തിരുനബി(സ) പറഞ്ഞു: "ക്ഷമ എന്നത് സത്യവിശ്വാസിയുടെ സൈന്യാധിപനാണ്." അവിടുന്ന് വീണ്ടും പറഞ്ഞു: "നിനക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ ക്ഷമ കൈക്കൊള്ളുന്നതിൽ വലിയ നന്മയുണ്ട്." ഇബ്നു അബ്ബാസ്(റ) നു മുത്ത് നബി (സ) നൽകിയ വസ്വിയ്യത്തിൽ ഇപ്രകാരം കാണാം: "അറിയുക, തീർച്ചയായും ക്ഷമയോടൊപ്പമാണ് അല്ലാഹുവിന്റെ സഹായം; വിഷമത്തോടൊപ്പമാണ് ആശ്വാസം; പ്രയാസത്തോടൊപ്പമാണ് എളുപ്പവുമുള്ളത്".
എല്ലാ സമയത്തും നിങ്ങളുടെ പശ്ചാത്താപം പുതുക്കിക്കൊണ്ടിരിക്കുക. കാരണം, മനുഷ്യന് പാപങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. ഒരു അടിമയുടെ ബാഹ്യവും ആന്തരികവുമായ ജീവിതം പാപമുക്തമാകുക എന്നത് പ്രയാസമാണ്. പാപസുരക്ഷിതത്വവും പൂർണത ഉണ്ടായിരുന്നിട്ടുപോലും, നബി(സ) ദിവസത്തിൽ എഴുപതിലധികം തവണ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്തിരുന്നു എന്നത് നമുക്ക് വലിയൊരു പാഠമാണ്.
മതപരമായും സാമൂഹികവും രാഷ്ട്രീയപരവുമായ ചരിത്രത്തിൽ കേരളത്തിൻ്റെ ഒരു ഉജ്ജ്വല വ്യക്തിത്വമായി അദ്ദേഹം ഇന്നും ജ്വലിച്ചു നിൽകുകയാണ്. തൻ്റെ ആത്മീയ ഔന്നിത്യത്താലും സാമൂഹിക പ്രതിബദ്ധതയാലും മലബാറിലെ സാമൂഹിക നിർമിതിക്ക് അതുല്യമായ സംഭാവനകൾ നൽകിയ മഹാമനീഷിയാണ് മമ്പുറം തങ്ങൾ.
ആരെങ്കിലും നിങ്ങളെ പുകഴ്ത്തുകയാണെങ്കിൽ, ഹൃദയം കൊണ്ട് ആ പുകഴ്ത്തലിനെ വെറുക്കുക. നിങ്ങൾക്ക് യഥാർത്ഥത്തിലുള്ള ഒരു നന്മയുടെ പേരിലാണ് അവർ പുകഴ്ത്തുന്നതെങ്കിൽ "നന്മകളെ വെളിപ്പെടുത്തുകയും തിന്മകളെ മറച്ചുവെക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവസ്തുതിയും" എന്ന് പറയുക.
നിങ്ങൾക്കെതിരെയോ നിങ്ങളുടെ മക്കൾക്കെതിരെയോ നിങ്ങളുടെ സമ്പത്തിനെതിരെയോ പ്രാർത്ഥിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ഒരുപക്ഷേ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയത്തായിരിക്കാം അങ്ങനെ പറയുന്നത്, അത് നിങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കും.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരോട് വിട്ടുവീഴ്ച കാണിക്കാനും കടം ആവശ്യമുള്ളവർക്ക് അത് നൽകാനും ശ്രദ്ധിക്കണം. ദാനധർമങ്ങൾ ചെയ്യുന്നതിനേക്കാൾ പതിനെട്ട് ഇരട്ടി പ്രതിഫലം കടം നൽകുന്നതിന് ലഭിക്കുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. കാരണം, അത്യാവശ്യക്കാരൻ മാത്രമേ കടം ചോദിക്കുകയുള്ളൂ.
ഓരോരുത്തരും ഭരണാധികാരികളാണ്, അഥവാ ഉത്തരവാദിത്തപ്പെട്ടവരാണ്. തങ്ങളുടെ കീഴിലുള്ളവരെക്കുറിച്ച് അവർ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്തം എന്നത് നിങ്ങൾക്ക് നൽകപ്പെട്ട ഏഴ് അവയവങ്ങളാണ്. നാവ്, ചെവി, കണ്ണ്, വയറ്, ഗുഹ്യാവയവം, കൈ, കാൽ എന്നിവയാണവ. ഈ അവയവങ്ങൾ അല്ലാഹു നിങ്ങളെ ഏൽപ്പിച്ച അമാനത്താണ്.
നീ മുദ്ഹനത്ത് ഒഴിവാക്കുക. തീർച്ചയായും അത് കുറ്റങ്ങളിൽ പെട്ടതാണ്. തിന്മ ചെയ്യുന്നവനിൽ നിന്നോ മറ്റ് ദുർമാർഗികളിൽ നിന്നോ ലഭിക്കുന്ന പണമോ പദവിയോ ആനുകൂല്യങ്ങളോ നഷ്ടപ്പെടുമെന്ന ഭയം കാരണം മൗനം പാലിക്കുന്നതിനാണ് മുദ്ഹനത്ത് എന്ന് പറയുന്നത്.
ഹജ്ജ് യാത്രയെ കച്ചവടത്തിനുള്ള ഒരു അവസരമാക്കി മാറ്റരുത്. യാത്രയിൽ നിനക്ക് ചെലവഴിക്കാൻ ഉദ്ദേശിക്കുന്നതൊഴികെ മറ്റൊരു ഭൗതിക സമ്പത്തും നിന്റെ കൂടെ കരുതാതിരിക്കുന്നതാണ് ഉത്തമം.
നിങ്ങളുടെ വാതിൽക്കൽ യാചിച്ചെത്തുന്ന ഒരാളെയും നിങ്ങൾ നിരാശനാക്കി മടക്കരുത്. അതൊരുപക്ഷേ ഒരു ഈന്തപ്പഴമോ അതിനേക്കാൾ ചെറിയ ഒന്നോ ആണെങ്കിൽ പോലും നൽകുക. കാരണം അവർ അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്മാനമാണ്. ഇനി നൽകാൻ യാതൊന്നും നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ, പരുഷമായി പെരുമാറാതെ നല്ല വാക്കുകളിലൂടെയും മനോഹരമായ വാഗ്ദാനങ്ങളിലൂടെയും അവരെ മടക്കി അയക്കുക.
സ്വഫ്ഫുകൾ അടുപ്പിച്ച് നിൽക്കാനും അവ നേരെയാക്കാനും നിങ്ങൾ ശ്രദ്ധിക്കുക. നിങ്ങളൊരു ഇമാമാണെങ്കിൽ ഇക്കാര്യം നിങ്ങൾക്ക് കൂടുതൽ ഗൗരവമുള്ളതാകുന്നു. ഇത് ദീനിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്; എന്നാൽ മിക്ക ആളുകളും ഇതിനെക്കുറിച്ച് അശ്രദ്ധരുമാണ്.
പള്ളിയിൽ ഇരിക്കുമ്പോൾ വളരെ മര്യാദയോടും ആദരവോടും കൂടി ഇരിക്കേണ്ടതുണ്ട്. അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കണം. ഹറാമായ കാര്യങ്ങൾ തീർച്ചയായും വർജ്ജിക്കണം. നിങ്ങൾക്ക് ഭൗതികമായ കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുകയാണെങ്കിൽ പള്ളിക്ക് പുറത്തിറങ്ങുക.
അമിതമായി ഭക്ഷണം കഴിക്കുന്നതും എപ്പോഴും വയറുനിറക്കുന്നതും നീ ഒഴിവാക്കുക. കാരണം, അനുവദനീയമായ കാര്യങ്ങളിൽ നിന്നുള്ള എല്ലാ അരുതായ്മകളുടെയും തുടക്കം അവിടെ നിന്നാണ്. ഹൃദയകാഠിന്യം, ബുദ്ധിമാന്ദ്യം, ചിന്താകുഴപ്പം, ആരാധനകളോടുള്ള മടി എന്നിങ്ങനെ പലവിധത്തിലുള്ള വിപത്തുകൾക്കും അത് കാരണമാകുന്നു.
പെരുന്നാൾ നിസ്കാരത്തിനായി പള്ളിയിൽ പോകുന്നതിനു മുമ്പ് എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ഒരുമിച്ചു കൂട്ടും. ഉപ്പയുടെയും ഇക്കാക്കമാരുടെയും നേതൃത്വത്തിൽ സൂറത്തുൽ ഖദ്ർ മുപ്പത്തിയാറ് തവണ ഓതി വെള്ളത്തിൽ ഊതി, അത് പുതുവസ്ത്രങ്ങളിൽ കുടയും. ബാല്യത്തിൽ ഏറെ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ഇത്.
മുത്ത് നബി(സ) തങ്ങൾ നടക്കുമ്പോൾ, ഒരു ഇറക്കത്തിലൂടെ ഇറങ്ങിവരുന്നത് പോലെ വളരെ ഊർജ്ജസ്വലതയോടെയായിരുന്നു നടന്നിരുന്നത്. ആരെങ്കിലും പിന്നിൽ നിന്ന് വിളിച്ചാൽ അവിടുന്ന് അവിടെ തന്നെ നിൽക്കുമായിരുന്നു, വെറുതെ തല മാത്രം തിരിഞ്ഞു നോക്കുമായിരുന്നില്ല.
ആത്മസംസ്കരണമാണ് റമളാനിന്റെ അടിസ്ഥാന ലക്ഷ്യം. അതിനായി അനേകം മാർഗങ്ങളുണ്ട്; അതിലൊന്നാണ് മഹത്തുക്കളെ സ്മരിക്കുക എന്നത്. സച്ചരിതരുടെ ജീവിത സ്മരണകൾ നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്.
നിന്നോട് ഒരാൾ ഒരു കാര്യം പറഞ്ഞുതരുമ്പോൾ, അത് നിനക്ക് നേരത്തെ അറിയുന്നതാണെങ്കിൽ പോലും അത് അറിയാമെന്ന് ഭാവിക്കരുത്. കാരണം, അത് കൂടെയിരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.
ഈത്തപ്പഴം ഉഷ്ണപ്രകൃതിയുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, അതിനൊടൊപ്പം കക്കിരി പോലുള്ള ജലസമൃദ്ധവും ശീതപ്രകൃതി സ്വഭാവമുള്ളതുമായ ഭക്ഷണം ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വുളൂഅ് എടുക്കുമ്പോഴെല്ലാം രണ്ട് റക്അത്ത് നിസ്‌കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എപ്പോഴും ശുദ്ധിയോടെ ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, പള്ളിയിൽ ഇരിക്കുമ്പോഴും ഖുർആൻ പാരായണം ചെയ്യുമ്പോഴും വിജ്ഞാനം നേടുമ്പോഴും ദിക്റുകൾ ചൊല്ലാൻ ഇരിക്കുമ്പോഴും മറ്റ് ആരാധനാ കർമങ്ങളിലേർപ്പെടുമ്പോഴും വുളൂഅ് ഉണ്ടായിരിക്കാൻ പരമാവധി പരിശ്രമിക്കുക.
ഭൗതികമായ സജ്ജീകരണങ്ങൾക്കപ്പുറം, ആത്മീയമായ കരുത്തും തിരുദൂതരുടെ(സ) പ്രാർത്ഥനയും എങ്ങനെയാണ് ഒരു ജനതയെ വിജയത്തിലേക്ക് നയിച്ചത് എന്നതിന് ഉത്തമ ഉദാഹരണമാണ് ബദ്ർ.
അദ്ദേഹം ഒരു പെൺകഴുതയെ വാങ്ങി, എന്നാൽ ഒരു ആവശ്യത്തിനും അതിനെ ഉപയോഗിച്ചില്ല. അപ്പോൾ ഒരാൾ അദ്ദേഹത്തോട് അതിനെ പിടിച്ചുവെച്ചിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: "എന്റെ ഗുഹ്യാവയവത്തെ സംരക്ഷിക്കാൻ (വികാരശമനത്തിന്) വേണ്ടി മാത്രമാണ് ഞാനിതിനെ വളർത്തുന്നത്!". മൃഗങ്ങളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഹറാമാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.
ഖുർആൻ ഒരു മഹാസമുദ്രമാണ്. അതിൽ നിന്നാണ് അറിവുകളുടെ രത്നങ്ങളും അമൂല്യവസ്തുക്കളും കണ്ടെടുക്കുന്നത്. ആർക്കാണോ അല്ലാഹു അതിലേക്കുള്ള വഴി തുറന്നുകൊടുത്തത്, അവൻ രാപകൽ ഭേദമന്യേ അത് പാരായണം ചെയ്താലും മതിവരില്ല. കാരണം, അവനതിൽ സ്വന്തം ലക്ഷ്യത്തെ കണ്ടെത്തുന്നു.
എല്ലാ സമയത്തും ഒരേതരം ആരാധനയിൽ തന്നെ മുഴുകാതിരിക്കുന്നതാണ് ഉത്തമം. പലതരം ആരാധനകൾ (ഔറാദുകൾ) മാറിമാറി ചെയ്യുന്നത് ഹൃദയത്തിന് കൂടുതൽ പ്രകാശം നൽകുകയും ഒരേ കാര്യം ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും.
എപ്പോഴാണോ ഒരാളുടെ അകം നന്നാകുന്നത്, തീർച്ചയായും അയാളുടെ പുറവും നന്നാകും. കാരണം, അകത്തിന് വിധേയമായിട്ടാണ് പുറം എപ്പോഴും പ്രവർത്തിക്കുക. നബി(സ) അരുളിയത് പോലെ: "ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട് അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് കേടുവന്നാൽ ശരീരം മുഴുവൻ കേടുവന്നു. അറിയുക, അതാണ് 'ഖൽബ്' (ഹൃദയം)."
മാലിന്യത്തെ കഴുകിയതുകൊണ്ട് കാര്യമില്ലാത്തതുപോലെ, പാപകൃത്യങ്ങളിൽ നല്ല നിയ്യത്ത് വെച്ചതുകൊണ്ട് ഫലമില്ല. ഒരു സുഹൃത്തിനെ ചിരിപ്പിക്കാനാണെന്ന പേരിൽ മറ്റൊരാളെക്കുറിച്ച് പരദൂഷണം പറയുന്നവനെപ്പോലെയാണത്. തിന്മ കണ്ടിട്ടും 'അവന്റെ മനസ്സ് വിഷമിക്കണ്ട' എന്ന് കരുതി തിന്മ വിരോധിക്കാതെ മൗനം പാലിക്കുന്നവൻ ആ പാപത്തിൽ പങ്കാളിയാണ്.
സാമൂഹിക ജീവിതത്തിൽ സദ്ഭാവങ്ങളുള്ളവനു മാത്രമേ സ്രഷ്ടാവിനോട് ചൈതന്യവത്തായ അടുപ്പം സാധിക്കൂ. അങ്ങനെയുള്ളവരുടെ ഹൃദയങ്ങളേ വിമലീകരിക്കപ്പെടൂ. അഥവാ സഹജീവികളോട് ഇടപെടേണ്ട രൂപത്തിൽ ഇടപെട്ടില്ലെങ്കിൽ സ്രഷ്ടാവിനോടുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും മനം മലിനമാകുകയും ചെയ്യും.