണം അലി (റ) നബി തങ്ങളുടെ മരുമകനാണ്, മകൾ ഫാത്തിമ (റ) യുടെ ഭർത്താവാണ്, നാലാം ഖലീഫയാണ്, അറിവിൻറെ നിറകുടമാണ് തുടങ്ങിയ നിരവധി പദവികളുള്ള അലിയാരെ എങ്ങനെയാണ് ഒരു യഥാർത്ഥ മുഅ്മിനിന് വധിക്കാനാവുക.
ചുരുക്കത്തിൽ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം വളരെ അത്യന്താപേക്ഷികമായിട്ടുള്ളതാണ് തിരുനബി സ്നേഹം. അത് അവനെ പരിപൂർണ്ണ മുഅ്മിനാക്കുന്നതിന്ന് ആവശ്യവുമാണ്. തന്റെ ഉമ്മത്ത് (സമുദായം) മുഴുവൻ ഇസ്ലാമിലേക്ക് വരികയും പൂർണ മുഅ്മിനാവുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന തിരുനബിക്ക്, പിന്നെ എങ്ങനെയാണ് നിങ്ങൾ എന്നെ എല്ലാം മറന്ന് സ്നേഹിക്കണം എന്ന് പറയാതിരിക്കാനാവുക ?
4 December, 2024 12:19 pm