ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ നിരവധിയാണ്. അതിനാൽ, മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ അവരോടും പെരുമാറുക. നിങ്ങൾക്കായി ഇഷ്ടപ്പെടുന്ന നന്മകൾ നിങ്ങളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക. നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കാത്ത തിന്മകൾ അവർക്കും ലഭിക്കരുതെന്ന് ആഗ്രഹിക്കുക.
വായിക്കാം:
നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വീട്ടുകാർക്ക് സലാം പറയുക. ആളുകളില്ലാത്ത പള്ളിയിലോ വീട്ടിലോ ആണ് നിങ്ങൾ പ്രവേശിക്കുന്നതെങ്കിൽ "അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്വാലിഹീൻ" എന്ന് പറയുക.
നിങ്ങൾ ഒരു മുസ്‌ലിമിനെ കണ്ടുമുട്ടിയാൽ ആദ്യം സലാം പറയാൻ ശ്രമിക്കുക. നബി(സ) പറഞ്ഞു: "രണ്ട് മുസ്‌ലിംകൾ കണ്ടുമുട്ടിയാൽ അവരിൽ ഉത്തമൻ ആദ്യം സലാം പറയുന്നവനാണ്." മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: "വാഹനത്തിൽ പോകുന്നവൻ നടക്കുന്നവനും, നിൽക്കുന്നവൻ ഇരിക്കുന്നവനും, ചെറിയവൻ വലിയവനും, കുറഞ്ഞ ആളുകൾ കൂടുതലുള്ളവർക്കും സലാം പറയണം."
തുമ്മിയ ആൾ 'അൽഹംദുലില്ലാഹ്' എന്ന് പറഞ്ഞാൽ അയാൾക്ക് വേണ്ടി ‘യർഹമുകല്ലാഹ്’ എന്ന് ദുആ ചെയ്യേണ്ടതാണ്.
മറ്റുള്ളവരുടെ വീട്ടിൽ അനുവാദമില്ലാതെ പ്രവേശിക്കരുത്. നിങ്ങൾ മൂന്ന് തവണ അനുവാദം ചോദിച്ചിട്ടും അനുവാദം ലഭിച്ചില്ലെങ്കിൽ തിരിച്ചുപോവുക.
ഒരാൾ നിങ്ങളെ വിളിച്ചാൽ വിളി കേൾക്കുക.
ഒരാൾ നിങ്ങളെ ഭക്ഷണത്തിനായി ക്ഷണിച്ചാൽ ശരിയായ കാരണങ്ങളില്ലാതെ അത് നിരസിക്കരുത്.
അല്ലാഹുവിനെ മുൻനിർത്തി ഒരാൾ നിങ്ങളോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ, പാപമല്ലാത്ത കാലത്തോളം നിങ്ങൾ അത് നിറവേറ്റുക. അല്ലാഹുവിന്റെ പേരിൽ നിങ്ങൾ ആരോടും ഒന്നും ചോദിക്കരുത്. നബി (സ) പറഞ്ഞു: "അല്ലാഹുവിന്റെ പേരിൽ ചോദിക്കപ്പെട്ടിട്ടും നൽകാത്തവൻ ശപിക്കപ്പെട്ടവനാണ്."
രോഗികളെ സന്ദർശിക്കാനും, ജനാസകളെ അനുഗമിക്കാനും നിങ്ങൾ ശ്രദ്ധിക്കണം.
നിങ്ങളുടെ സ്‌നേഹിതരെ കാണാതിരിക്കുമ്പോഴൊക്കെ അവരെ സന്ദർശിക്കുകയും, കണ്ടുമുട്ടുമ്പോൾ മുസാഫഹത്ത് ചെയ്യുകയും, അവരുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുക. ആരെയെങ്കിലും കാണാതായാൽ അന്വേഷിക്കുക; രോഗിയാണെങ്കിൽ സന്ദർശിക്കുക, എന്തെങ്കിലും തിരക്കിലാണെങ്കിൽ സഹായിക്കുക, അല്ലെങ്കിൽ അവർക്കായി പ്രാർത്ഥിക്കുക.
എല്ലാവരെക്കുറിച്ചും എപ്പോഴും നല്ലത് മാത്രം വിചാരിക്കുക. ആളുകളെക്കുറിച്ച് മോശമായി ചിന്തിക്കുന്നത് ഒഴിവാക്കുക. നബി (സ) പറഞ്ഞു: "രണ്ട് സ്വഭാവങ്ങളേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല: അല്ലാഹുവിനെക്കുറിച്ചും അവന്റെ അടിമകളെക്കുറിച്ചും നല്ലത് ചിന്തിക്കുക എന്നതാണത്. അതുപോലെ രണ്ട് സ്വഭാവങ്ങളേക്കാൾ മോശമായി മറ്റൊന്നുമില്ല: അല്ലാഹുവിനെക്കുറിച്ചും അവന്റെ അടിമകളെക്കുറിച്ചും മോശമായി ചിന്തിക്കുക എന്നതാണത്."
ജനങ്ങളോടുള്ള സദ്‌വിചാരത്തിന്റെ പൂർണ്ണത എന്നത്, അവരുടെ വാക്കുകളിലോ പ്രവൃത്തികളിലോ നല്ല രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയുന്നിടത്തോളം കാലം അതിൽ യാതൊരു തിന്മയും കാണാതിരിക്കുക എന്നതാണ്. ഇനി തെറ്റ് ചെയ്യുന്നതായി കണ്ടാൽ തന്നെ, അതിൽ നിന്ന് പിന്തിരിയാൻ അവരെ ഉപദേശിക്കുകയും, അവർ പശ്ചാത്തപിക്കുമെന്ന് കരുതുകയും ചെയ്യുക.
എന്നാൽ ദുർവിചാരത്തിന്റെ അങ്ങേയറ്റം എന്നത്, കാഴ്ചയിൽ നല്ലതായി തോന്നുന്ന വാക്കുകളിലും പ്രവൃത്തികളിലും മോശം ഉദ്ദേശ്യങ്ങൾ ആരോപിക്കലാണ്. ഉദാഹരണത്തിന്: ഒരാൾ ധാരാളമായി നിസ്കരിക്കുകയും ദാനം നൽകുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്യുന്നത് കാണുമ്പോൾ, അത് ജനങ്ങളെ കാണിക്കാൻ വേണ്ടി മാത്രമാണെന്നും, പേരെടുക്കാൻ വേണ്ടിയാണെന്നും ചിന്തിക്കുക.
ഇത്തരം മോശമായ ചിന്തകൾ ദുഷിച്ച മനസ്സുള്ളവരിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ. അത് കപടവിശ്വാസികളുടെ സ്വഭാവമാണ്. അല്ലാഹു അവരെക്കുറിച്ച് ഖുർആനിൽ പറഞ്ഞിട്ടുണ്ട്: “ദാനധർമ്മങ്ങൾ ചെയ്യുന്ന വിശ്വാസികളെ പരിഹസിക്കുന്നവരാണവർ”. അതായത്, വിശ്വാസികൾ ജനങ്ങളെ കാണിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് അവർ ആരോപിക്കുന്നു. നബി (സ) പറഞ്ഞു: "കപടവിശ്വാസികൾ നിങ്ങൾ രിയാഉകാരാണെന്ന് (ജനങ്ങളെ കാണിക്കാൻ പ്രവർത്തിക്കുന്നവർ) പറയുന്നത് വരെ നിങ്ങൾ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക."
നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും എല്ലാവർക്കും വേണ്ടി ധാരാളമായി പ്രാർത്ഥിക്കാനും പാപമോചനം തേടാനും ശ്രദ്ധിക്കുക. കാരണം, ഒരു മുസ്‌ലിം തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തിൽ ചെയ്യുന്ന പ്രാർത്ഥനയ്ക്ക് പെട്ടെന്ന് ഉത്തരം ലഭിക്കും. നബി (സ) പറഞ്ഞു: "മർദ്ദിക്കപ്പെട്ടവന്റെ പ്രാർത്ഥനയ്ക്കും, ഒരു മുസ്‌ലിം തന്റെ സഹോദരന് വേണ്ടി അവൻ അറിയാതെ ചെയ്യുന്ന പ്രാർത്ഥനയ്ക്കും അല്ലാഹുവിനും ഇടയിൽ യാതൊരു മറയുമില്ല."
നബി (സ) പറഞ്ഞു: "ഒരു മുസ്‌ലിം തന്റെ സഹോദരന് വേണ്ടി അവൻ അറിയാതെ പ്രാർത്ഥിക്കുമ്പോൾ, ഒരു മലക്ക് “നിനക്കും അതുപോലെ ലഭിക്കട്ടെ." എന്ന് പറയും.
മൈമൂൻ ബിൻ മഹ്റാൻ (റ) പറഞ്ഞു: "എല്ലാ ഫർള് നിസ്കാരങ്ങൾക്കും ശേഷം മാതാപിതാക്കൾക്ക് വേണ്ടി പാപമോചനം തേടുന്നവൻ, "നീയെന്നോടും നിൻ്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക." എന്ന അല്ലാഹുവിന്റ കൽപ്പന നിറവേറ്റിയിരിക്കുന്നു.
എല്ലാ ദിവസവും ഇരുപത്തേഴ് തവണ സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി പാപമോചനം തേടുന്നവൻ, പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നവരുടെയും, അവർ കാരണം ഭൂമിയിലെ മനുഷ്യർക്ക് മഴയും ഉപജീവനവും നൽകപ്പെടുന്നവരുമായ ഔലിയാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ നിരവധിയാണ്. അതിനാൽ, മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതുപോലെ അവരോടും പെരുമാറുക. നിങ്ങൾക്കായി ഇഷ്ടപ്പെടുന്ന നന്മകൾ നിങ്ങളുടെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുക. നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കാത്ത തിന്മകൾ അവർക്കും ലഭിക്കരുതെന്ന് ആഗ്രഹിക്കുക.
നബി (സ) പറഞ്ഞു: "തനിക്കായി ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും പൂർണ്ണ വിശ്വാസിയാവുകയില്ല."
നബി (സ) വീണ്ടും പറഞ്ഞു: "മുസ്‌ലിംകൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഒരു കെട്ടിടം പോലെയാണ്."
"മുസ്‌ലിംകൾ ഒരു ശരീരം പോലെയാണ്; ശരീരത്തിലെ ഒരു അവയവത്തിന് വേദനിച്ചാൽ, ശരീരം മുഴുവൻ ഉറക്കമൊഴിച്ചും പനി പിടിച്ചും ആ വേദന പങ്കുവെക്കുന്നു."
യഹ്‌യ ബിൻ മുആദ് (റ) പറഞ്ഞു: "നിങ്ങൾക്ക് ജനങ്ങൾക്ക് ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അവരെ ഉപദ്രവിക്കാതിരിക്കുക. അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവരെ സങ്കടപ്പെടുത്താതിരിക്കുക. അവരെ പ്രശംസിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവരെ അപലപിക്കാതിരിക്കുക."
മുൻഗാമികളായ പണ്ഡിതന്മാർ പറഞ്ഞു: "മനുഷ്യർ പരീക്ഷിക്കപ്പെടുന്നവരും ആശ്വാസം ലഭിച്ചവരുമാണ്. അതിനാൽ പരീക്ഷിക്കപ്പെടുന്നവരോട് നിങ്ങൾ കരുണ കാണിക്കുക. സമാധാനവും ആരോഗ്യവും നൽകിയതിന് ലോകരക്ഷിതാവായ അല്ലാഹുവിനെ നിങ്ങൾ സ്തുതിക്കുകയും ചെയ്യുക.”