സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുക.” എന്ന് വിളിച്ചു പറയുന്നതാണ്. ഇങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ അധ്വാനമില്ലാതെ ലഭിക്കുന്ന നേട്ടങ്ങൾ കൊയ്‌തെടുക്കാൻ വിശ്വാസികൾ ജാഗ്രത്തായിരിക്കണം. |
വരൂ, നമുക്കൊരു ഹദീസ് വായിക്കാം. അബൂ ഹുറൈറ(റ) ൽ നിന്നുള്ള നിവേദനം:" ളുഹാ നിസ്കാരം പതിവാക്കുന്നവരുടെ പാപങ്ങൾ സമുദ്രത്തിലെ നുരയോളമാണെങ്കിലും പൊറുക്കപ്പെടുക തന്നെ ചെയ്യും." കഴിഞ്ഞില്ല, മറ്റൊരു ഹദീസ് കൂടി, അബൂ ഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു. നബി തങ്ങൾ പറയുന്നു:" സ്വർഗ്ഗത്തിൽ ളുഹാ എന്ന നാമമുള്ള ഒരു കവാടമുണ്ട്. അന്ത്യനാളായാൽ എവിടെയാണ് ളുഹാ നിസ്കാരത്തെ പതിവാക്കുന്നവർ, നിങ്ങൾക്കുള്ള കവാടമിതാ..നിങ്ങൾ നാഥന്റെ കാരുണ്യത്താൽ ഇതിലേക്ക് പ്രവേശിച്ചോളൂ...എന്ന് വിളിച്ചു പറയും. "
സുന്നത്ത് നിസ്കാരങ്ങൾ വിശ്വാസിയെ സ്രഷ്ടാവിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണ്. ഓരോ സുന്നത്ത് നിസ്കാരത്തിന്റെയും പ്രതിഫലങ്ങളെ വർണിക്കുന്ന ചരിത്രങ്ങളും തിരു ഹദീസുകളും എണ്ണമറ്റതാണ്. ഫർള് നിസ്കാരങ്ങളിൽ സംഭവിച്ചേക്കാവുന്ന പിഴവുകൾക്കും വീഴ്ചകൾക്കുമുള്ള പരിഹാര മാർഗമായാണ് ഇസ്ലാം സുന്നത്ത് നിസ്കാരങ്ങളെ ശറആക്കപ്പെട്ടിട്ടുള്ളത്. ചില മഹാരഥന്മാരൊക്കെയും സുന്നത്ത് നമസ്കാരങ്ങളെ നേർച്ചയാക്കി നിസ്കരിക്കുമായിരുന്നുവെന്ന് ചരിത്രത്തിൽ നിന്ന് വായിക്കനാവും.
നബി തങ്ങൾ ധാരാളം സുന്നത്തുകൾ നിർവഹിക്കുകയും അതിനെ നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാതിരാത്രിയിൽ മുത്ത് നബി കാൽ നീര് കെട്ടി വീർക്കുന്നത് വരെ നിസ്കാരത്തിൽ തുടർന്ന ചരിത്രം നാം പലകുറി കേട്ടതാണ്. ഇസ്ലാമിൽ സമയ ബന്ധിതമായ സുന്നത് നിസ്കാരങ്ങളും അല്ലാത്തവകളുമുണ്ട്. നബി തങ്ങൾ പഠിപ്പിച്ചു തന്ന സുന്നത്ത് നിസ്കാരങ്ങളിൽ വളരെ പ്രധാന്യമർഹിക്കുന്നതാണ് ളുഹാനിസ്കാരം. പകലിന്റെ ആദ്യ ഭാഗത്തിന് പറയുന്ന പേരാണ് ളുഹാ.അതിന്റെ മഹത്വവും പവിത്രതയും ഏറെയാണ്. നാം പലപ്പോഴും നിസ്സാരമായി കണ്ട് ഉപേക്ഷിച്ചു പോകുന്ന ളുഹാ നിസ്കാരത്തിന്റെ മഹത്വത്തെ കുറിച്ചുള്ള ഹദീസുകളാണ് പ്രാരംഭത്തിൽ പ്രതിപാദിച്ചത്. നബി (സ)തങ്ങൾ അത് സ്ഥിരമായി നിർവഹിക്കുകയും സ്വഹാബത്തിനോട് അത് നിർവഹിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു എന്ന് ചരിത്രങ്ങളിൽ വീക്ഷിക്കാവുന്നതാണ്. അബൂ ഹുറൈറ (റ) പറയുന്നുണ്ടല്ലോ: " എന്റെ കൂട്ടുകാരൻ റസൂൽ (സ) എന്നോട് മൂന്ന് കാര്യങ്ങൾ വസ്വിയ്യത് ചെയ്തിരുന്നു. എല്ലാ മാസവും മൂന്നുദിവസം വ്രതമനുഷ്ഠിക്കുക, എല്ലാ ദിവസവും ളുഹാ നിസ്കരിക്കുക, ഉറങ്ങുന്നതിന് മുമ്പായി വിത്റ് നിസ്കരിക്കുക."
ളുഹാ നിസ്കാരത്തിന്റെ ശ്രേഷ്ഠത
ദാനധർമങ്ങളെ പ്രോത്സാഹിപ്പിച്ച പ്രത്യയ ശാസ്ത്രമാണ് ഇസ്ലാം. സ്വദഖ ചെയ്യാൻ വിശുദ്ധ ഖുർആനും തിരു ഹദീസും നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നുണ്ട്. ധർമം വിപത്തുകളെ തട്ടിക്കളയും എന്നതാണല്ലോ പ്രവാചകാധ്യാപനം. അബൂദർ(റ) റിപ്പോർട്ട് ചെയ്യുന്നു. നബി (സ) തങ്ങൾ പറഞ്ഞു:"നിങ്ങൾക്ക് പ്രഭാതം പുലരുമ്പോൾ നിങ്ങളുടെ ഓരോ കെണിപ്പുകൾക്കും സ്വദഖയുണ്ട്. നിങ്ങളുടെ ഓരോ തസ്ബീഹും സ്വദഖയാണ്,നിങ്ങളുടെ ഓരോ സ്തുതിയും സ്വദഖയാണ്,നിങ്ങളുടെ ഓരോ തഹ്ലീലും സ്വദഖയാണ്. നിങ്ങളുടെ ഓരോ തക്ബീറും സ്വദഖയാണ്. ജനങ്ങളോട് നന്മ കൽപ്പിക്കലും തിന്മയെ വിരോധിക്കലും സ്വദഖയാണ്. എന്നാൽ ളുഹാ നേരത്തെ രണ്ട് റക്അത് നിസ്കാരം ഇതിനെല്ലാം മതിയാകുന്നതാണ്.
ളുഹാ നിസ്കാരം എങ്ങനെ?
മഹത്വമേറിയ ളുഹാ നിസ്കാരത്തിന്റെ സമയം തുടങ്ങുന്നത് സൂര്യനുദിച്ച് അത് ഒരു കുന്തത്തിന്റെ അത്ര അളവ് ഉയർന്നത് മുതൽ,അതായത് സൂര്യനുദിച്ച് ഒരു 20 മിനിറ്റ് കഴിഞ്ഞത് മുതൽ ളുഹറിന്റെ സമയം വരെയാണ്. പകലിന്റെ നാലിലൊരു ഭാഗം കഴിയുമ്പോഴാണ് ളുഹയുടെ ശ്രേഷ്ഠമായ സമയം. ളുഹാ നിസ്കാരം അധികരിച്ചത് എട്ട് റക്അതാണ്. പന്ത്രണ്ട് റക്അത് വരെ ദീർഘിപ്പിക്കാം.
കൂടാതെ, ഓരോ രണ്ട് റക്അത് കഴിയുമ്പോഴും സലാം വീട്ടലും സുന്നതാണ്. ഉമ്മു ഹാനിഅ (റ)പറയുന്നു. "റസൂൽ (സ) തങ്ങൾ എട്ട് റക്അത് ളുഹാ നിസ്കരിച്ചു. അവിടുന്ന് ഓരോ രണ്ട് റക്അത് കഴിയുമ്പോഴും സലാം വീട്ടിയിരുന്നു."
എന്നാലും എല്ലാ റക്അതിനെയും ഒരു തക്ബീറതുൽ ഇഹ്റാം കൊണ്ട് യോജിപ്പിക്കലും അനുവദനീയമാണ്. ളുഹയുടെ
ഓരോ ഈരണ്ടു റക്അതിനും പ്രത്യേകം പ്രതിഫലം ഉള്ളതായി ഹദീസിൽ കാണാം. അബൂദർ (റ) റിപ്പോർട്ട് ചെയ്യുന്നു. തിരു നബി(സ) പറഞ്ഞു:" നീ രണ്ട് റക്അത് ളുഹാ നിസ്കരിച്ചാൽ നിന്നെ അശ്രദ്ധവാന്മാരുടെ കൂട്ടത്തിൽ രേഖപ്പെടുത്തുകയില്ല. ഇനി നീ നാല് റക്അത് നിസ്കരിച്ചാൽ നിന്നെ സജ്ജനങ്ങളുടെ പട്ടികയിൽ എഴുതും. ആറു റക്അത് നിസ്കരിക്കുകയാണെങ്കിൽ നിന്നെ ഭയഭക്തരിൽ ഉൾപ്പെടുത്തും. നീ എട്ട് റക്അത് നിസ്കരിക്കുകയാണെങ്കിൽ നിന്നെ വിജയികളുടെ കൂട്ടത്തിൽ രേഖപ്പെടുത്തും.ഇനി നീ പത്ത് റക്അത് നിസ്കരിക്കുകയാണെങ്കിൽ ആ ദിവസത്തെ നിന്റെ തെറ്റുകൾ എഴുതപ്പെടുകയില്ല. നീ പന്ത്രണ്ട് റക്അത് നിസ്കരിക്കുകയാണോ,നിനക്കായി നാഥൻ സ്വർഗ്ഗത്തിൽ ഒരു വീട് തന്നെ പണിയും. "
ആദ്യത്തെ റക്അത്തിൽ സൂറത്തുശംസും രണ്ടാം റക്അത്തിൽ സൂറത്തുളുഹായും പാരായണം ചെയ്യലാണ് ഉത്തമം. അല്ലെങ്കിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ കാഫിറൂനും രണ്ടാം റക്അത്തിൽ സൂറത്തുൽ ഇഖ്ലാസും ഓതുക.
ഇസ്ലാം വളരെ പ്രാധാന്യം കൽപ്പിച്ച ഈ നിസ്കാരത്തിനു പുറകെയുള്ള പ്രത്യേക ദുആയും ഹദീസിൽ വന്നതായി കാണാം. ആ പ്രാർത്ഥന ഇപ്രകാരമാണ്.
اللهم إن الضحاء ضحاؤك، والبهاء بهاؤك، والجمال جمالك والقوة قوتك، والقدرة
قدرتك، والعصمة عصمتك اللهم إن كان رزقي في السماء فأنزله، وإن كان في الأرض
فأخرجه، وإن كان معسرا فيسره، وإن كان حراما فطهره، وإن كان بعيدا فقربه، بحق
ضحائك وبهائك وجمالك وقوتك وقدرتك آتني ما آتيت عبادك الصالحين - اللهم بك
أصاول وبك أحاول وبك أقاتل
ളുഹാ നിസ്കാരത്തിന്റെ മാഹത്മ്യം ഏറെയാണ്. ഈ ളുഹാ നേരത്തെ സത്യം ചെയ്തു കൊണ്ട് ആരംഭിച്ച പരിശുദ്ധ ഖുർആനിലെ സൂക്തമാണല്ലോ സൂറത്തുൽ ളുഹാ. ളുഹാസമയവും ആ സമയത്തുള്ള നിസ്കാരത്തിനും ഇസ്ലാം ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. പവിത്രതയേറിയ ളുഹാ നിസ്കാരം ജീവിതത്തിൽ നിത്യേന നിലനിർത്താൻ വിശ്വാസികളായ നമുക്ക് സാധ്യമാവേണ്ടതുണ്ട്. തന്മൂലം നാഥൻ ഖൽബിൽ ഇട്ടു തരുന്ന ഒരു പ്രത്യേക ആത്മീയ സുഖം നുകരുവാൻ ഭാഗ്യം ലഭിക്കണം. പ്രപഞ്ചനാഥൻ തുണക്കുമാറാവട്ടെ.