കേരളം രാഷ്ട്രീയമായും സാമുദായികമായും കലങ്ങിമറിയുകയും രൂപപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു ഉസ്താദിൻ്റെ പഠന-പ്രവർത്തന ജീവിതം. എഴുത്തും വായനയും പ്രഭാഷണവും രാഷ്ട്രീയവും സംഘാടനവും കൂടിക്കലർന്ന ജീവിതാനുഭവങ്ങളാണിത്; ഉസ്താദിൽ നിന്ന് തന്നെ സ്വരൂപിച്ചെടുത്ത തനിമയോടെ.
വായിക്കാം:
വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റ പ്രവർത്തനങ്ങൾക്കും മുസ്‌ലിം സമുദായം നന്നായി ദാഹിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഉസ്താദിന്റെ ബാല്യവും യൗവനവും കടന്നുപോയത്. ഉന്നത വിദ്യാഭ്യാസം അഭ്യസിക്കുന്നവർ ആപേക്ഷികമായി കുടുംബത്തിൽ കൂടുതലായിരുന്നു. അധ്യാപകരും രാഷ്ട്രീയ പ്രവർത്തകരുമുള്ള കുടുംബം. പിതാവും അദ്ദേഹത്തിന്റെ ജ്യേഷ്ഠാനുജന്മാരും കച്ചവടക്കാരായിരുന്നു. ബോംബെയായിരുന്നു അവരുടെ കേന്ദ്രം. ബോംബെയിൽ സ്വന്തമായി അവർക്ക് കടകളുണ്ടായിരുന്നു. കച്ചവടമോ അധ്യാപനമോ, രണ്ടിലൊന്നായിരുന്നു കുടുംബ തൊഴിൽ. കുടുംബത്തിന്റെ വേരും വിശേഷവും പ്രതിപാദിക്കുന്ന പുസ്തകം ഈയടുത്താണ് പുറത്തിറങ്ങിയത്.
1950 ലാണ് ഉസ്താദിന്റെ ജനനം. അഞ്ചോ ആറോ വയസ്സിലാണ് പഠനം ആരംഭിച്ചത്. വീടിന്റെ അടുത്ത് തന്നെ മദ്‌റസ, സ്കൂൾ സൗകര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസ് വരെ മാത്രമേ അന്നവിടെ പഠിപ്പിച്ചിരുന്നുള്ളൂ. സ്കൂൾ പഠനം അഞ്ച് വർഷം പൂർത്തിയാക്കുന്ന സാഹചര്യം അന്ന് അത്ര വ്യാപകമായിരുന്നില്ല. പക്ഷേ, ഉസ്താദ് ഉത്സാഹത്തോടെ പ്രാഥമിക പഠനം പൂർത്തിയാക്കി. പഠനത്തിലും അനുബന്ധ കാര്യങ്ങളിലും ഉസ്താദ് നല്ല സമർത്ഥനായിരുന്നു. പ്രസംഗത്തിലായിരുന്നു ഉസ്താദിന് കൂടുതൽ കമ്പം.
അത്ര വ്യവസ്ഥാപിതമല്ലെങ്കിലും മദ്‌റസകൾ തമ്മിൽ സാഹിത്യമത്സരങ്ങൾ അപൂർവമായി നടത്തിയിരുന്നു. ഒരു സാഹിത്യമത്സരത്തിലെ പ്രസംഗത്തിൽ ഒന്നാമനായി, അലുമിനിയം ഗ്ലാസോ മറ്റോ സമ്മാനം ലഭിച്ച സന്തോഷം ഇന്നുമോർക്കുന്നുണ്ട്. പ്രാഥമിക പഠനം കഴിഞ്ഞ് മറ്റൊരിടത്തേക്ക് ഉസ്താദിനെ പഠിക്കാൻ പറഞ്ഞയക്കാൻ കാരണമായത് മദ്‌റസയിലെ ഈ മിടുക്കും ഉമ്മയുടെ നിർബന്ധവുമാണ്.
കുടുംബത്തിൽ ആദ്യമായാണ് ഒരാൾ ദർസ് പഠനത്തിനും മൊയ്‌ലിയാരാകാനും വേണ്ടി ഒരുങ്ങുന്നത്. കുടുംബത്തിന് ജീവിക്കാനുള്ള വകയും വഴിയുമുള്ളതുകൊണ്ട് തൊഴിലിന് പോകേണ്ട സാഹചര്യം അന്ന് വീട്ടിലില്ല. പഠനകാര്യങ്ങൾക്ക് സഹായിക്കാനുള്ള ശേഷി ബോംബെക്കാരനായ ഉപ്പക്കുണ്ട്. പക്ഷേ ഉപ്പക്കും ഉമ്മയുടെ സഹോദരങ്ങൾക്കും മൊയ്‌ലിയാരാകുന്നതിനോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. പൊതു വിദ്യാഭ്യാസം നേടാനായിരുന്നു അവർക്ക് താൽപര്യം. മകൻ പണ്ഡിതനാകണമെന്ന ഉമ്മയുടെ വലിയ ആഗ്രഹവും നിർബന്ധവും പക്ഷേ ഉസ്താദിന് ദർസിലേക്കുള്ള വഴി തുറന്നു. എന്തൊരുൾക്കാഴ്ചയുള്ള ഉമ്മ!
സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ഒരു സന്ദർഭം ഉസ്താദ് ഓർക്കുന്നു, തെക്കൻ കേരളക്കാരനായ അഹ്മദ് കുട്ടിയാണ് അന്നത്തെ അധ്യാപകൻ. തെക്കൻ ജില്ലക്കാരായ ധാരാളം അധ്യാപകർ അന്ന് മലബാറിൽ ജോലിക്ക് വരുമായിരുന്നു. ജോലി തേടിവരുന്നവരിൽ കൂടുതലും ക്രിസ്ത്യാനികളായിരുന്നു. മലബാറുകാരായ അധ്യാപകർ അന്ന് നന്നേ കുറവായിരുന്നു. സയൻസ് ക്ലാസിൽ ഒരിക്കൽ അഹ്മദ് കുട്ടി സാർ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് സംസാരിച്ചു. ദൈവം ഇല്ലെന്ന് പറയാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഉസ്താദ് രോഷാകുലനായി. പല കുറിയായി ഇദ്ദേഹം ആവർത്തിച്ചതാണ്. ഉസ്താദ് എഴുന്നേറ്റു നിന്ന് പുസ്തകം അധ്യാപകന്റെ മുന്നിലേക്കെറിഞ്ഞു കയർത്തു സംസാരിച്ചു.
അന്നിറങ്ങിപ്പോന്നതാണ് സ്കൂളിൽ നിന്ന്. പിന്നീട് അങ്ങോട്ട് പോയിട്ടില്ല. സത്യത്തോട് നിരക്കാത്തത് കേൾക്കാനോ പറയാനോ ഉസ്താദിന് കഴിയില്ലായിരുന്നുവെന്ന് ചുരുക്കം.
വെളിമുക്കിലായിരുന്നു ആദ്യത്തെ ദർസ് പഠനം. ഓടക്കൽ കുടുംബത്തിലെ അബ്ദുറഹ്മാൻ കുട്ടി ഉസ്താദായിരുന്നു അവിടത്തെ മുദരിസ്. കഴിഞ്ഞ വർഷമാണ് അദ്ദേഹം മരണപ്പെട്ടത്.ഉസ്താദുമാരിൽ ഒടുവിൽ മരണപ്പെട്ടത് അദ്ദേഹമാണ്. വെളിമുക്ക് ദർസിലെ സഹപാഠികളിലും ഇപ്പോൾ ജീവിച്ചിരിക്കുന്നവരാരുമില്ല.
ചെലവുകുടി സമ്പ്രദായമായിരുന്നു വെളിമുക്കിൽ. സ്വന്തമായി ഭക്ഷണശാലയുള്ള ദർസോ മറ്റു സംരംഭങ്ങളോ അന്ന് കേരളത്തിൽ തുലോം പരിമിതമായിരുന്നു. മൂന്ന് നേരവും ഓരോ വീട്ടിൽ ഭക്ഷണത്തിന് ചെല്ലുന്നതാണ് പതിവ്. വറ്റും കഞ്ഞിവെള്ളവുമാണ് മിക്ക ദിവസവും കിട്ടുക. പള്ളിയിലെ ഉസ്താദിന് ചെലവുള്ള ദിവസമാണെങ്കിൽ സാമാന്യം ഭേദപ്പെട്ട ഭക്ഷണം കിട്ടും.
ഓതുന്ന കിതാബുകൾ കാശ് കൊടുത്ത് വാങ്ങാൻ ഉസ്താദ് ശ്രദ്ധിച്ചിരുന്നു. വീട്ടിൽ നിന്ന് ലഭിക്കുന്ന പൈസകൊണ്ടാണ് വാങ്ങിയിരുന്നത്. രണ്ടര രൂപയാണ് അന്ന് നഹ്‌വ് കിതാബിന്റെ വില. ഉപരിപഠനത്തിന് ജാമിഅ നൂരിയ്യയിൽ ചെന്നപ്പോഴും സ്വന്തം കിതാബുണ്ടായിരുന്നു. കിതാബുകളിൽ ചിലതൊക്കെ കുറിക്കാൻ കഴിയുന്നത് അവ സ്വന്തമാകുമ്പോഴാണല്ലോ. വായ്പ വാങ്ങിയോ കടം വാങ്ങിയോ കിതാബുകൾ ഓതുന്ന ശൈലി അന്ന് വിദ്യാർത്ഥികൾക്കിടയിൽ ധാരാളമുണ്ടായിരുന്നു. കിതാബ് മുഴുവനായും പകർത്തിയെടുക്കുന്നവരും അവ കെട്ടുന്നവരും കുറവായിരുന്നില്ല.
ജാമിഅ നൂരിയ്യയിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബോംബെയിൽ പ്രസംഗത്തിന് ഒരു അവസരം ലഭിച്ചു.ഉപ്പയും മറ്റു കുടുംബങ്ങളും ബോംബെയിലായിരുന്നതിനാൽ അവർ മുഖേന ലഭിച്ച അവസരമാണ്. ഇപ്പോഴത്തെ കുർളക്കടുത്ത് കുർളി എന്ന പ്രദേശത്തായിരുന്നു ഏഴ് ദിവസം നീണ്ടു നിന്ന പ്രസംഗം. മലയാളികളുടെ കേന്ദ്രമായിരുന്നു അത്. തെന്നലയിൽ നിന്ന് തന്നെ നൂറിലേറെ പേർ അന്നവിടെയുണ്ടായിരുന്നു. മലയാളികൾ ഒത്തുകൂടിയിരുന്ന ഒരു പള്ളിയിലായിരുന്നു ഉസ്താദിന്റെ പ്രഭാഷണം. ഓരോ ദിവസവും ഓരോ വിഷയത്തെ അധികരിച്ചു സംസാരിച്ചു.
ബോംബെയിലെ മലയാളികൾക്കിടയിൽ കേരള മുസ്‌ലിം ജമാഅത്ത് എന്ന സംഘടന അന്നുണ്ടായിരുന്നു. ഉസ്താദിന്റെ ഉപ്പയും മറ്റു കുടുംബാംഗങ്ങളും അതിൽ പ്രവർത്തിച്ചിരുന്നു. ആദ്യമായാണ് കേരളത്തിന് പുറത്തേക്ക് ഉസ്താദിനെ പ്രഭാഷണത്തിന് ക്ഷണിക്കുന്നത്. പതിനേഴോ പതിനെട്ടോ ആണ് അന്ന് പ്രായം. ബോംബെയിൽ നിന്നാണ് അന്ന് ദർസ് കിതാബുകൾ മലബാറിലെത്തിയിരുന്നത്. അവിടത്തെ അബ്നാ പ്രസ്സിൽ നിന്ന് അച്ചടിച്ച കിതാബുകൾ മലബാറിലെ എല്ലാ പള്ളി ദർസിലുമുണ്ടായിരുന്നു. അബ്നാ പ്രസ്സിലടിച്ച ജംഅ്, മഹല്ലി കിതാബുകൾ ഇന്നും ഉസ്താദിന്റെ മേശപ്പുറത്തുണ്ട്. ഒരാഴ്ചത്തെ പ്രഭാഷണത്തിന്റെ വകയായി മുത്വവ്വൽ വരെയുള്ള മുഴുവൻ കിതാബുകളും അന്ന് ബോംബെയിൽ നിന്ന് സ്വന്തമാക്കാൻ കഴിഞ്ഞു.
വെളിമുക്കിലെ ദർസിൽ നിന്ന് പിന്നീട് കോട്ടക്കലടുത്ത പുത്തൂരിലെത്തി. ആറ് മാസമാണ് പുത്തൂരിൽ ദർസോതിയത്. പുത്തൂരിൽ നിന്ന് തിരൂരങ്ങാടിയിലെ ദർസിലേക്ക് ചെന്നു. നാലു വർഷത്തോളം തിരൂരങ്ങാടിയിൽ പഠിച്ചു.
തിരൂരങ്ങാടിയിൽ തന്റെ സഹപാഠിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാനെ ഓർത്തെടുക്കുകയാണ് ഉസ്താദ്. ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശിയാണയാൾ. പത്താം ക്ലാസ് പരീക്ഷയിൽ തോറ്റതിന് ബോംബെയിലേക്ക് നാട് കടന്ന അദ്ദേഹം എത്തിപ്പെട്ടത് ഒർലി പ്രദേശത്തായിരുന്നു. ഉസ്താദിന്റെ കുടുംബങ്ങൾക്കിടയിൽ എത്തിയ അദ്ദേഹത്തെ അവർ കൂടെക്കൂട്ടി. താമസവും ഭക്ഷണവും കൊടുത്തു. തനിക്ക് അഭയം നൽകിയവരുടെ ജീവിതനിഷ്ഠയിൽ കൗതുകം ജനിച്ച അയാൾക്ക് ഇസ്ലാമിൽ വലിയ ആകർഷണീയത തോന്നി. വിശ്വാസിയായി ജീവിക്കാൻ താൽപര്യമുണ്ടെന്ന് കൂടെയുള്ളവരെ അദ്ദേഹം അറിയിച്ചു. അടുത്ത വരവിന് ഉസ്താദിന്റെ പിതാവിന്റെ കൂടെ കേരളത്തിലേക്ക് വന്ന അദ്ദേഹത്തിന് പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭയിൽ സൗകര്യമേർപ്പെടുത്തിക്കൊടുത്തു. മഊനത്തിലെ പഠനം കഴിഞ്ഞ അദ്ദേഹം ഉസ്താദിന്റെ കൂടെ തിരൂരങ്ങാടി ദർസിൽ ചെന്നു. ഇംഗ്ലീഷും ഭൗതിക വിദ്യാഭ്യാസവും സംബന്ധിച്ച് നല്ല പരിജ്ഞാനമുണ്ടായിരുന്നു അബ്ദുറഹ്മാന്. സൂഫിയും ഫഖീഹുമായിരുന്ന പരപ്പൂർ സ്വദേശി കരുമ്പിൽ മുഹമ്മദ് മുസ്‌ലിയാരായിരുന്നു തിരൂരങ്ങാടിയിൽ അന്ന് മുദരിസായി ഉണ്ടായിരുന്നത്.
പുത്തൂരിലെ മൂസാൻ കുട്ടി മുസ്‌ലിയാരുടെ ദർസിൽ നിന്നാണല്ലോ ആറ് മാസത്തെ പഠനത്തിന് ശേഷം ഉസ്താദ് തിരൂരങ്ങാടിയിലെത്തിയത്. വൈദ്യനും പ്രഭാഷകനുമായിരുന്നു മൂസാൻ കുട്ടി മുസ്‌ലിയാർ. ചെറിയൊരു ദർസായിരുന്നു അദ്ദേഹത്തിന്റേത്.അവിടെ നിന്ന് തിരൂരങ്ങാടിയിലേക്ക് മാറാൻ ഒരു കാരണമുണ്ടായിരുന്നു. അവിടെ പഠിക്കുമ്പോൾ ഉസ്താദിന് ശരീരമാസകലം ചൊറി പിടിച്ചു. വീട്ടിൽ വന്ന് ചികിത്സിച്ചാണ് ചൊറി മാറിയത്. ഇനി ഒറ്റയ്ക്ക് എവിടെയും പോകരുത്, നാട്ടിൽ നിന്ന് തിരൂരങ്ങാടിയിൽ ചെന്ന് പഠിക്കുന്ന മുതഅല്ലിമുകളോടൊപ്പം അവിടെ ചെല്ലാനാണ് വീട്ടുകാരുടെ നിർദ്ദേശം.
ഫത്ഹുൽ മുഈൻ, അൽഫിയ കിതാബുകൾ പഠിച്ചത് തിരൂരങ്ങാടിയിൽ നിന്നാണ്. ഉസ്താദായിരുന്ന മുഹമ്മദ് മുസ്‌ലിയാർ തിരൂരങ്ങാടിയിൽ ദർസീ സേവനം ചെയ്യുമ്പോൾ തന്നെ മരണപ്പെട്ടു. രോഗം വന്ന് ചികിത്സ നടത്തിയെങ്കിലും ഭേദമായില്ല. പിന്നീട് തിരൂരങ്ങാടിയിലേക്ക് മുദരിസായി വന്നത് മുച്ചിപ്പാടൻ അലവി മുസ്‌ലിയാരാണ്. ഇരിങ്ങല്ലൂർ സ്വദേശി. കുണ്ടൂർഅബ്ദുൽ ഖാദർ മുസ്‌ലിയാരുടെ ഗുരുവാണദ്ദേഹം.
ഉസ്താദിന്റെ ഗുരുപരമ്പരയിൽ ആദ്യത്തെയാൾ മൂച്ചിക്കാടൻ അലവി ഉസ്താദാണ്. അബ്ദുല്ലാഹിബ്നു ഉമർ(റ)വിലേക്ക് ചേരുന്നതാണ് ആ ഗുരുപരമ്പര. ഗുരുപരമ്പര പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഉസ്താദ്. സനദ് എന്നാണ് ഗുരുപരമ്പരയുടെ സാങ്കേതിക പദം. ഗുരുവര്യരിലൂടെ തിരുനബി(സ്വ)യിലേക്ക് ചെന്നുചേരുന്ന ഗുരുപരമ്പരയെ, അഭിമാനത്തോടും അത്യുത്സാഹത്തോടുമാണ് സമീപിക്കാറുള്ളത്.
അലവി ഉസ്താദിന് ശേഷം തിരൂരങ്ങാടിയിൽ കെ കെ മുഹമ്മദ് മുസ്‌ലിയാർ മുദരിസായി വന്നു. ശുജാഇ മൊയ്തു മുസ്‌ലിയാരുടെ പൗത്രനാണ് കെ കെ. പുത്തൻപള്ളി കോളേജിലെ പ്രിൻസിപ്പലായും അദ്ദേഹം സേവനം ചെയ്തിരുന്നു.
ദർസിലെ വൈകുന്നേര സമയം നടത്തം, വായന തുടങ്ങിയ കാര്യങ്ങൾക്കാണ് ചെലവഴിച്ചിരുന്നത്. ഈ സമയത്തെ കുറച്ചുകൂടി നന്നായി ഉപയോഗപ്പെടുത്തണമെന്ന് തീരുമാനിച്ച ഉസ്താദ് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിന് വേണ്ടി ഉപയോഗപ്പെടുത്തി. കൂട്ടുകാരനായ മുഹമ്മദ് അബ്ദുറഹ്മാനാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. അമ്പതുകളിലെയും അറുപതുകളിലെയും പത്താം ക്ലാസ് പഠനത്തോടെ തന്നെ ഇംഗ്ലീഷിൽ പരിജ്ഞാനം നേടുമായിരുന്നു. അതാണ് അബ്ദുറഹ്മാന്റെയും ബലം. ഉസ്താദിന്റെ കൂടെ വേറെയും കുറച്ചുപേർ ചേർന്ന് ഇംഗ്ലീഷ് പഠനം ജോറായി നടക്കുന്ന കാര്യം തിരൂരങ്ങാടി പള്ളിയിലെ മൊല്ലാക്ക (മുഅദ്ദിൻ) അറിഞ്ഞു. നരകത്തിലെ ഭാഷയെന്ന അപകീർത്തിയുള്ള ഭാഷയാണ് അന്ന് ഇംഗ്ലീഷ്. പള്ളിയിലെ മൊല്ലാക്ക, ഉസ്താദിന്റെ ഇംഗ്ലീഷ് പഠനം ചെലവ് വീട്ടുകാരനെ അറിയിച്ചു. പിറ്റേ ദിവസം, ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയിൽ ഉസ്താദിനെ കണ്ടമാത്രയിൽ ചെലവ് കുടിക്കാരൻ പൊട്ടിത്തെറിച്ചു. നരകത്തിലെ ഭാഷ പഠിക്കാൻ വീട്ടിൽ ചോറില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത, വയോധികനായ അദ്ദേഹം ഉസ്താദിന്റെ ചെലവ് മുടക്കി.
സമരഭൂമിയാണ് തിരൂരങ്ങാടി. ഖിലാഫത്തിലും സ്വാതന്ത്ര്യസമരങ്ങളിലും നേരിട്ടു പങ്കാളികളായ കുറേയാളുകൾ ജീവിക്കുന്ന ഈ നാട് മലബാറിൽ ഏറെ സുപരിചിതമാണ്. ഇംഗ്ലീഷുകാരോട് പോരാട്ടം തീർത്ത തിരൂരങ്ങാടിയിലാകെ ഇംഗ്ലീഷ് അഭ്യാസത്തിന്റെ ഈ കഥ അറിഞ്ഞാൽ, ആ രോഷം ദർസിനെ സാരമായി ബാധിക്കും. ഉസ്താദ് തിരികെ പള്ളിയിലെത്തി കെ കെ ഉസ്താദിനോട് കാര്യം പറഞ്ഞു. ഇംഗ്ലീഷ് പഠിതാക്കളെയും ചൊല്ലിക്കൊടുത്തിരുന്ന ഹരിപ്പാടുകാരനെയും സ്നേഹത്തോടെ ദർസിൽ നിന്ന് പറഞ്ഞയച്ചു. ഉസ്താദിന് മറ്റു പോംവഴികളില്ലായിരുന്നു. നാലുപേരും ദർസിൽ നിന്ന് അതിരാവിലെ ഇറങ്ങി.
ഇനി എങ്ങോട്ട് പോകും? മുന്നിൽ ഒരു വഴിയും തെളിയുന്നില്ല. വീട്ടിലറിഞ്ഞാൽ ദർസ് പഠനം മുടങ്ങും. ആരാന്റെ ചോറ് കഴിക്കുന്നത് ഉപ്പാക്ക് അന്നേ ഇഷ്ടമല്ല. ഫീസടച്ച് ഏതെങ്കിലും ബോർഡിംഗ് സ്കൂളിൽ പഠിച്ചാൽ മതവും ഭൗതികവും പഠിക്കാമല്ലോ എന്നാണ് ഉപ്പ ആദ്യം തന്നെ പറഞ്ഞിരുന്നത്. അതുകൊണ്ട് കാര്യം വീട്ടിലറിയിക്കാതെ മറ്റൊരു ഉസ്താദിനെയും ദർസിനെയും തേടി യാത്രയാരംഭിച്ചു. കൂടെ മറ്റുള്ളവരും.
തിരൂരങ്ങാടിയിൽ നിന്ന് ചെമ്മാട് വരെയുള്ള ദീർഘനടത്തം. അന്ന് ചെമ്മാട് പാലമില്ല. അവിടുന്ന് ബസ് കയറി രാമനാട്ടുകരയിൽ ചെന്നിറങ്ങി. തിരൂരങ്ങാടിയിൽ കുറച്ച് ദിവസത്തേക്ക് പകരത്തിന് മുദരിസായി വന്ന അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ദർസ് ഉദ്ദേശിച്ചാണ് രാമനാട്ടുകരയിൽ ബസിറങ്ങിയത്. ഏതു പള്ളിയിലാണ് അദ്ദേഹത്തിന്റെ ദർസെന്ന് കൃത്യമായി അറിയില്ല. പരിസരത്തുള്ള പള്ളികളിലെല്ലാം ചെന്നു നോക്കി. എവിടെയും അബ്ദുറഹ്മാൻ ഉസ്താദിന്റെ ദർസില്ല. പെരുമുഖത്താണ് അദ്ദേഹത്തിന്റെ ദർസെന്ന് വിവരം ലഭിച്ചു. ഉസ്താദും കൂടെയുള്ള മൂന്നുപേരും പെരുമുഖത്തെത്തി ഉസ്താദിനെ കണ്ടു. കാര്യം പറഞ്ഞു. മുദരിസിന് സന്തോഷമായി. നാലു വലിയ മുതഅല്ലിമുകൾ, അതും ഒട്ടും നിനക്കാതെ. അന്നിവിടെ ചെറിയ മുതഅല്ലിമുകൾ മാത്രമേയുള്ളൂ. നാല് പേരും ദർസിൽ ചേർന്നു. ബാക്കി ഇംഗ്ലീഷ് ക്ലാസുകൾ പെരുമുഖത്ത് തുടർന്നു. സ്കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകത്തെ ആധാരമാക്കിയാണ് ഇംഗ്ലീഷ് പഠനം നടന്നിരുന്നത്.
പെരുമുഖം ദർസിനടുത്ത് തന്നെയാണ് ഫാറൂഖ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1948-ലാണ് ഫാറൂഖ് കോളേജ് സ്ഥാപിതമായത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ ആദ്യത്തെ കോളേജ്. റൗളത്തുൽ ഉലൂം കോളേജ് എന്നാണ് അന്നത് അറിയപ്പെട്ടിരുന്നത്.
ദർസിൽ ചേർന്നതിന്റെ പിറ്റേ ദിവസം തന്നെ ഉസ്താദും ഹരിപ്പാടുകാരനും റൗളത്തുൽ ഉലൂമിൽ ചേർന്നു. രണ്ട് ദിവസം മാത്രമാണ് കോളേജിൽ ചെന്നത്. കാമ്പസിന്റെ പോക്കും നീക്കും രണ്ട് ദിവസം കൊണ്ട് ഉസ്താദിന് മടുത്തു. ഇനി കോളേജിൽ പോയുള്ള പഠനം വേണ്ടെന്നവർ ഉറപ്പിച്ചു.
റബീഉൽ അവ്വലിലാണ് ദർസിലെത്തിയത്. തഫ്സീറും ഹദീസ് കിതാബ് മിശ്കാത്തും ഓതുന്ന സമയം. റമദാൻ വരെയുള്ള ആറ് മാസം അവിടെത്തന്നെ നിൽക്കാം. പക്ഷേ വലിയൊരു സ്ഥാപനത്തിൽ ചേർന്ന് പഠിക്കാനുള്ള ദാഹം ഉസ്താദിന്റെയുള്ളിൽ അപ്പോഴും ശമിക്കാതെ നിന്നു. അതിന്റെ അന്വേഷണവും തേട്ടവും ഉസ്താദിന്റെ ആലോചനകളിൽ സജീവമായുണ്ടായിരുന്നു. അങ്ങനെയാണ് പൊന്നാനി മഊനത്തുൽ ഇസ്‌ലാം കോളേജിനെക്കുറിച്ചറിയുന്നത്. ഭാഷകൾ പഠിക്കാനുള്ള സൗകര്യവും അവിടെയുണ്ടെന്നറിഞ്ഞതോടെ പൊന്നാനിയിലെത്താനുള്ള ആഗ്രഹം ഇരട്ടിച്ചു. ഇംഗ്ലീഷിനോടും വിദ്യാഭ്യാസത്തോടും തോറ്റുകൊടുക്കില്ല എന്ന ആത്മവിശ്വാസവും അഭിമാനബോധവും ഉസ്താദിന്റെയുള്ളിൽ അള്ളിപ്പിടിച്ച് കിടന്നിരുന്നു. തന്റെ കാരണമിതാണ്. കുടുംബത്തിൽ അധ്യാപകരും കോളേജിൽ പഠിക്കുന്നവരുമുണ്ട്. അവരുടെ മുമ്പിൽ മൊലിയാരായതിന്റെ പേരിൽ ചെറുതാകരുത്. ലോകം തിരിയാത്തവരാണ് ഉസ്താദുമാർ എന്ന ധാരണയും അന്ന് ചിലർക്കുണ്ടായിരുന്നു. സലഫികളായിരുന്നു അതിന്റെ പ്രചാരകർ. ഇതിനെയെല്ലാം തോൽപ്പിച്ചേയടങ്ങൂ എന്ന നിയ്യത്താണ് ഉസ്താദിന്റെ ഉള്ളിൽ.
റമളാനു ശേഷം, പൊന്നാനി മഊനത്തുൽ ഇസ്‌ലാം കോളേജിൽ ചേർന്നു. കെ കെ അബ്ദുല്ല മുസ്‌ലിയാരാണ് അന്നവിടെ പ്രിൻസിപ്പൽ. വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ മകളുടെ ഭർത്താവ്. പട്ടിക്കാട് മുദരിസായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. തിരൂരങ്ങാടി ഖാസിയായിരുന്ന അബ്ദുറഹ്മാൻ മഖ്ദൂമിയായിരുന്നു മഊനത്തിന്റെ സെക്രട്ടറി. മദ്രാസിൽ ചെന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ആളായിരുന്നു അദ്ദേഹം. മഊനത്തിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നത് അദ്ദേഹമാണ്.
നാട്ടിക മൂസ മുസ്‌ലിയാർ മഊനത്തിൽ ഉസ്താദിന്റെ സഹപാഠിയായിരുന്നു. പിറ്റേവർഷം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അവിടെ ചേർന്നു. പി എം എസ് എ പൂക്കോയ തങ്ങളായിരുന്നല്ലോ മഊനത്തിന്റെ പ്രസിഡന്റ്. ഇംഗ്ലീഷ്, അറബി ഭാഷകളോട് ഉസ്താദിന് കൂടുതൽ വഴക്കം വന്നത് മഊനത്തിലെ പഠനത്തിനിടക്കാണ്. തമിഴ് ഭാഷയുടെ രുചിയും വായനയുടെ അഭിരുചിയും മഊനത്തിൽ നിന്ന് തന്നെ കിട്ടിയതാണ്. തുറന്ന ലൈബ്രറിയായിരുന്നു മഊനത്തിലേത്. ഏത് സമയത്തും എത്രയും വായിക്കാം. ജമാഅത്തെ ഇസ്ലാമിക്ക് അന്ന് അറുപത് പുസ്തകങ്ങളാണുണ്ടായിരുന്നത്. അത് മുഴുവനും ആ ലൈബ്രറിയിലുണ്ടായിരുന്നു. ഓരോന്നായി ഉസ്താദ് വായിച്ചുതീർത്തു. ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനവും മഊനത്തിലെത്തിയിരുന്നു. അതും കാത്തിരുന്ന് വായിച്ചു. വായനയോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു അത്. കിട്ടിയതെല്ലാം വായിച്ചുതീർക്കും. അത്രയുള്ളൂ. സുന്നി പ്രസിദ്ധീകരണങ്ങൾ തുലോം കുറവായിരുന്നു. അറബി-മലയാളത്തിൽ ചുരുക്കം ചില പ്രസിദ്ധീകരണങ്ങളാണ് സുന്നികൾക്കുണ്ടായിരുന്നത്.
അന്നത്തെ വലിയ എഴുത്തുകാരനായി വാഴ്ത്തപ്പെട്ടയാളാണ് സി എൻ. അദ്ദേഹം എഴുതിയ കുറേ പുസ്തകങ്ങൾ ഉസ്താദ് വായിച്ചത് പൊന്നാനിയിൽ പഠിക്കുന്ന കാലത്താണ്. ഒരു പുസ്തകത്തിനും അന്നവിടെ നിയന്ത്രണമോ വിലക്കോ ഉണ്ടായിരുന്നില്ല. പക്ഷെ പള്ളി ദർസുകളിൽ സലഫി പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതിൽ നിയന്ത്രണമുണ്ടായിരുന്നു. വിശ്വാസത്തിന് പരിക്കേൽക്കുന്നതൊന്നും മുതഅല്ലിമുകൾ വായിക്കുകയോ അകത്താക്കുകയോ ചെയ്യരുത്. ചിന്തയെ സ്വാധീനിക്കാൻ അവക്ക് കഴിയും. നെല്ലും പതിരും വേർതിരിച്ച് എടുക്കാൻ കഴിയാത്ത പ്രായത്തിൽ വിശേഷിച്ചും അത് തൊടുകയേ ചെയ്യരുത്. ഇതായിരുന്നു ദർസിലേയും ഉസ്താദുമാരുടെയും കാഴ്ചപ്പാട്. സമുദായത്തെ നേരുപറഞ്ഞും തെറ്റുതിരുത്തിയും വഴിനടത്തേണ്ടവരാണല്ലോ വളർന്നുവരുന്ന മുതഅല്ലിമുകൾ. അവർക്ക് തന്നെ അണുബാധയേറ്റാൽ എങ്ങനെ പരിഹരിക്കാനാണ്.
വായന ഒരു ആവേശമായി മാറിയ ഉസ്താദ് ലൈബ്രറിയിലെ ഒട്ടുമിക്ക പുസ്തകങ്ങളും വായിച്ചുതീർത്തു. വായനയുടെ സ്വാധീനം തികട്ടിവരാൻ തുടങ്ങി. ഉസ്താദിന് ഇത്തിരി ഭയം തോന്നി. വായിച്ചു കൂട്ടിയതൊക്കെയും ശരിയാണോ....
കേരളത്തിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിഷ്കൃതമെന്ന് അന്ന് കരുതപ്പെട്ടിരുന്നത് മഊനത്തുൽ ഇസ്‌ലാം കോളേജാണ്. വായിക്കാനുള്ള അതിസ്വാതന്ത്ര്യമാകാം അതിന്റെയൊരു കാരണം. സമാജം, മത്സരങ്ങൾ, കയ്യെഴുത്ത് മാസിക തുടങ്ങിയവയെല്ലാം കുറച്ച് കൂടി വ്യവസ്ഥാപിതമായി നടന്നിരുന്നു. ഉസ്താദിന്റെ എഴുത്തിലും പ്രസംഗത്തിലും ജമാഅത്ത് സാഹിത്യത്തിന്റെ സ്വാധീനമുണ്ടായിരുന്നത് ഓർക്കുന്നു. അന്ന് എഴുതിയ ലേഖനങ്ങൾ കോളേജിലെ ഉസ്താദുമാർ പരിശോധിച്ച് വെട്ടിമാറ്റുമായിരുന്നു. രണ്ട് വർഷം മഊനത്തിൽ പഠിച്ച ഉസ്താദ്, പരീക്ഷകളിൽ നന്നായി തിളങ്ങുകയും റാങ്കുകൾ സ്വന്തമാക്കുകയും ചെയ്തു.
നാലാം വർഷം പട്ടിക്കാട് പോകാനാണ് ഉസ്താദിനോടും നാട്ടുകാരോടും കെ. കെ ഉസ്താദ് നിർദേശിച്ചത്. ആദർശം ഉറക്കാൻ അവിടെയാണ് നല്ലത്. ഇ. കെ ഉസ്താദ് അന്ന് പട്ടിക്കാട് മുദരിസാണല്ലോ. ചന്ദ്രിക ദിനപ്പത്രത്തിൽ പട്ടിക്കാട് ജാമിഅയുടെ പ്രവേശന പരീക്ഷ അറിയിപ്പ് കണ്ട് നാലാം വർഷം പട്ടിക്കാട് ചെന്നു. ഇ. കെ ഉസ്താദിന്റെയും കോട്ടുമല ഉസ്താദിന്റെയും സെലക്ഷൻ പരീക്ഷ പാസായി ജാമിഅയിൽ പ്രവേശനം ലഭിച്ചു.
പൊന്നാനിയിൽ നിന്നാണ് എന്ന് അറിഞ്ഞപ്പോൾ ഇ.കെ ഉസ്താദ് ഒന്ന് ഞെട്ടിച്ചു. അഖില കേരള ജംഇയ്യത്തുൽ ഉലമയുടെ ഭാഗത്തായിരുന്നു
പൊന്നാനി മഊനത്തിലെ ഉസ്താദുമാർ. സമസ്ത കേരളമാണല്ലോ ശംസുൽ ഉലമ. കുട്ടി ഉസ്താദാണ് അഖിലയുടെ നേതാവ്. വലിയ മഹാനായിരുന്നു അദ്ദേഹം. ബാഖവിമാരായിരുന്നു അഖിലയിൽ കൂടുതലും.
നാല് വർഷം ഉസ്താദ് ജാമിഅയിൽ പഠിച്ചു. നാട്ടിക മൂസ മുസ്‌ലിയാർ പക്ഷെ ജാമിഅയിൽ പഠിക്കാൻ താൽപര്യം കാണിച്ചില്ല. ഇ.കെ ഉസ്താദിനെ നാട്ടികക്ക് ബോധ്യിച്ചില്ല. അദ്ദേഹം ദയൂബന്ദിൽ പഠിക്കാൻ ചെന്നു.
ജാമിഅയിലെ വിദ്യാർത്ഥി കൂട്ടായ്മയായ നൂറുൽ ഉലമ സ്റ്റുഡന്റ് അസോസിയേഷൻ സെക്രട്ടറിമാരിലൊരാളായി ഉസ്താദ് നിയമിതനായി. ആ ഘട്ടത്തിലാണ് സുന്നി വിദ്യാർത്ഥികൾക്ക് ഒരു സംഘടന വേണമെന്ന ആവശ്യം നൂറുൽ ഉലമയിൽ ഉയർന്നത്. പ്രസ്തുത കാര്യം ഇ.കെ ഉസ്താദിനെ അറിയിക്കാൻ നിയമിക്കപ്പെട്ട മൂന്നോ നാലോ പേരിൽ ഒരാളായിരുന്നു ഉസ്താദ്. കൂടെ പി.പി മുഹ്യുദ്ദീൻ മുസ്‌ലിയാർ പാറന്നൂർ ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ട്.
ഇ.കെ ഉസ്താദിനും കോട്ടുമല ഉസ്താദിനും കാര്യം നന്നായി പിടിച്ചു. അവർ സന്തോഷം പ്രകടിപ്പിച്ചു. ജാമിഅയുടെ പ്രസിഡണ്ടായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോട് ഇക്കാര്യം സൂചിപ്പിക്കാനും അവർ നിർദേശിച്ചു. തങ്ങൾ പക്ഷെ ഇപ്പോൾ വേണ്ടെന്ന മട്ടിലായിരുന്നു. എം എസ് എഫ് ഉണ്ടല്ലോ എന്ന് കൂടി ബാഫഖി തങ്ങൾ സൂചിപ്പിച്ചു. അടുത്ത വർഷം 1972 ലാണ് തങ്ങൾ ഹജ്ജ് വേളയിൽ മക്കത്ത് മരണപ്പെട്ടത്. പിന്നീട് ഉമർ ബാഫഖി തങ്ങളാണ് ജാമിഅയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടത്. 1973 ൽ ജാമിഅയുടെ സമ്മേളനത്തോടനുബന്ധിച്ച് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഔദ്യോഗികമായി നിലവിൽ വന്നു. ഇസ്മായിൽ വഫ അന്ന് ജാമിഅയിലെ സ്ഥിരം സന്ദർശകനായിരുന്നു.
ഉസ്താദിന്റെ മണ്ഡലമായ തിരൂർ താലൂക്ക് എസ് എസ് എഫ് കമ്മിറ്റി ഉസ്താദ് സെക്രട്ടറിയായി നിലവിൽ വന്നു. തിരൂർ മേൽപാലത്തിനടുത്തുള്ള പള്ളിചെരുവിലായിരുന്നു അന്നത്തെ യോഗം. അതാണ് സംഘടനയിലേക്കുള്ള ഉസ്താദിന്റെ രംഗപ്രവേശം. ജാമിഅയിലും ലൈബ്രറിയിൽ തന്നെയായിരുന്നു ഉസ്താദിന്റെ നോട്ടം. ആയിരത്തിചില്ലാനം പുസ്തകം ജാമിഅ ലൈബ്രറിയിലുണ്ടായിരുന്നു. അതെല്ലാം വായിച്ചുതീർത്തപ്പോൾ സഹപാഠികൾ ഉസ്താദിനെ 'പുസ്തകപ്പുഴു' എന്ന് പേരിട്ടു. ഓരോ ആഴ്ചയും ഓരോ ലേഖനം എഴുതുക എന്നതായിരുന്നു ഉസ്താദിന്റെ തീരുമാനം. ചന്ദ്രിക പത്രമാണ് അന്നത്തെ പ്രധാന പത്രം. 'പച്ചക്കൊടിയുടെ തണലിൽ വഹാബിസം വളർത്തുകയോ' എന്ന തലക്കെട്ടിൽ ഒരു ലേഖനം തയ്യാറാക്കി ചന്ദ്രികക്കടക്കം ചില പത്രങ്ങളിലേക്ക് അയച്ചുകൊടുത്തു. ആരും പ്രസിദ്ധീകരിക്കാൻ സന്നദ്ധമായില്ല. പക്ഷെ 'അൽ-ജലാൽ' പത്രികയിൽ ഉസ്താദിന്റെ ലേഖനം അച്ചടിച്ചുവന്നു. പാലക്കാട് കേന്ദ്രീകരിച്ച് ഇ.കെ ഹസൻ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് അൽ-ജലാൽ പ്രസിദ്ധീകരിച്ചിരുന്നത്.
കുഞ്ഞലവി തെന്നല (ജെ. എൻ. എ കോളേജ്) എന്നായിരുന്നു ലേഖകന്റെ പേര്. പെരിന്തൽമണ്ണ മുസ്ലീം ലീഗ് എം എൽ എ അബ്ദുറഹ്മാൻ പരസ്യമായി വഹാബിസം പ്രസംഗിച്ച പശ്ചാത്തലത്തിലായിരുന്നു ആ ലേഖനം. ലീഗിനെതിരെ പഴുതടച്ച വിമർശനം നടത്താൻ ആരും തയ്യാറാകാത്ത കാലമാണത്. ജാമിഅയിൽ അന്ന് ഒരു യോഗം നടക്കുന്ന വേളയിൽ പാണക്കാട് പൂക്കോയ തങ്ങളുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ദുറഹ്മാൻ വലിയ ശബ്ദത്തിൽ വിളിച്ചുചോദിച്ചു, 'ആരാണ് ഈ കുഞ്ഞലവി തെന്നല?' ലീഗിന് എതിരെ ഉയർന്ന ഒരു പരസ്യ വിമർശനമായിരുന്നു പ്രസ്തുത ലേഖനം!
പിന്നീട് എഴുത്ത് ഗൗരവമായി കൊണ്ടുനടന്നു. ഷാബാനു ബീഗം കേസിനെ ചൊല്ലിയുള്ള ശരീഅത്ത് വിവാദ കാലത്താണ് ഉസ്താദിന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത്. 'ശരീഅത്ത് ഭേദഗതി ചെയ്യുകയോ?' എന്നായിരുന്നു അതിന്റെ പേര്. ഉസ്താദ് തന്നെയാണ് അച്ചടിച്ചത്. വിൽപനയും ഉസ്താദ് തന്നെ. രാത്രി വഅളുകളിൽ പോകുന്നിടത്തെല്ലാം വിൽപന നടക്കും. നാനൂറോ അഞ്ഞൂറോ രൂപയാണ് പുസ്തകപ്രസാധനത്തിന്റെ ചെലവ്. അമ്പത് പൈസയോ ഒരു രൂപയോ ആയിരുന്നു പുസ്തകത്തിന്റെ വില.
മരണാനന്തര ജീവിതം മതവും ശാസ്ത്രവും എന്ന പേരിൽ രണ്ടാമത്തെ പുസ്തകം അച്ചടിച്ചു. നബിയുടെ ഭാര്യമാർ എന്നതായിരുന്നു മറ്റൊരു പുസ്തകം. പ്രവാചകർക്കെതിരെ സ്ത്രീലമ്പടനെന്ന അപവാദമുയർത്തിയ പശ്ചാത്തലത്തിലാണ് എഴുതിയത്. പഞ്ചസ്തംഭം എന്ന പേരിൽ ഉസ്താദ് തയ്യാറാക്കിയ ഒരു പുസ്തകം കടമേരി കോളേജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്ത് ഹരമായി മാറിയ കാലമായിരുന്നു അത്. പിന്നീട് ആ ഹരം വിട്ടുപോയില്ല. എഴുതാനുള്ള അവസരം പാഴാക്കാതെ നോക്കും.അനുശോചന കുറിപ്പുകൾ സ്വന്തം തന്നെ എഴുതാറാണ്. ഒരു ദിവസവും മുടങ്ങാതെ ഡയറിയെഴുതാറുണ്ട്. ഇത് പറയുമ്പോൾ, പേനവച്ച് മടക്കിയ ഡയറി ഉസ്താദിന്റെ മേശപ്പുറത്തുണ്ട്.
എഴുത്തും പ്രഭാഷണവും കൂടെ കൊണ്ടു നടക്കുമ്പോഴും അധ്യാപനത്തോടായിരുന്നു കൂടുതൽ താല്പര്യം. കോളേജിൽ നിന്ന് ഇറങ്ങിയ ഉടനെ ആരംഭിച്ചതാണ് ദർസ്. ഇതുവരെ മുടങ്ങിയില്ല. പുളിയക്കോട് ആക്കപ്പറമ്പിലായിരുന്നു ആദ്യ ദർസ്. നാല്പത്തിനാല് വിദ്യാർത്ഥികളുണ്ടായിരുന്നു അവിടെ. ജാമിഅയിലെ പരീക്ഷാഫലം വരുന്നതിന് മുമ്പ് തന്നെ ദർസ് ഏറ്റെടുത്തിരുന്നു. ഉസ്താദ് ഏഴാം റാങ്കുകാരനായി പിന്നീട് ഫലം വന്നു. കല്യാണവും മറ്റുമാണ് റാങ്ക് ഇത്തിരി പിറകിലാകാൻ കാരണം. ആക്കപ്പറമ്പിൽ നിന്ന് തിരുവള്ളൂരിലെത്തി. പുതുതായിആരംഭിച്ച കോളേജിലെ പ്രിൻസിപ്പാളായാണ് ഉസ്താദ് തിരുവള്ളൂരിൽ നിയമിതനായത്. എട്ടു വർഷം അവിടെ സേവനം ചെയ്തു. പിന്നീട് നാട്ടിനടുത്തുള്ള മുന്നിയൂരിൽ തന്നെ ദർസ് ഏറ്റെടുത്തു.
ലീഗിൽ പ്രവർത്തിക്കുന്ന സമയം കൂടിയായിരുന്നു അത്. യൂണിറ്റിലും പഞ്ചായത്തിലും താലൂക്കിലും പ്രസിഡന്റായും മറ്റും 25 വർഷം ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രഭാഷകനായാണ് പലപ്പോഴും പ്രത്യക്ഷപ്പെട്ടത്. ഒറ്റ ദിവസം തന്നെ ഇരുപത്തിയാറ് വേദി കയറിയിറങ്ങിയ അനുഭവവും ഉണ്ടായിട്ടുണ്ട്. അധികാരമോ സമ്പത്തോ കണ്ടുകൊണ്ടല്ല, ലീഗിൽ പ്രവർത്തിച്ചിരുന്നത്. ജനസേവനം മുന്നിൽ കണ്ടായിരുന്നു. അതിന്റെ ഫലം ഉണ്ടായിട്ടുണ്ട്. വലിയ സാമ്പത്തിക ചെലവ് വരുന്ന സേവന പദ്ധതികൾ ചെയ്തു തീർക്കാൻ അന്ന് കഴിഞ്ഞു. നാട്ടിലെ ആശുപത്രിക്ക് സർക്കാർ അനുമതി തരപ്പെടുത്തി. സ്കൂളുകളും റോഡുകളും വൈദ്യുതിയും കൊണ്ടുവരുന്നതിൽ മുന്നിൽ നിന്നു. ഇ. അഹമ്മദായിരുന്നു അന്ന് താനൂരിൽ നിന്ന് മത്സരിച്ച് ജയിച്ചിരുന്നത്.
വയള് അനുഭവങ്ങൾ അത്യുത്സാഹത്തോടെയാണ് ഉസ്താദ് ഓർത്തെടുക്കുന്നത്. നാൽപ്പത് ദിവസം തുടർച്ചയായി വയള് പറഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബസ് കേറിയാണ് പ്രഭാഷണത്തിന് പോയിരുന്നത്. വയള് കഴിഞ്ഞാൽ അവിടെ തന്നെ രാത്രി വിശ്രമിക്കും. രാവിലെയാണ് യാത്ര തിരിക്കുക. ഖണ്ഡന പ്രഭാഷണങ്ങളിലും ഉസ്താദിന് നല്ല താല്പര്യമുണ്ടായിരുന്നു. അവേലം അബ്ദുൽ ഖാദിർ തങ്ങളുടെ ക്ഷണപ്രകാരം കാന്തപുരത്ത് ഖണ്ഡനപ്രസംഗത്തിന് ചെന്നു. സുന്നി വിഭാഗത്തിനെതിരെ തുടർച്ചയായി പ്രസംഗിച്ച അബ്ദുസമദ് സമദാനിയെ പ്രതിരോധിക്കാനാണ് കാന്തപുരത്തേക്ക് ഉസ്താദിനെ ക്ഷണിച്ചത്. സമസ്തയുടെയും ലീഗിന്റെയും ഭരണഘടന ഉയർത്തിക്കാണിച്ച് ഉസ്താദ് പ്രസംഗിച്ചതിൽ പിറകെ ആ വഴിക്ക് സമദാനി ചെന്നിട്ടില്ല. ജീവിതത്തിലെ വലിയ പ്രഭാഷണം പൂക്കോട്ടൂരി പ്രസംഗമായിരുന്നു. നായനാരുടെ പോലീസ് സംരക്ഷണത്തിൽ അന്നവിടെ ഏഴ് മണിക്കൂർ നേരം പ്രസംഗിച്ചു. കാൽവെട്ടിമാറ്റും എന്ന് ലീഗനുഭാവികളുടെ ഭീഷണിയുണ്ടായിരുന്ന അന്ന് തന്നെയാണ് ജീവിതത്തിലെ വലിയ പ്രസംഗവും നടത്തിയത്.
മുന്നിയൂരിൽ നിന്ന് അരിയാപുരം ദർസിലേക്ക് മാറി. പുന:സംഘടനയുടെ പശ്ചാത്തലമാണ് കാലം. ബുഖാരി സ്ഥാപനങ്ങളുടെ കമ്മിറ്റിയിലും സമസ്തയുടെയുടെ വേർതിരിവ് ബാധിച്ചു. കമ്മിറ്റിയുടെ നേതൃകാര്യങ്ങൾ ഏറ്റെടുക്കാൻ ആരുമില്ലാതെയായി. കൊണ്ടോട്ടിക്കാരായ അരീക്കാടൻ മൂസ ഹാജി, ഇഞ്ചിനീയർ കെ. പി മുഹമ്മദ് എന്നിവരാണ് ഉസ്താദിന്റെ ബുഖാരി കമ്മിറ്റിയുടെ കാര്യം ഏറ്റെടുക്കാൻ ദർസിൽ വന്ന് ക്ഷണിക്കുന്നത്. കൊണ്ടോട്ടിയിൽ സുന്നികൾക്ക് ഒരു ആസ്ഥാനം വേണമെന്ന ആവശ്യം എ. പി ഉസ്താദ് മുന്നേ തന്നെ ഉസ്താദിനോട് സംസാരിച്ചിരുന്നു. എല്ലാം ചേർന്നപ്പോൾ ബുഖാരി കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ദർസ് പഴയമുറക്ക് അപ്പോഴും തുടർന്നു.
അരിയാപുരത്ത് നിന്ന് തന്റെ വിദ്യാർത്ഥികളെയും കൂട്ടി ദർസ് താത്തൂർ പള്ളിയിലേക്ക് മാറി. ഭീഷണി നിറഞ്ഞ ഘട്ടമായിരുന്നു അന്ന്. പോലീസ് കാവലിൽ പലപ്പോഴും ദർസ് നടത്തിയത് ഉസ്താദ് ഓർത്തെടുക്കുന്നുണ്ട്. താത്തൂരിൽ നിന്ന് എടവണ്ണപ്പാറയിലേക്ക് മാറി. ദാറുൽ അമാൻ കോളേജിലെ മാനേജർ, മുദരിസ് സേവകനായാണ് അവിടെ എത്തിയത്. ഉച്ചവരെ മാത്രം സേവനം. അതുകഴിഞ്ഞ് ബുഖാരി ദഅ്‌വയിൽ ദർസ് ക്ലാസ് എടുക്കും. 1991-92 കാലമാണന്ന്. ഗൾഫ് bപ്രവാസത്തിന്റെ ഗുണങ്ങൾ കേരളം നന്നായി അനുഭവിക്കുന്ന കാലം. ബുഖാരിക്ക് വേണ്ടി അന്ന് ഗൾഫിൽ ചെല്ലാറുണ്ടായിരുന്നു ഉസ്താദ്.
മൻത്വിഖ്, ഫിഖ്ഹ് എന്നീ വിഷയങ്ങളോടാണ് ഉസ്താദിന് കൂടുതൽ താല്പര്യം. സ്വഹീഹുൽ ബുഖാരി മുഴുവനായും മൂന്ന് വർഷമെടുത്ത് ഇ.കെ അബൂബക്കർ മുസ്ലിയാരുടെ അടുക്കൽ നിന്ന് പഠിച്ചിട്ടുണ്ട്. സ്വഹീഹ് മുസ്‌ലിം കോട്ടുമല ഉസ്താദിന്റെ അടുക്കൽ നിന്ന് പൂർണ്ണമായും ഓതി. ഇ.കെ ഉസ്താദാണ് കൂടുതൽ സ്വാധീനിച്ച ഗുരു. നല്ല ബന്ധമായിരുന്നു തമ്മിൽ.പക്ഷേ ലീഗിനെ ചൊല്ലി ഇ.കെ ഉസ്താദുമായുള്ള ആ ബന്ധത്തിന് ചെറിയ ഉലച്ചിൽ വന്നു. എറണാകുളം സമ്മേളനത്തിന് ചെന്നുകൊണ്ടാണ് ഉസ്താദ് ലീഗുമായുള്ള ബന്ധം മുറിച്ചിടുന്നത്.
ഉസ്താദിനെതിരെ പ്രസംഗിക്കാൻ ഇ.കെ ഉസ്താദിനെ നാട്ടിൽ കൊണ്ടുവന്നെങ്കിലും, തന്ത്രജ്ഞനായ ഇ.കെ ഉസ്താദ് ആ വലയിൽ കുടുങ്ങിയില്ല. അതിനിടയിൽ പാലക്കാട് ജന്നത്തുൽ ഉലൂമിൽ ഉസ്താദ് രണ്ട് വർഷം സേവനം ചെയ്തിരുന്നു. അക്കാലത്താണ് മുസ്‌ലിം ലീഗ് ജന്നത്തുൽ ഉലൂം തട്ടിയെടുത്തത്. പകരം അവിടെ ഹസനിയ്യ നിലവിൽ വന്നു.
1994 ലാണ് പൂർണ്ണമായും ഉസ്താദ് ബുഖാരിയിലേക്ക് മാറുന്നത്. ഇപ്പോഴിവിടെ മുപ്പത് വർഷം പൂർത്തിയായി. ബുഖാരിയുടെ ആസ്തിയും ആശ്രയവും ഉസ്താദാണ്. പഠനകാലത്തും പിന്നീടും ഉസ്താദ് കണ്ട സ്വപ്നങ്ങൾക്ക് ജീവൻ നൽകി ബുഖാരിയിലെ മുഖ്യ മുദരിസായും നടത്തിപ്പുകാരനായും കഴിയുന്നു. 1976 മുതൽ സമസ്തയുടെ താലൂക്ക് കമ്മിറ്റിയിൽ പ്രവർത്തിച്ചുതുടങ്ങിയ ഉസ്താദ്, ഇപ്പോൾ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രബോധകരായും പ്രഭാഷകരായും എഴുത്തുകാരായും അധ്യാപകരായും എത്തിയ തന്റെ ശിഷ്യന്മാരുടെ കയ്യിൽ നൽകിയ വിത്ത് മുളച്ച് വൃക്ഷമായി, തണലായി വിരിയുന്നത് ആത്മഹർഷത്തോടെ അനുഭവിക്കുകയാണ് ഈ പ്രിയപ്പെട്ട ഗുരു.