അസുഖബാധിതനെ പരിചരിക്കുന്നു, ചികിത്സിക്കുന്നു, സമാശ്വസിപ്പിക്കുന്നു, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കൂട്ടിരിപ്പുകാർക്ക് മാർഗനിർദേശങ്ങളും പ്രതീക്ഷയും കൈമാറുന്നു. അങ്ങനെ, അശ്റഫുന്നബി ആതുര സേവനം ആത്മധര്‍മമായി ജീവിതത്തോടു ചേർത്തുവെക്കുന്നു.

രോഗം നൽകുന്നവനും സൗഖ്യം പകരുന്നവനും അല്ലാഹു മാത്രമാണ്. ഒരു മുഅ്മിനിനെ സംബന്ധിച്ചിടത്തോളം രോഗം അവന് അനുഗ്രഹമാണ്. രോഗിയാകുന്നതിലൂടെ അവൻ്റെ ജീവിതത്തിൽ സംഭവിച്ച പിഴവുകളെ കുറിച്ച് ചിന്തിച്ച് പരിഹരിക്കാനും ഭാവി ജീവിതം മെച്ചപ്പെട്ടതാക്കാനും സഹായിക്കുന്നു. രോഗശമനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിലൂടെയും മറ്റു സൽകർമ്മങ്ങൾ ചെയ്യുന്നതിലൂടെയും നാഥനായ റബ്ബിലേക്ക് കൂടുതൽ അടുക്കാനും സാധിക്കുന്നു.

രോഗികളെ സന്ദർശിക്കുന്നത് പുണ്യകർമമായി എണ്ണിയ മതമാണ് ഇസ്‌ലാം. രോഗ സന്ദർശനം നടത്തുന്നവന് ധാരാളം പ്രതിഫലങ്ങളും നേട്ടങ്ങളും സ്വായത്തമാക്കുന്നതിന് അവസരം ഒരുക്കുന്നുണ്ട് ഇസ്‌ലാം. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിനുള്ള ഉദാത്ത മാതൃകയാണ് മുത്ത് നബിയും അവരുടെ അനുചരന്മാരും. രോഗ സന്ദർശനത്തിനും രോഗികളോടുള്ള സമീപന രീതികളിലും മുത്ത് നബിയും സ്വഹാബാക്കളും തന്നെയാണ് വിശ്വാസിയുടെ മാതൃക.

സ്വഹാബാക്കളും മറ്റുള്ളവരും രോഗികളാകുന്ന സന്ദർഭത്തിൽ അവരോട് ഓരം ചേർന്നിരുന്ന് അവർക്ക് പ്രാർത്ഥിക്കുകയും രോഗ ശുശ്രൂഷകളിൽ ഏർപ്പെടുകയും ചെയ്യുന്ന മുത്തു നബിയെ നമുക്ക് ധാരാളം ദർശിക്കാനാവും. രോഗിയെ പരിചരിക്കുക എന്നത് സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് തിരുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്. (ബുഖാരി, മുസ്‌ലിം)

രോഗികളുൾപ്പെടെ ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകാൻ മുസ്‌ലിം സമൂഹത്തോട് തിരുനബി ആവശ്യപ്പെടുന്നുണ്ട്.

أَطْعِمُوا الْجَائِعَ وَعُودُوا الْمَرِيضَ وَفُكُّوا الْعَانِيَ

നിങ്ങള്‍ വിശന്നവന് ആഹാരം നല്‍കുവിന്‍, രോഗിയെ പരിചരിക്കുവിന്‍, ബന്ധനസ്ഥനെ മോചിപ്പിക്കുവിന്‍. (ബുഖാരി)

രോഗിയെ പരിചരിക്കുന്നത് ഏറെ ശ്രേഷ്ഠകരമായ കര്‍മമാണ്. നബി(സ) പറഞ്ഞു:

مَنْ عَادَ مَرِيضًا ، نَادَى مُنَادٍ مِنَ السَّمَاءِ : طِبْتَ ، وَطَابَ مَمْشَاكَ ، وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلاً

ആരെങ്കിലും ഒരു രോഗിയെ പരിചരിച്ചാല്‍ ആകാശലോകത്തുനിന്ന് ഇപ്രകാരം വിളിച്ചുപറയും: നീ നല്ലതു ചെയ്തു. നിന്റെ നടത്തം ഗുണകരമായി ഭവിച്ചു. സ്വര്‍ഗത്തില്‍ നീയൊരു സ്ഥാനം സജ്ജമാക്കി. (ഇബ്‌നുമാജഃ)

രോഗിയെ പരിചരിക്കുന്നത് അല്ലാഹുവിനെ പരിചരിക്കുന്നതിന് തുല്യമാണെന്ന് ഖുദ്‌സിയായ ഒരു ഹദീസില്‍ കാണാം: നബി (സ) പറഞ്ഞു: അന്ത്യനാളിലെ വിചാരണാവേളയില്‍ അല്ലാഹു (ഒരാളെ വിളിച്ച് ഇങ്ങനെ)പറയും: മനുഷ്യാ, ഞാന്‍ രോഗബാധിതനായി. നീയെന്നെ പരിചരിച്ചില്ല. അവന്‍ പറയും: നാഥാ, ഞാനെങ്ങനെ നിന്നെ പരിചരിക്കും. നീ സര്‍വലോക പരിപാലകനല്ലേ?അപ്പോള്‍ അല്ലാഹു പറയും: എന്റെ ഇന്ന ദാസന്‍ രോഗബാധിതനായത് നിനക്കറിയാമായിരുന്നില്ലേ? എന്നിട്ട് നീ അവനെ ശുശ്രൂഷിച്ചില്ലല്ലോ. നിനക്കറിയാമായിരുന്നില്ലേ, നീ അത് നിര്‍വഹിച്ചിരുന്നുവെങ്കില്‍ എന്നെ അവിടെ കണ്ടെത്തുമായിരുന്നുവെന്ന്? (മുസ്‌ലിം)

രോഗ സന്ദർശനം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് ഈ ഹദീസിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.

മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ) പറഞ്ഞു:

مَا مِنْ مُسْلِمٍ يَعُودُ مُسْلِمًا غُدْوَةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُمْسِىَ وَإِنْ عَادَهُ عَشِيَّةً إِلاَّ صَلَّى عَلَيْهِ سَبْعُونَ أَلْفَ مَلَكٍ حَتَّى يُصْبِحَ وَكَانَ لَهُ خَرِيفٌ فِى الْجَنَّةِ

ഒരു മുസ്‌ലിം രാവിലെ (രോഗിയായ) മറ്റൊരു മുസ്‌ലിമിനെ പരിചരിച്ചാല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. വൈകുന്നേരമാണ് പരിചരിക്കുന്നതെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. സ്വര്‍ഗത്തില്‍ അവന് സുഖസൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും. (തിര്‍മിദി)

ഇമാം മുസ്‌ലിം( റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ തിരുനബി പറയുന്നു: ഒരു മുസ്‌ലിം തൻ്റെ രോഗിയായ മുസ്‌ലിം സഹോദരനെ സന്ദർശിച്ചാൽ മടങ്ങുന്നത് വരെ അവൻ സ്വർഗത്തിന് മധ്യത്തിലായിരിക്കും.

പ്രബലാഭിപ്രായപ്രകാരം രോഗിയെ സന്ദർശിക്കൽ ഫർള് കിഫായയാണ് അതിനാൽ തന്നെ രോഗിയെ ആരെങ്കിലും ഒരാൾ സന്ദർശിച്ചാൽ മതി എന്നാൽ ഒരാളും സന്ദർശിച്ചില്ലെങ്കിൽ രോഗവിവരം ലഭിച്ചവന് സന്ദർശനം നടത്തൽ നിർബന്ധമാണ്. കാരണം അത് മുസ്‌ലിമിൻ്റെ കടമയാണ്.

രോഗിയോട് അവൻ്റെ സുഖവിവരങ്ങൾ അന്വേഷിക്കലും ഇബാദത്തുകളെ കുറിച്ചും ഇടപാടുകളെ കുറിച്ച് ആരായൽ എന്നിവ രോഗിയെ സന്ദർശിക്കുന്നവന് സുന്നത്താണ്. രോഗിക്കോ അവൻ്റെ ബന്ധുക്കൾക്കോ പ്രയാസകമാകുന്ന രൂപത്തിൽ ദീർഘനേരം അവിടെ നിൽക്കൽ നല്ലതല്ല. എന്നാൽ അതുകൊണ്ട് ഗുണം പ്രതീക്ഷിക്കുന്നുവെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ല. രോഗിക്ക് പ്രതീക്ഷ നൽകുന്ന സംസാരങ്ങളാണ് അവൻ്റെ അരികിൽ നിന്നും ഉണ്ടാകേണ്ടത് അല്ലാഹുവിനെക്കുറിച്ചും അവൻ്റെ അനുഗ്രഹങ്ങളെ കുറിച്ചും പറഞ്ഞുകൊടുത്ത് അല്ലാഹുവിനെ കുറിച്ചുള്ള പ്രതീക്ഷയിൽ അവനെ വ്യാപൃതനാക്കണം.

രോഗ സന്ദർശനത്തിന് വലിയ രോഗം ബാധിച്ചവൻ തന്നെയാവണമെന്നില്ല, ചെറിയ രോഗം ബാധിച്ചവനെയും സന്ദർശിക്കാമെന്നാണ് തിരുനബി പാഠം. സൈദുബ്നു അർഖം (റ) പറയുന്നു :കണ്ണ് സംബന്ധമായ ഒരു വേദനയുണ്ടായപ്പോൾ തിരുനബി എന്നെ സന്ദർശിച്ചിരുന്നു.

നമ്മുടെ ചെറിയൊരു സന്ദർശനവും ആശ്വാസവാക്കുകളും രോഗികൾക്ക് നൽകുന്ന പ്രതീക്ഷയും സന്തോഷവും പ്രവചനാതീതമാണ്.

രോഗിയെ തൗബയെ കുറിച്ച് ഓർമ്മപ്പെടുത്തുകയും തന്റെ വസിയ്യത്ത് എഴുതിവെക്കാൻ ഓർമ്മപ്പെടുത്തുകയും വേണം. തിരുനബി ഒരിക്കൽ പറയുകയുണ്ടായി തന്റെ വസിയത്ത് എഴുതി വെക്കാതെ ഒരു മുസ്‌ലിമും രണ്ട് രാത്രി കഴിച്ചുകൂട്ടാൻ പാടില്ല.

രോഗിയല്ലാത്തപ്പോൾ തന്നെ വസിയത്തുകൾ എഴുതി വെക്കണമെന്നാണ് തിരുനബി പാoമെങ്കിൽ രോഗിയാകുമ്പോൾ അത് എഴുതി വെക്കേണ്ടത് അതിപ്രധാനമുള്ളതാണെന്ന് തിരുനബിയുടെ വാക്കിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.

രോഗ സന്ദർശന വേളയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ അതുവഴി രോഗിയെ സന്ദർശിക്കുന്നവന് വലിയ പ്രതിഫലമാണ് ലഭിക്കുന്നത്.രോഗ സന്ദർശന വേളയിൽ തിരുനബി കൽപ്പനയെ അനുധാവനം ചെയ്യുന്നു എന്നു കരുതുക വഴി ഒരു സുന്നത്തിന്റെ പ്രതിഫലം കൂടി ലഭിക്കാൻ കാരണമാകുന്നു.രോഗിക്ക് ദുആ ചെയ്തു കൊടുക്കുന്നതോടൊപ്പം രോഗിയോട് തനിക്ക് വേണ്ടി ദുആ ചെയ്യാനും പറയൽ നല്ലതാണ് കാരണം രോഗിയുടെ പ്രാർത്ഥനക്ക് വേഗത്തിൽ ഇജാബത്ത് ഉണ്ടെന്നാണ് തിരുനബി പാഠം.

സഹോദര മതങ്ങളിൽ പെട്ട രോഗികളെയും സന്ദർശിക്കാം എന്നാണ് തിരുനബി നമ്മെ പഠിപ്പിച്ചിട്ടുള്ളത്.ഇതര മതരസ്ഥരായ രോഗികളെ തിരുനബി(സ്വ) സന്ദർശിച്ചിരുന്നു എന്നതിന് ചരിത്രത്തിൽ നിരവധി തെളിവുകളുണ്ട്. പുണ്യനബി(സ്വ)യുടെ സേവകനായി വർത്തിച്ചിരുന്നത് ഒരു യഹൂദ ബാലനായിരുന്നു. ഒരിക്കൽ അവൻ രോഗിയാവുകയും പ്രവാചകർ(സ്വ) അവനെ സന്ദർശിക്കുകയും ചെയ്തു. അവന്റെ തലയുടെ അടുത്തിരുന്ന് പ്രവാചകർ(സ്വ) ഇപ്രകാരം പറഞ്ഞു:"നീ മുസ്‌ലിമാവുക." അന്നേരം പിതാവിലേക്ക് നോക്കിയ ആ ബാലനോട് നീ അബൂ കാസിമിനെ അനുസരിക്ക് എന്നായിരുന്നു ആ പിതാവ് പ്രതിവചിച്ചത്. അങ്ങനെ ആ ബാലൻ മുസ്‌ലിമായി. അന്നേരം "അവനെ നരകത്തിൽനിന്ന് രക്ഷിച്ച അല്ലാഹുവിനാകുന്ന സർവസ്തുതിയും എന്നു പറഞ്ഞുകൊണ്ട് തിരുനബി(സ്വ)അവിടെ നിന്നും പുറപ്പെട്ടു (മുസ്‌ലിം).

ഒരു കാഫിറായ വ്യക്തിയിൽ നന്മ പ്രതീക്ഷിക്കുന്നുവെങ്കിൽ അവനെയും സന്ദർശിച്ച് നല്ല കാര്യങ്ങൾ ചെയ്യാമെന്നാണ് ഈ ഹദീസിലൂടെ നമുക്ക് മനസ്സിലാകുന്നത്.

സഅദ് (റ )രോഗിയായ സന്ദർഭത്തിൽ തിരുനബി അവരെ സന്ദർശിക്കുകയും അല്ലാഹുമ്മ ഇഷ്ഫി സഅദ് എന്ന് പറയുകയുമുണ്ടായി ( മുസ്‌ലിം).

ഈ ഹദീസിന്റെ പ്രേരണയിൽ രോഗിയെ സന്ദർശിക്കുന്നവന് മൂന്നുപ്രാവശ്യം ഇങ്ങനെ പറയൽ സുന്നത്താണ് എന്ന് മനസ്സിലാക്കാം.

രോഗിയെ അവൻ ആഗ്രഹിക്കാതെ ഭക്ഷണം കഴിക്കാൻ നിർബന്ധിപ്പിക്കരുത്. അങ്ങനെ ചെയ്യുന്നപക്ഷം, അത് രോഗിയെ തളർത്തുകയും പ്രതീക്ഷയില്ലാതാക്കുകയും ചെയ്യും. അതുവഴി രോഗമുക്തി കൂടുതൽ നീണ്ടുപോകുന്നതുമാണ്. തുർമുദിയും ഇബ്നുമാജയും റിപോർട്ട് ചെയ്ത ഒരു ഹദീസിൽ പ്രവാചകർ(സ്വ) പറയുന്നതായി കാണാം: "രോഗിയെ നിങ്ങൾ നിർബന്ധിപ്പിച്ച് ഭക്ഷിപ്പിക്കരുത്. എന്തുകൊണ്ടെന്നാൽ തീർച്ചയായും അല്ലാഹുവാണ് അവരെ ഭക്ഷിപ്പിക്കുന്നതും അവർക്ക് വെള്ളം നൽകുന്നതും.

രോഗി ആഗ്രഹിക്കുന്ന ഭക്ഷണം അവന് നൽകണം.

ഒരിക്കൽ പ്രവാചകർ(സ്വ) ഒരു രോഗിയെ സന്ദർശിക്കുകയും അവനോട് നീ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. അതിന് മറുപടിയായി രോഗി താൻ ആഗ്രഹിക്കുന്നത് പ്രവാചകരോട് പറഞ്ഞു. അന്നേരം അവിടുന്ന് രോഗിക്ക് ഒരു ഭക്ഷണസാധനം കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തു.(ഇബ്നുമാജ) .

രോഗം കാരണമായി സ്ഥിരമായി ചെയ്യുന്ന സൽപ്രവർത്തികളിൽ ഇടർച്ച സംഭവിച്ചാൽ അതിന്റെ തുല്യമായ പ്രതിഫലം അവർക്ക് ലഭിക്കുമെന്നാണ് തിരുനബിപാഠം.

അബൂമൂസൽ അശ്അരി(റ ഉദ്ധരിച്ച അബൂ ദാവൂദ് റിപോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ തിരുനബി(സ്വ) പറയുന്നു. ഒരു അടിമക്ക് രോഗമോ യാത്രയോ കാരണമായി താൻ പതിവായി ചെയ്യാറുണ്ടായിരുന്ന ഒരു സൽകർമം ചെയ്യാൻ സാധിക്കാതെ വന്നാൽ അവന് അത് ആരോഗ്യമോ നാട്ടിൽ സ്ഥിരതാമസക്കാരനോ ആയിരിക്കെ ചെയ്ത പ്രതിഫലത്തിൻ്റെ പ്രതിഫലം പോലെ അവൻ്റെ മേൽ എഴുതപ്പെടും.

രോഗ സന്ദർശനത്തിനും രോഗികൾക്ക് നേരം പോക്ക് നൽകുന്നതിനും വളരെ വലിയ പ്രാധാന്യം മുത്ത് നബിയും അനുചരന്മാരും നൽകിയിരുന്നുവെന്നാണ് ചരിത്രങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്.

Questions / Comments:



No comments yet.