രാത്രിയുടെ നിശ്ശബ്ദ യാമങ്ങളിൽ മനസ്സാന്നിധ്യത്തോടെ നിര്‍വ്വ ഹിക്കപ്പെടുന്ന നിസ്കാരമാണ് തഹജ്ജുദ്. ജ്ഞാനവും ബോധവുമുള്ള സ്രഷ്ടവിന്റെ പ്രിയങ്കരരായ ദാസന്മാർ ദേഹേച്ഛയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ തഹജ്ജുദിന് വേണ്ടി ശയ്യയില്‍ നിന്ന് ഞെട്ടിയുണരുന്നു.

ഇലാഹീ പ്രീതി പ്രതീക്ഷിച്ച് പരിസരം സുഖ നിദ്രയിലായിരിക്കെ വിശ്വാസികൾ നിർവ്വഹിക്കുന്ന നിസ്കാരമാണ് തഹജ്ജുദ്.
അബൂ ഉമാമ (റ)നിന്നും നിവേദനം. മഹാൻ പറയുന്നു, അല്ലാഹുവിൻറെ തിരുദൂതർ പറഞ്ഞു "നിങ്ങൾ രാത്രിയിൽ നിസ്കരിക്കുക. നിശ്ചയമായും അത് നിങ്ങളുടെ മുൻഗാമികളായ സജ്ജനങ്ങളുടെ ചര്യയാണ്. അത് നിങ്ങളെ നിങ്ങളുടെ റബ്ബിലേക്ക് അടുപ്പിക്കുന്നതും പാപങ്ങളെ പൊറുപ്പിക്കുന്നതും തിന്മകളെ തടയുന്നതുമാണ് "(തുർമുദി). ഈ തിരുവചനത്തിൽ രാത്രിയിൽ നിസ്കരിക്കാത്തവർ പരിപൂർണ്ണ സജ്ജനങ്ങളിൽ ഉൾപെടില്ലെന്ന സൂചനയുണ്ട് (മിർഖാതുൽ മഫാതീഹ്). രാത്രിയിലെ നിസ്കാരത്തിൻറെ ശ്രേഷ്ഠതയിൽ വലിയ ആധിക്യമുണ്ടെന്ന് പഠിപ്പിക്കുന്ന നിരവധി ഇലാഹീ സൂക്തങ്ങളും തിരുവചനങ്ങളുമുണ്ട്.

ഉറക്കമുണർന്ന് നിങ്ങൾ തഹജ്ജുദ് നിർവഹിക്കുക. അത് നിങ്ങൾക്ക് അധികമായിട്ടുള്ള ഒന്നാണ് (അൽ ഇസ്റാഅ്: 79). മഹാനായ അബൂഹുറൈറ (റ)ൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു, അല്ലാഹുവിൻറെ തിരുദൂതർ പറയുന്നതായി ഞാൻ കേട്ടു "ഫർള് നിസ്കാരങ്ങൾക്ക് ശേഷം ഏറ്റവും ശ്രേഷ്ഠതയുള്ള നിസ്കാരം രാത്രിയിലെ നിസ്കാരമാണ് "(മുസ്‌ലിം). അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)ൽ നിന്നും നിവേദനം. അദ്ദേഹം പറയുന്നു, അല്ലാഹുവിൻറെ തിരുദൂതർ പറഞ്ഞു "എൻറെ ഉമ്മത്തിൽ ഏറ്റവും ശ്രേഷ്ഠർ ഖുർആൻ മനപാഠമാക്കിയവരും രാത്രിയുടെ ആളുകളുമാണ് " (ശുഅബുൽ ഈമാൻ). അതായത് രാത്രിയിൽ ആത്മാർത്ഥതയോടെ നിസ്കരിക്കുന്നവർ.

തഹജ്ജുദ് നിസ്കാരം

രണ്ട് ശഹാദത്തുകൾക്ക് ശേഷം ശാരീരിക ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായത് നിസ്കാരമാണ്. നിർബന്ധമായ കർമ്മങ്ങളിൽ ഏറ്റവും പവിത്രമായത് നിസ്കാരമായത് പോലെ ഐച്ഛിക കർമ്മങ്ങളിൽ ഏറ്റവും പവിത്രത സുന്നത്ത് നിസ്കാരങ്ങൾക്കാണ്. തഹജ്ജുദ് നിസ്കാരം സുന്നത്താണ് എന്നത് പണ്ഡിത ലോകം അംഗീകരിച്ച കാര്യമാണ്. മേൽ പരാമർശിച്ച രാത്രിയിലെ നിസ്കാരം ഇശാ നിസ്കരിച്ച് ഉറങ്ങി എഴുന്നേറ്റ ശേഷമാണെങ്കിൽ അതിന് തഹജ്ജുദ് എന്ന് പറയും. തഹജ്ജുദ് നിസ്കാരത്തെ അല്ലാഹുവിൻറെ തിരുദൂതർ സദ് വൃത്തരുടെ ചര്യകളിലാണ് എണ്ണിയിട്ടുള്ളത്. രണ്ടാമതായി രക്ഷിതാവിലേക്ക് അടുക്കാനുള്ള മാർഗവും . "ഞാൻ ഇഷ്ടപ്പെടാൻ വേണ്ടി ഒരു അടിമ എന്നിലേക്ക് ഐച്ഛിക കർമങ്ങൾ ചെയ്ത് അടുത്തു കൊണ്ടേയിരിക്കും" ഈ ഖുദ്സിയായ ഹദീസും ഇതോടൊപ്പം ചേർത്ത് വായിക്കാം. തഹജ്ജുദ് നിസ്കാരം പാപങ്ങൾ പൊറുപ്പിക്കുന്നതും തിന്മകളെ തൊട്ടു തടയുന്നതുമാണ് എന്നും മുത്ത് നബി പഠിപ്പിക്കുന്നു. നമുക്ക് സദ് വൃത്തരാകാൻ ഇതൊക്കെ ധാരാളം.

എപ്പോൾ, എങ്ങനെ?

രാത്രി ഇശാ നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്താലാണ് തഹജ്ജുദിന് സമയമാവുക. തഹജ്ജുദ് നിസ്കാരത്തിന്റെ റക്അത്തുകൾക്ക് പരിധിയില്ല. പന്ത്രണ്ട് റക്അത്തുകൾ ആണെന്ന് ഒരഭിപ്രായമുണ്ട്. നിസ്കാരത്തിൽ പ്രാർത്ഥനയും ഇസ്തിഗ്ഫാറും വർധിപ്പിക്കൽ ശക്തിയായ സുന്നത്താണ്. ഇതിന് ഏറ്റവും നല്ലത് രാത്രിയിലെ അവസാന പകുതിയാണ്. അതിൽ തന്നെ ഏറ്റവും പവിത്രം അത്താഴ സമയത്താണ് (ഫത്ഹുൽ മുഈൻ). "അത്താഴ സമയങ്ങളിൽ അവർ പാപമോചനം തേടും" ( ഖുർആൻ 51/18).
തഹജ്ജുദ് നിസ്കാരം പതിവാക്കിയവന് അത്യാവശ്യത്തിനല്ലാതെ അത് ഒഴിവാക്കൽ കറാഹത്താണ്. രാത്രിയിൽ ഉറക്കശേഷം രണ്ട് റക്അത്തെങ്കിലും നിസ്കാരം ഒഴിവാക്കാതിരിക്കൽ ശക്തിയായ സുന്നത്താണ്. കാരണം അതിൻറെ ശ്രേഷ്ഠതയും പവിത്രതയും വളരെ വലുതാണ് (ഫത്ഹുൽ മുഈൻ). അല്ലാഹുവിൻറെ തിരുദൂതർ(സ) അബ്ദുല്ലാഹി ബിനു അംറി ബിനിൽ ആസ്വ് (റ) നോട് പറയുന്നതായി കാണാം, "ഓ അബ്ദുല്ല, നീ ആ വ്യക്തിയെ പോലെ ആവരുത് രാത്രിയിൽ നിസ്കരിക്കാറുണ്ടായിരുന്നു പിന്നീട് അതുപേക്ഷിച്ചു". പതിവാക്കിയ കർമ്മത്തെ ഉപേക്ഷിക്കുന്നതിനെയായിരുന്നു മുത്ത് നബി സൂചിപ്പിച്ചത്.

എങ്ങനെ പതിവാക്കാം?

മഹാനായ അബ്ദുല്ലാഹിബ്നു ഹദ്ദാദ്(റ) ന്റെ സദുപദേശങ്ങളിൽ കാണാം. രാത്രിയിലെ നിസ്കാരം ശരീരത്തിന് ഏറ്റവും പ്രയാസമേറിയ കാര്യങ്ങളിൽ പെട്ടതാണ്. വിശിഷ്യാ ഒന്നുറങ്ങിയ ശേഷമുള്ള നമസ്കാരം. തീർച്ചയായും ഇക്കാര്യം അനായാസമായി തീരുന്നത് തുടക്കം മുതലേയുള്ള ക്ഷമ, പതിവാക്കൽ എന്നിവ കൊണ്ട് മാത്രമാണ്. എന്നാൽ കഷ്ടപ്പെട്ട് അതിനെ അനായാസം ആക്കി തീർത്താലോ, അതിൻ്റെ മാധുര്യം നമുക്ക് രുചിക്കാനുള്ള ഭാഗ്യം അല്ലാഹു നൽകും. അങ്ങനെ അതൊരു മധുരമുള്ള അനുഭൂതിയായി മാറും.
മഹാനായ അബൂ മാലിക്കിൽ അശ്അരി(റ) ൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസ് പരാമർശിക്കുന്നത്. മുത്ത്‌ നബി (സ)പറഞ്ഞു "സ്വർഗ്ഗത്തിൽ ഒരുപാട് മുറികളുണ്ട്. അവകളുടെ ഉള്ളിൽ നിന്നും പുറത്തേക്കും പുറത്തുനിന്ന് ഉള്ളിലേക്കും വ്യക്തമായി കാണാം. അല്ലാഹു അത് തയ്യാറാക്കിയിരിക്കുന്നത് സംസാരം നന്നാക്കിയവർക്കും ഭക്ഷണം നൽകിയവർക്കും കൂടുതൽ നോമ്പ് അനുഷ്ഠിച്ചവർക്കും ജനങ്ങൾ നിദ്രയിലായിരിക്കെ രാത്രിയിൽ നിസ്കരിച്ചവർക്കുമാണ്" (ശുഅബുൽ ഈമാൻ). ഈ ഹദീസിന്റെ വെളിച്ചത്തിൽ തഹജ്ജുദിന്റെ പ്രതിഫലമായി സ്വർഗ്ഗം ഉറപ്പെന്ന് മനസ്സിലാക്കാം.
മറ്റൊരു ഹദീസ് കാണാം, അബുസഈദിൽ ഖുദ് രി(റ)ൽ നിന്നും നിവേദനം, മുത്ത്‌ നബി(സ) പറഞ്ഞു "മൂന്ന് വിഭാഗക്കാരിലേക്ക് അള്ളാഹു കരുണ ചൊരിയും. രാത്രി നിസ്കരിക്കുന്നവൻ, നിസ്കാരത്തിൽ സ്വഫായി നിന്നവർ, ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ അണിനിരന്നവർ". അല്ലാഹുവിൻറെ റഹ്മത്ത് കിട്ടിയെന്നാൽ സ്വർഗ്ഗം കിട്ടി എന്ന് സാരം.

പ്രാർത്ഥനക്കും ഉത്തമം

പ്രാർത്ഥന സത്യവിശ്വാസിയുടെ ആയുധമാണ്. വിധിയെ പോലും തടയാനാവും വിധം പ്രാർത്ഥനക്ക് ശക്തിയുണ്ട്. എന്നാൽ നാം അധികപേരും അതിൽ ശ്രദ്ധാലുക്കളാകുന്നില്ല. സൽമാനുൽ ഫാരിസി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു "വിധിയെ പ്രാർത്ഥന അല്ലാതെ തടയില്ല, ആയുസിനെ നന്മ മാത്രമേ വർദ്ധിപ്പിക്കൂ"(തുർമുദി). ഈ ഹദീസിൽ നിന്ന് തന്നെ പ്രാർത്ഥനയുടെ പ്രാധാന്യം ഒരു സത്യവിശ്വാസിക്ക് ഗ്രഹിക്കാനാവും.
തഹജ്ജുദ് നിസ്കാരത്തിൽ പ്രാർത്ഥനയും ഇസ്തിഗ്ഫാറും വർദ്ധിപ്പിക്കൽ ശക്തിയായ സുന്നത്താണെന്ന് പരാമർശിച്ചല്ലോ. അബു ഉമാമ (റ) യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിൽ കാണാം, മുത്ത്‌ നബിയോട് ഒരാൾ ചോദിച്ചു "ഏത് പ്രാർത്ഥനയാണ് അല്ലാഹു സ്വീകരിക്കാൻ ഏറ്റവും സാധ്യതയുള്ളത് ?". മുത്ത് നബി മറുപടി പറഞ്ഞു "രാത്രിയിലെ അവസാനത്തിലും നിസ്കാരത്തിന് ശേഷവുമുള്ള പ്രാർത്ഥന" (തുർമുദി). മറ്റൊരു ഹദീസിൽ മുത്ത്‌ നബി(സ) പറയുന്നത് കേട്ടതായി മഹാനായ ജാബിർ (റ) പറയുന്നു "നിശ്ചയമായും രാത്രിയിൽ ഒരു സമയമുണ്ട്. ഒരു മുസ്‌ലിമായ മനുഷ്യൻ ഇഹലോകത്തെയും പരലോകത്തെയും കാര്യങ്ങളിൽ നിന്ന് ഖൈറായ വല്ലതും ചോദിച്ചാൽ അല്ലാഹു അത് നൽകിയിട്ടല്ലാതെ ആ സമയത്തോടു ഒത്തുവരില്ല. അത് എല്ലാ രാത്രിയിലും ഉണ്ട്" (മുസ്‌ലിം). എന്നുവച്ചാൽ ഇജാബത്ത് ഉറപ്പ് എന്നർത്ഥം.

നിസ്കാരം തന്നെ ഒരു പ്രാർത്ഥനയാണല്ലോ. അതുകൊണ്ടുതന്നെ തഹജ്ജുദ് ഒരു സുവർണ്ണാവസരമാണ്. സ്രഷ്ടാവിലേക്ക് അടുക്കാനുള്ള, സ്വർഗം നേടാനുള്ള, രക്ഷിതാവിനോട് നല്ല കാര്യങ്ങൾ ചോദിക്കാനുള്ള സുവർണ്ണാവസരം. ഇത് മനസ്സിലാക്കിയതിനാലാണ് നമ്മുടെ മുൻഗാമികളായ സച്ചരിതർ തഹജ്ജുദ് പതിവാക്കിയത്. അവർ അതിൻറെ ആത്മീയാനുഭൂതി അനുഭവിക്കുകയും ചെയ്തു. അവരിൽ ചിലർ പറഞ്ഞതായി കാണാം "നാൽപത് വർഷമായി ഫജറിന്റെ ഉദയം അല്ലാതെ എന്നെ ഒന്നും സങ്കടപ്പെടുത്തിയിട്ടില്ല" (ഇആനതു ത്വാലിബീൻ). തഹജ്ജുദിന്റെ സമയം തീർന്നു പോകുന്നതിലായിരുന്നു അവർക്ക് പ്രയാസമുണ്ടായിരുന്നത്.
നമ്മളും സദ് വൃത്തരായ മുൻഗാമികളുടെ പാത സാധ്യമാകുന്നിടത്തോളം പിന്തുടരേണ്ടതുണ്ട്. അത് നമ്മുടെ ഇഹപര വിജയത്തിന് തീർച്ചയായും നിദാനമായിത്തീരും.

Questions / Comments:



No comments yet.


RELIGION

സ്വലാത്തു തഹിയ്യത്ത്: മസ്ജിദുകളോടുള്ള ആദരാഭിവാദനമാണ്. എളിമയോടെ അടിമ അല്ലാഹുവിൻറെ ഭവനത്തിൽ സന്നിഹിതനാവലാണ്. അതെ, പ്രാർത്ഥനയോടെ അവനിലേക്ക് മുന്നിടുകയാണ്. ...

RELIGION

റഹ്മാനായ റബ്ബിൻ്റെ അനുഗ്രഹപ്പെയ്ത്താണല്ലോ മഴ. മനുഷ്യർ താറുമാറാക്കിയ പ്രകൃതിയുടെ താളൈക്യം കാരണം കഠിനവേനലുകൾ താണ്ടിയാണ് മഴക്കാലങ്ങൾ വന്നുചേരുന്നത്. വരൾച്ചയുടെ നാളുകളിൽ...

RELIGION

പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു....

RELIGION

സ്വർഗത്തിൽ ളുഹാ എന്ന പേരിൽ ഒരു കവാടമുണ്ട്. അവിടെ വെച്ച്, “പതിവായി ളുഹാ നിസ്‌കരിച്ചവർ എവിടെ ? ഇത് നിങ്ങളുടെ കവാടമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്താൽ നിങ്ങൾ ഇതിലൂടെ...

RELIGION

വിചാരണക്കിടയിൽ അല്ലാഹു ചോദിക്കും:'എന്റെ ദാസന് വല്ല സുന്നത്ത് നിസ്‌കാരങ്ങളുമുണ്ടോ? കുറവു വന്ന ഫര്‍ളിനെ സുന്നത്ത് കൊണ്ട് പൂര്‍ണമാക്കൂ...’ ഇബ്നു ഉമർ(റ) വഴിയുള്ളൊരു തിരുമൊഴി ശകലമാണിത്....