പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും പടച്ച റബ്ബിൻ്റെ പരിശുദ്ധിയെ സദാ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ജ്ഞാനവും ബോധവും കനിഞ്ഞേകിയ ഉടയോനെ ലൗകിക ലാഭേച്ചയിൽ അഭിരമിച്ച് മനുഷ്യർ വിസ്മരിക്കുന്നു. പാപ പങ്കിലമായ ജീവയാനത്തിൽ നിന്ന് പരിശുദ്ധിയുടെ പടവുകളേറാൻ വിശ്വാസിക്കേറ്റം പര്യാപ്തമായ ആരാധനയാണ് സ്വലാത്തു തസ്ബീഹ്. |
അടിസ്ഥാനപരമായി മനുഷ്യപ്രകൃതം നിരന്തരം തിന്മയിലേക്ക് ചാഞ്ഞുകൊണ്ടേയിരിക്കുന്നതാണ്. മന:പ്പൂർവമായോ അപ്രതീക്ഷിതമായോ അനവധി തെറ്റുകൾക്ക് അടിമപ്പെടുന്നതാണ് സ്വാഭാവിക രീതി. പാപങ്ങളിൽനിന്നും സമ്പൂർണ മുക്തി നേടി ഇലാഹിലേക്കടുക്കാനാണ് വിശ്വാസികൾ പരിശ്രമിക്കുക. അതിനുള്ള വിവിധ മാർഗങ്ങളിലൊന്നായി തസ്ബീഹ് നിസ്കാരത്തെ പണ്ഡിതന്മാർ പരിചയപ്പെടുത്തുന്നു.
സുന്നത്തായ കർമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് സുന്നത് നിസ്കാരങ്ങൾ. അതിൽതന്നെ തറാവീഹ്, പെരുന്നാൾ നിസ്കാരങ്ങൾ പോലെ ജമാഅതായി നിസ്കരിക്കൽ സുന്നത്തുള്ളവയും റവാതിബ് പോലെ ജമാഅത് സുന്നതില്ലാത്ത നിസ്കാരങ്ങളുമുണ്ട്. ജമാഅത് സുന്നത്തില്ലാത്ത നിസ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ട, നാല് റക്അതുള്ള നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. എന്നാൽ, നാടുകളിൽ പതിവുള്ളത് പോലെ ജമാഅതായി നിർവഹിക്കൽ അനുവദനീയമാണെങ്കിലും ജമാഅത് ഒഴിവാക്കലാണ് ഉത്തമം. നാല് റക്അത്തായും രണ്ട് സലാമോടുകൂടെ ഈരണ്ട് റക്അത്തുകളായും നിസ്കരിക്കാം. എന്നാൽ, പകൽ സമയത്ത് നിസ്കരിക്കുകയാണെങ്കിൽ ഒരുമിച്ച് നാലു റക്അത്തായും രാത്രിയിലാണെങ്കിൽ ഈരണ്ട് റക്അത്തായും നിസ്കരിക്കലാണ് ഉത്തമം.
ഈ നിസ്കാരത്തിന് തസ്ബീഹ് നിസ്കാരം എന്ന പേര് ലഭിക്കാൻ കാരണം മറ്റുള്ള നിസ്കാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ നിസ്കാരത്തിൽ തസ്ബീഹുകൾ ധാരാളം ഉരുവിടുന്നുവെന്ന കാരണത്താലാണെന്ന് ഇമാം നവവി(റ) അവിടുത്തെ തഹ്ദീബുൽ അസ്മാഇ വല്ലുഗാത് എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഓരോ റക്കഅത്തുകളിലും എഴുപത്തിയഞ്ച് തസ്ബീഹ് വീതം മുന്നൂറ് തസ്ബീഹുകളാണ് നിസ്കാരത്തിലുള്ളത്. سبحان الله والحمد لله ولا إله إلا الله والله اكبر എന്ന ദിക്റാണ് ചൊല്ലേണ്ടതെന്നും لا حول ولا قوه إلا بالله العلي العظيم എന്ന ദിക്ർ അതിനോടുകൂടെ അധികരിപ്പിക്കൽ നല്ലതാണെന്നും ഇമാമുമാർ സൂചിപ്പിക്കുന്നു.
നിസ്കാരത്തിന്റെ രൂപം
തക്ബീറതുൽ ഇഹ്റാമിന് ശേഷം, ഫാതിഹ സൂറത്ത് പാരായണം ചെയ്ത് സൂറത്ത് ഓതുക. വ്യത്യസ്ത സൂറത്തുകളാവാമെങ്കിലും ഒന്നാം റക്അത്തിൽ ഫാതിഹക്ക് ശേഷം സൂറഃ തകാസുറും രണ്ടാമത്തേതിൽ സൂറഃ അസ്വറും മൂന്നിൽ സൂറഃ കാഫിറൂനയും നാലിൽ സൂറഃ ഇഖ്‌ലാസും ഓതലാണ് ഉത്തമം. സൂറതിനുശേഷം പതിനഞ്ച് തസ്ബീഹും, റുകൂഅ്, ഇഅ്‌തിദാല്, രണ്ട് സുജൂദുകൾ, ഇടയിലെ ഇരുത്തം എന്നിവയിൽ സുന്നത്തായ ദിക്റുകൾക്കു ശേഷം പത്ത് പ്രാവശ്യവും ഇസ്‌തിറാഹത്തിൻ്റെ ഇരുത്തത്തിൽ പത്ത് തവണയുമാണ് ചൊല്ലേണ്ടത്. അത്തഹിയ്യാതുള്ള റകഅതാണെങ്കിൽ ഇസ്തിറാഹത്തിന്റെ ഇരുത്തത്തിലെ പത്ത് തസ്ബീഹ് അവിടെയാണ് ചൊല്ലേണ്ടത്. നിസ്കാരം കറാഹത്തില്ലാത്ത എല്ലാ സമയങ്ങളിലും തസ്ബീഹ് നിസ്കാരം അനുവദനീയമാണ്. ദിവസവും നിസ്കരിക്കാൻ സാധ്യമാവുമെങ്കിൽ അതാണ് ഉത്തമം. ആഴ്‌ചയിലോ മാസത്തിലോ വർഷത്തിലോ ചുരുങ്ങിയത് ജീവിതത്തിൽ ഒരിക്കലെങ്കിലും നിർവ്വഹിക്കണമെന്ന് പണ്ഡിതന്മാർ നമ്മെ ഉണർത്തുന്നുണ്ട്.
തസ്ബിഹ് നിസ്കാരത്തിന് ഒരുപാട് പുണ്യങ്ങൾ മഹാന്മാർ പഠിപ്പിക്കുന്നുണ്ട്. തസ്ബീഹ് നിസ്കാരം പാപങ്ങളെ മായ്ച്ചുകളയും. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ തട്ടിമാറ്റാനും പ്രയാസങ്ങളെ ലഘൂകരിക്കാനും തസ്ബീഹ് നിസ്കാരം കാരണമാവും. നമ്മുടെ ആവശ്യങ്ങൾ നിഷ്പ്രയാസം നിറവേറാനും എല്ലാ കാര്യങ്ങളും സുരക്ഷിതമായി, പ്രയാസങ്ങളില്ലാതെ നേടിയെടുക്കാനും ഇതിലൂടെ സാധിക്കും.
തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയമോ കാരണമോ ആവശ്യമില്ല. നിസ്കാരം കറാഹത്ത് ഇല്ലാത്ത എല്ലാ സമയങ്ങളിലും തസ്ബീഹ് നിസ്കാരം സ്വഹീഹാകും. ഇബ്നു അബ്ബാസ് (റ) നെ തൊട്ട് ഇക് രിമ (റ) റിപ്പോർട്ട് ചെയ്യുന്നതായി കാണാം. ഒരിക്കൽ മുത്ത് നബി(സ) തങ്ങൾ അബ്ബാസ് (റ) നോട് ചോദിച്ചു. ഞാൻ നിങ്ങൾക്ക് ഒരു സമ്മാനം നൽകട്ടെയോ? നിൻറെ ചെറിയതും വലിയതുമായ മറന്നു ചെയ്തതും അബദ്ധത്തിൽ സംഭവിച്ചതുമായ എല്ലാ തെറ്റുകളും പൊറുത്തു തരാൻ കഴിയുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? തുടർന്ന് മുത്ത് നബി(സ)തങ്ങൾ തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പാപമോചനം സാഫല്യമാക്കാൻ പ്രാപ്തമായ പ്രധാനപ്പെട്ട പ്രവർത്തനമാണ് തസ്ബീഹ് നിസ്കാരമെന്ന് അനുചരരോട് അവിടുന്ന് അരുളി ചെയ്തു. നിസ്കാരത്തിൻറെ പ്രാരംഭത്തിൽ سبحانك اللهم وبحمدك وتبارك اسمك وتعالى
جدك وتقدست اسمائك ولا اله غيرك ഇത് കൂടാതെ لا حول
ولا قوه الا بالله എന്ന് അധികരിപ്പിക്കൽ നല്ലതാണെന്ന് ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്നു. ഇവചൊല്ലിയതിനുശേഷം " اللهم إني أسألك توفيق أهل الهدى، وأعمال أهل اليقين، ومناصحة أهل التوبة، وعزم أهل الصبر، وجد أهل الخشية، وطلب أهل الرغبة، وتعبد أهل الورع، وعرفان أهل العلم حتى أخافك، اللهم مخافة تحجزني عن معصيتك حتى أعمل لطاعتك عملا أستحق به رضاك، وحتى أناصحك بالتوبة خوفا منك، وحتى أخلص لك النصيحة حياء منك، وحتى أتوكل عليك في الأمور حسن ظن بك، سبحان خالق النور
ഇത് ചൊല്ലൽ സുന്നത്തുണ്ട്. ഇത്രയും വലിയ ശ്രേഷ്ഠതകൾ ഉള്ള ഈ നിസ്കാരത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷവും തിരിഞ്ഞു കളയുന്നവൻ ദീനിയായ കാര്യങ്ങളിൽ അലംഭാവം കാണിക്കുന്നവനാണെന്ന് ഇമാമീങ്ങൾ സൂചിപ്പിക്കുന്നു.
അത്തഹിയ്യാത് ഓതുന്നതിന് മുമ്പാണ് തസ്ബീഹ് ഓതൽ ഉത്തമം. എങ്കിലും അത്തഹിയ്യാത്തിനു ശേഷവും ചൊല്ലാവുന്നതാണ്. ഇഅ്തിദാലിൽ വെച്ച് റുകൂഇൽ തസ്ബീഹ് ചൊല്ലാൻ മറന്നു എന്ന് ഓർമ്മ വന്നാൽ റുകൂഇലേക്ക് തിരിച്ചു മടങ്ങൽ അനുവദനീയമല്ല. അത് ഇഅ്ദാലിലും ചൊല്ലേണ്ടതില്ല. കാരണം അത് നിസ്കാരത്തിൻ്റെ ചുരുക്കേണ്ട റുക്നുകളിൽ ഉൾപ്പെട്ടതാണ്. പകരം സുജൂദിൽ ചൊല്ലുകയാണ് വേണ്ടത്. പുണ്യങ്ങളുടെ കലവറയായ തസ്ബീഹ് നിസ്കാരത്തെ പതിവാക്കാൻ വിശ്വാസികൾ ഊർജ്ജസ്വലത കാണിക്കണം. റമളാൻ കാലങ്ങളിൽ നമ്മുടെ നാടുകളിൽ തസ്ബീഹ് നിസ്കാരം സജീവമാകാറുണ്ട്. റമളാനിനു ശേഷവും അത്തരം സുകൃതങ്ങളെ ജീവിതത്തിൻ്റെ ഭാഗവാക്കാക്കാൻ നമ്മുക്ക് സാധിക്കണം. നാളെത്തേക്കുള്ള കൈമുതലായി അവ നമ്മുടെ പക്കൽ സുഭദ്രമായിരിക്കും.